Tuesday, 13 September 2016

ഏകാന്തതയുടെ കടലിനെ 
എന്റെ മൗനത്തിന്റെ കടലാഴത്തിൽ 
മറച്ചു വെച്ചിട്ടുണ്ട് ഞാൻ..
തനിച്ചാകുന്ന സന്ധ്യകളിൽ 
കണ്ണീർ മഴയുടെ 
കയ്ക്കുന്ന ഉപ്പുരസം നുണഞ്ഞ്
നഷ്ടപ്പെട്ടതെന്തോ തിരഞ്ഞ്
ഞാനാ കടലാഴത്തിലേക്കൂളിയിടാറുണ്ട്..
കരയിലേക്കൊരു
തിരിച്ചു വരവെന്ന സ്വപ്നത്തെ
കരയിൽ തന്നെ ഉപേക്ഷിച്ച്..!!
നനഞ്ഞ കവിളുകളും
വിതുമ്പുന്ന ചുണ്ടുകളുമായി
കനത്ത മൂകതയിൽ തനിച്ചിരിക്കുമ്പോൾ
ഉള്ളിലെവിടെയോ ഒരു കടലിരമ്പുന്നു..
ഒരു നേർത്ത വിതുമ്പലിന്റെ കൈ പിടിച്ച്
കണ്ണീർ മഴയിലൂടലിഞ്ഞ്
പതിയെ ഞാനുമൊരു കടലാകും..
ഏകാന്തത കനക്കുന്ന നിശകളിൽ
നോവുന്ന തീരങ്ങളിലേക്ക് ചിതറി ചിതറി
ഒടുവിൽ ഞാനുമില്ലാതെയാവും..
നേർത്തൊരു നോവിരമ്പൽ പോലും
ബാക്കി വെച്ചിടാതെ...

Sunday, 11 September 2016

"വിതുമ്പി പെയ്യുന്ന തൂമഴയെ 
വിരി മാറിലൊളിപ്പിക്കുന്നു പുഴ.."

.............................................പ്രണയം????!!!!!!!

Friday, 2 September 2016

എന്റെ പകലുകൾ ഇരുണ്ടും
ഏകാന്തതയുടെ തണുപ്പിനാൽ
മരവിച്ചും നില കൊണ്ടു
വിവേചിച്ചറിയാനാവാത്തൊരു നിലവിളി
കാറ്റിന്റെ ഹൃദയത്തിൽ കുരുങ്ങിക്കിടന്നു
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കെന്ന വണ്ണം
എന്റെ ദിനരാത്രങ്ങൾ ഇഴഞ്ഞു നീങ്ങുന്നു
ഇന്നലെ പെയ്ത മഴയുടെ
അവസാന തുള്ളിപോലെ എന്റെ ആത്മാവ്
ഹൃദയത്തിന്റെ കോണിൽ
തൂങ്ങിക്കിടക്കുകയാണ്
വെളിച്ചത്തിന്റെ കാറ്റു വീശുന്ന
ദിശ തിരഞ്ഞ്...
മരണത്തിന്റെ മാറിലേക്ക് മുഖമമർത്താനായവേ
ഹൃദയത്തിന്റെ കടലാഴത്തിലൊരു
ചോദ്യം തുളുമ്പി
അക്ഷരങ്ങളിൽ ദു:ഖത്തിന്റെ വൈധവ്യം പേറി
എന്റെ സ്വപ്നങ്ങളെ ഞാനെന്തിനെറിഞ്ഞുടച്ചു..??!!
ആർക്കുവേണ്ടി..??!!
ഇനിയും അവഗണനയുടെ
കുരിശു മരണമേറ്റു വാങ്ങുന്നത്
മാറ്റി നിർത്തപ്പെടലിന്റെ
ചാട്ടയേറ്റ് പുളയുന്നത്
ആർക്കുവേണ്ടി..??!!
ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ
ഹൃദയത്തിന്റെ കണ്ണാടിയിൽ തട്ടിത്തെറിച്ച്
മനസാക്ഷിയുടെ കാല്ക്കൽ വീണു ചിതറി
പെറുക്കികൂട്ടാനാവാത്ത
എന്റെ സന്തോഷങ്ങളെ പോലെ..
സ്നേഹത്തിന്റെ അക്ഷയപാത്രം
എനിക്കുമുന്നിലെത്തുമ്പോൾ മാത്രം
തട്ടിച്ചിതറുന്നതിന്റെ പൊരുളറിയിക്കാൻ
ഏത് കടൽക്കരയിൽ വെച്ചാണ്
*ഉത്നാപിഷ്ടിമിനെ ഞാൻ കണ്ടുമുട്ടുക
താങ്ങാനാവാത്ത കുരിശുമായി
ജീവിതമെന്ന നോവുമല കയറുമ്പോൾ
ഞാനവനെ തിരയുകയാണ്..
അലറിക്കൂവുന്ന ആൾക്കൂട്ടത്തിനിടയ്ക്ക്
അവനുണ്ടെന്ന് ഞാനറിയുന്നു...
*പാതിദൂരമെന്റെ കുരിശു ചുമക്കാൻ
വയലിൽ നിന്ന് അവൻ കയറി വരുമെന്ന്
ഞാൻ വിശ്വസിക്കുന്നു..!!!!






##
*ലോകത്തില്‍ ലഭ്യമായ ഏറ്റവും പുരാതന ഗ്രന്ഥങ്ങളില്‍ ഒന്നായ ഗില്ഗമേഷ് പുരാണത്തിൽ നിന്ന്.
*ബൈബിളിൽ സൂചിപ്പിക്കുന്ന കുറേനക്കാരനായ ശിമോൻ, ക്രിസ്തുവിന്റെ കുരിശു ചുമന്നവൻ.

Friday, 26 August 2016

"എത്ര പെട്ടെന്നാണ് ബന്ധങ്ങൾ അറ്റു പോവുകയും
ഓർമകൾ മാത്രം ബാക്കിയാവുകയും ചെയ്യുന്നത്.."

Wednesday, 24 August 2016

പ്രണയം
********

ഞാൻ ഒരിക്കലും നിന്റേതാവില്ല..
നീ എന്റേതും..
എന്നാലും
ഞാൻ ഏറ്റവും സത്യസന്ധമായി
തന്നെ പറയട്ടെ..
നിന്നെ ഞാൻ സ്നേഹിക്കുന്നു..
ഒരുപാട് സ്നേഹിക്കുന്നു..
എന്റെ സ്വപ്നങ്ങളിൽ നിന്ന്
നീയെന്ന യാഥാർത്ഥ്യവും
എന്റെ യാഥാർത്ഥ്യങ്ങളിൽ നിന്ന്
നീയെന്ന സ്വപ്നവും
മാഞ്ഞു പോവും വരെ
നിന്നെ സ്നേഹിക്കുന്നതിൽ
നിന്നെന്നെ തടയാൻ ആർക്കു സാധിക്കും??
ബോധത്തിനും അബോധത്തിനും
ഇടയിലുള്ള
ആ കുഞ്ഞു മഴനൂലു പൊട്ടും വരെ
ജീവനും മരണത്തിനും ഇടയിലെ
ആ കുഞ്ഞു മതിലിടിഞ്ഞു വീഴും വരെ
നിന്നെ സ്നേഹിക്കുന്നതിൽ നിന്നെന്നെ
അകറ്റി നിർത്താൻ ആർക്കു കഴിയും..
അതിനാൽ
സ്വപ്നങ്ങളിൽ നിന്നും
യാഥാർത്ഥ്യങ്ങളിൽ നിന്നും
പൂർണബോധത്തോടെ
പൂർണ സമർപ്പണത്തോടെ
ഞാനിതു നിനക്കായ്
കുറിച്ചു വെക്കുന്നു.
നിന്നെ ഞാൻ സ്നേഹിക്കുന്നു..

മറ്റെന്തിലും ഉപരിയായി സ്നേഹിക്കുന്നു.

## നക്ഷത്രങ്ങളുടെ രാജകുമാരാ.. നിന്നെ ഞാൻ സ്നേഹിക്കുന്നു..


Monday, 22 August 2016


                            അമ്മ
                         ********

തളർന്ന മനസിന്റെ മുറ്റത്തൊരു പൂമരം
മഴയും വെയിലും തളർത്താതെ
ജന്മാന്തരങ്ങളിലേക്ക് വേരുകളാഴ്ത്തി
വേനൽ വീണ വഴികളിൽ തണൽ പടർത്തി
പൂത്തും തളിർത്തും ഇല കൊഴിയാതെ
എന്നിലേക്കെന്നെ നയിക്കുന്ന നന്മ മരം..
ഒരു കുഞ്ഞു കാറ്റായ് നിന്നിൽ പിറന്ന്
നിന്റെ ഇലകളിലുറങ്ങിയുണർന്ന്
നിന്നിലേക്ക് വളർന്നിട്ടും.. ഒടുവിൽ,
നിറം മങ്ങാത്ത വർണങ്ങളതു തേടി
നിന്നെ മറന്ന് യാത്രയാകുമ്പോഴും
ചില്ലകൾ താഴ്ത്തി മൗനാനുവാദമേകിയവൾ..
ചിതറിത്തെറിച്ച് തിരസ്കരിക്കപ്പെട്ട്
നഷ്ട ഗന്ധം പേറിയൊടുക്കം
നിന്നിലേക്കു തന്നെ മടങ്ങിയെത്തവേ
എനിക്കായൊരു പൂക്കാലമൊരുക്കിവെച്ച്
ഇലകൾക്കിടയിലേക്ക് ചേർത്തു പിടിക്കുന്നവൾ..
ചിറകറ്റ് തളർന്നൊരു ഹൃദയത്തിലും
സ്വപ്നങ്ങളുടെ വസന്തം തീർക്കുന്നവൾ..
തളർന്ന മനസിനെ തണുപ്പിച്ച്
തന്നിലേക്കു ചേർക്കുന്നൊരു തണൽ മരം..




 ഇനി തനിച്ച്..!!
**************

പ്രണയം പെയ്തു തോർന്നിട്ടും
പൊഴിയാൻ മറന്ന്
കൺകോണിലൊരു
മിഴിനീർക്കണം..
നീയകന്നിട്ടും
നിന്നിൽ നിന്നെന്നെ അകറ്റാതെ
ഓർമകൾ
നിറഞ്ഞു പെയ്യുകയാണുള്ളിൽ..
കാത്തിരിക്കുമെന്ന്
നീ കരുതുന്നുവോ...
ഇല്ല..
യാത്ര തുടരുകയാണ്..
കൈ പിടിച്ച് ഒരുമിച്ച് നടക്കാമെന്ന്
നീ പറഞ്ഞ വഴികളിലൂടെ..
തനിച്ച്..
അതേ.. തനിച്ച് നടക്കാൻ
തുടങ്ങുകയാണ് ഞാൻ...
കാലിടറിയാൽ താങ്ങാൻ
ഇനി നീയില്ലെന്നതിനാൽ
ഇടറാതെ നടക്കാനും
ശീലിക്കേണ്ടിയിക്കുന്നു...
പൊഴിയാൻ മറന്നയാ
മിഴിനീർക്കണത്തെ
ഹൃദയത്തിൽ
ചേർത്തു വെച്ചിട്ടുണ്ട്..
തളർന്നുവെന്ന് തോന്നുമ്പോൾ
പൂർത്തിയാക്കേണ്ട
സ്വപ്നങ്ങളുടെ
ഓർമപ്പെടുത്തലിനായി...
അരികിലില്ലെങ്കിലും
നീയുണ്ട് കൂടെയെന്നൊരു
വിശ്വാസത്തിനായ്...

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...