Saturday, 9 January 2016

രാത്രിമഴ

മഴ പെയ്യുന്നതു കാണാൻ നല്ല ഭംഗിയാണ്..
എന്നാൽ ആ മഴ മനസിലല്ല പെയ്യുന്നതെങ്കിലോ...??
മഴവില്ലു കാണാൻ മനോഹരമാണ് .. പക്ഷേ അത് മനസിലല്ല തെളിയുന്നതെങ്കിലോ...???
കണ്ണുകൾക്കുള്ളിലെ ഭംഗി ആർദ്രമായ മനസിലേക്കും പകർന്നു കൊടുക്കേണ്ടതാണ് ..
സ്നേഹിക്കുവാൻ പഠിക്കണം.. പഠിപ്പിക്കണം.. പണ്ടു മുതൽക്കേ മാനവർ കേട്ടു മറക്കുന്ന സത്യം..
പുൽക്കൊടിയുടെ ചുണ്ടിൽ ചുംബിച്ചു നിൽക്കുന്ന മഞ്ഞുതുള്ളിക്ക് കാറ്റിനോടും അൽപം അനുരാഗമില്ലന്നു പറയുവാനൊക്കുമോ.. അതു കൊണ്ടല്ലേ തന്റെ പ്രിയന്റെ ചുണ്ടുകളിൽ നിന്നു തള്ളി താഴെയിട്ടിട്ടും പരിഭവിക്കാതെ.. പരാതികളില്ലാതെ.. അവളാ മണ്ണിലലിഞ്ഞു ചേരുന്നത്...
ഓരോ മഴ പെയ്യുമ്പോഴും നമ്മുടെ എല്ലാ സങ്കടങ്ങളും ആ കൈകളിലേക്കേൽപ്പിക്കണം... ഒരിക്കലും നമ്മിലേക്കു മടങ്ങി വരാത്ത വിധം ആ സങ്കടങ്ങളെയെല്ലാം അരങ്ങു തകർത്താടുന്ന വർഷം മാറോടണക്കും..
കണ്ണുനീരിന്റെ നനവിലും സ്നേഹത്തിന്റെ ഇത്തിരിച്ചൂടു പകർന്നു തരാൻ നാം സ്നേഹിക്കുന്ന.. നമ്മളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടാകും.. നമ്മളറിഞ്ഞോ അറിയാതെയോ.. അവരുടെ പ്രാർത്ഥനയും കരുതലും എന്നും നമ്മോടൊപ്പം ഉണ്ടാവുകയും ചെയ്യും..
.

.
# പണ്ടെന്നോ പെയ്തൊരു രാത്രിമഴ മനസിൽ പാകിയിട്ടു പോയ ചില ചിന്തകൾ...............!!!!!!!!!!!!!!!!

മാറ്റം

തെങ്ങോലത്തുമ്പിൽ ചാഞ്ഞു കിടന്ന
കുരുവിയുടെ കൂട്ടിൽ നിന്നും
ആദ്യത്തെ കിളിക്കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ..
വിടരുന്ന പൂക്കളെ വർണിക്കാൻ
എന്നെ ഉപദേശിച്ചു നീ..
പിന്നീട്
ക്യാൻസറെന്ന ചെകുത്താന്റെ കൈകളിലമർന്ന്
നരകയറുമാസ്പത്രിക്കിടക്കയിൽ
വേദനയോടു മത്സരിച്ചു തോറ്റ്
മുഖമമർത്തി കിടന്നപ്പോൾ
കൊഴിയുന്ന പൂക്കളെ പകർത്തുവാൻ
എന്നോടപേക്ഷിച്ചു നീ...
അപ്പൂപ്പൻ

മൊട്ടത്തലയുള്ളൊരപ്പൂപ്പൻ
കണ്ണട വെപ്പതു പതിവാണ്
ചന്ദ്ര പ്രഭയെ വെല്ലുന്ന
തേജസ്സേറും മുഖമാണ്
ഒറ്റത്തുണിയും ചെറുവടിയും
കൂട്ടിനു കൂട്ടായ് അഹിംസയും
വിട്ടുകളയാത്തൊരപ്പൂപ്പൻ
അഹിംസ തന്നുടെ സിദ്ധാന്തം
പകർന്നു നൽകി മാനവരിൽ
സ്വാതന്ത്രത്തിൻ പുതുപൂക്കൾ
വാരി വിതറിയൊരപ്പൂപ്പൻ

ചില നോവുകൾ


വിരഹമല്ല....
.
.
അടുത്തുണ്ടായിട്ടും അകന്നിരുന്നു നീ തരുന്നയീ വേദന...
അതാണിന്നെന്നെ കൊല്ലാതെ കൊല്ലുന്നത്...
എന്നിലെ കണ്ണീരും കവിതയും വറ്റിച്ചു കളയുന്നത്...
എന്നെ എന്നിൽ നിന്നകറ്റുന്നതും...
നിന്റെ ഓർമകളിലേക്കു മാത്രമായെന്നെ ക്ഷണിക്കുന്നതും.....
തിരിച്ചു പോരാനാവാത്ത വിധമെന്റെ കാലുകളെയവിടെ തളച്ചിടുന്നതും..
എല്ലാം.,
എനിക്കു വേദനിക്കുന്നുവെന്നറിഞ്ഞിട്ടും
അതൊന്നുമറിയുന്നില്ലെന്ന ഭാവേന
അറിഞ്ഞു കൊണ്ടു നീയേകുന്നയീ കൂർത്തമുനകളുള്ള നോവുകളാണ്..
മഴ

വീണ്ടും മഴ പെയ്തിരിക്കുന്നു.. ഒരുപാട് നാളുകൾക്ക് ശേഷം...
വേനൽച്ചൂടിനു മുകളിലേക്ക് പെയ്തിറങ്ങി മനസും ദേഹവും കുളിർപ്പിക്കുന്ന മഴ..
എന്നാൽ മനസിലെരിയുന്ന കനലണയ്ക്കാൻ മാത്രം ശക്തി മഴക്കിന്നില്ലാതായിരിക്കുന്നു...
പെയ്തിറങ്ങുന്ന ഓരോ തുള്ളിയും നൊമ്പരമാണ് മനസിൽ സൃഷ്ടിക്കുന്നത്..
മിഴികൾ ഏതോ ഓർമ്മയിൽ ഈറനണിയാൻ തുടങ്ങവേയാണ് മഴയിൽ നിന്നു മുഖം തിരിച്ചത്..
അകത്തു ചെന്ന്, മഴ നൽകുന്നയാ വേദനിപ്പിക്കുന്ന ഓർമ്മകളിൽ നിന്നു രക്ഷപ്പെടാനായി കട്ടിലിൽ, പുതപ്പിനുള്ളിൽ സുരക്ഷിത സ്ഥാനം തിരയുമ്പോഴും സുഖമുള്ളൊരു ചൂടായി ഓർമകൾ വീണ്ടുമെന്നെ പുണർന്നു..

ക്രിസ്തുമസ് രാവ്

വീണ്ടുമൊരു ക്രിസ്തുമസ് രാവ്...
മെഴുകുതിരികളാലും പനിനീർ പുഷ്പങ്ങളാലും അലങ്കരിച്ച
പ്രണയത്തിന്റെ സംഗീതമൊഴുകുന്ന ഡിന്നർ സർപ്രൈസുകൾ ഇല്ലാതെ...
അടുക്കളയിലും കിടപ്പു മുറിയിലെ അലമാരകളിലും ഒളിച്ചു വെച്ച സമ്മാനങ്ങളില്ലാതെ..
മഞ്ഞു വീഴുന്ന രാത്രിയാകാശത്തിനു കീഴിൽ എന്നെ ചേർത്തു പിടിച്ച്
നെറ്റിയിൽ നീ തരുന്നയാ തണുത്ത ചുംബനത്തിന്റെ നൈർമല്യമില്ലാതെ...
പ്രണയവും മധുരവും ഒരുമിച്ചു ചേർത്ത് നീയുണ്ടാക്കുന്നയാ
വെളുത്ത ക്രിസ്തുമസ് കേക്കുകളില്ലാതെ..
ഇതാ.. ഇന്നു വീണ്ടുമൊരു ക്രിസ്തുമസ് രാവ്...
.
അങ്ങു ദൂരെ... ശരീരം മരവിപ്പിക്കുന്ന ഈ ഡിസംബറിന്റെ കുളിരിൽ
മഞ്ഞു പുതച്ചു കിടക്കുന്ന കാശ്മീർ താഴ് വരയിൽ
എത്ര ശ്രമിച്ചിട്ടും ആഞ്ഞു കത്താൻ വിമുഖത കാട്ടുന്ന വിറകുകളോടൊപ്പം
ആരോടും പരാതിയോ പരിഭവമോ പറയാതെ
കിഴക്കുദിച്ചയാ ഒറ്റനക്ഷത്രത്തെ നോക്കി
നീയിപ്പോഴും ഉറങ്ങാതെ നിൽക്കുന്നുവെന്ന് ഞാനറിയുന്നു...
ഈ ക്രിസ്തുമസ് രാവിൽ..,
ഉറ്റവരോടൊപ്പം ഏകജാതന്റെ ജനനപ്പെരുന്നാളാഘോഷിക്കുന്ന
എല്ലാ ഇന്ത്യക്കാർക്കും വേണ്ടി...
അവർക്കു പേടികൂടാതെ ജീവിക്കാൻ വേണ്ടി..
നിന്നെപ്പോലെ എത്രയേറെ സൈനികരാണിങ്ങനെ ഒറ്റക്ക്....
.
.
മഞ്ഞു പെയ്യുന്നയീ തണുത്ത രാവിൽ...
യെഹൂദരുടെ രാജാവിനെ അടയാളം കാണിക്കാൻ ഉദിച്ചയാ
തിളങ്ങുന്ന നക്ഷത്രത്തെ നോക്കി നില്ക്കവേ..
ആരാണു നിന്റെ മനസിൽ.. പുൽക്കൂട്ടിൽ പിറന്നയാ പൊന്നീശോയോ...
അതോ.. പപ്പേടെ നെഞ്ചിലെ ചൂടറിയാൻ പറ്റാതെ
എന്നോട് ചേർന്നുറങ്ങുന്ന നമ്മുടെയീ മാലാഖക്കുഞ്ഞിന്റെ മുഖമോ...
എനിക്കറിയാം.. പുൽക്കൂട്ടിൽ പിറന്നയാ പൊന്നുണ്ണിക്കിന്ന്
നിന്റെ മനസിൽ നമ്മുടെ മാലാഖക്കുഞ്ഞിന്റെ മുഖമാണെന്ന്...
ഇവൻ ജനിച്ചു കഴിഞ്ഞ് നിന്നെ കാണണമെന്ന് പറഞ്ഞു
ഞാൻ വാശിപ്പിടിച്ച് കരഞ്ഞപ്പോൾ അമ്മ പറഞ്ഞതെന്താണെന്നറിയാമോ...
എന്റെ ഓരോ തുള്ളിക്കണ്ണീരും നിന്റെ യാത്രയിലെ തടസ്സങ്ങളാകുമെന്ന്..
പിന്നെ ഞാൻ കരഞ്ഞിട്ടില്ല..
എനിക്കറിയാം ഈ ക്രിസ്തുമസ് രാവിൽ
എന്നെപ്പോലെ അനേകായിരം ഭാര്യമാർ 
തങ്ങളുടെ പൊന്നോമനകളെ നെഞ്ചോടക്കിപ്പിടിച്ച് 
കണ്ണീരൊളിപ്പിച്ച് പുഞ്ചിരിക്കുന്നുണ്ടെന്ന്...
അന്നു പോകാൻ നേരം
നീയെന്റെ നെറ്റിയിൽ തന്നയാ കണ്ണീരിന്റെ മധുരമുള്ള ചുംബനം
നിനക്കു വേണ്ടി
നമ്മുടെ മാലാഖക്കുഞ്ഞിന്റെ നെറ്റിയിൽ ഞാനേകിക്കൊള്ളാം..
കുളിരു വിതറി വീശുന്നയീ തണുത്ത കാറ്റിന്റെ കൈയിൽ
നിനക്കായി ഞാനെന്റെ സ്നേഹം കൊടുത്തു വിടുന്നു..
നിന്നിലേക്കെത്തും എന്ന പ്രതീക്ഷയോടെ...
.
.
നിർത്തുകയാണ് ഞാൻ...
എന്റെ പട്ടാളക്കാരനു സ്നേഹം നിറഞ്ഞ
ഒരായിരം ക്രിസ്തുമസ് ആശംസകൾ നേർന്നു കൊണ്ട്..
കരയാതെ... പ്രണയത്തിന്റെ പുഞ്ചിരിയോടെ...
നമ്മുടെ മാലാഖക്കുഞ്ഞിന്റെ കുഞ്ഞുമ്മകളോടെ...

സ്നേഹം

സ്നേഹം എന്നും വിചിത്രങ്ങളായ ഭാവങ്ങൾ ഉൾക്കൊള്ളുന്നു..
ഒരാളെ സ്നേഹിക്കുന്നത് ഒരിക്കലും ഏതെങ്കിലും വിധത്തിലുള്ള സ്വാർത്ഥതയോടെ ആയിരിക്കരുത്.. അതൊരിക്കലും സ്നേഹമാവുകയില്ല... സ്നേഹം ഒരിക്കലും തോൽക്കുന്നില്ല.. ആരെയും വേദനിപ്പിക്കുകയും ഇല്ല..
പ്രിയപ്പെട്ടവരെ വേദനിപ്പിച്ചു കൊണ്ടുള്ള സ്നേഹം ഒരിക്കലും ആത്മാർത്ഥ സ്നേഹമാവില്ല..
മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ട് തന്റെ സ്നേഹം നേടുന്ന ഒരാളും ജീവിതത്തിൽ വിജയിക്കുന്നില്ല...
ശരീരത്തിലധിഷ്ടിതമാണു സ്നേഹമെങ്കിൽ അതെല്ലാവർക്കും വേദനകൾ മാത്രമേ നൽകുന്നുള്ളു.. എന്നാൽ സ്നേഹം ആത്മാവിലധിഷ്ടിതമാണെങ്കിൽ അതാരേയും വേദനിപ്പിക്കുന്നില്ല.. മറിച്ച് വേദനയെന്ന വികാരത്തെ അതു നമ്മളിൽ നിന്നകറ്റിക്കളയുന്നു...
ആർക്കു സാധിക്കും ആത്മാവിലധിഷ്ടിതമായി സ്നേഹിക്കാൻ..
അങ്ങനെ സ്നേഹിക്കുന്നവർ ഒരിക്കലും പിരിയുന്നില്ല...
അവർക്കു മുന്നിൽ മരണം പോലും തോറ്റു പിന്മാറുന്നു...



വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...