Tuesday, 16 February 2016

മീര

പ്രണയം ഭക്തിയാണെന്ന് 
ജീവിതം കൊണ്ട് തെളിയിച്ചവൾ..
ആ പ്രണയത്തിൽ ജീവിതത്തെ 
ജീവിതമാക്കിത്തീർത്തവൾ..
പരാതികളില്ലാതെ..
ആവശ്യങ്ങളില്ലാതെ..
അപേക്ഷകളില്ലാതെ.
ഭക്തിപൂർവ്വം പ്രണയിക്കാം
എന്നെന്നെ പഠിപ്പിച്ചവൾ..
മീര..
പ്രണയത്തിന്റെ.. ഭക്തിയുടെ..
നിശബ്ദ  രക്തസാക്ഷി..


Sunday, 14 February 2016

 
കടം കൊണ്ട സ്നേഹവും കടമെടുത്ത വാക്കുകളും  തിരിച്ചു നൽകി
ഇനി നമുക്ക് പരസ്പരം യാത്ര ചൊല്ലാം..
എനിക്ക് നീയും നിനക്ക് ഞാനും ഇനി
വഴിയരികിലെ അപരിചിത മുഖങ്ങൾ മാത്രമാവാം..
കടന്നു പോകുമ്പോൾ പരസ്പരം മിഴിയുടക്കാത്ത..
ഒരു ചിരിയുടെ പോലും കടം പേറാത്ത വെറും അപരിചിതർ..
നിനക്കായി രചിച്ച കവിത
ഇനി ഞാനെൻ കണ്ണീർ നനവിനാൽ മായ്ച്ചു കളയട്ടെ..
മഷിയിറ്റിയ തൂലിക ഓർമ്മകളുടെ ഭാണ്ഡാരത്തിൽ ഒളിച്ചു വെക്കട്ടെ..
എന്നിലേക്കൊഴുകുന്ന സ്നേഹത്തെ
വെറുപ്പിന്റെ കയറിനാൽ നീ നിനക്കുള്ളിൽ തടവിലാക്കുക..
തടവറ ഭേദിച്ചത് ഒരിക്കലും പുറത്തു വരാതിരിക്കട്ടെ..
 കവിളു നനയ്ക്കുന്ന കണ്ണീരു തുടച്ചു കളയുക..
മരിച്ചവൾക്കു വേണ്ടിയിനി കരയാതിരിക്കുക..
മനസ്സിന്റെ മണൽത്തിട്ടയിൽ നീയെനിക്കും നിന്റെ പ്രണയത്തിനും
ഇനി മോക്ഷ ബലിയിടുക..
മറവിയുടെ ഗംഗയിൽ മുങ്ങി നിവരുക..
നോവോർമ്മകളിലേക്ക് തിരിഞ്ഞു നോക്കാതെ
പുതിയ ജീവിതത്തിലേക്ക് നടന്നു കയറുക..
അവിടെ നിന്നെ വേദനിപ്പിക്കാത്തൊരു ഹൃദയം കാത്തിരിക്കുന്നുണ്ട്..
മുറിവേറ്റ ഹൃദയത്തെ ആ സ്നേഹത്താൽ ഭേദമാക്കുക..
ജീവിതത്തിലേക്ക് തിരിച്ചു പോവുക..
ഞാൻ മരിച്ചവളാണ്..
നിന്നെ നോവിക്കാൻ വേണ്ടി മാത്രം പിറന്നൊരു ദു:സ്വപ്നം..
ഉറക്കത്തിൽ നിന്നു നീയുണരുക.. അപ്പോഴെക്കും ഞാൻ മാഞ്ഞു പോയിക്കഴിഞ്ഞിരിക്കും..
ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് ജീവിതം..
അവിടെ നിന്നെ നോവിക്കാൻ ഞാനില്ല..
വേദന കുറിച്ച താളുകൾ വലിച്ചെറിയുക..
പുതിയ ജീവിതത്തിന്റെ.. പുതിയ സന്തോഷങ്ങളുടെ
നല്ല താളുകൾ മാത്രമിനി എഴുതുക..
നക്ഷത്രങ്ങളുടെ നാട്ടിലിരുന്ന് ഞാൻ നിനക്കായ് ആശംസയേകുന്നു..

പ്രിയ കൂട്ടുകാരീ..., ഇതു നിനക്കായ്..

എന്റെ ചുണ്ടുകളിൽ നിന്ന് ചിരി മാഞ്ഞു തുടങ്ങുമ്പോൾ..,
മിഴികളിൽ സ്വപ്നങ്ങളുടെ തിരി അണച്ച് കണ്ണുനീർ നിറഞ്ഞു തുളുമ്പുമ്പോൾ..
ഞാൻ നിന്നെ ഓർത്തു പോകുന്നു..
ഒരു ഫോൺ വിളിയുടെ ദൂരത്തിനപ്പുറം നീയുണ്ടെന്നറിഞ്ഞിട്ടും
ഒരുപാട് അകലെയായിപ്പോയെന്നു മനസ്സ് മന്ത്രിക്കുന്നു..
ആകാശം മൂടി നിൽ ക്കുന്ന കാർമേഘങ്ങളെ പോലെ ചില വേദനകൾ.. ചില നൊമ്പരങ്ങൾ.. ഇന്നും മനസിൽ നിറഞ്ഞ് നിൽക്കുന്നു.. പെയ്തൊഴിയാൻ കൂട്ടാക്കാതെ..
മൗനം മാത്രം കൂട്ടുള്ള ചില സന്ധ്യകളിൽ
നമ്മുടെ കലാലയ ജീവിതം ഓർത്തെടുക്കാറുണ്ട് ഞാൻ..
മറക്കാനാവാത്ത വിധം വർണങ്ങൾ ചാലിച്ച
ഒരു നല്ല ജലച്ചായ ചിത്രം പോലെ..
സങ്കടങ്ങളിലൂടെ മനസ്സ് വഴിയറിയാതെ യാത്ര ചെയ്യുമ്പോൾ.., ഒ
ന്നു കൈപിടിച്ച് നടത്താൻ.. സാരമില്ലന്നു പറയാൻ..
പ്രിയ കൂട്ടുകാരി നീ എന്റെ അരികിലില്ലെന്ന് നോവോടെ ഞാനറിയുന്നു..
നിന്റെ മൗനങ്ങൾ എന്നോടൊരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു..
ആ മിഴികൾ മൗനത്തിലും വാചാലമാകുമായിരുന്നു..
അതിൽ നിറഞ്ഞു നിന്നിരുന്നു എന്നോടുള്ള നിന്റെ സ്നേഹം..
എനിക്കു മാത്രം ഈശ്വരൻ വിധിച്ചതാണു നിറഞ്ഞ മിഴികൾ എന്ന് ഞാൻ കരുതി..
പക്ഷേ നിന്റെ മിഴികളിലും എന്നും സങ്കടത്തിന്റെ നോവുണ്ടായിരുന്നു..
വെറുതെ വേദനിക്കാനായി.. ആരും ആവശ്യപ്പെടാതെ..
നീ സ്വയം ഏറ്റെടുത്ത ഒരു നോവ്.. നിന്റെ പ്രണയം..!!!!!!!!!!!!!!!!!!!!!

"പ്രണയം.. അത് സത്യമുള്ളതാണെങ്കിൽ.. അതെന്നും നന്മ മനസുകളെ നോവിപ്പിച്ചിട്ടേ ഉള്ളൂ.."



നിനക്കായൊരു പ്രണയ സന്ദേശം:- 
'മാലാഖമാരുടെ കൈവശം കൊടുത്തയച്ചത്..'


പ്രണയദിനമായിരുന്നു ഇന്ന്.. എനിക്കതറിയാമായിരുന്നു..
വെറുതെ എങ്കിലും നിനക്കു വേണ്ടി ഞാനെന്തെങ്കിലും കുറിക്കുമെന്ന് നീ ആഗ്രഹിച്ചിട്ടുണ്ടാവും.. വേണ്ടന്നു വെച്ചതാണ്.. അല്ലെങ്കിൽ തന്നെ എന്തിനു വേണ്ടി..
ഒരിക്കൽ കൂടി നിന്നെ നോവിക്കാൻ.. അതിനപ്പുറം എന്റെ അക്ഷരങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലല്ലോ..
എന്നിട്ടും എഴുതി പോവുകയാണ്.. എന്തൊക്കെയോ.. വെറുതെ..
ഇനിയുമിതു പോലെ എത്ര എത്ര പ്രണയദിനങ്ങൾ പൂവിട്ട് കൊഴിഞ്ഞാലും
അപരിചിതരേപ്പോലെ ജീവിതത്തിന്റെ രണ്ടു വശങ്ങളിലേക്ക് നടന്നകലേണ്ടവരാണ് നാം..
ഒരു പക്ഷേ നാളെ എന്തെന്ന് അറിയാതെ ജീവിതം ജീവിച്ച് തീർക്കുമ്പോഴും
ഇന്നലയിലെ ഈ നോവിനെ മറക്കാതെ ഹൃദയത്തോടു ചേർത്തു പിടിക്കാൻ മാത്രം വിധിക്കപ്പെട്ടവർ..
നാളെ ഒരിക്കൽ ജീവിതത്തിന്റെ നല്ല നാളുകളെല്ലാം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് തീർത്ത്
തനിക്കു വേണ്ടി എന്തെങ്കിലും കരുതി വെക്കാൻ മറന്ന്
എല്ലാവരാലും ഒറ്റപ്പെട്ട് ഓർമ്മയുടെ വന്മരത്തണലിൽ തനിച്ചു നിൽക്കുമ്പോൾ..
അപ്പോൾ മാത്രം നിലക്കാതെ ഒഴുകുന്ന കണ്ണുനീരോടെ നാം പരസ്പരം നമ്മെ ഓർത്തെടുക്കുമായിരിക്കാം..
അന്ന്.., നിന്റെ കൈ വിരൽത്തുമ്പിൽ കൈകോർക്കാതെ പിന്തിരിഞ്ഞ് നടന്നതോർത്ത് ഞാനും.., എന്നെ പോകാൻ അനുവദിക്കാതെ 'നിന്നെ എനിക്ക് വേണമെന്ന്' പറയാൻ തോന്നാതിരുന്ന നിമിഷത്തേ ഓർത്ത് നീയും ഒരുപോലെ വേദനിച്ചേക്കാം..
കാലങ്ങൾക്ക് ശേഷം ചിലപ്പോൾ അങ്ങനെയൊന്നും ഉണ്ടായില്ലന്നും വരാം..
ഓർമ്മയുടെ പുസ്തകത്താളിൽ ഒരിടത്തും നാം പരസ്പരം കണ്ടുമുട്ടിയില്ലെന്നും വരാം..
അന്നത് എന്ത് തന്നെ ആയാലും.. ഇപ്പോൾ നാം പിരിയേണ്ട സമയമാണ്..
പൂർത്തിയാക്കാതെ പോയ കിനാവിന്റെ നല്ല പാതിയായി ഈ നോവോർമ്മ ഇനിയും തുടരും..
പ്രതീക്ഷയുടെ നറുതിരിനാളമായ് ഇടക്കെപ്പൊഴൊക്കെയോ നാമിനിയും പരസ്പരം കാണും.. അടുത്ത നിമിഷത്തിൽ വേർപിരിയണമെന്ന അനിവാര്യമായ സത്യത്തിനു മുന്നിൽ
വീണ്ടും നാം പകച്ചു നിൽക്കും..
പിന്നെ പിന്തിരിഞ്ഞ് അകലങ്ങളിലേക്കകന്ന് മാറും..
ജീവിത യാത്രയിലെങ്ങും നാം നമ്മെ തിരഞ്ഞു കൊണ്ടേയിരിക്കും..
കൈയെത്തും ദൂരത്തുണ്ടായിരുന്നിട്ടും സ്വന്തമാക്കാൻ കഴിയാതെ പോയ ഈ സ്വപ്നം
ഒടുവിൽ ആകാശത്തിന്റെ നീലവിരിമാറിൽ മോക്ഷം നേടും..
കാറ്റായ്.. പൂവായ്.. മഴയായ്.. നഷ്ടപ്പെട്ടു പോയ പ്രണയത്തെ തേടി നാമലഞ്ഞു കൊണ്ടേയിരിക്കും..
പിന്നെ എന്തിനാണ്.. നമുക്ക് പ്രണയിക്കാൻ ഇതു പോലൊരു ദിനം.. പരസ്പരം ആശംസകൾ കൈമാറാൻ എന്തിനാണൊരു പ്രണയം.. എന്തിനാണ്..!!


എനിക്ക് നീയും നിനക്കു ഞാനും എന്നെല്ലാമോതി എന്തിനാണ് നാം നമ്മെ തന്നെ വിഡ്ഢികളാക്കുന്നത്..
പരസ്പരം ആശംസകൾ  ഏകിയാലും ഇല്ലെങ്കിലും
നാമെന്നും ആത്മാവിനാൽ പ്രണയിച്ചുകൊണ്ടേ ഇരിക്കും..
നമ്മിൽ പ്രണയം വറ്റുന്നത് വരെ..
ഒടുവിൽ ഒന്നു ചേരാൻ കഴിയാതെ പോയ ഇഹലോകം വെടിഞ്ഞ്
നക്ഷത്രങ്ങളുടെ നാട്ടിലേക്ക് നാം യാത്ര പോവുമ്പോൾ
നിനക്കായി ഞാൻ പ്രണയത്തിന്റെ താഴ് വരയിൽ നിന്ന്
ഒരുപിടി പനിനീർ പൂക്കൾ കൈയിൽ കരുതും..
മഞ്ഞു പോലെ തണുത്ത അവയുടെ ദളങ്ങൾക്ക് നമ്മുടെ പ്രണയത്തിന്റെ ചുവപ്പ് നിറമായിരിക്കും..
ഋതുഭേദങ്ങൾ ചിത്രങ്ങൾ നെയ്യുന്ന... മഴനൂലുകൾ സംഗീതം പൊഴിക്കുന്ന..
നനുത്ത തണുവുള്ളയാ പ്രണയത്തിന്റെ നാട്ടിൽ വെച്ച്
നിനക്ക് ഞാനെന്റെ ഹൃദയം പങ്കിട്ടു തരും..
ജന്മ ജന്മങ്ങളിലേക്കായ് നാം ഒന്നു ചേരും..

..................."പ്രണയ ദിനാശംസകൾ"......................





സ്നേഹിതാ, ഏതുതരം വീഞ്ഞിനാണ് ഏറ്റവുമധികം ലഹരി ?
മറ്റൊന്നുമാലോചിക്കാതെ ഞാ പറഞ്ഞു:
ജീവിതത്തിന്! മറ്റാക്കും ദാസ്യം വഹിക്കാത്ത "ജീവിതത്തിന് " !
{എൻ .വി . കുറുപ്പ് }


Saturday, 13 February 2016


"നീയെനിക്കാരാണ്.." 

കാലങ്ങൾ കൊണ്ട് ചോദിച്ചു പഴകിപ്പോയൊരു ചോദ്യം.. 
ഇപ്പോ ഈ ചോദ്യത്തിനെന്ത് പ്രസക്തി എന്നു ചിന്തിക്കുന്നുവോ നീ.. 
പ്രസക്തിയുണ്ട്..  ഇന്ന് ഈ നിമിഷത്തിൽ.. ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്.. 
ഞാൻ നിനക്കാരാണ്.. അല്ലെങ്കിൽ നീയെനിക്കാരാണ്..
സുഹൃത്തുക്കൾ... 
അല്ല.. നാമൊരിക്കലും നല്ല സുഹൃത്തുക്കളായിരുന്നിട്ടില്ല.. 
പിന്നെ ആരാണ്..
പ്രണയിതാക്കൾ.. 
ഒരിക്കലുമല്ല.. കാരണം നാമൊരിക്കലും നല്ല പ്രണയ ജോടികളായിട്ടില്ല..
പിന്നെ.., നിനക്കും എനിക്കും തമ്മിൽ 
ജന്മ ജന്മങ്ങൾക്കു മുൻപേ ഊട്ടിയുറപ്പിച്ച എന്ത് ബന്ധമാണുള്ളത്..
ഒന്നും തന്നെയില്ല... ഒന്നും... അതേ.. അതാണ് സത്യം..!!
അപരിചിതർ.. അപരിചിതരാണ് നാം..
രണ്ടു ദിക്കുകളിൽ നിന്നു വന്നെത്തി 
അല്പ നേരത്തെ വിശ്രമത്തിനായി നിന്ന
ഒഴിഞ്ഞ ജീവിത സത്രത്തിന്റെ ഇടനാഴികളിൽ  അറിയാതെ കണ്ടു മുട്ടിയവർ..
ഒടുവിൽ വിശ്രമം കഴിഞ്ഞ് പോവും നേരം
യാത്ര പോലും പറയാതെ പടിയിറങ്ങുന്നവർ..
അകലങ്ങളിലെത്തിയാൽ പോലും
അറിയാതൊന്നു തിരിഞ്ഞു നോക്കാത്തവർ..
ഓർമക്കായ് കിനാവിന്റെ കുഞ്ഞു തൂവൽക്കണം പോലും
ഹൃദയത്തിൽ സൂക്ഷിക്കാത്തവർ...
പ്രണയത്തിന്റെ പടവിൽ വെച്ച് ഒരിക്കലും പരസ്പരം കണ്ടുമുട്ടിയിട്ടില്ലാത്തവർ.. 
അപരിചിതരാണ് നാം.. തീർത്തും അപരിചിതർ.. 
.
.
നിനക്കെന്നോട് ദേഷ്യം തോന്നുന്നു.. അല്ലേ.. 
പരിഭവം കൊണ്ടാ മുഖം ചുവക്കുന്നത് എനിക്ക് കാണാം.. 
എന്തിനാണിങ്ങനെ അക്ഷരങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും 
നിന്നെ ഞാ വേദനിപ്പിക്കുന്നത്.. 
അറിയില്ല.. ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളിൽ ഒന്നു മാത്രമാണത്.. 
എന്തിനു ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന ചോദ്യത്തെ പോലെ തന്നെ അപ്രസക്തമായ ഒന്ന്..

നിന്നെ ഞാൻ പ്രണയിക്കുന്നുണ്ടോ.. അതും എനിക്കറിഞ്ഞൂടാ.. 
നീ പറയൂ.. എന്നേക്കാൾ നന്നായി നിനക്കറിയാമല്ലോ എന്നെ.. 
ഇതിനുള്ള ഉത്തരം നീ തന്നെ പറയൂ.. 
ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടോ.. 
ഇഷ്ടത്തോടെ നീയെന്നെ കരുതിയപ്പോഴെല്ലാം 
നിന്നെ നോവിച്ച് ഞാനകന്ന് നിന്നത് നിന്നോടുള്ള പ്രണയം കൊണ്ടായിരുന്നോ.. 
പിന്നെ.,  നീയെന്നിൽ നിന്നകന്നു പോകുന്നുവെന്ന് തോന്നിയപ്പോഴെല്ലാം 
എന്നിലേക്ക് നിന്നെ ചേർക്കാൻ ശ്രമിച്ചത് പ്രണയം കൊണ്ടായിരുന്നുവോ.. 
എന്നിട്ടും നിന്റെ വേളിപ്പെണ്ണായൊരുങ്ങാൻ സമ്മതം ചോദിച്ചപ്പോഴെല്ലാം 
സമ്മതമല്ലെന്ന് പറഞ്ഞ് നിന്നിൽ നിന്നകന്നത് പ്രണയം കൊണ്ടായിരുന്നുവോ.. 
ഇനി എന്നിലേക്കൊരു തിരിച്ചു വരവില്ലെന്ന് പറഞ്ഞ് നീ പോയപ്പോ 
ഹൃദയം കൊണ്ടെങ്കിലും ഒരു പിൻ വിളി വിളിക്കാതെ നോക്കി നിന്നത് 
പ്രണയം കൊണ്ടായിരുന്നുവോ.. 
അകന്ന് നിന്ന് നീയെന്നോട് പരിഭവം കാട്ടുമ്പോ 
അതെന്റെ തെറ്റ് കൊണ്ടാണെന്നറിഞ്ഞിട്ടും 
എനിക്ക് വേദനിച്ചത് പ്രണയം കൊണ്ടായിരുന്നുവോ.. 
നിന്നിലേക്കൊഴുകാൻ മനസ്സ് വെമ്പൽ കൊണ്ടപ്പോഴും 
വിധിയുടെ വന്മതിലു കൊണ്ടതിനെ തടഞ്ഞു നിർത്തിയത് 
നിന്നോടുള്ള പ്രണയം കൊണ്ടായിരുന്നുവോ.. 
പരിഭവത്തിനുമപ്പുറം ആ മനസിൽ ഇന്നുമെന്നോട് പ്രണയമുണ്ടെന്നറിഞ്ഞപ്പോൾ 
കണ്ണു നിറഞ്ഞത് പ്രണയം കൊണ്ടായിരുന്നുവോ.. 
എന്നിട്ടും വീണ്ടും എന്നിലേക്ക് തിരിച്ചു വരരുതെന്ന് പറഞ്ഞ് 
നിന്നിൽ നിന്നകന്ന് നിൽക്കുന്നത് പ്രണയം കൊണ്ടാണെന്ന് നിനക്ക് തോന്നുന്നുവോ.. 
എന്തോ.. എനിക്കറിഞ്ഞൂടാ..

അതെന്റെ വില കുറഞ്ഞ സ്വാർത്ഥത മാത്രമാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.. 

അവിടെ പ്രണയമുണ്ടായിരുന്നില്ല.. 

ആത്മാവിൽ നിന്ന് ആത്മാവിലേക്ക് നീയെനിക്ക് പകർന്നു തന്ന പരിശുദ്ധ പ്രണയത്തെ 
ഏറ്റു വാങ്ങാനോ.. അതിൽ ഒരംശമെങ്കിലും നിന്നിലേക്കു പകരാനോ എനിക്കായില്ല.. 
അതേ.. ഞാൻ നിന്നെ പ്രണയിച്ചിരുന്നില്ല സഖേ.. 
അതെന്റെ സ്വാർത്ഥത മാത്രമായിരുന്നു.. 
നിന്നെ നഷ്ടപ്പെടാതിരിക്കാനുള്ള വെറും സ്വാർത്ഥത..!!




പ്രണയത്തിന്റെ നിർവചങ്ങൾക്ക് എനിക്ക് നിന്നേയും നിനക്ക് എന്നേയും 

നിർവചിച്ച് തരാൻ കഴിയാത്തതെന്തേ..
അർത്ഥങ്ങളറിയാൻ അഴിച്ചു നോക്കുന്തോറും 
ആഴത്തിലേക്ക് മുറുകുന്ന കുരുക്കാണ് നാം..
പുറകിലുപേക്ഷിച്ചു പോവാനോ.. വർത്തമാനത്തിൽ കൂടെ ചേർക്കാനോ.. 
ഭാവിയിലേക്ക് കരുതി വെക്കാനോ കഴിയാതെ ശ്വാസം മുട്ടിക്കുന്ന ഒരു കുരുക്ക്....
അപ്പോഴും ബാക്കിയാവുന്നത് ഈ ഒരു ചോദ്യമാണ്..

"നീയെനിക്കാരാണ്.." 


ഓർമ്മയായി മറഞ്ഞൊരു പ്രണയം..:-

സ്വപ്നം പോലെ നീ വന്നു.. സ്വന്തമാണെന്ന് ഞാൻ കരുതി..
പക്ഷേ നേർത്ത മഞ്ഞല പോലെ എന്റെ മുന്നിലൂടെ നീ ദൂരേക്കു മാഞ്ഞു..
കണ്ണുനിറഞ്ഞൊഴുകിയെങ്കിലും മനസിന്റെ വിങ്ങൽ അടങ്ങിയില്ല..
നിന്നോടുള്ള സ്നേഹം അസ്തമിച്ചില്ല..
നിന്നെ അനുസരിക്കാൻ ഞാൻ ആഗ്രഹിച്ചു..
പക്ഷേ വ്യർത്ഥമായൊരു വാക്കിനാൽ നീ എന്നെ അനുസരിക്കുകയാണുണ്ടായത്..
നിന്നെ കടന്നു പോന്നപ്പോഴും ഒരു പിൻ വിളി ഞാൻ കൊതിച്ചു..
സ്നേഹത്തിന്റെ നേർത്ത ഒരു തൂവൽ സ്പർശം ആഗ്രഹിച്ചു..
മാനത്ത് തെളിയുന്ന മഴവില്ലിനു മാനത്തോടൊപ്പം ചിലവഴിക്കാൻ കിട്ടിയ സമയം പോലെ നശ്വരമായിരുന്നു നമുക്കും..
എങ്കിലും ആ മാനം പോലെ ഞാനും കാത്തിരിക്കാം..
കൈ നിറയെ ശരത് കാലത്തിന്റെ നിറമുള്ള വർണങ്ങളും നിറച്ച് നീ വരുന്നതും കാത്ത്..


വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...