Saturday, 17 December 2016

എന്റെ മാത്രം സ്വന്തമെന്ന് പറയാൻ 
ഒരു ചങ്ങാതിയുണ്ടായിരിക്കുക എന്നത് 
എത്ര ഭാഗ്യമാണ്

Tuesday, 13 December 2016


ആകാശം കാണാതെ മറച്ചു വെച്ച്
പെറ്റു പെരുകിയയൊരു മയില്പ്പീലിത്തുണ്ടിനോട്
ഞാനെന്റെ കവിതയെ ഉപമിക്കുന്നു..
നിന്നോടെനിക്കുള്ള പ്രണയം പോലെ അതും
എന്റെ ഉള്ളിൽ കിടന്ന്
ശ്വാസം മുട്ടി മരിക്കാറായപ്പോഴാണ്
ഞാനതിനെ
മയില്പ്പീലികളിലേക്ക് പകർന്നത്..
നനുത്ത തണുപ്പുള്ള നിശകളിൽ
നിന്റെ പ്രണയത്തെ തേടി
ഞാൻ നിന്റെ അരികിലെത്തിയപ്പോഴെല്ലാം
ഒരനുഷ്ടാനം പോലെ ഞാനാ പീലികളെയും
എന്നോടൊപ്പം കൊണ്ടു പോന്നു.
കാരണം അവയെ വായിച്ചറിയാൻ 
നിനക്കല്ലാതെ മറ്റാർക്കും സാധ്യമായിരുന്നില്ല..
വസ്ത്രത്തോടൊപ്പം  ശരീരത്തെയും
ഊരി മാറ്റി
നിന്റെ നീല നിറത്തെ പടർത്താൻ
ഞാൻ നിനക്കു മുന്നിലെന്നെ സമർപ്പിച്ചപ്പോഴെല്ലാം,
അവ നമുക്കു വേണ്ടി പ്രേമ ഗീതികൾ പാടി..
നമുക്കു മാത്രം കേൾക്കാവുന്നയത്ര ഉച്ചത്തിൽ..
പ്രണയ കഥകൾ പറഞ്ഞു..
പിന്നെ പുലർച്ചയിലെപ്പൊഴോ മിഴി തുറന്നപ്പോൾ
വസ്ത്രങ്ങളുടെയും ശരീരത്തിന്റെയും ഭാരങ്ങളില്ലാതെ
ഞാൻ സ്വതന്ത്ര..
എന്റെ തലമുടിയിൽ നീയണിച്ച പീലിത്തുണ്ടുകൾ..
മേനിയിലാകെ നീ പകർന്ന പ്രണയത്തിന്റെ നീലവർണം..
ചുറ്റിലും ഞാനെന്നോ എഴുതാൻ കൊതിച്ച..
ആകാശം കാണാതെ മറച്ചു വെച്ച എന്റെ കവിതകൾ..
നിന്റെ കാംബോജിയുടെ ഈണം..
ഞാൻ നൃത്തം ചെയ്യുകയാണ്..
വീണ്ടും വീണ്ടും നൃത്തം ചെയ്യുകയാണ്
നീലവർണാ നീയാണെന്നെ നൃത്തം ചെയ്യാനും പഠിപ്പിച്ചത്..
ഇനിയെനിക്കെന്റെ കവിതകളെ
മറച്ചു വെക്കേണ്ടതില്ല..
നൃത്തം ചെയ്യരുതെന്നുള്ള വിലക്കുകളെ
ഭയക്കേണ്ടതില്ല..
ഇനി ഞാൻ സ്വതന്ത്ര.. നിന്നിലേക്ക് ഞാൻ സ്വതന്ത്ര..
നിന്നിലേക്ക് മാത്രം ഞാൻ സ്വതന്ത്ര ..


Saturday, 10 December 2016


ഉരുകുന്ന വേനലിലും 
ഉള്ളിൽ വീണലിയാൻ 
നനുത്ത മഞ്ഞു കണം പോലെയൊരാൾ 
എന്നും കൂടെയുണ്ടാവുന്നത് 
എത്ര ധന്യമാണ്.. 
മഞ്ഞെന്ന് നിനച്ച് 
നാം ചേർത്ത് പിടിക്കുന്നതു പലതും 
സൂര്യനേക്കാൾ പൊള്ളിക്കുന്നതാവുമ്പോഴാണ്
അത്തരത്തിൽ ചിലരും 
നമ്മോടൊപ്പമുള്ളതെന്നത് 
അത്യത്ഭുതം തന്നെ.. 
നിന്റെ സൗഹൃദം 
പൊഴിയുന്ന മഞ്ഞിനേക്കാൾ 
നൈർമല്യമാർന്നത്.. 
അതെന്റെ 
വരണ്ടു പൊള്ളിയ ഹൃത്തടത്തിൽ 
സ്നേഹത്തിന്റെ.. കരുതലിന്റെ 
ഔഷധം പുരട്ടുന്നു.. 
നിമിഷങ്ങളുടെ വേഗത്തിൽ 
ചിതറിപ്പോയ ഹൃദയത്തെ 
യോജിപ്പിക്കുന്നു. 
നിന്റെ കൂട്ട് അനുനിമിഷം 
ദൈവം കൂടെയുണ്ടെന്ന 
വിശ്വാസമെന്നിൽ ജ്വലിപ്പിച്ച് നിർത്തുന്നു.. 
നീ ദൈവത്തിന്റെ ഏറ്റമടുത്ത സുഹൃത്ത്.. 
എനിക്കായി ദൈവം 
അവന്റെ സൗഹൃദത്തെ പകുത്തതോർത്ത് 
എന്റെ മിഴി നിറയുന്നു.. 
നന്ദി പറയാൻ വാക്കുകളില്ലാതെ 
ഞാനവനു മുന്നിൽ മുട്ടു കുത്തുന്നു.. 
എന്റെ ജീവനെ പൂർണമായും സമർപ്പിക്കുന്നു.. 
നന്ദി.. നീയെന്ന കൂട്ടിന്..
തിരിച്ചൊന്നും ആവശ്യപ്പെടാതെ
ദൈവം അവന്റെ ഹൃദയത്തിന്റെ തുണ്ട് 
എനിക്കരികിൽ അയച്ചതിന്.. 
നന്ദി..

Photo: For more Hit Follow: +Words of Wisdom 


Thank you പുണ്യാളാ... 
എന്റെ പാദത്തിൽ 
തറച്ചു കയറിയ മുള്ളിനെ 
വേദനയില്ലാതെ എടുത്തുകളയാൻ 
നിനക്കു സാധിച്ചു.. 
എന്റെ ദൈവം 
നിന്നിലൂടെ എന്റെ അരികിലുണ്ടെന്ന് 
എനിക്കുറപ്പാണ്.. 
നീ ദൈവത്തിന്റെ 
ഏറ്റമടുത്ത കൂട്ടുകാരനാണ്.. 
എന്റേയും.. 
Thank you so much....

Thursday, 8 December 2016

"പ്രണയത്തെ
കാരുണ്യവും സ്വാതന്ത്ര്യവുമായി
അനുഭവിക്കുന്നതിനു പകരം
ജീവിത നിഘണ്ടുവിൽ അതിന്റെ അർത്ഥം
ബലിയും പകയുമായി തിരുത്തപ്പെടുന്നത്
എത്ര ധാരുണമാണ്..."

Wednesday, 7 December 2016

ആകാശം മഴക്കായി 
സ്വയം വിട്ടു കൊടുത്തതു പോലെ
നിനക്കായി 
ഞാനെന്റെയാത്മാവിനെ വിട്ടു തരുന്നു..
അവൾക്കു പെയ്തിറങ്ങാൻ 
ഭൂമി ഹൃദയം തുറന്നിട്ടതു പോലെ
ഞാനെന്റെ ഹൃദയത്തെ നിനക്കു സമർപ്പിക്കുന്നു..
വരിക.. ആവോളം പെയ്തിറങ്ങുക..
നീ പെയ്തു തുടങ്ങുമ്പോൾ
നേർത്തൊരു വസ്ത്രം പോലെ
ഞാനെന്റെ ശരീരത്തെ അഴിച്ചുകളയുന്നു..
നിന്റെ പ്രണയ നൂലുകൾ എനിക്കായി തുന്നുന്ന
വസ്ത്രത്തെ കുറിച്ചോർക്കുമ്പോൾ
ഞാനെന്റെ നഗ്നതയെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല..
നിനക്കു നനച്ചു പെയ്യാൻ ഞാനെന്നെ നിന്നിലേക്കിറക്കുന്നു..
നിന്റെ കരവലയത്തിലെന്നെ കരുതിക്കൊള്ളുക...
മുഴുമിക്കാതെയുപേക്ഷിച്ച കവിത പോൽ
എന്നിൽ ഞാനനുഭവിച്ചിരുന്ന
അപൂർണതയുടെ തേങ്ങൽ
അപ്പോഴെന്നെ പിന്തുടരുന്നില്ല..
നിനക്കരികിലെത്തുമ്പോൾ
എന്റെ നിസ്സാരതകൾ ഇല്ലാതെയാവുന്നു
നീയെന്നെ തൊടാതെ കടന്നു പോയേക്കുമെന്ന് ഭയന്ന്
ഞാനെത്ര രാത്രികളിൽ ഉറങ്ങാതിരുന്നു..
എന്നാൽ വന്മരങ്ങളാൽ ചുറ്റപ്പെട്ട്
ഉള്ളിലെ ഇരുട്ടിലെവിടെയോ തളർന്നു കിടന്ന
എന്റെ ചുണ്ടുകളെയാണ് നീയാദ്യം മുകർന്നത്
നനുത്ത തണുപ്പുള്ള നിന്റെ പ്രണയത്താൽ
ഇടർച്ചകളകറ്റി നീയെന്റെ ഹൃദയത്തെ നിന്റേതാക്കി മാറ്റി..
ഇനിയെന്റെ ഏകാന്തതയെകുറിച്ചോർത്ത്
ഞാൻ ഭയപ്പെടുകയില്ല..
തനിച്ചു താണ്ടേണ്ട പാതകളെക്കുറിച്ചോർത്ത്
നെടുവീർപ്പുകളിടില്ല..
നിന്റെ മഴയിലേക്കിറങ്ങി
നിറഞ്ഞു നനയുമ്പോൾ ഞാനറിയുന്നു
എന്റെ ഉള്ളിൽ നിന്ന് ഞാനൊഴുകില്ലാതെയാവുന്നത്..
ഇനി ഞാനില്ല.. നീ.. നീ മാത്രം..
എന്റെ ഹൃദയത്തിൽ.. ആത്മാവിൽ.. എല്ലായിടത്തും..
ഇനി നീ മാത്രം..
നിനക്കായി വാനം സ്വയം വിട്ടു തന്നതു പോലെ
ഞാനെന്നെ മുഴുവനായി നിനക്കു വിട്ടു തരുന്നു..
വരിക.. ആവോളം പെയ്തിറങ്ങുക..
പെയ്തു കൊണ്ടേയിരിക്കുക..
പെയ്തു പെയ്തൊടുവിൽ എന്നെയും ഒരു മഴയാക്കുക..
നിന്നിലേക്കു മാത്രം പെയ്യുന്ന പ്രണയ മഴ..


Tuesday, 6 December 2016

………….പുണ്യാളനോട്………….


          ഒരുപാട് താഴ്ച്ചയുള്ളൊരു കുഴിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് മുകളിൽ വന്നപ്പോഴാണ് മനസിലായത്.. മുന്നിൽ നീണ്ടു കിടക്കുന്ന ജീവിത മൈതാനം ശൂന്യമാണ്.. താങ്ങായോ തണലായോ കൂട്ടിനാരും തന്നെയില്ല.. അപ്പോഴാണ് നിന്നെ കണ്ടെത്തിയത്..  സുഹൃത്ത് എന്ന വാക്കിനെ പഠിപ്പിച്ച, രക്തം പുരണ്ട മുറിവുകളെ ഓർമപ്പെടുത്താതെ സ്നേഹിക്കാമെന്ന് വിശ്വസിപ്പിച്ച  ‘നീയെന്ന കൂട്ടിനെ ദൈവം കൈക്കുമ്പിളിലേക്ക് പകർന്നിട്ടു തന്നത്..  ഒരുപാട് നോവുമ്പോൾ സ്വാന്തനിപ്പിക്കാൻ.. സ്വാതന്ത്ര്യത്തോടെ വഴക്കടിക്കാൻ.. ചീത്ത വിളിക്കാൻ.. നീയില്ലാതിരുന്നെങ്കിൽ തനിച്ചുള്ള യാത്രയിൽ ഞാനെന്നേ ഇടറി വീഴുമായിരുന്നു.. നന്ദി.. നിറഞ്ഞ് സ്നേഹം പകർന്നതിന്, വഴക്കു കൂടിയതിന്,   സ്വാതന്ത്ര്യത്തോടെ ചീത്ത വിളിച്ചതിന്.., എന്റെ ഇടത്തെ കവരാതെ എന്റെ ജീവിതത്തിലെ സുഹൃത്തായതിന്..,  നന്ദി..!!!

... 

നിന്റെ പാദത്തിൽ ഒരു മുള്ളു തറച്ചു കയറി-
അതിനാൽ, നീ ചിലപ്പോൾ രാത്രിയിൽ കരഞ്ഞു പോകുന്നു.
ഈ ലോകത്തിൽ,  ചിലർക്ക്,  അതെടുത്തു കളയാനാവും.
ഈശ്വരനാണ് അവർക്ക് ആ കഴിവ് കൊടുത്തത്.

-: സെയിന്റ് കാതറീൻ ബെനിൻകാസ


വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...