Wednesday, 30 November 2016

ഭൂതകാലത്തിലെ വേദനിപ്പിച്ച അനുഭവങ്ങൾ ഒരിക്കൽ കൂടി നമ്മുടെ ജീവിതത്തിലേക്കു കടന്നു വരാനായി നാം നടക്കുന്ന വഴിത്താരകളിൽ പതിയിരിക്കുന്നുവെന്ന സത്യം എത്ര ഭയപ്പെടുത്തുന്നതാണ്.. അവയിൽ നിന്നു നാമെത്ര അകന്നു പോയാലും കരുതലോടെ ജീവിതത്തെ മാറ്റി നിർത്തിയാലും വീണ്ടും നമ്മെ നോവിലേക്കു തള്ളിയിടാൻ ഒരവസരം കൂടി കാത്ത് അവ നമ്മുടെ പിന്നാലെ തന്നെയുണ്ടെന്ന ഓർമ്മ പോലും നടുക്കമുണർത്തുന്നു. ഒരിക്കൽ പോലും മുള്ളുകൾ മാത്രം നിറഞ്ഞ ഭൂതകാലത്തിലേക്കു തിരിഞ്ഞു നോക്കരുത്..  അറിയാതെയെങ്കിലും നാമൊന്നു തിരിഞ്ഞു നോക്കിയെന്നാൽ നമ്മെ ഞെരുക്കിയമർത്തി ഇല്ലാതെയാക്കി കളയും തക്കവണ്ണം ആ മുറിവുകളെല്ലാം നമ്മുടെ പിന്നാലെ തന്നെയുണ്ട്. ഭൂതകാലം ഓർമിക്കപ്പെടാനുള്ളതല്ല മറന്നു കളയാൻ വേണ്ടിയുള്ളതാണെന്ന് നാമെപ്പോഴും ഓർമിക്കണം.. ചില നോവുകൾ വിഷമുള്ളു പോലെയാണ് ഒരിക്കൽ ദേഹത്തു കൊണ്ടാൽ പതിയെ പതിയെ അതിലെ വിഷം നമ്മെ കീഴ്പ്പെടുത്തി അവസാനം ആഗ്രഹിച്ചാൽ പോലും രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം ഇല്ലാതാക്കിക്കളയും.. ചില വ്യക്തികളും അങ്ങനെയാണ്.. അവരോടൊപ്പമുള്ള സഹവാസം പോലും നമ്മെ മരണത്തിലേക്ക് തള്ളിയിടും.. ജീവിതത്തിനു പ്രത്യാശ നല്കുന്നവരോടൊപ്പം മാത്രമേ നാം നമ്മുടെ സമയം ചിലവഴിക്കാവൂ.. നോവുകളെ കുറിച്ച് മാത്രം ചിന്തിക്കുകയും മരണത്തെ കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്നവർ നാമറിയാതെ തന്നെ നമ്മെ അതിലേക്ക് തള്ളിയിടും.. അവരിൽ നിന്നു രക്ഷപെട്ട് നാം മാറി നടന്നാലും നമ്മെ വീണ്ടും വലിച്ചടുപ്പിക്കാനുള്ള കെണികളുമായി അവർ നമ്മുടെ പിന്നാലെ ഉണ്ടാവും.. ജീവിതത്തിലേക്കു ജീവിക്കാൻ നാം ആഗ്രഹിക്കുന്നിടത്തോളം കാലം നമുക്കുള്ളിൽ വിഷം നിറക്കുന്ന ഇത്തരം ഭൂതകാല ഓർമകളിലേക്കും വ്യക്തികളിലേക്കും ഒരിക്കൽ പോലും തിരിയാതിരിക്കുന്നതാണ് നല്ലത്..

“അവരുടെ അധരങ്ങളിൽ നിന്നു തേൻ ഇറ്റുവീഴുകയും അവരുടെ വാക്കുകൾ എണ്ണയേക്കാൾ മൃദുവായതും ആയിരിക്കും എന്നാൽ പിന്നത്തേതിലോ അവർ കാഞ്ഞിരം പോലെ കയ്പ്പേറിയതും ഇരുവായ്ത്തലയുള്ള വാൾ പോലെ മൂർച്ചയേറിയതും ആയി ഭവിക്കും.. അത് നമ്മുടെ ഹൃദയങ്ങളെ മുറിപ്പെടുത്തുകയും ചിന്തകളിൽ കയ്പ്പ് നിറക്കുകയും ചെയ്യും... ”


Tuesday, 29 November 2016

നിന്റെ മിഴിക്കോണിൽ നിന്നാണ്
ഞാനെന്റെ ഉള്ളിലേക്ക്
ഈ കടലാഴത്തെ കട്ടെടുത്തത്..
നീയറിയാതെ നിന്റെ ഹൃദയത്തിലേക്കുള്ള
ദൂരമറിയാനായിരുന്നു അത്..
കാരണം
നിന്നിലേക്കുള്ള വഴിതിരഞ്ഞ്
ഞാൻ നിന്റെ മിഴികളിലേക്കിറങ്ങിയപ്പോഴെല്ലാം
മരണത്തിലേക്കു മുറുകുന്നൊരു കുരുക്കായി
ആഴത്തിലേക്കു വലിച്ചിട്ട് നിർദയം
അതെന്നെ ശ്വാസം മുട്ടിച്ചതേയുള്ളു..
ഒടുവിൽ തല്ലിപ്പിടഞ്ഞ്
നിറം മങ്ങിയ സ്വപ്നം പോലെ
വിളറി ഞാൻ കിതച്ചു പുറത്തു ചാടുമ്പോൾ
അലകളേതുമില്ലാതെ
ശാന്തമായ കടൽ പോലെ നിന്റെ മിഴികൾ
വെറുതെ ചിരിക്കും...
അങ്ങനെയിരിക്കെ
നക്ഷത്രങ്ങൾ കൂട്ടില്ലാതിരുന്നൊരു ആകാശമാണെനിക്ക്
നിന്റെ മിഴികളിൽ നിന്നാ കടലാഴങ്ങൾ കട്ടെടുക്കാൻ
വഴി പറഞ്ഞു തന്നത്..
അതിലൂടെ
നിന്നിലേക്കു നീന്തിയടുക്കാൻ കൊതിച്ച
എനിക്കു മുന്നിൽ
നീ വീണ്ടുമൊരു കടലാവുന്നു..
ഒരു കൈയകലത്തിൽ ഞാനെത്തുമ്പോഴേക്കും
ആഴങ്ങളിലേക്കു മാത്രം വലുതാവുന്നൊരു കടൽ..
എനിക്കളന്നെടുക്കാനാവാത്ത കടൽദൂരം..
എത്ര തുഴഞ്ഞിട്ടും
എണ്ണിത്തീർക്കാനാവാത്ത തിരദൂരം..
എന്റെ ഉള്ളിലെ കടലാഴത്തെ
ഞാൻ നിനക്കു തിരിച്ചു നല്കുന്നു..
ഇനിയൊരു അലയുയരാത്ത വിധം
എന്നിലെ കടലിനെ ഞാൻ വറ്റിച്ചു കളയുന്നു..
നിന്നിലേക്കു തുഴയാനാവാത്ത വിധം
ഞാനെന്റെ ചിറകുകളെ അരിഞ്ഞു കളയുന്നു..
നീയൊരു കടലായി..
എനിക്കളന്നെടുക്കാൻ കഴിയാത്ത തിരദൂരമായി
എന്നിലേക്കലിഞ്ഞില്ലാതെയായെന്ന് 
ഞാൻ വിശ്വസിക്കുന്നു..
ആഴങ്ങൾ മാത്രമുള്ളൊരു കടലായിരുന്നു നീയെനിക്ക്
അതുകൊണ്ടാണ് നിന്നിലേക്കു കുതിച്ചു ചാടാൻ
ഞാനൊരു മീനെന്ന വണ്ണം ചെറുതായത്..
എന്നലെനിക്ക് കൈയെത്തിപ്പിടിക്കാനാവും മുന്നേ
ജീവിതത്തിൽ നിന്നു മരണത്തിലേക്ക്
നീയൊഴുകിപ്പോവുകയാണുണ്ടായത്..
കൈക്കുമ്പിളിൽ കരുതിവെക്കാൻ പോലും
ഒരിറ്റു സ്നേഹതീർത്ഥം ബാക്കിവെയ്ക്കാതെ
മരണത്തിലേക്കു മരിച്ച നിന്നെയോർക്കവേ
ഉപ്പു നുരക്കുന്നയെന്റെ ഹൃദയത്തിൽ
ഇനിയാർക്കുമളന്നെടുക്കാനാവാത്ത വിധ-
മൊരു കടൽ വേരുകളാഴ്ത്തുന്നു...
അതിന്റെ ആഴങ്ങളിലേക്ക്
ഞാൻ എന്നെ തിരഞ്ഞിറങ്ങുന്നു..
തിരിച്ചു വരാമെന്നൊരുറപ്പും ജീവിതത്തിനു നല്കാതെ..
മരണത്തിലൂടെ നീ തോല്പിച്ച ഞാൻ
മരണത്തിലൂടെത്തന്നെ നിന്നിലേക്കു ജയിക്കുന്നു..!!

അവിചാരിതമായെന്റെ ജീവിതത്തിലേക്കു കടന്നു വന്ന് ഒന്നു മിന്നിത്തെളിഞ്ഞ ശേഷം കെട്ടു പോയൊരു നക്ഷത്രമാണ് നിന്റെ സൗഹൃദമെനിക്ക്..
          കവിതകളിലൂടെ മാത്രം സൗഹൃദം പങ്കുവെച്ച ആ നാളുകളിൽ, നിന്റെ വരികൾക്ക് ഞാൻ കുറിച്ച മറുപടി..
          എന്നെങ്കിലുമൊരിക്കൽ ഇനി തിരിച്ചു വന്നാൽ.. (അങ്ങനെയുണ്ടാവില്ലെന്നറിയാം എങ്കിലും..) നിനക്കു സമ്മാനിക്കാൻ നീ നല്കിയ നല്ല സൗഹൃദത്തിന്റെ ഓർമയ്ക്കായ് ഞാനീ വരികൾ കാത്തുവെയ്ക്കുന്നു...


"ഞാൻ ശ്രമിച്ചത്‌
നീലാകാശത്തിനു കീഴെ
 നീയെന്ന കടലാഴങ്ങൾ
നീന്തികടക്കുവാൻ ആയിരുന്നെന്ന്
തളർന്ന കൈകൾ
തുഴഞ്ഞ ദൂരം
ഒടുങ്ങിയ ആത്മവിശ്വാസം
ഇപ്പഴെന്നെ ഓർമ്മിപ്പിക്കുന്നു"
.
.
.
ഞാനെന്ന കടലോളം എത്തിയിട്ടും
എന്നിലേക്കെത്താനാവാതെ
നീ തോൽവി സമ്മതിച്ചുവെങ്കിൽ..,
അവിടെ നിന്റെ ഭയമാണു ഞാൻ കാണുന്നത്..
ആഴത്തെ ഭയപ്പെടുന്നൊരു
കുഞ്ഞിന്റെ മനസുണ്ട് നിന്നിൽ..
സ്വപ്നങ്ങളുടെ ആകാശങ്ങളെയും
ജീവിതത്തിന്റെ കടലാഴത്തെയും നീ ഭയപ്പെടുന്നു..
ഒരിക്കലൊരു മരുഭൂവിൽ തനിച്ചാക്കിപ്പോയ ജീവിതത്തോട്
ഭയമാണ് നിനക്ക്
സ്വപ്നങ്ങളുടെ താഴ് വരയിലേക്കതിനെ
ഒരിക്കൽ കൂടി കൊണ്ടെത്തിക്കാൻ
നീ ശ്രമിക്കാത്തതും അതിനാൽ തന്നെ..
തുഴഞ്ഞ ദൂരവും തളർന്ന കൈകളും
വെറുമൊരു മറ മാത്രമാണ്..
നീ  നിന്റെ ഭയത്തെ ഒളിപ്പിച്ചുവെക്കാൻ
നിരത്തുന്ന ന്യായീകരണങ്ങൾ...!!!

Monday, 28 November 2016

Wings to Fly

You were born with potential.
You were born with goodness and trust.
You were born with ideas and dreams.
You were born with greatness.
You were born with wings.
You are not meant for crawling,
So I don't,
I have wings.
I will Learn to use them to fly.
                                                                 
                                                                                 - Jalaluddin Rumi

Sunday, 27 November 2016

എനിക്കു മുറിവേറ്റപ്പോഴെല്ലാം
നിന്റെ മിഴികൾ നിറഞ്ഞു തൂകി
നീ വിരൽ നീട്ടി എന്റെ മുറിപ്പാടിൽ തലോടുമ്പോൾ
എന്റെ ഹൃദയത്തിലൊരു
മഞ്ഞുകണമലിഞ്ഞു ചേരുന്നത് ഞാനറിയുന്നു..
എന്റെ നോവുകളിൽ ചുണ്ടമർത്തി
നീയെന്നെ സമാധാനിപ്പിക്കുന്നു
കരഞ്ഞു തളർന്നൊടുവിൽ
ഏങ്ങലടികൾ മാത്രമായി ഞാൻ ചുരുണ്ടു കൂടുമ്പോൾ
കരുതലിന്റെ പുതപ്പുമായി നീയെന്റെ അരികിലെത്തുന്നു
തണുപ്പാർന്ന നിന്റെ കൈത്തലം
എന്റെ നെറ്റിയിലെ നോവുചൂടകറ്റിക്കളയുന്നു
നീയെന്നെ നിന്നിലേക്കു ചേർത്തു കിടത്തുന്നു
നിന്റെ മാലാഖമാരെ മാത്രം സ്വപ്നം കണ്ട്

നിന്റെ പുഞ്ചിരിയുമായി ഞാൻ മയങ്ങുന്നു..

Friday, 25 November 2016

          ഇന്നൊരു സ്വപ്നം കൂടെയുണ്ടായിരുന്നു.. രാത്രിമഴയുടെ പ്രണയത്തിൽ ഉണർന്നെണീറ്റ പുലരിയിലേക്കിറങ്ങവേ മഴ തോർന്നിട്ടും പെയ്യാൻ വിതുമ്പുന്ന ഇലത്തുമ്പിൽ നിന്നാണ് നനുത്തൊരു ചുംബനത്തോടെ ആ സ്വപ്നമെന്റെ നെറ്റിമേൽ പതിച്ചത്..
          നെറ്റിയിലൂടെ ആ തണുപ്പ് ഉള്ളിലേക്കമർന്നു.. സിരകളിൽ.. ധമനികളിൽ... ഓർമകളിൽ.. മൗനത്തിൽ.. എല്ലായിടത്തും നേർത്ത തണുപ്പുള്ളയാ സ്വപ്നം പാറി നടന്നു.. സ്വർഗത്തിൽ നിന്ന് പൊഴിഞ്ഞിറങ്ങിയ  ഏതോ ഒരു മാലാഖക്കുഞ്ഞിന്റെ നനുത്ത തൂവലിന്റെ ഓർമയാണ് ആ സ്വപ്നമെന്നിലുണർത്തിയത്.. നനഞ്ഞ മണ്ണിൽ പാദങ്ങളമർന്നപ്പോൾ ജന്മാന്തരങ്ങളിൽ നിന്നാരോ കൈ നീട്ടി മെല്ലെയൊന്നു തൊട്ടതു പോലെ..
          ഹൃദയത്തിന്റെ ഒഴിഞ്ഞൊരു കോണിൽ നിറഞ്ഞു ചിരിച്ചു കൊണ്ടാ സ്വപ്നം സ്ഥാനം പിടിക്കവേ.. നെറ്റിമേൽ വീണ്ടുമൊരു മഴയോർമ്മ.. ഒന്നിൽ നിന്നു തുടങ്ങി പെരുകി പെരുകി... മഴ... വീണ്ടും മഴ...

          തിരിഞ്ഞു നടക്കാനോ, നനയാതെ കയറി നില്ക്കാനൊരിടം തിരയാനോ ബദ്ധപ്പെടാതെ നില്ക്കുന്നിടത്തു തന്നെ നിന്ന് കൈകൾ വിടർത്തി.. കണ്ണുകളടച്ച്.. മെല്ലെ തലയുയർത്തി.. മഴ... വീണ്ടും വീണ്ടും ഒന്നിനു പുറകെ ഒന്നായി... പെരുകി പെരുകി... എന്റെ മഴ.. ഹൃദയത്തിന്റെ കോണിലെയാ തണുപ്പാർന്ന സ്വപ്നവും ഇതു പോലെ.. മഴ പോലെ.. പെയ്തൊഴിയാത്ത എന്റെ മഴ പോലെ..!!


“കാറ്റൊന്നു തൊട്ടപ്പോൾ
തുളുമ്പി തൂവുന്നിതാ

കാട്ടുമുല്ലയുടെ പ്രണയം”





നരകം ശൂന്യമാണ്...
എല്ലാ പിശാചുക്കളും ഇവിടെത്തന്നെയുണ്ട്.."

                             :- വില്യം ഷേക്സ്പിയർ


[സമർപ്പണം :  പുണ്യാളന്]
ഏഴാകാശങ്ങളും ഏഴു ഭൂമികളും സ്വന്തമായുള്ള ദൈവം ഒറ്റയ്ക്കാണ്.
മനസ്സിൽ കടൽ പോലെ സ്നേഹം നിറയുമ്പോൾ നീയും ഒറ്റയ്ക്കാകുന്നു.
ഒറ്റയ്ക്കാവുക എന്നാൽ ഈ ലോകത്തിലെ ഏറ്റവും കരുത്തനാവുക എന്നാണർത്ഥം
കഥ : ഒറ്റയ്ക്ക്
കഥാകൃത്ത് : പി. കെ. പാറക്കടവ്




"ചിലപ്പോൾ അങ്ങനെയാണ്,
ലോകത്തിലെ മറ്റൊന്നു കൊണ്ടും നിറക്കാൻ കഴിയാത്തൊരു

വിടവുണ്ടാവും നമ്മുടെയുള്ളിൽ"

Monday, 21 November 2016



പ്രണയത്തിൽ നിന്ന് ഭ്രാന്തിലേക്കുള്ള ദൂരമെത്ര ചെറുതാണ്

മഷി തീരുവോളം കുത്തിവരച്ചു പക തീർത്ത കടലാസു കഷ്ണങ്ങൾ നിലമാകെ നിരന്ന് കിടപ്പുണ്ട്.. മേശയിൽ കുത്തി മുനയൊടിച്ച പേനയിൽ നിന്ന് മഷിയിറ്റുന്നു.. ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽ നിന്ന് വീണ്ടും പുറത്തു ചാടാൻ വെമ്പുകയാണ് അവനോടുള്ള വെറുപ്പ്..!! 

"ONE GUY CAN MAKE YOU HATE ALL THE GUYS"


സത്യമാണ്.. മരണത്തെ മുന്നിലിട്ട് പ്രണയിക്കുന്ന.. പ്രണയിക്കാൻ മറ്റൊരാളെ നിർബന്ധിക്കുന്ന ഒരുപാടു പേരുണ്ട് ഇന്ന് ലോകത്ത്.. സ്വന്ത ജീവൻ എന്നത് അവർക്ക് എത്ര നിസ്സാരമാണെന്നോ.. സ്നേഹിക്കുന്നവർക്കു വേണ്ടി ജീവൻ നല്കുന്നത് മഹത്വരമാണ്.. എന്നാൽ ജീവൻ നഷ്ടപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒരാളെ തന്റെ കൈകൾക്കുള്ളിൽ മുറുക്കിപ്പിടിക്കുന്നത്.. ഏതു ദിശയിൽ കൂടിയാണ് ന്യായമാകുന്നത്.. ഒരു തവണ.. രണ്ടു തവണ.. മൂന്നു തവണ.. നിസ്സാര കാര്യങ്ങൾക്ക് സ്വയം മുറിവേല്പ്പിക്കുന്ന വ്യക്തി നാളെ മറ്റൊരു പ്രശ്നം വന്നാൽ സ്വയം ഇല്ലാതാക്കില്ല എന്നതിനു എന്തുറപ്പാണുള്ളത്.. അങ്ങനെ ഒരാളോടൊപ്പം എങ്ങനെയാണ് വിശ്വസിച്ച് ജീവിക്കാനാവുക.. നാളെയൊരു ചെറിയ പ്രശ്നം വന്നാൽ അയാൾ നമ്മെ തനിച്ചാക്കി പോവില്ല എന്നതിനു എന്തുറപ്പുണ്ട്.. സ്വന്തം ജീവൻ പോലും അയാൾക്ക് എത്ര നിസ്സാരമാണെന്ന് നമുക്ക് വ്യക്തമായ നിലക്ക്.. എന്നാൽ താൻ ചെയ്ത തെറ്റിനെ ഒരിക്കലും മനസിലാക്കാനോ സമ്മതിക്കാനോ അവർ തയ്യാറാവില്ല എന്നതാണ് ഏറെ കൗതുകകരം.. മാനസികമായി ഒരാളെ എപ്പോഴും ഇത്തരത്തിലൊരു ഭയത്തിൽ നിലനിർത്തി കൊണ്ട് പോവുന്നതു കൊണ്ട് അവർ ഉദ്ദേശിക്കുന്ന കാര്യം എന്തായിരിക്കാം..??!! ഒരാളെ സ്നേഹിക്കുന്നതും.., ഒരാളെ ഭ്രാന്തമായി സ്നേഹിക്കുന്നതും തമ്മിൽ എന്തായിരിക്കാം വ്യത്യാസം.. ഭ്രാന്തമായി സ്നേഹിക്കുന്നു എന്നതിന്റെ അർത്ഥം അയാളുടെ ജീവിതത്തിൽ അയാൾക്കാവശ്യമുള്ള ഇടം നല്കാതിരിക്കുക എന്നാണോ.. അയാളുടെ ജീവിതത്തിലെല്ലാം  എന്നിലൂടെ മാത്രമായിരിക്കണം എന്ന വാശി പുലർത്തുന്നത് എത്രമാത്രം ശരിയാണ്.. എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ആവശ്യത്തിനു ഇടം ലഭിക്കേണ്ടതുണ്ട്.. നിങ്ങളൊരാളെ പ്രണയിക്കുന്നു എന്നതിനർത്ഥം അയാളുടെ ജീവിതത്തിൽ നിന്ന് അയാളുടെ ഇടത്തെ അപഹരിക്കുക എന്നല്ല.. സാമാന്യ വിവേചന ബുദ്ധിയുള്ള ആർക്കും എളുപ്പം ഗ്രഹിക്കാവുന്നതാണ് ഇതെന്ന് ഞാൻ കരുതുന്നു.. പ്രണയത്തിൽ മാത്രമല്ല എല്ലാം ബന്ധങ്ങളിലും ഇത്തരത്തിൽ ‘ഇടങ്ങൾ നല്കേണ്ടത് ഏത് അത്യാവശ്യമാണ്.. അത്തരത്തിൽ സ്വന്തം ‘ഇടങ്ങൾ അപഹരിക്കുന്നവരിൽ നിന്ന് നമ്മളെപ്പോഴും മാറി നില്ക്കുന്നതാണുത്തമം.. എത്രയേറെ അവരു നമ്മെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞാലും ഒരിക്കലും ആ സ്നേഹത്തിലൂടെ നമുക്ക് സന്തോഷം ലഭിക്കുകയില്ല.. നോവാനായി മാത്രം കൂടെ നടക്കുന്നത് വിഡ്ഡിത്തമാണ്.. ദൈവം പോലും അങ്ങനെ ഒരു ബന്ധം ഇഷ്ടപ്പെടില്ല.. കാരണം നാം മനസു നിറഞ്ഞ് പുഞ്ചിരിക്കുമ്പോൾ മാത്രമാണല്ലോ അവിടത്തേക്കും മനസു നിറയുക..!!
.
.
.
ഒരു തീനാളത്തിന്റെ തുമ്പിലേക്ക് നിന്റെ ഓർമകളെയെല്ലാം കഴുകിയെറിഞ്ഞ കൂട്ടത്തിൽ നിന്നോടുള്ള എന്റെ പകയെ, വെറുപ്പിനെ,  മറ്റെല്ലാ വികാരങ്ങളേയും ഞാനെരിച്ചു കളയുകയാണ്.. എന്റെ നിഴൽപ്പാടുകളെപ്പോലും നീയിനി പിന്തുടരാതിരിക്കുക.. നിന്റെ കള്ളങ്ങൾക്ക് ഇനി നിത്യശാന്തി...

Friday, 18 November 2016

സ്നേഹമൂറുന്നയെന്റെ സൗഹൃദമേ
എന്റെ വിരൽത്തുമ്പിൽ കൈ കോർത്ത്
നീയെന്നെ നയിക്കുന്നതെങ്ങോട്ടെക്കാണ്...
ഒരായിരം നക്ഷത്രങ്ങൾ എന്റെ മിഴികളിൽ..
ചുണ്ടിൽ നോവു തീണ്ടാത്ത പുഞ്ചിരിത്തിളക്കം..
ഓരോ കാൽവെപ്പുകളും സന്തോഷങ്ങളിലേക്ക്..
സ്വാർത്ഥതയില്ലാതെയും സൗഹൃദങ്ങളുണ്ടാവാമെന്ന്
നീയാണു പഠിപ്പിച്ചത്..
സ്നേഹിക്കാനും കരുതാനും തല്ലുകൂടാനും..
എന്റെ സൗഹൃദം ഞാൻ നിനക്കു പങ്കുവെച്ചു നല്കുന്നു..
പ്രണയമെന്ന പേരിൽ
ജീവിതത്തിൽ വിഷം നിറച്ച നോവുകളെ,
സൗഹൃദങ്ങളെന്ന പേരിൽ
സ്വലാഭത്തിനായി മാത്രം കൂടെ നടന്ന കാല്പാടുകളെ
കൂട്ടിന്റെ ഒരു ചെറു മിഠായിത്തുണ്ടിനാൽ
നീ മായ്ച്ചു കളഞ്ഞു.
മനസു തുറന്നു ചിരിക്കാൻ..., ആവോളം സ്വപ്നം കാണാൻ..,
വീണ്ടുമെന്നെ പഠിപ്പിച്ച എന്റെ സൗഹൃദമേ
ഒരായിരം നന്ദി..
എനിക്കെന്നെ തിരിച്ചു നല്കിയതിന്..
ഇന്നെന്റെ സ്വപ്നങ്ങളിൽ മാലാഖമാരുണ്ട്..
നനുത്ത നക്ഷത്രങ്ങളുണ്ട്.. കവിതയുണ്ട്..
നീ പകർന്നേകിയ സൗഹൃദത്തിന്റെ
നനുത്ത മഞ്ഞിൽ കണങ്ങളുണ്ട്..

നന്ദി..

## ഇത് നിനക്കായി... നീ തന്ന തല്ലുകൂടലിന്റെ നല്ല കൂട്ടിന്.. 

ഒരു മഴ കൂടി പെയ്തൊഴിയുന്നൂ സഖി
കൊടും വേനലിൻ തപം പേറുന്ന മണ്ണിൽ
നനഞ്ഞ ജാലകപ്പടി തേടുന്നു നിന്റെ
കൊഴിഞ്ഞ കിനാക്കളും നോവാർന്ന സ്വപ്നങ്ങളും
ഒരു മഴ കൂടി പെയ്തൊഴിയുന്നൂ സഖി
നോവുറഞ്ഞു വിളർത്ത നിന്റെ മിഴികളിൽ..
പാതി വിരിഞ്ഞു കൊഴിഞ്ഞൊരാ പുഞ്ചിരി തന്നുടെ
അരികു പറ്റി നിരന്നു നിൽപ്പതുണ്ടകം വിങ്ങുന്ന നോവുകൾ
ഒരു മഴ കൂടി പെയ്തൊഴിയുന്നൂ സഖി
നിന്റെ വരളുന്ന ഹൃദയത്തിനകത്തളങ്ങളിൽ
മുന കൂർത്ത വാക്കിനാൽ മുറിവേറ്റു പിടയുന്ന
പാതി മരിച്ചൊരാ മനസിന്റെ മാറിലും
ചതിയായ് വന്നു പുൽകിയൊരാ പ്രണയം
പകർന്നേകിയ വിഷം കറുത്ത വീഞ്ഞിനാൽ
കറവീണുലഞ്ഞ നിൻ സ്നേഹം വിളർത്തയാകാശങ്ങളിലും
ഒരു മഴ കൂടി പെയ്തൊഴിയുന്നൂ സഖി
വീണ്ടുമീ കവിത മരിച്ചയെന്റെ തൂലികത്തുമ്പിലും..
നിന്റെ ഓർമക്കായ് കവർന്നെടുത്തു കാത്തിടാൻ
ഒരു കുഞ്ഞു തുള്ളിപോലുമെൻ കൈയിലേക്കിറ്റിക്കാതെ..
പെയ്തു പെയ്തങ്ങൊഴിയുന്നു വർഷവും
പെയ്തൊഴിയാതെ പെയ്യുന്നു നീയും
ഒരു മഴ കൂടി പെയ്തൊഴിയുന്നൂ സഖി
പൊയ്തൊഴിയുന്നു നിന്റെ

പ്രാണനെക്കൂടി പകുത്തെടുത്തിടുന്നു..

Sunday, 13 November 2016

 “സ്വയം സഹായിക്കാൻ തയ്യാറാവാത്ത ഒരാളെ സഹായിക്കാൻ ദൈവത്തിനു പോലും കഴിയില്ലെന്ന്” പറഞ്ഞത് ആരാണാവോ...
          
             എത്ര നിസ്സാരമായിട്ടാണ് ചിലർ സ്വന്തം ജീവിതങ്ങളിൽ നിന്ന് പടിയിറങ്ങിപ്പോവുന്നത്. കുടുംബം, വീട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങി ദൈവം ഹൃദയത്തോട് കൊരുത്തു വെച്ചിട്ടുള്ള അനേക ബന്ധങ്ങളെ രണ്ടാമതൊന്നു ചിന്തിക്ക കൂടി ചെയ്യാതെ വികാരങ്ങൾക്കടിമപ്പെട്ട് വലിച്ചെറിയുന്നത്.. അവനവന്റെ ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ആർക്കൊക്കെയാണ് നാം ഭാഗിച്ചു വെച്ചിരിക്കുന്നത്..        
             ഒരു പൂവ് കൊഴിഞ്ഞതിന്റെ പേരിൽ വേരറ്റു വീഴാതെ വീണ്ടും വസന്തത്തെ പ്രതീക്ഷിച്ച് തളിർക്കുന്ന പൂമരങ്ങൾ പഠിപ്പിക്കുന്നുണ്ട് ജീവിതത്തിന്റെ സത്യങ്ങളെ.. കൊഴിഞ്ഞു പോവുന്ന ഒരു കൂട്ടിന്റെ പേരിൽ ജീവിതത്തെ വലിച്ചെറിയുന്നവർ വലിച്ചെറിയുന്നയാ ജീവനെയും ജീവിതത്തെയും മാത്രമാഗ്രഹിച്ചു കാത്തിരിക്കുന്ന മറ്റു കൂട്ടുകളെ കാണാതെ പോവുന്നു.. സ്നേഹമല്ല.. സ്വാർത്ഥത മാത്രമാണത്. താനാഗ്രഹിക്കുന്നതെന്തും തനിക്കു മാത്രമുള്ളതാണെന്നുള്ള വെറും സ്വാർത്ഥത..
          എപ്പോഴാണ് ഒരു വ്യക്തി ജീവിതത്തിൽ തോറ്റു പോവുന്നത്.. കൊഴിഞ്ഞു പോയൊരു പൂവിനു വേണ്ടി വിരിയാൻ കാത്തിരിക്കുന്ന മറ്റു മൊട്ടുകളെയെല്ലാം അവഗണിച്ച് വേരറുത്തു വീഴുമ്പോൾ.. തനിക്കു മുന്നിലും ദൈവത്തിനു മുന്നിലും തികഞ്ഞ തോൽവി മാത്രമാണ് അവർക്കു സ്വന്തമായിട്ടുള്ളത്. തെറ്റുകളെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുമ്പോൾ ഒരുവൻ ദൈവത്തിനും ലോകത്തിനും പ്രിയപ്പെട്ടവനാകുന്നു. എന്റെ തെറ്റുകൾ എന്റെ ശരിയെന്ന് ധരിച്ച് മുന്നോട്ടു പോവുന്നവൻ എന്നേ തോറ്റു കഴിഞ്ഞവൻ..
          ദാനം കിട്ടുന്ന എന്തിനോടും പുച്ഛമാണ് നമുക്ക്.. അതു കൊണ്ടാവണം നമുക്കെല്ലാം നമ്മുടെ ജീവനും ജീവിതവും ഇത്ര നിസ്സാരമായിത്തീർന്നത്.. നിങ്ങളുടെ ജീവിതത്തിന്റെ വില നിങ്ങളുടെ മാതാപിതാക്കളോട് ചോദിച്ചു നോക്കൂ.. മറുപടി വാക്കുകളിൽ പ്രകടമാവില്ല.. വിതുമ്പുന്ന ചുണ്ടുകളിലും നിറഞ്ഞ മിഴികളിലും അവരുത്തരത്തെ ഒളിപ്പിച്ചു കളയും.. ചിലപ്പോൾ “എന്റെ ജീവനോളം” എന്ന് ഒറ്റവാക്കിലോതിയേക്കാം.. ഒരു ജീവനെ സൃഷ്ടിക്കുന്നവനു മാത്രമേ അതിന്റെ വിലയെന്തെന്നും മനസിലാക്കാനാവൂ.. അതു കൊണ്ടാണ് പിഴുതെറിയപ്പെടുന്ന പുൽക്കൊടികളെ ഓർത്ത് പോലും ദൈവം കരയുന്നത്..    നമുക്ക് ലഭിച്ചിരിക്കുന്ന ജീവനും ജീവിതവും മറ്റൊരാളുടെ ദാനമാണ്.. മറ്റൊരു ജീവനെ ജീവിതത്തെ രൂപപ്പെടുത്തും വരെക്കും ആ ഭിക്ഷയിലാണ് നാം ജീവിക്കുന്നത്.. എന്നിട്ടും ചിലരുണ്ട് ആത്മാവിനോളം അതിനെ കരുതുന്നവർ.. മറ്റു ചിലർ ദാനം കിട്ടിയതിനാലാവണം ചെറിയ കിതപ്പുകളിൽ പോലും ഭാരം കൂടുതലെന്ന് പറഞ്ഞ് വലിച്ചെറിയുന്നു..
          നാം ആവശ്യപ്പെട്ടിട്ടല്ലാതെ  നമുക്ക് നല്കപ്പെടുന്ന ദാനമാണ് ജീവൻ.. ദാനം കിട്ടുന്നതിനെയൊന്നും നിന്ദിക്കരുതെന്ന് പഠിപ്പിക്കുന്നൊരു സംസ്കാരമുണ്ട് നമുക്ക്. സ്വയം നേടിയവയെക്കാൾ സൂക്ഷ്മതയോടെ കരുതേണ്ടുന്ന ഒന്ന്.. മറ്റൊരാളിലേക്ക് പകർന്നു നല്കും വരെ ക്ഷേത്രം കാവല്ക്കാരനെപ്പോലെ ശരീരത്തിനുള്ളിലെ ആ ചൈതന്യത്തെ കാത്തു സൂക്ഷിക്കേണ്ടതുണ്ട് നാം. ഒരു ക്ഷേത്ര കാവല്ക്കാരൻ ക്ഷേത്രത്തിന്റെ അകം മാത്രമല്ല അതിന്റെ പുറവും ഒരേ ഭക്തിയോടെയും കരുതലോടെയും സൂക്ഷിക്കുന്നു.. ജീവാത്മാവിനെ മാത്രമല്ല.. അതിനെ സംരക്ഷിച്ചിരിക്കുന്ന ശരീരത്തെയും ശരീരം നിലനില്ക്കുന്ന ചുറ്റുപാടുകളേയും കരുതലോടെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. പുറം മലിനപ്പെടുമ്പോഴാണ് അകത്തും പെട്ടെന്ന് ചെളി പുരളുക. പലപ്പോഴും നാമത് മറന്നു പോവുന്നു. ശരീരത്തെ സ്നേഹിക്കാത്തൊരാൾ ജീവനെയോ ഈശ്വരനെയോ പരിപൂർണമായി സ്നേഹിക്കാനാവില്ല.  
          ദാനം നല്കപ്പെട്ടതെന്ന കാരണത്താൽ തോന്നും പോലെ ജീവിതത്തെ വലിച്ചെറിയുന്നവർ ഈശ്വരന്റെ മുഖത്തേക്കാണ് ചെളി വാരിയെറിയുന്നത്.. സൃഷ്ടിച്ചവനെ സ്നേഹിക്കാൻ കഴിയുന്നൊരാൾക്ക് ഏതൊരു സാഹചര്യത്തിലും സൃഷ്ടിയേയും സ്നേഹിക്കാനാവും. അമ്മയെ സ്നേഹിക്കാത്തവരാണ് അവൾ പകർന്നു നല്കിയ ജീവനെയും ജീവിതത്തെയും തട്ടിത്തെറിപ്പിച്ച് പോവുന്നത്.. അവരെ സഹായിക്കാൻ സ്വയം ഈശ്വരനു പോലും സാധിക്കുകയില്ല.. അവളെ സ്നേഹിക്കാൻ കഴിയുന്നൊരാൾക്ക് ഏതൊരു സന്ദർഭത്തിലും തന്നെയും തന്റെ ജീവനേയും അവൾ തനിക്കൊരുക്കി തന്ന ജീവിതത്തെയും സ്നേഹിക്കാനാവുന്നു..



Saturday, 5 November 2016

രാത്രികളിൽ തനിച്ചിരിക്കാനും ഒന്നുമാലോചിക്കാതെ എന്തൊക്കെയോ ആലോചിക്കാനും ഒരാളെ പ്രേരിപ്പിക്കുന്നതെന്താവാം... ജീവിതത്തിലും ആത്മാവിലും തനിച്ചായിപ്പോയ ഒരാൾക്ക് രാത്രിയുടെ ഭയപ്പെടുത്തുന്ന നിശബ്ദത നല്കുന്ന സ്വാന്തനമെന്തായിരിക്കും... അതൊരു പക്ഷേ ഒരിക്കലും ആരും കൂട്ടിരിക്കാനില്ലാതെ പോയ രണ്ടാത്മാക്കളുടെ സൗഹൃദമാവാം..
          ഞാനും രാത്രിയും തമ്മിൽ എന്താണിന്ന് വ്യത്യാസം.. ഒരു കുഞ്ഞു നക്ഷത്രം പോലും പ്രകാശം ചൊരിഞ്ഞ് കൂട്ടിനില്ലാതെ തനിച്ച്.. ‘തനിച്ച്’... എത്ര വലിയ നോവാണ് ആ ഒരു വാക്ക് തരുന്നത്... ആരുമില്ലാതെയാവുക.. നീ ഉണ്ടോ.. ഉറങ്ങിയോ എന്നന്വേഷിക്കാൻ.. കുളിച്ചു വരുമ്പോൾ നെറുകയിലിത്തിരി രാസ്നാദിയിട്ട് തിരുമ്മാൻ.. പനിക്കുന്ന രാത്രികളിൽ സ്നേഹം കൊണ്ട് ആകെ പുതപ്പിച്ച് ചേർത്ത് പിടിക്കാൻ.. ഉള്ളാകെ പെയ്യാൻ വിതുമ്പി നില്ക്കുമ്പോൾ തൂവിപ്പോവാതിരിക്കാൻ ഹൃദയത്തിനു മുകളിൽ ഒരിലത്തണ്ട് മുറിച്ചിടാൻ.. ആരുമില്ലാതിരിക്കുക...
          എന്റെ നാഥാ... പകലുകളെ പകച്ച് രാത്രിയുടെ ഇരുട്ടിലേക്ക് ഞാനോടിയൊളിക്കുന്നു.. തണുത്ത തറയിൽ മുഖമമർത്തിക്കിടന്ന് ശബ്ദമില്ലാതെ ഞാൻ കരയുന്നു..കരഞ്ഞു തളർന്ന് ഞാനുറങ്ങുകയും പുലരുമ്പോൾ ‘കൂട്ടി’ല്ലാത്ത മറ്റൊരു ദിവസത്തെയോർത്ത് വീണ്ടും മിഴിവാർക്കുകയും ചെയ്യുന്നു..  എല്ലാവർക്കും നടുവിലായിരുന്നിട്ടും ആൾക്കൂട്ടത്തിൽ നഗ്നനായിപ്പോയവനെ പോലെ എന്റെ ആത്മാവ് ചൂളുന്നു.. അതിന്റെ തേങ്ങലുകളെ ഒരു പായ്ച്ചിരിയാൽ ഞാനെന്റെ ഉള്ളിൽ തന്നെ അമർത്തിയൊതുക്കുന്നു.. സന്ധ്യാ വേളകളിൽ തനിച്ച് കടല്ക്കരയിലിരിക്കുമ്പോൾ തിരികെ കൂടുകളിലേക്ക് മടങ്ങുന്ന കിളികൾ പോലുമെന്നെ പ്രലോഭിപ്പിക്കുന്നു..  

          തളർന്ന മനസോടെ തിരികെ വീട്ടിലേക്കു നടക്കുമ്പോൾ വഴിയരികിലെ അപരിചിതനിലൂടെ നീയെന്നെ നോക്കി പുഞ്ചിരിക്കുന്നുവോ.. പൂവുകളും പൂമ്പാറ്റകളും കിളികളും കുഞ്ഞുങ്ങളും എല്ലാവരും നിന്നോടൊപ്പം കരുണയോടെ എന്നിലേക്കു മിഴിനീട്ടുന്നുവോ..നിന്നെ തഴുകിയെത്തുന്ന ഇളം കാറ്റ് എന്റെ കൈവിരലുകളെ ചേർത്തു പിടിക്കുന്നു.. അവളോടൊപ്പം ഞാൻ വീട്ടിലേക്കു നടക്കുന്നു.. ആരുമില്ലാതിരിക്കുക എന്നൊരവസ്ഥയില്ലെന്ന് നീയെന്നെ വീണ്ടും പഠിപ്പിക്കുന്നു... രാത്രികൾ പോലും ഒരിക്കലും തനിച്ചാവില്ലെന്നും.. 
          മേഘങ്ങൾക്കുള്ളിൽ നക്ഷത്രങ്ങൾ തീർച്ചയായും ഉണ്ട്.. അവ ഒരിക്കലും രാത്രിയെ തനിച്ചാക്കി ഓടി മറയുകയില്ല.. മേഘങ്ങൾക്കുള്ളിലൂടെ അവയെ കാണാൻ നമുക്കു സാധിക്കുന്നില്ലല്ലോ.. നോവുകൾക്കുള്ളിലെല്ലാം പ്രതീക്ഷയുടെ ഒരു നക്ഷത്രത്തിളക്കമുണ്ട്.. അതു കാണാൻ സാധിക്കുമ്പോഴാണ് രാത്രിയുടേതു പോലെ നിന്റെ ആകാശങ്ങളും നിറഞ്ഞു പ്രകാശിക്കുക..

Thursday, 3 November 2016

ആകാശം തുറന്ന് ആദ്യത്തെ മഞ്ഞുതുള്ളി മണ്ണിലേക്കു വീണു.. തണുപ്പ്.. വരണ്ട ചുണ്ടിൽ  സ്നേഹത്തിന്റെ തണുപ്പ്.. ആദ്യത്തെ മഴ.. അമ്മയുടെ സ്നേഹ ചുംബനം പോലെ.. നനുത്തത്. പ്രകൃതി മുഴുവൻ, ചെടികളും പൂക്കളും മരങ്ങളുമെല്ലാം തലകുനിച്ചു നിന്നാ സ്നേഹത്തെ അറിയുകയാണ്.. ഞാൻ മാത്രം മഴ തണുപ്പിച്ച മണ്ണിൽ നിന്നുയരുന്ന നിശ്വാസത്തിന്റെ ചെറിയ ചൂടറിഞ്ഞ്.. നനഞ്ഞ മണ്ണിൽ പാദങ്ങൾ ചവിട്ടി.. കൈകൾ വിടർത്തി തലയുയർത്തി കണ്ണുകളടച്ച്.. ഞാനവനെ എന്നിലേക്കിറങ്ങാൻ അനുവദിച്ചു. വരിക.. എന്നെ നനയ്ക്കുക.. ദു:ഖത്തിന്റെ.. കണ്ണുനീരിന്റെ.. വെറുപ്പിന്റെ.. അകൽച്ചകളുടെ.. നുണകളുടെ.. പരിഭവത്തിന്റെ.., വരണ്ടുണങ്ങിയ എന്റെ ഹൃദയവയലിൽ നിന്റെ സ്നേഹമഴ പെയ്തിറങ്ങട്ടെ.. എന്നെ നനയ്ക്കുക.. വിണ്ടുകീറലിന്റെ നോവോർമകൾ മാഞ്ഞു പോവട്ടെ..
          മഴ നനച്ച മണ്ണ്... പാദങ്ങളിലേക്ക് അരിച്ചു കയറുന്ന മണ്ണിന്റെ തണുപ്പ്.. നിന്റെ തണുപ്പ്.. ആകാശങ്ങളിൽ നിന്നു നീ പൊഴിക്കുന്ന സ്നേഹത്തിന്റെ തണുപ്പ്.. നിന്റെ വഴികളിൽ നിന്നു ഞാനിടറി മാറിയപ്പോൾ നീ ഒഴുക്കിയ കണ്ണുനീരിന്റെ തണുപ്പ്.. അതെന്നിലെ സങ്കടത്തിന്റെ ചൂടിനെ ആറ്റിക്കളയുന്നു..നിന്റെ തണുപ്പ്.., നിർമല സ്നേഹത്തിന്റെയാ തണുപ്പ് എല്ലാവരെയും സ്നേഹിക്കാനെന്നെ പഠിപ്പിക്കുന്നു.. വീണ്ടും വീണ്ടും പഠിപ്പിക്കുന്നു.. കാറ്റിലൂടെ ഒഴുകി വന്ന് അതെന്റെ നനഞ്ഞ തലമുടി തലോടുന്നു.. കൺപീലികളിൽ ഊറി നിന്നൊരു മഞ്ഞുതുള്ളിയെ ചുണ്ടിലേക്കിറ്റിക്കുന്നു.. ചുണ്ടിൽ നിന്നാ തണുപ്പ് സിരകളിലൂടെ.. രക്തത്തിലൂടെ.. ഉള്ളിലേക്ക്.. ആത്മാവിലേക്ക്.. മോക്ഷത്തിന്റെ നാൾവഴിയിലേക്ക്..
          മഴ തോർന്ന ആകാശം.. മണ്ണിലേക്കിറങ്ങുന്ന അവസാന തുള്ളി.. നനഞ്ഞ കവിളുകളുള്ള ഓർക്കിഡ് പൂവുകൾ.. ഓരോ മഴത്തുള്ളിയും മടങ്ങുകയാണ്.. മണ്ണിലേക്ക്.. അമ്മയിലേക്ക്.. ആദ്യ സ്പന്ദനത്തിലേക്ക്. ഇലത്തുമ്പിൽ നിന്ന്.. പൂവിതളുകളിൽ നിന്ന്.. മരക്കൊമ്പുകളിൽ നിന്ന്..കിളിയുടെ നനഞ്ഞ ചിറകിനറ്റത്തു നിന്ന്.. കാറ്റു തലോടുന്ന എന്റെ തലമുടിത്തുമ്പിൽ നിന്ന്.. അവസാന മഴത്തുള്ളിയും മടങ്ങുകയാണ്.. മടങ്ങുന്ന തുള്ളിയോട് താഴെ വീണലിയും മുന്നേ പതിയെ ഞാൻ പറഞ്ഞു “ഒന്നു നില്ക്കൂ.. ഒരു നിമിഷം..” മടങ്ങുന്ന മഴത്തുള്ളി തലയുയർത്തി നോക്കിയിട്ട് ചോദിച്ചു “എന്തിനു വേണ്ടിയാണ് ഒരു നിമിഷം..?? വെറുതെ കളയുന്ന ഓരോ നിമിഷവും പാഴായിപ്പോവുന്ന വിത്തുകളാണ്..!!”  “എങ്ങോട്ടാണ് നിങ്ങൾ മടങ്ങുന്നത്..??!!”  ചോദ്യമെന്റെ ചുണ്ടിൽ നിന്നൂറി വീണു.. “ആകാശത്തേക്ക്...” മറുപടി ഒറ്റവാക്കിലൊതുക്കിയിട്ട് മഴത്തുള്ളി മണ്ണിലേക്ക് വീണു..  “ആകാശത്തേക്ക്...???!!!” മണ്ണിനടിയിലൂടെയോ..??? മറുപടിയുടെ പൊരുളെന്ത്..??!!
          ഈറനണിഞ്ഞ ആകാശം.. നനഞ്ഞ കണ്ണുകൾക്കുള്ളിൽ ഒരു കുഞ്ഞു സൂര്യൻ.. സ്നേഹത്തിന്റെ തിളക്കം.. നനഞ്ഞ കൺപീലികളെ തഴുകി അതകത്തേക്ക് കടന്നു. കണ്ണുകൾക്കുള്ളിലിപ്പോൾ ഒരാകാശം.. തെളിഞ്ഞ സൂര്യൻ. മണ്ണിലേക്കല്ല, ആകാശത്തേക്കാണ് മടക്കം. ആരംഭത്തിലേക്ക്. യാത്രകളെല്ലാം പൂർണമാവുന്നത് അപ്പോഴാണ്.. ആകാശത്തിലേക്ക് മടങ്ങുമ്പോൾ.. മണ്ണിലൂടെ..!!  അവസാനമെന്ന് നാം കരുതുന്നിടത്ത് നിന്ന് ആരംഭത്തിലേക്ക് മടങ്ങുമ്പോൾ എല്ലാം പൂർത്തിയാകുന്നു..

          നിന്റെ പൂർണതയിലേക്ക് എന്നാണെനിക്ക് മടങ്ങാനാവുക.. മനസ് തേങ്ങി.. മിഴിക്കോണിലൊരു കണ്ണീർക്കണം.. നനഞ്ഞ കവിളിൽ കുറ്റബോധത്തിന്റെ മിഴിനീർച്ചൂട്.. നീയെനിക്കവസരങ്ങൾ നൽകി.. പാറക്കല്ലിനുമേൽ പാകിയ വിത്തുപോലെ ഞാനവ പാഴാക്കിക്കളഞ്ഞു. വിരൽത്തുമ്പിൽ., ഹൃദയത്തിന്റെ അവസാന കോണിൽ., മിഴികളുടെ തിളക്കത്തിൽ., വാക്കുകളുടെ മൃദുലതയിൽ., എല്ലായിടത്തും പരിശുദ്ധയായിരിക്കാൻ നീ പറഞ്ഞു.. പ്രണയത്തിന്റെ.., സ്നേഹത്തിന്റെ ആഴങ്ങളിലേക്കാനയിക്കപ്പെട്ടപ്പോൾ ഞാനെന്റെ വാക്കുകളിൽ അരുതാത്തതിന്റെ (അശുദ്ധിയുടെ) തേൻ പുരട്ടിയോ.. ഉവ്വ്.. നിന്നോടൊത്തിരിക്കുന്ന നിർമലതയുടെ ഈ നിമിഷത്തിൽ അത് വിഷം പോലെയെന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു.. എന്റെ സ്നേഹത്തിൽ നിന്റെ പരിശുദ്ധി സൂക്ഷിക്കാൻ ഞാൻ മറന്നു പോയതെന്തേ.. നിന്റെ ഓർമപ്പെടുത്തലുകളെ ഞാനവഗണിച്ചതെന്തേ.. നനഞ്ഞ കവിൾത്തടങ്ങളിൽ കുറ്റബോധത്തിന്റെ ചൂടുള്ള തുള്ളികൾ.. എന്റെ ഹൃദയത്തിന്റെ നിർമലതയെ അത് പൊള്ളിക്കുന്നു.. തടയാനാവാത്ത വിധം കണ്ണുകൾ പെയ്തിറങ്ങുന്നു.. ജീവിതത്തിന്റെ ഏതു കോണിൽ വെച്ചാണ് നിന്റെ കൈവിരലിൽ നിന്നു ഞാൻ പിടിവിട്ടത്.. തനിയെ നടക്കാമെന്നഹങ്കരിച്ചത്..
          കോർക്കാതെ പോകുന്ന കൈവിരലുകളുടെ ശൂന്യതയിൽ നിന്റെ സ്നേഹമുണ്ടെന്ന് ഞാൻ മറന്നതെന്തേ.. സംസാരിക്കാതിരിക്കുന്ന നിമിഷങ്ങളുടെ മൂകതയിൽ നിന്റെ വാചാലതയുണ്ടെന്ന് ഞാനോർക്കാതെ പോയതെന്തേ.. കൈവിരലുകൾ കോർത്തുവെച്ച് നിന്റെ സ്നേഹത്തെ ഞങ്ങൾക്കിടയിൽ നിന്ന് ഞാൻ മാറ്റിനിർത്തി.. നിനക്കു വാചാലമാവാൻ അവസരങ്ങൾ നൽകാതെ നിമിഷങ്ങളുടെ ശൂന്യതകളെ ഞങ്ങൾ സന്ദേശങ്ങൾ കൊണ്ട് നിറച്ചു.. എന്നിട്ട് വീണു കിട്ടുന്ന ഇടവേളകളിൽ നിന്റെ സ്വരം കേൾക്കുന്നില്ലെന്ന് പറഞ്ഞ് വ്യാകുലപ്പെട്ടു.. എന്നിട്ടും എന്റെ വ്യാകുലതകളിൽ നീ എന്റെ ഹൃദയത്തെ തൊട്ടു. നിർമല സ്നേഹത്തെ എന്റെ ഉള്ളിൽ നിറച്ചു. നീ എന്നെ വീണ്ടും നിന്റേതാക്കി മാറ്റി..
          രണ്ടു വഴികളുള്ള ജീവിതത്തിന്റെ കവലയിൽ വെച്ച് പക്ഷേ വീണ്ടും ഞാൻ നിന്റെ കൈവിടുവിച്ച് നടന്നകന്നു. നിന്റെ പിൻവിളി ഞാൻ കേൾക്കാതെ അവഗണിച്ചു. നിസ്സഹായതയുടെ ഉൾച്ചുഴിയിൽപ്പെട്ട് നിന്റെ ഹൃദയം വേദനിച്ചു. കണ്ണു നിറഞ്ഞു.. കവിളു നനച്ചൊഴുകിയ മിഴിനീരിനു പക്ഷേ നല്ല തണുപ്പായിരുന്നു. നിന്റെ സ്നേഹത്തിന്റെ തണുപ്പ്..
          എന്റെ കണ്ണുകളിൽ കുറ്റബോധത്തിന്റെ കാർമേഘങ്ങൾ നിറഞ്ഞു. നിന്റെ സൂര്യൻ.. അവനെ നോക്കാനാവാതെ ഞാനിതാ മിഴി താഴ്ത്തുന്നു.. തല കുനിക്കുന്നു. താഴെ നനഞ്ഞ മണ്ണ്.. നല്ല വിത്തിടാൻ പാകമായ നിലം.. എന്റെ നനഞ്ഞ കൺപീലികളിൽ ഒരു കാറ്റിന്റെ ഇതളനക്കം.. സ്വർഗത്തിൽ നിന്നു നീ കാറ്റിന്റെ തുവാല വീശി എന്റെ കണ്ണുനീരു തുടച്ചു കളഞ്ഞു.. കവിളുകളിൽ വീണ്ടും മഴയുടെ തണുപ്പ്.. കരുതലിന്റെ.. നിന്റെ സ്നേഹത്തിന്റെ തണുപ്പ്..
          രാത്രിയുടെ കനത്ത മൂകതയിൽ ഞാനും നീയും മാത്രം.. ഇടയ്ക്കിടെ ഇറ്റുവീഴുന്ന മഴത്തുള്ളികൾ.. നിനക്കു വേണ്ടി പാടുന്ന രാപ്പാടികൾ.. നമുക്കു ചുറ്റും രാവിന്റെ മഞ്ഞു പടലങ്ങൾ.. എനിക്കു തണുക്കാത്തതെന്താണ്...?? നനഞ്ഞ കണ്ണുകളിൽ അത്ഭുതത്തിന്റെ തിരയിളക്കം.. നിന്റെ ചുണ്ടുകളിൽ നനുത്തൊരു പുഞ്ചിരി.. കരുതലിന്റെ പുതപ്പിനാൽ നീയെന്നെ പുതപ്പിച്ചിരിക്കുന്നുവല്ലോ.. എത്ര ശാന്തമാണ് രാത്രി.. പാതിയടഞ്ഞ നിന്റെ മിഴികളിൽ ഞാൻ തേടിയലഞ്ഞ ജീവിതത്തിന്റെ നിത്യത.. പുഞ്ചിരി നനഞ്ഞ ചുണ്ടിൽ ഞാൻ മറന്നു തുടങ്ങിയ ഒരീണം.. എന്റെ സംഗീതം.. ഞാൻ മറന്നു പോയ വരികൾ.. എനിക്ക് വേണ്ടി നീയത് മൂളുന്നു.. നീയത് ഓർത്തിരുന്നു.. എനിക്കത് പ്രിയപ്പെട്ടതാണെന്ന് നിനക്കറിയാം.. നിനക്കു മാത്രം.. മരുഭൂമിയിൽ തിളയ്ക്കുന്ന മണൽത്തരികൾ വീണെന്റെ ഹൃദയം പൊള്ളുന്നു. മരം കോച്ചുന്ന  തണുപ്പിലും എന്റെ മനം കനൽക്കട്ട പോലെ ജ്വലിക്കുന്നു. ഞാൻ നിന്നെ മറന്നു.. നമ്മളൊരുമിച്ച് പാടിയ പാട്ടുകൾ മറന്നു.. എന്നെത്തന്നെ മറന്നു.. എന്നിട്ടും..
          മഴ... വീണ്ടും മഴ.. ഒന്നിൽ നിന്നു തുടങ്ങി.. പെരുകി പെരുകി.. എന്റെ മറവിയുടെ വരണ്ട നിലത്തിലേക്ക് ഉർവരതയുടെ സ്പർശം പേറി.. നിന്റെ സ്നേഹ മഴ.. ഒരു മഴയിലൂടെ നീയെന്നെ എല്ലാം ഓർമപ്പെടുത്തി.. നിന്നിലേക്കെന്നെ തിരിച്ചു വിളിച്ചു.. എന്റെ കൈപിടിച്ചു. നിന്റെ കൈവിരലുകൾക്ക് ഓർമകളുടെ തണുപ്പ്.. അത് മറവിയുടെ ചൂടിനെ എന്നിൽ നിന്നകറ്റിക്കളഞ്ഞു.. രാത്രിയായി.. വീണ്ടും... വീണ്ടും... രാത്രി നമ്മളെ നമുക്ക് തിരിച്ചു നൽകി.. നിന്റെ പാട്ടു കേട്ട് പ്രകൃതി ഉണർന്നു.. പൂവുകൾ നമ്മോട് സംസാരിച്ചു.. ഇലകളിലൂടെയും പൂക്കളിലൂടെയും നിന്നെ അറിയാൻ നീ വീണ്ടുമെന്നെ പഠിപ്പിച്ചു.. ഞാനത് ഇനിയും മറന്നു പോകുമോ..???!!!! പോകും.. ഓർമപ്പെടുത്താൻ നീ ഉള്ളിടത്തോളം കാലം ഞാനിതെല്ലാം വീണ്ടും മറന്നുകൊണ്ടേയിരിക്കും..

          ആകാശം ശൂന്യമായിക്കിടക്കുന്നു.. നക്ഷത്രങ്ങളെവിടെയെന്നുള്ള എന്റെ ചോദ്യത്തിന് നിന്റെ ഉത്തരം വെറുമൊരു പുഞ്ചിരി മാത്രം.. ഞാനും ചിരിച്ചു.. ആ നക്ഷത്രങ്ങളെയെല്ലാം എടുത്താണല്ലോ നീയെന്നെ ഇന്നലങ്കരിച്ചിരിക്കുന്നത്.. എന്റെ മിഴികളിൽ.., ഹൃദയത്തിൽ.., വിരൽത്തുമ്പിൽ.., നീ നിറച്ച നക്ഷത്രങ്ങളുടെ മായാത്ത തിളക്കം.. അടഞ്ഞ കണ്ണുകൾക്കു മുകളിൽ നീ തൂളിച്ച ഉറക്കത്തിന്റെ നിലാക്കഷ്ണം.. സ്വപ്നങ്ങളിലും നിറയെ നക്ഷത്രങ്ങൾ.. നിറയെ... നിറയെ...

Tuesday, 1 November 2016

ഹൃദയത്തിലൊരു മഞ്ഞു തുള്ളി
വീണലിഞ്ഞു പടരും പോലെ ഹൃദ്യം
നിന്റെ വിരൽത്തുമ്പിലെന്റെ വിരൽ തൊട്ടയനുഭവം....
പുലരിയിൽ സൂര്യകിരണങ്ങളെന്റെ
കവിളിൽ തൊട്ടപ്പോൾ ധന്യം
നീ ചുംബിച്ചുണർത്തിയ പകലനുഭവം...
പുണ്യം നീ ചേർത്തണച്ചൊരീ
പകൽക്കാറ്റിന്റെ നൈർമല്യം..
നിന്റെ മുരളീനാദത്തോടൊപ്പം
എന്റെയിടനെഞ്ചിൽ മിടിച്ചുണർന്നത്
പവിത്ര ഗംഗാപ്രണയ പ്രവാഹം..
നീലപ്പീലിയാൽ ഞാനെന്നിൽ വരച്ചിട്ടതെല്ലാം
നിന്റെ മായാമോഹനരൂപം മാത്രം..
നിന്നിലേക്കൊരിതളായ് പൊഴിഞ്ഞ്
മഞ്ഞായലിഞ്ഞ് ലളിച്ചമർന്നില്ലാതെയാകുവാൻ
ഇടറി നിൽപ്പു ഞാനെൻ

നൊമ്പരക്കടലിന്റെ ചാരെ...!!!

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...