Monday, 22 August 2016


                            അമ്മ
                         ********

തളർന്ന മനസിന്റെ മുറ്റത്തൊരു പൂമരം
മഴയും വെയിലും തളർത്താതെ
ജന്മാന്തരങ്ങളിലേക്ക് വേരുകളാഴ്ത്തി
വേനൽ വീണ വഴികളിൽ തണൽ പടർത്തി
പൂത്തും തളിർത്തും ഇല കൊഴിയാതെ
എന്നിലേക്കെന്നെ നയിക്കുന്ന നന്മ മരം..
ഒരു കുഞ്ഞു കാറ്റായ് നിന്നിൽ പിറന്ന്
നിന്റെ ഇലകളിലുറങ്ങിയുണർന്ന്
നിന്നിലേക്ക് വളർന്നിട്ടും.. ഒടുവിൽ,
നിറം മങ്ങാത്ത വർണങ്ങളതു തേടി
നിന്നെ മറന്ന് യാത്രയാകുമ്പോഴും
ചില്ലകൾ താഴ്ത്തി മൗനാനുവാദമേകിയവൾ..
ചിതറിത്തെറിച്ച് തിരസ്കരിക്കപ്പെട്ട്
നഷ്ട ഗന്ധം പേറിയൊടുക്കം
നിന്നിലേക്കു തന്നെ മടങ്ങിയെത്തവേ
എനിക്കായൊരു പൂക്കാലമൊരുക്കിവെച്ച്
ഇലകൾക്കിടയിലേക്ക് ചേർത്തു പിടിക്കുന്നവൾ..
ചിറകറ്റ് തളർന്നൊരു ഹൃദയത്തിലും
സ്വപ്നങ്ങളുടെ വസന്തം തീർക്കുന്നവൾ..
തളർന്ന മനസിനെ തണുപ്പിച്ച്
തന്നിലേക്കു ചേർക്കുന്നൊരു തണൽ മരം..




 ഇനി തനിച്ച്..!!
**************

പ്രണയം പെയ്തു തോർന്നിട്ടും
പൊഴിയാൻ മറന്ന്
കൺകോണിലൊരു
മിഴിനീർക്കണം..
നീയകന്നിട്ടും
നിന്നിൽ നിന്നെന്നെ അകറ്റാതെ
ഓർമകൾ
നിറഞ്ഞു പെയ്യുകയാണുള്ളിൽ..
കാത്തിരിക്കുമെന്ന്
നീ കരുതുന്നുവോ...
ഇല്ല..
യാത്ര തുടരുകയാണ്..
കൈ പിടിച്ച് ഒരുമിച്ച് നടക്കാമെന്ന്
നീ പറഞ്ഞ വഴികളിലൂടെ..
തനിച്ച്..
അതേ.. തനിച്ച് നടക്കാൻ
തുടങ്ങുകയാണ് ഞാൻ...
കാലിടറിയാൽ താങ്ങാൻ
ഇനി നീയില്ലെന്നതിനാൽ
ഇടറാതെ നടക്കാനും
ശീലിക്കേണ്ടിയിക്കുന്നു...
പൊഴിയാൻ മറന്നയാ
മിഴിനീർക്കണത്തെ
ഹൃദയത്തിൽ
ചേർത്തു വെച്ചിട്ടുണ്ട്..
തളർന്നുവെന്ന് തോന്നുമ്പോൾ
പൂർത്തിയാക്കേണ്ട
സ്വപ്നങ്ങളുടെ
ഓർമപ്പെടുത്തലിനായി...
അരികിലില്ലെങ്കിലും
നീയുണ്ട് കൂടെയെന്നൊരു
വിശ്വാസത്തിനായ്...

Monday, 25 July 2016

തനിച്ചിരിക്കുമ്പോൾ
ഓർമകൾ തപ്പിയെടുത്ത് കൊണ്ടു വരാറുണ്ട്
നീയെന്ന നോവിനെ..
മുറിവിലേക്കാഴ്ത്തുന്ന കത്തി പോലെ..
മറവിയുടെ ചിതൽപ്പുറ്റുകൾക്കു പോലും കണ്ടെത്താനാവാത്ത ഏതറയിലാണാവോ
ഓർമകൾ നീയെന്ന നോവിനെ മറച്ചു വെയ്ക്കുന്നത്...
അറിയാമായിരുന്നെങ്കിൽ
നീയെന്ന വഞ്ചനയെ ഈശ്വരൻ
എന്നിൽ നിന്നകറ്റിയതു പോലെ
ആ നോവിന്റെ അവസാന തുള്ളിയെയും
എന്നിൽ നിന്നു തുടച്ചു കളയുമായിരുന്നു ഞാൻ..
കാലമെന്റെ മുറിവുകളെ ഉണക്കുമായിരിക്കാം..
പക്ഷേ
നീ തന്ന മുറിവിന്റെ
നോവു പാടെങ്ങനെ മായ്ക്കും ഞാൻ..

Friday, 15 July 2016

"നെറ്റിയിൽ നീ ചാർത്തിയ  സന്ധ്യാ സൂര്യനിന്ന്
രാമഞ്ഞിലെ പ്രണയത്തിന്റെ തീച്ചൂട്..."

Tuesday, 12 July 2016

വിരസതയേറിയ എന്‍റെ വൈകുന്നേരങ്ങള്‍ക്കിന്ന് 
വഴിത്താരയില്‍ വീണുറങ്ങുന്ന 
ഗുല്‍മോഹറിന്‍റെ ചുവപ്പ് നിറമാണ്....
ഹൃദയ രക്തം വാര്‍ന്ന്
അകാല മൃത്യു വരിച്ച എന്‍റെ പ്രണയത്തിന്‍റെ നിറം....!!

Sunday, 12 June 2016

പുഴയും മഴയും

മഴയോടു പിണങ്ങിയൊരു പുഴ 
വേനൽ ചൂടാൽ തീ കൊളുത്തി മരിച്ചു
പൊള്ളിക്കരിഞ്ഞ അവളുടെ ദേഹത്തു വീണ്
മഴ തലതല്ലിക്കരഞ്ഞു..
മണൽ നിറച്ച വമ്പൽ ലോറിയുടെ ചക്രങ്ങൾ
അവർക്കു മുകളിലൂടെ കയറിയിറങ്ങിക്കെണ്ടേയിരുന്നു..
പൊരുതിത്തളർന്ന കാറ്റും
വിളറിവെളുത്ത ആകാശവും
ഇനി ആരെന്നോർത്ത്
നിശബ്ദമായ് നിന്നു കണ്ണീർ വാർത്തു...

Tuesday, 8 March 2016

ഇടവപ്പാതി

ഇടവിടാതെ പെയ്തിറങ്ങിയ ഇടവപ്പാതി
തളർത്തിയതും വളർത്തിയതും
വാകമരച്ചോട്ടിലെ ഗുൽമോഹർ നിറമാർന്ന
പ്രണയങ്ങളെയായിരുന്നില്ല..
നിറഞ്ഞ പുഴയിലെ പരൽമീനുകളേയോ
അവയ്ക്കു പിറകെ പാഞ്ഞിരുന്ന
കുറുമ്പാർന്ന ബാല്യത്തേയോ ആയിരുന്നില്ല..
മറിച്ച് മഴ തളർത്തിയത്
അന്തി കറുക്കുവോളം കഷ്ടപ്പെട്ടിട്ടും
മായ്ക്കാനാവാഞ്ഞ പട്ടിണിയെ
മുറുക്കിയുടുത്ത ഉടുമുണ്ടിനാൽ മറച്ചവന്റെ
കനൽ നിറമാർന്ന സ്വപ്നങ്ങളേയും,
വളർത്തിയത്..
പിഞ്ചിനെപ്പോലും കാർന്നു തിന്നുന്ന
മരണം കനക്കുന്ന  പട്ടിണിയേയുമായിരുന്നു...

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...