ചിലപ്പോഴെല്ലാം പ്രതീക്ഷയുടെ മഴകളില്ലാതെ വരണ്ടു പോവാറുണ്ട് ജീവിതം.. അല്ലെങ്കിൽ
ചിലപ്പോൾ ആർത്തു പെയ്യുന്ന സങ്കടപ്പെരുമഴയിൽ കയറി നില്ക്കാനൊരിടമില്ലാതെ തലകുനിച്ച്
വഴിയരികിൽ തനിച്ചിരിക്കേണ്ട നിസ്സഹായതയിലേക്ക്
തള്ളിയിടാറുണ്ട്. അപ്പോഴാണ് നൊമ്പരക്കാറ്റേറ്റ് വരണ്ടു പോയ ഹൃദയവയലിൽ സ്നേഹത്തിന്റെ
നിലയ്ക്കാത്ത ഒറ്റത്തുള്ളിയായി ഒരു ‘കൂട്ട്’ പെയ്തിറങ്ങുന്നത്.. സൗഹൃദമെന്നതിലുപരിയായതും
പ്രണയത്തേക്കാൾ ധന്യമായതുമെന്ന് അതിനെ വിശേഷിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു..
ആത്മനിന്ദയുടെ മരുഭൂമി താണ്ടുമ്പോൾ എന്നെക്കാൾ പരിക്ഷീണിതനും നിന്ദിതനുമായി
അവൻ.. എന്റെ മിഴിക്കോണിലൊരു കണ്ണീർക്കണമടർന്നപ്പോൾ അവന്റെ മിഴികളിൽ നോവിന്റെ പെരുമഴക്കാലം.. ആത്മപരീക്ഷണങ്ങളിലൂടെ
കടന്നു പോയപ്പോൾ എന്നേക്കാളധികം മുറിവുകളേറ്റതും അവന്.. എന്നിട്ടും പരാതികളില്ലാതെ
വിണ്ട കാലടികളും പൊടി പിടിച്ച വസ്ത്രങ്ങളുമായി അവനെന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു..
നിശബ്ദം...
എന്റെ ഭ്രാന്തുകൾ അവനെ മുറിവേല്‍പ്പിക്കാൻ പോന്നവയായിരുന്നു.. എന്നിട്ടും..
അനേകം തവണ ഹൃദയരക്തം ചിന്തിയിട്ടും ഒരമ്മ കുഞ്ഞിനോടെന്ന വണ്ണം അവനെന്നോട് ക്ഷമിക്കുകയും
എന്നെ ചേർത്തു പിടിക്കുകയും ചെയ്തു.. എനിക്കു പോലും സ്നേഹിക്കാനാവാത്ത വണ്ണം മനസിടറി ഞാൻ വീണുപോയപ്പോൾ
പോലുമെന്നെ താങ്ങുകയും അളവില്ലാത്ത വിധം എന്നിൽ സ്നേഹം ചൊരിയുകയും ചെയ്ത ‘കൂട്ട്’..
ജീവിതത്തിൽ മറ്റൊന്നും ഇതില്‍പ്പരം വിശുദ്ധമായിരിക്കുകയില്ല..
ഒരു വിത്തിനുള്ളിൽ വസന്തമൊരുക്കിവെച്ച്
നമ്മുടെയെല്ലാം ജീവിത വഴിത്താരകളിൽ ഒരാൾ കാത്തു നില്‍ക്കുന്നുണ്ട്.. ഒരു പൂമൊട്ടിനെപ്പോലും
സ്വപ്നം കാണാൻ സാധിക്കാതെ ഇരുട്ടിൽ തളർന്നു കിടക്കുമ്പോൾ അനുവാദമില്ലാതെ കടന്നു വന്ന്
ജീവിതത്തിൽ വസന്തം വിരിയിക്കാൻ കഴിവുള്ളൊരു സുഹൃത്ത്.. എനിക്കു വേണ്ടി ജീവിതം മുഴുവൻ
നല്‍കിയിട്ടും മതിയാകാതെ.. എന്റെ ആകാശവും എന്റെ വയലുകളും നിനക്കുള്ളതാണെന്ന് ഉറക്കെ
പറയുന്ന ഒരാൾ...
## “ഇനി എങ്ങനെയാണ് നിനക്ക് തനിച്ചിരുന്നു കരയാനാവുക.. നിന്റെ ഏകാന്ത നോവുകളെയെല്ലാം
ഞാൻ മോഷ്ടിച്ചെടുത്തുവല്ലോ..!!”
തനിച്ചിരിക്കേണ്ടി വരുന്ന സന്ധ്യകളെക്കുറിച്ചോർത്ത് ഞാനിപ്പോൾ ഭയപ്പെടാറില്ല..
ഒരു കുളിർമഴ പോലെ നീ നിലയ്ക്കാതെ പെയ്യുമ്പോൾ എങ്ങനെയാണ് എന്റെ ഹൃദയവയലിനെ നോവുസൂര്യനു
പൊള്ളിക്കാനാവുക..
നന്ദി പറഞ്ഞു വീട്ടിത്തീർക്കാൻ വഴിയരികിലെ അപരിചിതനല്ല നീയെനിക്ക്.. ഹൃദയം
പങ്കുവെച്ച് നല്കിയ സുഹൃത്ത്.. നിനക്കു നല്കാൻ നിന്നെ ഓർക്കുമ്പോൾ വിരിയുന്നയീ പുഞ്ചിരിയും
കൺകോണിലെ സമർപ്പണത്തിന്റെ നീർക്കണവും ഉള്ളിലെ ജീവന്റെ നേർത്ത തുടിപ്പും ഞാൻ നീക്കിവെക്കുന്നു..
നിനക്കല്ലാതെ മറ്റാർക്കും ഞാനതിൽ അവകാശം കൊടുക്കുകയില്ല..
ഹൃദയം തൊടുന്ന വാക്കുകൾ
ReplyDeleteനന്ദി..
Delete