Sunday 30 October 2016

മരണം...!!!!

"നിന്റെ വർത്തമാനത്തിൽ നിന്ന്
നിന്റെ ഓർമകളിലേക്കെന്റെ കുടിയേറ്റം.."

Friday 28 October 2016

           ചിലപ്പോഴെല്ലാം പ്രതീക്ഷയുടെ മഴകളില്ലാതെ വരണ്ടു പോവാറുണ്ട് ജീവിതം.. അല്ലെങ്കിൽ ചിലപ്പോൾ ആർത്തു പെയ്യുന്ന സങ്കടപ്പെരുമഴയിൽ കയറി നില്ക്കാനൊരിടമില്ലാതെ തലകുനിച്ച് വഴിയരികിൽ  തനിച്ചിരിക്കേണ്ട നിസ്സഹായതയിലേക്ക് തള്ളിയിടാറുണ്ട്. അപ്പോഴാണ് നൊമ്പരക്കാറ്റേറ്റ് വരണ്ടു പോയ ഹൃദയവയലിൽ സ്നേഹത്തിന്റെ നിലയ്ക്കാത്ത ഒറ്റത്തുള്ളിയായി ഒരു ‘കൂട്ട്’ പെയ്തിറങ്ങുന്നത്.. സൗഹൃദമെന്നതിലുപരിയായതും പ്രണയത്തേക്കാൾ ധന്യമായതുമെന്ന് അതിനെ വിശേഷിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു..

       ആത്മനിന്ദയുടെ മരുഭൂമി താണ്ടുമ്പോൾ എന്നെക്കാൾ പരിക്ഷീണിതനും നിന്ദിതനുമായി അവൻ.. എന്റെ മിഴിക്കോണിലൊരു കണ്ണീർക്കണമടർന്നപ്പോൾ  അവന്റെ മിഴികളിൽ നോവിന്റെ പെരുമഴക്കാലം.. ആത്മപരീക്ഷണങ്ങളിലൂടെ കടന്നു പോയപ്പോൾ എന്നേക്കാളധികം മുറിവുകളേറ്റതും അവന്.. എന്നിട്ടും പരാതികളില്ലാതെ വിണ്ട കാലടികളും പൊടി പിടിച്ച വസ്ത്രങ്ങളുമായി അവനെന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു.. നിശബ്ദം...

          എന്റെ ഭ്രാന്തുകൾ അവനെ മുറിവേല്പ്പിക്കാൻ പോന്നവയായിരുന്നു.. എന്നിട്ടും.. അനേകം തവണ ഹൃദയരക്തം ചിന്തിയിട്ടും ഒരമ്മ കുഞ്ഞിനോടെന്ന വണ്ണം അവനെന്നോട് ക്ഷമിക്കുകയും എന്നെ ചേർത്തു പിടിക്കുകയും ചെയ്തു.. എനിക്കു പോലും  സ്നേഹിക്കാനാവാത്ത വണ്ണം മനസിടറി ഞാൻ വീണുപോയപ്പോൾ പോലുമെന്നെ താങ്ങുകയും അളവില്ലാത്ത വിധം എന്നിൽ സ്നേഹം ചൊരിയുകയും ചെയ്ത ‘കൂട്ട്’.. ജീവിതത്തിൽ മറ്റൊന്നും ഇതില്പ്പരം വിശുദ്ധമായിരിക്കുകയില്ല.. 
          ഒരു വിത്തിനുള്ളിൽ വസന്തമൊരുക്കിവെച്ച് നമ്മുടെയെല്ലാം ജീവിത വഴിത്താരകളിൽ ഒരാൾ കാത്തു നില്ക്കുന്നുണ്ട്.. ഒരു പൂമൊട്ടിനെപ്പോലും സ്വപ്നം കാണാൻ സാധിക്കാതെ ഇരുട്ടിൽ തളർന്നു കിടക്കുമ്പോൾ അനുവാദമില്ലാതെ കടന്നു വന്ന് ജീവിതത്തിൽ വസന്തം വിരിയിക്കാൻ കഴിവുള്ളൊരു സുഹൃത്ത്.. എനിക്കു വേണ്ടി ജീവിതം മുഴുവൻ നല്കിയിട്ടും മതിയാകാതെ.. എന്റെ ആകാശവും എന്റെ വയലുകളും നിനക്കുള്ളതാണെന്ന് ഉറക്കെ പറയുന്ന ഒരാൾ...

## “ഇനി എങ്ങനെയാണ് നിനക്ക് തനിച്ചിരുന്നു കരയാനാവുക.. നിന്റെ ഏകാന്ത നോവുകളെയെല്ലാം ഞാൻ മോഷ്ടിച്ചെടുത്തുവല്ലോ..!!”


          തനിച്ചിരിക്കേണ്ടി വരുന്ന സന്ധ്യകളെക്കുറിച്ചോർത്ത് ഞാനിപ്പോൾ ഭയപ്പെടാറില്ല.. ഒരു കുളിർമഴ പോലെ നീ നിലയ്ക്കാതെ പെയ്യുമ്പോൾ എങ്ങനെയാണ് എന്റെ ഹൃദയവയലിനെ നോവുസൂര്യനു പൊള്ളിക്കാനാവുക..
          നന്ദി പറഞ്ഞു വീട്ടിത്തീർക്കാൻ വഴിയരികിലെ അപരിചിതനല്ല നീയെനിക്ക്.. ഹൃദയം പങ്കുവെച്ച് നല്കിയ സുഹൃത്ത്.. നിനക്കു നല്കാൻ നിന്നെ ഓർക്കുമ്പോൾ വിരിയുന്നയീ പുഞ്ചിരിയും കൺകോണിലെ സമർപ്പണത്തിന്റെ നീർക്കണവും ഉള്ളിലെ ജീവന്റെ നേർത്ത തുടിപ്പും ഞാൻ നീക്കിവെക്കുന്നു.. നിനക്കല്ലാതെ മറ്റാർക്കും ഞാനതിൽ അവകാശം കൊടുക്കുകയില്ല..


 Image result for photos of fingers in friendship




മിഴിയിതളിൽ അടർന്നു നിൽപ്പുണ്ട്
പറയാൻ മറന്നൊരു വാക്കിന്റെ കടം..
കാതോർത്തിട്ടും പിൻവിളികളില്ലാതെ
തനിച്ചായിപ്പോയൊരു സ്വപ്നം പോലെ..
കിനാവുകൾക്ക് ഓർത്തോമനിക്കാൻ
നീറിപ്പിടയുന്നൊരു  നോവോർമയായ്...!!
സ്നേഹം വരണ്ട ഹൃത്തിലെവിടെയോ
നേർത്തൊരു മിടിപ്പായുണർന്ന്
സിരകളിൽ പടർന്ന് ലഹരിയായ് പതഞ്ഞ്
ഒടുവിൽ
ഉള്ളിലെങ്ങും നീ മാത്രം നിറഞ്ഞ്
തുളുമ്പിത്തൂവുമ്പോഴും
മിഴിക്കോണിൽ തുളുമ്പാതെ തുളുമ്പി നിൽക്കും
അന്നൊരിക്കൽ
നിന്നോടു പറയാൻ മറന്നൊരാ

വാക്കിന്റെ വീട്ടാകടം.


Friday 21 October 2016

എഴുതി തീരും മുൻപേ മഷി വീണു മാഞ്ഞ
നീയെന്ന കവിതയെ
ഇടനെഞ്ചിലെ നനുത്ത തുടിപ്പിനോടൊപ്പം
ചേർത്തുവെച്ചിട്ടുണ്ട് ഞാൻ..
ചേർത്തു പിടിക്കുന്തോറും
തൂളിപ്പോവുന്ന നമ്മുടെ കിനാവുകളെ
കണ്ണുനീരിനോടുപമിച്ച്
നീ കവിതകളെഴുമ്പോഴെല്ലാം
നിന്റെ ഉള്ളിൽ കുറുകിപ്പിടഞ്ഞ്
വീർപ്പുമുട്ടുന്ന നോവുകളെ
അവയിൽ നിന്നു വായിച്ചറിഞ്ഞിട്ടുണ്ട് ഞാൻ..
ഒടുവിൽ
അക്ഷരങ്ങളെല്ലാം മാഞ്ഞ്
ഒക്ടോബറിലെ വിളർത്ത പകലുകളെപ്പോലെ
നീ തൂകിത്തുടങ്ങിയപ്പോഴാണ്
നിന്നെയൊരു കവിതയാക്കി മാറ്റി
ഞാനെന്റെ ഉൾത്തുടിപ്പിനോട് ചേർത്തുവെച്ചത്..
ഓരോ മിടിപ്പിലും അവ പറയുന്നത്
നിറങ്ങൾ വിളർത്ത് പൊഴിഞ്ഞകന്ന
നീയെന്ന നോവിലയെ കുറിച്ചു മാത്രമാണ്...!!!

Thursday 20 October 2016

ഞാൻ മാത്രമറിയുന്നുണ്ട്..
ഞാനറിയുന്നുണ്ട് നിനക്ക് നോവുന്നത്..
ഞാനതറിയാതിരിക്കാനായ് നീ
തല താഴ്ത്തിയപ്പോഴും..
ചുണ്ടിലൂടൊരു വിതുമ്പൽ
തൂകിവീഴാതിരിക്കാനായ് നീ വൃഥാ
പുഞ്ചിരിക്കുമ്പോഴും..
നിന്റെ ഹൃത്തിലൊരു നോവിരുന്ന് കുറുകിപ്പിടയുന്നത്
ഞാനറിയുന്നുണ്ട്..
ഞാനറിയുന്നുണ്ട് സഖേ നിനക്ക് നോവുന്നത്..
ഞാനെന്റെ വിരൽത്തുമ്പിനാൽ മാത്രം
നിന്നെയൊന്ന് ചുംബിച്ചൊ-
രായിരം സ്വാന്തനം പകരുമെന്നും
എന്റെ മിഴികളാൽ കരുതലിൻ കരം നീട്ടി
നിന്നെ എന്നിലേക്ക് ചേർത്തൊന്നു പുണരുമെന്നും
ഓർത്തു നീ പിടയുന്നത്.. ഞാനറിയുന്നുണ്ട് സഖേ..
ആരുമറിയാതെ നിനക്കൊരുപാട് നോവുന്നത്..
ഞാൻ മാത്രമറിയുന്നുണ്ട്..
നിനക്കാത്ത നേരത്ത് ഞാൻ
നിന്നിലേക്കെന്റെ  കരം നീട്ടും..
നിനക്കൊന്ന് ഞെട്ടിപ്പിടയാനാവും മുൻപേ
മുറുകെപ്പുണർന്ന് നെറ്റിയിൽ നനുവേ ചുംബിച്ചാ
നോവുകളെല്ലാം കവർന്നെടുക്കും
പിന്നെയൊരായിരം സ്വപ്നങ്ങളെ
നിറഞ്ഞ വസന്തങ്ങളെ
എന്റെ മിഴികളിൽ നിന്നു
നിന്റെ മിഴികളിലേക്ക് കൊരുത്തിടും ഞാൻ..
നോവുകളിനിമേൽ നിന്നിലേക്കെത്താ വിധം
ഞാനെന്റെ വർണങ്ങളെ നിന്നിലേക്കൊഴുക്കിടും
നിന്റെ കൈവിരൽത്തുമ്പൊരു നാളുമകലാതെ-
ന്നോടു ചേർത്തു വെച്ചിടും..
എന്തെന്നാൽ ഞാനറിയുന്നുണ്ട് സഖേ
നീ പോലുമറിയാതെ  നിനക്കൊരുപാട് നോവുന്നത്..

ഞാൻ മാത്രമറിയുന്നുണ്ട്..

Thursday 13 October 2016

നിന്നിലേക്ക് പൊഴിയുവാൻ...

ചുവന്ന ഗുൽമോഹർ പൂക്കളെയെന്ന പോൽ
നിന്നെ സ്നേഹിക്കുന്നുണ്ട് ഞാൻ..
നിന്റെ ആകാശത്തിലേക്ക് ചില്ലകളുയർത്തി
നിന്നിലേക്ക് വിടർന്ന് കൊഴിയുവാൻ
ഒരു വസന്തമൊരുക്കിവെച്ചാണ്
ഞാൻ വന്നിരിക്കുന്നത്..
നിന്നെ നോവിക്കുന്ന മുള്ളുകൾക്കു മീതെ
ഞാനെന്റെ പൂക്കളെ പൊഴിക്കും..
അക്ഷരങ്ങൾ വറ്റിയ നിന്റെ ഉള്ളിലേക്ക്
ഞാനൊരു കവിതയായ് പടരും..
നിറങ്ങളില്ലാതെ  വിവർണമായ
നിന്റെ ജീവിതത്തിലേക്ക്
ചുവന്ന ഗുൽമോഹർ പൂക്കളുമായി
ഞാൻ കടന്നു വരും..
നിറയെ പൂക്കളും നിറയെ വർണങ്ങളും
നിറയെ വസന്തങ്ങളുമായി
ഒടുവിൽ
നിന്നെ ഞാനെന്റെ പൂമരമാക്കും..
നിറയെ സ്വപ്നങ്ങൾ വിരിയുന്ന
നന്മയുടെ പൂമരം..




Saturday 8 October 2016

മറവി
********
മറക്കില്ലെന്ന് പറയാൻ
ഞാനും നീയും മറന്നതു മുതൽ
മറവികൾ മാത്രമുള്ളൊരു ലോകം 
നമുക്കായി പിറക്കുകയായിരുന്നു..
പിന്നെ പിന്നെ നമ്മളെല്ലാം മറക്കാൻ തുടങ്ങി..
വഴിയിൽ വെച്ച് കണ്ടപ്പോൾ ചിരിക്കാൻ
നീ മറന്നതു പോലെ
തനിച്ചിരിക്കുമ്പോൾ നിന്നെ ഓർക്കാൻ
ഞാനും മറന്നു..
കണ്ണു നിറഞ്ഞപ്പോൾ സ്വാന്തനിപ്പിക്കാൻ
നീ മറന്നതു പോലെ
എന്റെ സന്തോഷങ്ങളിലേക്ക്
നിന്നെയും ഉൾപ്പെടുത്താൻ
ഞാനും മറന്നു..
നമ്മുടെ വാചാലതകളിലേക്ക്
മൗനം ക്ഷണിക്കപ്പെടാതെ
കടന്നു വന്നപ്പോൾ
അതിനെ മടക്കിയയക്കാൻ
നീ മറന്നതു പോലെ
എന്റെ ഏകാന്തമായ
വൈകുന്നേരങ്ങളിലേക്ക്
ഒരു കപ്പ് ചായയുമായി
നിന്നെ ക്ഷണിക്കാൻ
ഞാനും മറന്നു..
സൗഹൃദ ദിനങ്ങളോടൊപ്പം
സുഹൃത്തുക്കളെ മറന്നു
പ്രണയത്തേയും പ്രണയിനിയേയും മറന്നു
കവിയെ മറന്നു.. കവിത പകർന്ന തൂലിക മറന്നു..
വായനയേയും വായനകൾക്കപ്പുറത്തെ
വാതായനങ്ങളേയും മറന്നു..
അയല്ക്കാർക്കിടയിൽ പോലും
മറവിയുടെ മതിൽക്കെട്ടുകളുയരാൻ തുടങ്ങി..
ഞാൻ എന്നിലേക്കും നീ നിന്നിലേക്കും
ചേക്കേറിയപ്പോൾ
പരസ്പരം കയറിവരാനായി
ഹൃദയ കവാടം തുറന്നിടാൻ നാം മറന്നു..
മറന്നു മറന്നൊടുവിൽ
ഞാനും നീയും
നമ്മളായതെങ്ങനെയെന്നു മറന്നു..
പരസ്പരം പിൻവിളിക്ക് കാതോർക്കാൻ
മറന്ന് നാം നടന്നകന്നു..
തിരിഞ്ഞു നോക്കുമ്പോൾ നമുക്കിടയിൽ
ഓർമകൾക്കു പോലും താണ്ടാനാവാത്ത
മറവിദൂരം..
എല്ലാം മറന്നൊടുവിൽ
ജീവിതത്തിന്റെ രണ്ടറ്റങ്ങളിൽ
തളർന്നിരിക്കുമ്പോൾ
നാം നമ്മളേയും മറന്നു തുടങ്ങുന്നു..

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...