Sunday 24 January 2016

കഥ : മിന്ന്

ഡിസംബറിലെ തണുത്ത രാവുകളിൽ
ജെറുസലേമിനു മുകളിൽ പെയ്തിറങ്ങാറുള്ള
വെള്ളി നിറമാർന്ന ആ മഞ്ഞു നൂലുകൾ
തന്റെ ജനലഴികൾക്കപ്പുറത്ത് പെയ്തിറങ്ങുന്നത്
അവൾക്കു കാണാമായിരുന്നു...
കൈ നീട്ടി അതിനെ തൊട്ടെടുത്ത് കവിളോട് ചേർക്കാൻ കൊതി തോന്നി... കൈ നീട്ടിയതുമാണ്... അപ്പോഴാണ്‌ അമ്മായി വന്നു വിളിച്ചത്..
"ആൻസ്... മോളേ നീയിതു വരെ റെഡിയായില്ലേ.. ദേ പള്ളീന്ന് അവരെല്ലാം വന്നു.."
കൈ പിൻവലിച്ച് തിരിഞ്ഞപ്പോഴേക്കും അമ്മായി കയറി വന്നു.. പുറകെ തന്നെ അമ്മയും മറ്റുള്ളവരും..
"അത് ശരി.. ഇവിടെ നിക്കാ.. എന്തൊരു ഒരുക്കമാ ഇത്.. വാ അവരെല്ലാം അവിടെ പെണ്ണിനേം കാത്തിരിക്കുവാ.."
നനുത്തൊരു പുഞ്ചിരിയോടെ അത് കേട്ട് നിൽക്കവേ തന്റെ കണ്ണുകൾ അമ്മയുടെ മുഖം വായിക്കുകയായിരുന്നു... അത് മനസിലാക്കിയിട്ടാവണം നിറഞ്ഞ കണ്ണുകൾ തന്നിൽ നിന്നൊളിച്ച് അമ്മയും തിരക്ക് കൂട്ടി....
പുഞ്ചിരി മായിക്കാതെ തന്നെ അമ്മായിയോട് പറഞ്ഞു
"എന്റെ നല്ല അമ്മായിക്കുട്ടി അല്ലേ.. ഒരഞ്ച് മിനിട്ട് കൂടി... ദേ ഇപ്പോ വരാം.."
അത് കേട്ട് ചിരിച്ചു കൊണ്ട് "ശരി ശരി... പക്ഷേ വേഗം വന്നേക്കണം കേട്ടോ.." എന്നും പറഞ്ഞ് കവിളിൽ വേദനിക്കാതൊരു നുള്ളു തന്ന് മുറിയിലേക്ക് വന്ന പടയെ എല്ലാം കൂട്ടിക്കൊണ്ട് അമ്മായി പോയി...
വാതിൽ ചാരിയിട്ട് കണ്ണാടിക്കു മുന്നിൽ വന്നു നിന്നു...
പാവം അമ്മ... എന്തായിരിക്കും ഇപ്പോ അമ്മേടെ മനസ്സിൽ.. മറ്റെല്ലാരേം ഒഴിവാക്കി തന്റെ അടുത്ത് വന്ന് തന്നെ ചേർത്തു നിരത്തി മൂർദ്ധാവിലൊരു സ്നേഹ മുത്തമേകാൻ ആ മനസിപ്പോൾ കയറു പൊട്ടിക്കുകയാവാം..
അത് കൊണ്ട് തന്നെയാവണം കണ്ണു നിറഞ്ഞതും... എത്ര നാളത്തെ കാത്തിരിപ്പാണ് ഈ ദിവസം.. കൂടെ ഉള്ളവർക്കും തന്നേക്കാൾ താഴെയുള്ളവർക്കും താലി ഭാഗ്യം കർത്താവ് കനിഞ്ഞരുളിയപ്പോൾ തന്നെ മറന്നു പോയത് എന്താണെന്നോർത്ത് എത്ര രാത്രികളാണ് ഉറങ്ങാതെ കരഞ്ഞു തീർത്തിട്ടുള്ളത്.. തന്നെക്കാൾ ഏറെ വിഷമിച്ചിരുന്നത് പപ്പയും അമ്മയും ആയിരുന്നു.. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുറിവേൽപ്പിക്കന്ന ചോദ്യങ്ങൾ... അതുണ്ടാക്കുന്ന നോവ്... അല്ലെങ്കിലും കെട്ട് പ്രായം കഴിഞ്ഞു വീട്ടിൽ നിൽക്കുന്ന പെൺമക്കൾ മാതാപിതാക്കൾക്ക് എന്നും നെഞ്ചിലെരിയുന്ന കനലാണ്.. മറ്റാരെയും അറിയിക്കാതെ അവരനുഭവിക്കുന്ന നോവിന്റെ തീക്കനൽ.. എല്ലാം സഹിക്കാം പക്ഷേ ചില കളിയാക്കലുകൾ.. അവയിൽ മറച്ചു വെച്ചിരിക്കുന്ന കൂർത്ത മുനകൾ ഹൃദയത്തിലുണ്ടാക്കുന്ന മുറിവ്.. '
നീറ്റലോടെ കണ്ണാടിയിൽ നിന്ന് മുഖം തിരിച്ചു.. 'കൂട്ടുകാരിൽ നിന്നുള്ള കളിയാക്കലുകളാണ് ഏറെ നോവിച്ചിട്ടുള്ളത്.. അവരോടാകുമ്പോ മുഖം കറുപ്പിക്കാനും പറ്റില്ലല്ലോ.. ഉള്ളിലെ നോവ് ആരെയും അറിയിക്കാതെ പുഞ്ചിരിക്കും..' അവരാരും തനിക്കു നോവും എന്ന് കരുതിയല്ല അതൊന്നും പറയുന്നത്.. എങ്കിലും ആ വാക്കുകളെല്ലാം വന്നു തറയ്ക്കുന്നത് തന്റെ ഉള്ളിലാണ്.. പക്ഷേ ഇനി ഇപ്പോ ആരുടെയും ചോദ്യങ്ങൾക്കു മുന്നിൽ തനിക്കോ പപ്പയ്ക്കോ അമ്മയ്ക്കോ തല കുനിക്കേണ്ടി വരില്ല.. ഒടുവിൽ തന്റെ കണ്ണീരിന് തന്റെ കർത്താവ് ഉത്തരം തന്നിരിക്കുന്നു.. മുറിയിലെ ക്രൂശിത രൂപത്തിനു മുന്നിൽ മുട്ടു കുത്തി നിന്നപ്പോൾ മിഴിയിൽ പൊടിഞ്ഞ കണ്ണീർക്കണം പതിയെ തുടച്ചു മാറ്റി..
അപ്പോഴാണ്‌ വീണ്ടും അമ്മായിയുടെ വിളി..
"മോളേ... ആൻസ്..."
പിന്നെ കണ്ണാടിയിൽ ഒന്ന് കൂടി നോക്കിയിട്ട് വേഗം പുറത്തേക്ക് ചെന്നു...
എല്ലാരും തന്നെ നോക്കി ഇരിക്കുകയായിരുന്നു... പിന്നെ വീണ്ടും ബഹളമയമായി വീട്.. എതിരേൽപ്പ് കഴിഞ്ഞ് മധുരം വെപ്പിലേക്കു കടന്നു.. അരിയും നെല്ലും ചേർത്തെടുത്ത് നെറ്റിയിൽ കുരിശു വരപ്പിച്ചപ്പോഴും കറിവേപ്പിലയാൽ വെള്ളം തളിക്കുമ്പോഴും പാനി ചേർത്ത് മൂന്നു തവണ മധുരം വെച്ച് തരുമ്പോഴും എല്ലാം അമ്മയുടെ കൈയും മനസ്സും നിറഞ്ഞ സ്നേഹത്താൽ വിറകൊള്ളുന്നത് താനറിഞ്ഞു.. തൊട്ടടുത്ത് മാറി നിന്നിരുന്ന പപ്പയുടെ മുഖത്ത് താനിന്നു വരെ കണ്ടിട്ടില്ലാത്ത ആത്മ സംതൃപ്തിയുടെ നിറവ് കണ്ടു.. മാതാപിതാക്കളെന്ന നിലക്ക് ഇന്നാണ് അവരുടെ ജീവിതം പൂർണമായും ധന്യമായിരിക്കുക...
മധുരം വെപ്പും മറ്റ് ചടങ്ങുകളും കഴിഞ്ഞ് രാത്രി പ്രാർത്ഥനയും കഴിഞ്ഞപ്പോഴേക്കും രാത്രി ഒരുപാട് വൈകിയിരുന്നു... കല്ല്യാണ പെണ്ണായതു കൊണ്ട് നേരത്തെ കിടന്നുറങ്ങാനുള്ള ഭാഗ്യം കിട്ടി... നല്ല ക്ഷീണം തോന്നുണ്ട്,, ക്ഷീണം ശരീരത്തിനാണ് മനസ്സ് നാളത്തെ പ്രഭാതത്തിനു വേണ്ടി ധൃതി കൂട്ടുകയാണ്‌...
കണ്ണടയ്ക്കുമ്പോൾ മനസ്സിൽ തെളിയുന്നത് തന്റെ ജീവിതം തന്നെ മാറ്റി മറിച്ച.., തന്റെ ജീവിതത്തിലുണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന ആ ദിവസമാണ്...
അമ്മായിയാണ് ഫോട്ടോ കൊണ്ട് വന്നത്... അവിടെ കോട്ടയത്ത് അമ്മായിടെ ഒരു പഴയ കൂട്ടുകാരിയുടെ ഒറ്റ മകൻ.. കുറെ ഏറെ കല്ല്യാണാലോചനകൾ മുടങ്ങിയതിനാലാവും താനത് ശ്രദ്ധിക്കാൻ നിക്കാതെ ജോലിക്കു പോവാൻ ഇറങ്ങിയത്..
"ജോൺ വർഗീസ്.. ഇന്ത്യൻ ആർമിയിൽ ജോലി.. പട്ടാളക്കാരന്റെ കടും പിടുത്തങ്ങളൊന്നും ഇല്ലാത്ത ഒരു പാവം.. അപ്പൻ അവന്റെ കുഞ്ഞിലെ മരിച്ചതാ.. പിന്നെ അവനെ വളർത്തീതും പഠിപ്പിച്ചതും എല്ലാം അവന്റെ അമ്മച്ചിയാ.. അതോണ്ട് തന്നെ അമ്മച്ചി കഴിഞ്ഞേ അവനു മറ്റെന്തും ഉള്ളു.."
പക്ഷേ അമ്മായിയുടെ വർണന കേട്ടപ്പോ അറിയാതെ നിന്ന് ശ്രദ്ധിച്ചു പോയി... ഫോട്ടോ വാങ്ങിച്ചു നോക്കിയപ്പോ പൂർവ്വജന്മത്തിലെങ്ങോ കണ്ടു മറന്നൊരു മുഖം പോലെ തോന്നി.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
പരസ്പരം കണ്ടു.. സംസാരിച്ചു... കല്ല്യാണം ഉറപ്പിച്ചു.. കർത്താവ് തനിക്കു വേണ്ടി കാത്തു വെച്ചിരുന്ന നിധി ഇത്രക്ക് പുണ്യപ്പെട്ടതാവും ന്നു ഒരിക്കലും കരുതിയതല്ല... ജോണിച്ചനു വേണ്ടി കർത്താവ് കരുതി വെച്ചതായിരുന്നു തന്നെ... തന്റെ സങ്കടങ്ങളെല്ലാം തീർക്കാൻ.. ഇനി ഇതിലും വലിയൊരു പുണ്യം മറ്റെന്താണുണ്ടാവുക.. നന്ദി കർത്താവേ.. കണ്ണുകളടച്ച് കർത്താവിനു നന്ദി പറയവേയാണ് ഫോൺ ബെല്ലടിച്ചത്.. ആരാണാവോ ഈ രാത്രിയിൽ.. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോ അറിയാതെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. 'ജോണിച്ചൻ..'
ഫോണെടുത്ത് ചെവിയോട് ചേർത്തു.. സംസാരിച്ച് സംസാരിച്ച് എപ്പോഴോ ഉറങ്ങി..
പുലരും മുമ്പേ ഉണർന്നു.. ഉണർന്നപ്പോഴും വീടു മുഴുവൻ ബഹളത്തിൽ മുങ്ങിയിരുന്നു... പിന്നെ തന്നെ ഒരുക്കാനുള്ള തിരക്കായി.. ഓർഫെറ്റ് കളർ സാരിയാണ് ഉടുത്തത്.. അത് തന്റെയൊരു കുഞ്ഞു സ്വപ്നമായിരുന്നു... കല്യാണത്തിന് ഈ സാരി ഉടുക്കണം എന്നത്... കല്ല്യാണ സാരിയിൽ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടത് താനിന്നു വരെ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു.. 'എവിടെ ആയിരുന്നാവോ ഇത്ര നാളും ഈ ഞാൻ..' ഉള്ളിലൂറിയ ചിരിയോടെ ഓർത്തു..
പള്ളിയിലെത്തിയപ്പോൾ അവരവിടെ നേരത്തെ എത്തിയിരുന്നു.. ഞായറാഴ്ച്ച കുർബ്ബാന കഴിഞ്ഞ്.. മിന്നുകെട്ടിനു കയറിയപ്പോ നേരം പത്തര കഴിഞ്ഞിരുന്നു... ജോണിച്ചന്റെ മുഖത്തേക്കൊന്നു നോക്കുവാൻ പോലും തരപ്പെട്ടില്ല.. മദ്ബഹക്കു മുന്നിലെ മേശയിൽ മന്ത്രകോടി.. അതിനു മുകളിൽ ഏഴു നൂലിഴ പിരിച്ചുണ്ടാക്കിയ മിന്നു മാല.. പ്രാർത്ഥനകളൊന്നും തന്നെ മനസ്സിൽ കയറിയതില്ല.. മിന്ന് കഴുത്തിനോട് ചേർന്നപ്പോ അറിയാതെ കണ്ണുകളടഞ്ഞു..
"ആൻസ്... മോളേ ആൻസ്.. എന്തുറക്കമാ മോളേ ഇത്.. കല്ല്യാണ ദിവസം ഇത് പോലെ ബോധം കെട്ടുറങ്ങുന്നൊരു പെണ്ണ് നീ മാത്രേ ഉണ്ടാവത്തൊള്ളു.. മോളേ എണീക്ക്..." അമ്മയുടെയും അമ്മായിയുടെയും മാറി മാറിയുള്ള വിളി കേട്ടാണ് ഉണർന്നത്... എണീറ്റ് കണ്ണു തുറന്നപ്പോ മുന്നിലാരും ഇല്ല.. "ജോണിച്ചൻ..." ആദ്യം വായിന്നു ചാടിയത് ആ പേരായിരുന്നു..
"എന്നതാന്ന്.. അത് ശരി.. അപ്പോ ഉറക്കത്തിലും അവന്റെ കൂടാരുന്നുല്ലേ.. ചുമ്മാതാണോ നമ്മളീ വിളിയായ വിളിയെല്ലാം വിളിച്ചിട്ടും എണീക്കാണ്ടിരുന്നേ.." അമ്മായിടെ ശബ്ദമാണ് ഉറക്കത്തിൽ നിന്നും സ്വപ്നത്തിൽ നിന്നും ഒരു പോലെ ഉണർത്തീത്.. നോക്കുമ്പോ പള്ളിലല്ല.. സ്വന്തം മുറിയിലെ കട്ടിലിലാണ്.. അപ്പോ താൻ കണ്ടതെല്ലാം... സ്വപ്നമായിരുന്നോ.. കർത്താവേ എന്നതൊക്കെ ആണോ വിളിച്ചു പറഞ്ഞത്.. നിസ്സഹായമായൊരു ചമ്മലോടെ അമ്മായിയും അമ്മയെയും നോക്കുമ്പോ രണ്ടു പേരും നോക്കി നിന്ന് ചിരിക്കുവാണ്.. "അല്ല അമ്മേ അത് ഞാൻ..." പറഞ്ഞു തീരും മുമ്പേ വാതിൽക്കൽ നിന്നൊരു പൊട്ടിച്ചിരി കേട്ടു.. നോക്കവേ കസിൻസ് എല്ലാരും ഉണ്ട്.. കൂടാതെ കൂട്ടുകാരും.. അത് കണ്ട് ഞെട്ടലു മാറും മുമ്പാണ് അമ്മായിയുടെ അടുത്ത ഞെട്ടിക്കൽ.. "അതേ ഇനിം ഈ ഇരിപ്പ് ഇരിക്കാനാണെങ്കിൽ അവൻ വേറെ വല്ല പെണ്ണിനേം കെട്ടി അങ്ങ് പോകും.. പിന്നെ സ്വപ്നം കാണല് മാത്രം ആവും.."
അത് കേട്ടതോടെ എല്ലാരും വീണ്ടും ചിരിക്കാൻ തുടങ്ങി.. ഇനി ഇവിടെ നിന്നാ ശരിയാവില്ലന്നു മനസിലാക്കി ചിരിയടക്കി കുളിമുറിയിലേക്ക് ഓടുമ്പോഴും പുറകിൽ നിന്ന് ചിരി കേൾക്കാമായിരുന്നു..


Tuesday 12 January 2016

ഒറ്റ നക്ഷത്രം (കഥ)

വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ അത്രയും നേരം അകത്ത് ശ്വാസം മുട്ടി ചുറ്റിത്തിരിഞ്ഞിരുന്ന മരണത്തിന്റെ കനത്തു വിളർത്തൊരു മൂകത തന്നെയും കടന്ന് പുറത്തേക്ക് പായുന്നതായി തോന്നി ഹരിക്ക്. നിശബ്ദത തളം കെട്ടിയ ആ വീട് അത്ഭുതത്തോടെ അയാളെ തുറിച്ചു നോക്കി.. അകത്തേക്കു കയറുന്നതിനോടൊപ്പം തനിക്കപരിചിതമായൊരു സ്ഥലത്തെത്തിയവന്റെ നിസ്സഹായത അയാളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.. പരിചിത ഭാവം ഒട്ടും കലരാതെ തനിക്കു ചുറ്റും നിറഞ്ഞു നിൽക്കുന്ന ഈ മൂകത അയാളെയും അത്ഭുതപ്പെടുത്തി.. രണ്ടു മണിക്കൂറുകൾക്കു മുൻപ് ഈ വീട് വന്നുചേരാൻ പോകുന്ന പുതിയ അതിഥിയുടെ കുഞ്ഞു കരച്ചിലിനും കുറുമ്പുകൾക്കും വേണ്ടി കൊതിയോടെ ഒരുങ്ങുകയായിരുന്നു.. ഇവിടുത്തെ വായുവിൽ പോലും നനുത്തൊരു താരാട്ടിന്റെ ഈണമുണ്ടായിരുന്നു.. കിളികളെല്ലാം കൂടിച്ചേർന്ന് ആ ഈണം ഏറ്റു പാടിയിരുന്നു.. ആ കാറ്റെവിടെ... ആ കിളികളെവിടെ.. താരാട്ടു പാട്ടെവിടെ... എത്ര വേഗമാണെല്ലാം അവസാനിച്ചത്.. എല്ലാം... മുന്നോട്ടു നടക്കവേ കാലെന്തിലോ തട്ടി.. നോക്കിയപ്പോൾ തൊട്ടിലാണ്.. തന്റെ കുഞ്ഞിനു വേണ്ടി താൻ കൊണ്ടു വന്ന അവസാന സമ്മാനം.. തന്റെ കുഞ്ഞ്.. പാതി മുറിഞ്ഞൊരു നിലവിളി അയാളുടെ തൊണ്ടയിൽ തട്ടിത്തടഞ്ഞു.. കൈയിലിരുന്ന കാറിന്റെ താക്കോൽ ഹാളിലെ ടേബിളിനു മുകളിലേക്കെറിഞ്ഞ് കണ്ണീരിൽ കുതിർന്ന കവിളുകളും വിറക്കുന്ന ചുണ്ടുകളുമായി എല്ലാം തകർന്നുപോയൊരുവന്റെ വേദനയോടെ അയാളാ ഹാളിൽ മുട്ടു കുത്തി.. ഒന്നു പൊട്ടിക്കരയണം.. ഉറക്കെ.. എല്ലാ നോവും കണ്ണീരിലലിയിച്ച്.. എല്ലാം മറന്ന്... ഒരു കുഞ്ഞിനെപ്പോലെ.. ഒന്നു പൊട്ടിക്കരയണം... രക്തം കട്ടപിടിച്ച തന്റെ കൈകളിലേക്കും വസ്ത്രങ്ങളിലേക്കും നോക്കിയപ്പോൾ നെഞ്ചിലൊരു കത്തിയാഴ്ത്തുന്ന നോവു തോന്നി.. തടഞ്ഞു വെച്ചിരുന്ന നോവെല്ലാം കണ്ണുനീരായി കവിളു നനച്ചൊഴുകി.. ഒരച്ഛന്റെ വാത്സല്യം ഹൃദയം തകർന്നുള്ള നിലവിളികളായി ചുവരുകളിൽ തട്ടിത്തെറിച്ചു..
പെട്ടെന്നുണ്ടായ ഒരു ഉൾവിളിയെന്ന പോലെ അയാൾ ചാടി എണീറ്റു.. ഇല്ല... താൻ കരഞ്ഞു കൂടാ.. തളർന്നു പോവാൻ തനിക്കവകാശമില്ല.. സംഭവിച്ചതൊന്നും വ്യക്തമാവാതെ തന്റെ കുഞ്ഞിനു വേണ്ടി കഴിഞ്ഞ 8 മാസക്കാലമായി മനസിലിട്ട് ശ്രുതി മീട്ടുന്നൊരു താരാട്ടു പാട്ടിന്റെ അവസാന മിനുക്കു പണിയിലാവണം തന്റെ ദേവു.. ഐ സി യു വിൽ അബോധാവസ്ഥയിൽ താനവളെ കാണുമ്പോഴും ചുണ്ടുകളിൽ പാതി മറഞ്ഞു നിന്ന ആ പുഞ്ചിരി അതിന്റെ സൂചനയാണ്.. ആ അമ്മ ഉണരും മുൻപ് താനവിടെ എത്തണം.. ഒന്ന് അല്ലെങ്കിൽ രണ്ടു മണിക്കൂർ അതിനുള്ളിൽ ദേവു ഉണരും.. അങ്ങനെയാണ് ഡോക്ടറും പറഞ്ഞത്.. ആർക്കു വേണ്ടിയാണോ അവൾ ജീവിച്ചത്.. ആർക്കു വേണ്ടിയാണോ രാപകലില്ലാതെ ഈശ്വരന്മാരോടപേക്ഷിച്ചത്.. ആ പൊന്നോമനയെ ഒന്നുമ്മ വെക്കാൻ പോലും കഴിയുന്നതിനു മുൻപ് അവളിൽ നിന്നും ഈശ്വരൻ തിരിച്ചെടുത്തെന്ന സത്യം.. അതെങ്ങനെ തന്റെ ദേവൂനോട് താൻ പറയും... ഈശ്വരന്മാരെ... നിറഞ്ഞ കണ്ണുകളോടെ അയാൾ തന്റെ നെറ്റിയിൽ ആഞ്ഞടിച്ചു.. ഏതു തെറ്റിനുള്ള ശിക്ഷയാണ് നീ ഞങ്ങൾക്കീ തരുന്നത്... കണ്ണു തുടച്ച് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ കിടപ്പു മുറിയിലേക്കോടി..
അകത്തു കയറിയപ്പോൾ തന്നെ കാലിൽ തടഞ്ഞു പല വിധത്തിലുള്ള കളിപ്പാട്ടങ്ങൾ.. മിഴി മൂടിയ കണ്ണീർക്കണങ്ങൾക്ക് ഇടയിലൂടെ അയാളാ മുറി ആദ്യം കാണുന്നതു പോലെ നോക്കി.. മുറി മുഴുവൻ കളിപ്പാട്ടങ്ങളാണ്.. കഴിഞ്ഞ കുറെ മാസങ്ങളായി തങ്ങളിരുവരും വരാനിരിക്കുന്ന പൊന്നോമനയ്ക്കായ് ഒരുക്കിയ സമ്മാനങ്ങൾ.. ഓരോ കളിപ്പാട്ടവുമയാൾ നെഞ്ചോടു ചേർത്തു.. കണ്ണീർത്തുള്ളികളുടെ കലർപ്പു കലർന്ന ഉമ്മകളേകി... വിവാഹം കഴിഞ്ഞ് നാലഞ്ചു വർഷങ്ങൾ കഴിഞ്ഞും കുഞ്ഞുങ്ങളുണ്ടാവാത്തത് അവളെ ഒരുപാട് തളർത്തിയിരുന്നു.. നഗരത്തിൽ നിന്നകന്ന് ഇവിടെ ഈ ഒറ്റപ്പെട്ട സ്ഥലത്ത് വീടു വെക്കണമെന്ന് അവളു പറഞ്ഞപ്പോൾ മറ്റൊന്നുമോർക്കാതെ സമ്മതിച്ചത് സമൂഹത്തിന്റെ മുനയുള്ള ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടിയാണ് അവളങ്ങനെ വാശി കാണിച്ചതെന്ന് തനിക്കറിയാവുന്നതിനാലാണ്.. പലപ്പോഴും തനിക്കു തന്നെ തോന്നിയിട്ടുണ്ട്.. ഒരു ഭാര്യ.. ഒരു മകൾ.. ഒരു സ്ത്രീ എന്നിവയിലെല്ലാം ഉപരി ഒരമ്മ എന്ന മേൽ വിലാസമാണ് അവളേറെ കൊതിക്കുന്നതെന്ന്..
എല്ലാ സന്തോഷങ്ങളുമുണ്ടായിട്ടും ഒരു കുഞ്ഞ് എന്ന നോവ് അവൾക്കുള്ളിൽ നിറഞ്ഞു നിന്നിരുന്നു.. പുറത്തു കാണിച്ചിരുന്നില്ല എങ്കിലും അച്ഛാ എന്നൊരു വിളിക്കു വേണ്ടി തന്റെ ഉള്ളും തേങ്ങിയിരുന്നു.. പക്ഷേ അവൾക്കു മുന്നിലത് കാണിച്ചിരുന്നില്ല.. അതവളെ കൊല്ലുന്നതിനു സമമാണെന്ന് തനിക്കറിയാമായിരുന്നതിനാലാണ്.. ഉള്ളിൽ നിറഞ്ഞ മാതൃത്വമൂറി അവളുടെ കണ്ണും മനസും ഒരു പോലെ കലങ്ങിയിരുന്ന പല രാത്രികളിൽ കണ്ണിലൂറിയ സങ്കടം മറച്ചു വെച്ച് അങ്ങ് ആകാശത്തെ നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ച് താനവളെ സമാധാനിപ്പിച്ചിരുന്നു.. അതിലൊരു നക്ഷത്രം ദൈവം നമുക്കായി കാത്തുവെച്ചിരിക്കുന്നുവെന്നും ഒരിക്കലത് നമ്മളിലേക്കെത്തുമെന്നും പറഞ്ഞ് സ്വാന്തനിപ്പിച്ചിരുന്നു.. അതു പോലൊരു നക്ഷത്രത്തെ കൈകളിലൊതുക്കി നെഞ്ചോട് ചേർത്തു പിടിച്ചാണ് രാത്രികളിൽ അവൾ ഉറങ്ങിയിരുന്നത്.. അഞ്ചു വർഷത്തെ അവളുടെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമായിരുന്നു ആ പോസിറ്റീവ് ടെസ്റ്റ് റിസൾട്ട്.. ഒരു കുഞ്ഞിനെ വഹിക്കാൻ മാത്രം കരുത്ത് അവളുടെ ഗർഭപാത്രത്തിനില്ലെന്നു വിധിയെഴുതിയ അതേ വൈദ്യശാസ്ത്രമാണ് രണ്ടു മാസം ഗർഭിണിയാണെന്ന വിവരവും അവളെ അറിയിച്ചത്.. അതൊരു അത്ഭുതമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്.. എന്നാൽ അതൊരു അമ്മയുടെ വിശ്വാസത്തിന്റെ വിജയമാണെന്ന് തനിക്കുറപ്പായിരുന്നു.. വളരെയേറെ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ അപകടകരമാണെന്നും പറഞ്ഞപ്പോഴും പേടിയായിരുന്നില്ല.. ഒരമ്മയുടെ ആത്മവിശ്വാസത്തിന്റെ തിളക്കമായിരുന്നു അവളുടെ കണ്ണുകളിൽ.. അന്നു മുതൽ തങ്ങൾ ഒരുങ്ങുകയായിരുന്നു.. വീടൊരുങ്ങുകയായിരുന്നു.. നെഞ്ചോടക്കിപ്പിടിച്ചിരുന്ന സമ്മാനങ്ങൾ കണ്ണീരു വീണു കുതിർന്നിരുന്നു.. നിറഞ്ഞൊഴുകുന്ന മിഴി തുടയ്ക്കാൻ നിൽക്കാതെ പെട്ടന്നു തന്നെ അയാളാ സമ്മാനങ്ങളെല്ലാം അവിടെത്തന്നെയിട്ടു.. എന്നിട്ട് ധൃതിയിൽ എന്തോ തിരയാൻ തുടങ്ങി.. അലമാരിയിൽ... മേശ വരിപ്പിൽ... കട്ടിലിൽ.. പുതപ്പുകൾക്കിടയിൽ.. തലയിണക്കടിയിൽ... എവിടെയാണു അവളാ നക്ഷത്രം സൂക്ഷിച്ചു വെച്ചിരിക്കുന്നത്.. ആശുപത്രിക്കിടക്കയിൽ ഒന്നുമറിയാതെ ഉള്ള ആ ഉറക്കത്തിൽ നിന്ന് ഏതു നിമിഷവും അവൾ എഴുന്നേല്ക്കാം.. കുഞ്ഞിനെത്തിരയുന്ന ആ കണ്ണുകളെ.. ആ അമ്മ മനസിനെ പറഞ്ഞു മനസിലാക്കണമെങ്കിൽ ആ നക്ഷത്രം കിട്ടിയേ തീരു.. കിടപ്പു മുറി മുഴുവൻ തിരഞ്ഞിട്ടും അത് കണ്ടെത്താൻ കഴിഞ്ഞില്ല.. പെട്ടെന്ന്.. തിരച്ചിലിനിടയിൽ അറിയാതെ താഴെ വീണ് ചിതറിയ ചില്ലു ഗ്ലാസിൽ തട്ടി അയാളുടെ കൈ മുറിഞ്ഞപ്പോൾ.. വിരലിലൂടെ ഊറിയ ആ ചുവന്ന ചോര അയാളെ എന്തോ ഓർമ്മിപ്പിച്ചു.. പിടഞ്ഞെണീട്ട് തിരിച്ച് ഹാളിലെത്തിയ അയാൾ ഒരു വേള നിന്നു.. മുന്നിൽ തറയിൽ പടർന്നൊഴുകിയ രക്തത്തിന്റെ ചുവപ്പ്.. അയാളവിടെ തിരയാൻ തുടങ്ങി.. ഇവിടെ.. ഇവിടെയാണവൾ വീണത്.. കുഞ്ഞിനുള്ള തൊട്ടിലു പണിതു കഴിഞ്ഞെന്നു പറഞ്ഞ് ആശാരി വിളിച്ചപ്പോൾ സന്ധ്യയായിട്ടു കൂടി അതു വാങ്ങിച്ചു വന്നതായിരുന്നു താൻ.. തൊട്ടിലു കണ്ട സന്തോഷത്തിൽ പെട്ടന്നു നടന്നു വന്നപ്പോൾ.. അറിയാതെ... ദു;ഖത്തിന്റെ ഏതു നശിച്ച സമയമായിരുന്ന അത്.. അവളുടെ കാലിടറിയത്.. നിലവിളിച്ചു കൊണ്ട് താഴെ വീണു കിടക്കുന്ന അവളെ കണ്ടപ്പോൾ.. പെട്ടെന്നുണ്ടായ നടുക്കത്തിൽ എന്തു വേണമെന്നറിയാതെ നിന്നു പോകുകയാണ് ഉണ്ടായത്.. അത് സത്യമാണെണ് വിശ്വസിക്കാൻ മനസനുവദിക്കാത്തതു പോലെ..
ഹരിയേട്ട ന്നുള്ള അവളുടെ ഉള്ളു തകർന്ന വിളി.. അത് കള്ളമായിരുന്നില്ല.. ഓടിച്ചെന്ന് വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും രക്തത്തിൽ കുളിച്ചിരുന്നു അവൾ... "ക്രിട്ടിക്കലാണ്.. maybe കുഞ്ഞിനെ നമുക്ക്... പ്രാർത്ഥിക്കുക." പാതി മുറിഞ്ഞ ഡോക്ടറുടെ വാക്കുകളിൽ അപകടം മണത്തു.. ഓപ്പറേഷൻ തിയറ്ററിനു മുന്നിലെ ചുവന്ന ബൾബിലേക്കു നോക്കി നിൽക്കുമ്പോഴും കണ്ണിൽ നിറയെ ചോരയായിരുന്നു.. ഒടുവിൽ ഭയന്നതു തന്നെ സംഭവിച്ചപ്പോൾ.. തകർന്നു പോവരുതെന്ന മട്ടിൽ ചുമലിൽ ഡോക്ടറുടെ കൈ പതിഞ്ഞപ്പോൾ.. ദേവു ഉണരാൻ ഇനിയും ഒരു മണിക്കൂറെടുക്കുമെന്നറിഞ്ഞ് വീട്ടിലേക്ക് തിരിച്ചോടുമ്പോൾ.. എല്ലാം.. എന്തായിരുന്നു മനസിൽ... വേദന.... സങ്കടം... എല്ലാം തകർന്നു പോയൊരുവന്റെ ദൈന്യത,,, എന്തായിരുന്നു... അറിയില്ല്ല...
അപ്പോഴാണു സോഫ്യ്ക്കടിയിൽ നിന്ന് അയാളത് കണ്ടെടുത്തത്... കൈക്കുള്ളിൽ മുറുക്കിപ്പിടിച്ച ആ നക്ഷത്രവുമായി അയാൾ തിരിച്ച് ആശുപത്രിയിലെത്തി.. ഐ സി യു വിനു മുന്നിലെത്തിയപ്പോഴെക്കും അകത്തു നിന്ന് ബഹളം കേൾക്കാമായിരുന്നു... “എന്നെ വിട്... എന്റെ കുഞ്ഞെവിടെ... എന്റെ കുഞ്ഞിനെ നിങ്ങളെന്തു ചെയ്തു... ഹരിയേട്ടാ.. എന്നെ വിടൂ... ഹരിയേട്ടാ..”  ദേവൂ... നടുക്കത്തോടെ വാതിൽക്കലേക്ക് ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച്ച അയാളെ തളർത്തിക്കളഞ്ഞു.. നാലഞ്ച് നേഴ്സുമാർ ബലമായി പിടിച്ചു വെച്ചിരിക്കുകയാണ് ദേവൂനെ.. എന്നിട്ടും അവരിൽ നിന്നു കുതറുകയാണവൾ... “ദേവൂ.....” ഉറക്കെ വിളിച്ചു കൊണ്ട് ഓടി ചെന്ന അയാളെ കണ്ടപ്പോൾ നേഴ്സുമാർ മാറി.. അയാളവളെ തന്നിലേക്ക് ചേർത്ത് ഒതുക്കിപ്പിടിച്ചു.. ആർക്കും വിട്ടു കൊടുക്കില്ല എന്നപോലെ.. എന്നിട്ടും അവൾ കുതറിക്കൊണ്ടിരുന്നു... “ഹരിയേട്ടാ... എന്തായിത്.. നമ്മുടെ കുഞ്ഞെവിടെ... ഞാനവരോട് ചോദിച്ചിട്ടും അവരാരും പറയണില്ല.. എവിടെ എന്റെ കുട്ടി... പറ ഹരിയേട്ടാ... ” അപ്പോഴും കെട്ടു പോവാത്തൊരു പ്രതീക്ഷയോടെ തന്നെ നോക്കുന്ന അവളുടെ വിറക്കുന്ന കൈയിലേക്ക് അയാളാ നക്ഷത്രം വച്ചു.. നടുക്കത്തോടെ അതിലേക്ക് നോക്കിയ അവളോട് ജനലിനു പിന്നിൽ രാത്രിയെ പുതച്ച ആകാശത്തിലേക്കു കൈ ചൂണ്ടി, അയാൾ പറഞ്ഞു.. “ നമ്മുടെ കുട്ടിയെ ദൈവം തിരിച്ചു വിളിച്ചു ദേവൂ... അവിടെന്തോ കാര്യം ണ്ട് ത്രേ..“ പാതി മുറിഞ്ഞ അക്ഷരങ്ങളോടെപ്പം അവളുടെ കൈയിലേക്കയാളുടെ കണ്ണുനീരും ഇറ്റു വീണു കൊണ്ടിരുന്നു.. പിന്നീടവൾ ബഹളം വെച്ചില്ല.. നിശബ്ദമായി കൈയിലിരിക്കുന്ന ആ നക്ഷത്രത്തിലേക്കും പിന്നെ ആകാശത്തിലേക്കും മാറി മാറി നോക്കി.. പിന്നെ.. കരഞ്ഞു തളർന്ന്.. വിയർത്തു കുളിച്ച് തണ്ടൊടിഞ്ഞൊരു താമര പോലെ അവൾ അയാളിലേക്കു ചേർന്നിരുന്നു.. ആ കണ്ണുകളപ്പോഴും പെയ്യുകയായിരുന്നു...
”ഹരിയേട്ടാ.. ഹരിയേട്ടാ...“ തണുത്തു മൃദുലമായൊരു കൈത്തലം ചുമലിൽ അമർന്നപ്പോഴാ
ണ് അയാൾ കണ്ണു തുറന്നത്.. പാതിയുറക്കത്തിൽ കണ്ണു ചിമ്മി നോക്കവേ മുന്നിൽ ദേവൂ.. എന്തേ ന്നുള്ള അർത്ഥത്തിൽ അവളുടെ മുഖത്തേക്കു നോക്കവേ ആ മുഖത്ത് അത്ഭുതം വിടരുന്നത് താൻ കണ്ടു... ”ഹരിയേട്ടനെന്താ ഈ തണുപ്പത്ത് ഇവിടെ ബാൽക്കണിയിലിരുന്നാ ഉറങ്ങണേ.., നല്ല ആളാ കേട്ടോ.. ഇതിപ്പോ ഞാൻ എണീറ്റ് നോക്കുമ്പോ ആളില്ല..“ അവളുടെ ചോദ്യം കേട്ടമ്പരന്ന് കണ്ണു തുടച്ച് എണീറ്റു.. ” ആ.. അത് ഞാനോർക്കണില്ല.. ഉറക്കം വരാഞ്ഞപ്പോ നിന്നെ ഉണർത്തണ്ടന്നു കരുതി ഇവിടെ വന്നിരുന്നതാ.. പിന്നെ എന്തൊക്കെയോ ഓർത്ത് ഇവിടിരുന്നങ്ങു ഉറങ്ങി... “
“ഉം ഉം.. അതും ഈ തണുപ്പത്ത്.. ഞാനിപ്പോ എണീറ്റ് വന്നത് നന്നായി.. അല്ലെങ്കിൽ രാവിലെ കാണാരുന്നു

ഇവിടെ ഐസായിട്ട് ഇരിക്കണേ..” “ഓ ശരി സമ്മതിച്ചേ..” അവളോടൊപ്പം ചിരിച്ചു കൊണ്ടകത്തേക്കു വന്നു.. മങ്ങിയ ബെഡ് റൂം ലാമ്പിന്റെ വെളിച്ചത്തിൽ കട്ടിലിൽ കിടന്നുറങ്ങുന്ന മോന്റെ മുഖം.. മാലാഖയെപ്പോലെ.. അവനോട് ചേർന്ന് കിടക്കുമ്പോ കഴിഞ്ഞു പോയ കാലത്തിന്റെ നോവ് കണ്ടു മറന്ന ഒരു സ്വപ്നം പോലെ അയാളുടെ കൺത്തുമ്പിലൂറി നിന്നു...


Monday 11 January 2016

കഥ

“മനസിന്റെ കടലാഴങ്ങളിൽ ഈ സ്നേഹമെല്ലാം നീ ആർക്ക് വേണ്ടിയാണിങ്ങനെ കാത്തു വെക്കുന്നത്.. ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് നീയറിയുന്നില്ലേ..”
ഫയൽ കൊടുക്കാൻ റൂമിലെത്തിയ അവളുടെ പുറകിലൂടെ വന്ന് തന്നിലേക്ക് ചേർത്ത് പിടിച്ച് ഒരു മേലധികാരിക്കു ചേരാത്ത അസുരഭാവത്തോടെ അയാൾ അവളോട് ചോദിച്ചു..
പെട്ടെന്ന് കുതറിത്തിരിഞ്ഞ് ജ്വലിക്കുന്ന കണ്ണുകളുമായി അയാളെ തള്ളിമാറ്റിയിട്ട് അവൾ പറഞ്ഞു “എന്റെ ഭർത്താവും മക്കളും ഇതിലും അധികമായി എന്നെ സ്നേഹിക്കുന്നു...”
പാവപ്പെട്ടവരെന്നും മേലധികാരികളുടെ കാൽക്കീഴിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നു ധരിച്ച അയാൾ ഞെട്ടി പുറകോട്ട് മാറി.. ഉറച്ച കാൽവെപ്പുകളോടെ അയാളെ കടന്നു പോരവേ തിരിഞ്ഞ് നിന്നവൾ ഇത്ര കൂടി കൂട്ടി ചേർത്തു..
“ഒരു പക്ഷേ നിങ്ങളെ മറ്റാരെക്കാളും അധികമായി സ്നേഹിക്കാൻ നിങ്ങളുടെ ഭാര്യക്കും കഴിയുമായിരിക്കണം.. ആ സ്നേഹം കാണാതെ മറ്റെരാളിൽ നിന്നു സ്നേഹം പിടിച്ചു പറിക്കുമ്പോൾ എന്നെങ്കിലുമൊരു നാൾ നിങ്ങളുടെ ഭാര്യയെ നിങ്ങളേക്കാൾ അധികം സ്നേഹിക്കുന്നത് മറ്റൊരാൾ ആണെന്നറിഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല...”
മുഖത്ത് രക്തമയം പോലുമില്ലാതെ അയാളവിടെ പകച്ച് നിൽക്കുമ്പോൾ ഒരപകടത്തിൽ പെട്ട് രണ്ടു മാസമായി കട്ടിലിൽ നിന്നെഴുന്നേൽ ക്കാൻ പോലും പറ്റാതെ കിടക്കുന്ന തന്റെ ഭർത്താവിന്റെ മുഖമായിരുന്നു അവളുടെ മനസിൽ.. അവൾ തന്റെ താലിയിൽ ഒന്നുകൂടി മുറുകെ പിടിച്ചു. കൺകോണിലൊരു മിഴിനീർക്കണം മിന്നിമാഞ്ഞു..


Sunday 10 January 2016

അകലം

അകലങ്ങളിലെവിടെയോ നിന്ന്
നീയെന്ന എന്റെ യാഥാർത്ഥ്യം
എന്നെ വിളിക്കുന്നതെനിക്കു കേൾക്കാം..
നമ്മളെന്ന സത്യത്തെ
നീയും ഞാനുമെന്ന് നീയുടച്ചു കളഞ്ഞപ്പോൾ
ആ രണ്ടു വാക്കുകൾക്കിടയിലുണ്ടായ
അനന്തമായ അകലങ്ങളിൽ നിന്ന്
അങ്ങനെ ഒരു ശബ്ദം കേൾക്കുന്നുവെന്ന്
കരുതട്ടെയോ ഞാൻ...
‘നമ്മൾ’എന്നതിൽ നിന്ന് ‘ഞാൻ’ എന്നതിലേക്ക്
നീയെന്നെ ചുരുക്കിക്കളഞ്ഞിട്ടില്ലെന്നു വിശ്വസിക്കാൻ..
ആ വിശ്വാസത്തിൽ..
ഒറ്റപ്പെടലിന്റെ ഈ നോവു തീരത്ത്
ഇനിയീ ജന്മം പെയ്തൊഴിയാൻ
അങ്ങനെയൊരു തോന്നലെങ്കിലും
എന്നിലുപേക്ഷിച്ചു കൂടെ നിനക്ക്...

അമ്മ നിലാവ് (കഥ)

മാസാവസാനം കിട്ടിയ പണിക്കൂലിയുമായി അയാൾ നടന്നെത്തിയത് മൈതാനത്തെയാ ഒറ്റയാലിൻ ചുവട്ടിലേക്കായിരുന്നു. സന്ധ്യ മയങ്ങിയിരുന്നതിനാൽ ആലിൻ ചുവടും മൈതാനവും ആളൊഴിഞ്ഞ് ഒറ്റക്കായിരുന്നു. രാത്രി കനക്കുവോളം അയാളാ ആലിൻ ചുവട്ടിലിരുന്ന് കൂട്ടിയും കുറച്ചും കണക്കുകൂട്ടുകയായിരുന്നു.. പിന്നെ പെട്ടെന്നെഴുന്നേറ്റ് നിലാവു വീണു കിടക്കുന്നയാ മൈതാനവും കടന്ന് നാട്ടുവഴിയുലൂടെ നടക്കാൻ തുടങ്ങി..
മനസിലപ്പോൾ അവളുടെ മുഖമായിരുന്നു. ശിവകാമി, തന്റെ കൂടെ പാറമടയിൽ പണിക്കുണ്ടായിരുന്ന ശിവന്റെ ഭാര്യ. മൂന്നു പെറ്റിട്ടും സുന്ദരി.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന അത്താഴപ്പട്ടിണിക്കാരന്റെ വീട്ടിലേക്കു മൂന്നാമത് വന്നു പിറന്നതും പെൺകുഞ്ഞായിട്ടും മറ്റുള്ളവരെ പോലെ ഭാര്യയെ തല്ലുകയോ തെറി വിളിക്കുകയോ ചെയ്തില്ല ശിവൻ.. മറിച്ച് ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു കൊണ്ട് 'എന്റെ വീട്ടിൽ പിന്നേം സാക്ഷാൽ ലക്ഷ്മി ദേവി അവതരിച്ചിരിക്കുന്നു' എന്നു പറഞ്ഞ് സന്തോഷിച്ചു. അവനു ശിവകാമിയെ ജീവനായിരുന്നു.. അവൾക്ക് തിരിച്ചും. ഇങ്ങനെയൊക്കെയായിട്ടും ഈശ്വരന്മാർക്കെന്താണാവോ അവനോടസ്സൂയ തോന്നിയത്.. രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂണു കഴിഞ്ഞ് ഒരാഴ്ച്ച തികയും മുൻപാണവൻ... കാലു തെറ്റിയതാണെന്നാണ് കണ്ടു നിന്നവർ പറഞ്ഞത്.. തന്റെ മൂന്നു പെൺകുഞ്ഞുങ്ങളേയും മാറോടണച്ച് അന്നു ശിവകാമി കരഞ്ഞ കരച്ചിൽ ഇന്നും കണ്മുന്നിലുണ്ട്.
പെട്ടെന്നയാളൊന്നു നിന്നു.. മനസാക്ഷിക്കു നിരക്കാത്തതെന്തോ ചെയ്യാൻ പോകുന്നവന്റെ ഭയം ആ മുഖത്തൊന്നു മിന്നി മറഞ്ഞു. പിന്നെ തിരിഞ്ഞു നടക്കാനാഞ്ഞു. ഇല്ല.. തനിക്കതിനു പറ്റില്ല. മൂന്നാലടി വെച്ചപ്പോഴാണ് കൂട്ടു പണിക്കാരനായ വേലുവിന്റെ വാക്കുകൾ വീണ്ടും ചെവിയിൽ മുഴങ്ങിയത്. “മുതലാളിമാർക്കു മാത്രം വിധിച്ചതാടാ ശരവണാ ഇതൊക്കെ. നമ്മുടെ കൈയിൽ പണം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യം ഇല്ല. അതിനൊക്കെ യോഗം വേണം.. യോഗം..” പുലരും മുൻപെണീറ്റ് അടുത്തുള്ള സുബ്രമണ്യ ക്ഷേത്രത്തിൽ തൊഴാൻ പോകുന്നത് അമ്മ ഉണ്ടായിരുന്നപ്പോ തൊട്ടുള്ള ശീലമാണ് . അമ്മ പോയ ശേഷവും പതിവു തെറ്റിച്ചില്ല. കൂട്ടിനു വേലുവിനേയും കൂട്ടും. അങ്ങനെ പോകവേ തുടർച്ചയായി ശിവകാമിയുടെ കൂരക്കു മുന്നിൽ മുതലാളിയുടെ കാറു കാണാൻ തുടങ്ങിയപ്പോഴാണ് അവനത് പറഞ്ഞത്. അവൻ പറഞ്ഞതു കേട്ടമ്പരന്ന് നോക്കിയപ്പോ ചിരിച്ചു കൊണ്ടെന്റെ പുറത്ത് തട്ടി അവൻ മുന്നോട്ട് നടന്നു.. “ ഇതൊക്കെ ഇവിടെ എത്രയോ കാലങ്ങളായി നടക്കുന്നു എന്നയർത്ഥത്തിൽ..
പിന്തിരിഞ്ഞു നടന്ന അയാൾ വീണ്ടും എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി. അടർന്നു വീഴാറായി നിൽക്കുന്ന ശിവകാമിയുടെ കൂരയുടെ മുന്നിൽ വന്നു നിന്നു. നിലാവിന്റെ അരണ്ട വെട്ടത്തിലത് ഭയപ്പെടുത്തുന്നൊരു രൂപം പോലെ തോന്നി. അവളുറങ്ങുകയായിരിക്കും.. എവിടുന്നോ കേൾക്കുന്ന ചീവിടുകളുടെ ശബ്ദം ഒഴിച്ചാൽ നിശബ്ദമാണ് പ്രകൃതി. അയാളൊന്നു ചുമച്ചു. അകത്തു നിന്ന് അനക്കമൊന്നും ഉണ്ടായില്ല. “ശിവകാമി..” അൽപമുച്ചത്തിൽ വിളിച്ചു. അതുകൊണ്ട് ഫലമുണ്ടായി. അകത്താരോ അനങ്ങുന്നതും വിളക്ക് കത്തിക്കുന്നതും അയാളറിഞ്ഞു. വിളക്കുമായി പുറത്തേക്കിറങ്ങിയ ശിവകാമി അയാളെ കണ്ട് അമ്പരന്നു നിന്നു. നിമിഷ നേരത്തെ അമ്പരപ്പിനു ശേഷം കാര്യമെന്തെന്നു ചോദിക്കാനാഞ്ഞ അവളുടെ മുന്നിലേക്കയാൾ കൈയിലിരുന്ന പണം നീട്ടി. ഞെട്ടലോടെ തലയുയർത്തി അയാളെ നോക്കിയ അവളാ മുഖത്തു നിന്നെന്തോ വായിച്ചെടുത്ത പോലെ ഒന്നുകൂടി പണത്തിലേക്കും അയാളുടെ മുഖത്തേക്കും നോക്കിയ ശേഷം മിണ്ടാതെ അകത്തേക്കു കയറി. മൗനാനുവാദവും ക്ഷണവുമായിരുന്നു അതെന്നു മനസിലാക്കിയ അയാളും അവളുടെ പുറകെ അകത്തേക്കു ചെന്നു.
അതൊരു ചെറിയ ഒറ്റ മുറിയായിരുന്നു.. തൊട്ടിലിൽ അവളുടെ ചെറിയ കുഞ്ഞ് കൈവിരൽ വായിലിട്ട് കുഞ്ഞുങ്ങൾക്കു മാത്രം സ്വന്തമായയാ തനതു പുഞ്ചിരിയോടെ മയങ്ങുന്നു. താഴെ തറയിൽ 12 വയസ്സുള്ള അവളുടെ മൂത്തമകൾ കിടന്നിരുന്നു. ആകെ ഒരു കട്ടിലേ ഉണ്ടായിരുന്നുള്ളു.. അതിലവളുടെ രണ്ടാമത്തെ മകളായിരുന്നു കിടന്നിരുന്നത്.. വിളക്ക് നിലത്ത് അരികു ചേർത്തു വെച്ച ശേഷം അവളാ കട്ടിലിൽ നിന്ന് മകളെ എടുത്ത് നിലത്ത് മൂത്തകുട്ടിയോടൊപ്പം കിടത്തി. പെട്ടെന്ന് ഉറക്കത്തിൽ നിന്നുണർന്നയവൾ അമ്മാ എന്നു വിളിച്ചു കൊണ്ട് അയാളുടെ മുഖത്തേക്കു തുറിച്ചു നോക്കി. പിന്നെ നിർവികാരമായി തിരിഞ്ഞു കിടന്നുറങ്ങി.. “പേടിക്കണ്ട.. അവർക്ക് രണ്ടാൾക്കും കണ്ണു കാണില്ല.” തിരിഞ്ഞു നിന്ന് ശിവകാമി പറഞ്ഞു. എന്തായിരുന്നു അവളുടെ വാക്കുകളിൽ.. ആശ്വസിപ്പിക്കലോ പരിഹാസമോ.. വേർതിരിച്ചറിയാൻ അയാൾക്കായില്ല.
വാതിലടക്കാത്തതിനാൽ അകത്തേക്കു തള്ളിക്കേറി വന്ന കാറ്റ് പന്ത്രണ്ടുകാരിയുടെ പിഞ്ചിക്കീറിയ പാവാട മുട്ടോളം കയറ്റിയിട്ട് തിരിച്ചു പോയി. കട്ടിൽ കുടഞ്ഞു വിരിക്കുന്ന തിരക്കിലായതിനാലവും ശിവകാമിയത് ശ്രദ്ധിക്കാൻ തുനിഞ്ഞില്ല.. മുട്ടോളം കയറിയ പാവടക്കു താഴെ കണ്ട കാഴ്ച്ച അയാളുടെ സർവനാഡികളും തളർത്തി. മെലിഞ്ഞുണങ്ങി തളർന്ന രണ്ടു കാലുകൾ. “പോളിയോ വന്നതാണ് അവൾക്കഞ്ചു വയസ്സുള്ളപ്പോൾ..” കട്ടിൽ വിരിച്ച ശേഷം തിരിഞ്ഞ ശിവകാമി അയാളുടെ നോട്ടം കണ്ട് പറഞ്ഞു. അവളുടെ ശബ്ദമിടറിയോ.. മുഖത്തേക്കു നോക്കിയപ്പോൾ കവിളിലൂടൊഴുകിയ കണ്ണീരു കാണാതിരിക്കാനവൾ മുഖം തിരിച്ചു. വാതിലടച്ച ശേഷമവൾ മുന്നിൽ വന്നു നിന്നു.. എന്തു വേണമെങ്കിലും ആവാം എന്നൊരു ഭാവത്തിൽ... അപ്പോഴവളുടെ മുഖത്ത് ഞാൻ കണ്ട ചിരിക്ക് രാത്രിയൊരാളെ കൂട്ടുകിടക്കാൻ കിട്ടിയവളുടെ ദുഷിച്ച ശൃംഗാര രസമായിരുന്നില്ല. മറിച്ച് മക്കളെ പോറ്റാൻ മറ്റൊരു വഴിയും കാണാതെ സ്വന്തം സ്രീത്വം പണയം വെക്കേണ്ടി വന്ന ഒരമ്മയുടെ ദൈന്യതയായിരുന്നു.

ഒന്നും മിണ്ടാതെ വാതിൽ തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ പുറകെ വന്ന അവളോട് പറഞ്ഞതിത്ര മാത്രമായിരുന്നു. “ ഇനി അന്തിക്കൂട്ടിനു വരുന്നവരോട് പറഞ്ഞേക്ക് നിനക്കൊരു ഭർത്താവുണ്ടെന്ന്.. ഇതു വഴി ഇനി വന്നാൽ ജീവനോടെ തിരിച്ചു പോവില്ലന്ന്..” അത്രയും പറഞ്ഞ് ഇരുട്ടിലേക്കിറങ്ങി നടക്കുന്ന അയാളെ അത്ഭുതത്തോടെ നോക്കി കൊണ്ട് അവളാ വാതിക്കൽ നിന്നു. അപ്പോഴും ആകാശത്ത് നിലാവുണ്ടായിരുന്നു... അവളുടെ കണ്ണുകളിലും..

ഇതു നിനക്കായ്

അരുത്.. കൈ നീട്ടരുത് നീയിനി
ഒരു നീതിപീഠത്തിനു മുന്നിലും, നിനക്ക് നീതിക്കായ്..
അരുത്.. ഒരിറ്റു ദയക്കായ് ഇനി കരഞ്ഞ് യാചിക്കരുത്..;
ഒരു നീതിന്യായവ്യവസ്ഥക്കു മുന്നിലും..
നീട്ടിയ കൈകൾ പിൻവലിച്ചു കൊള്ളുക..
കവിളു നനച്ചൊഴുകുന്ന കണ്ണീരു തുടച്ചു കളക..
ദയക്കു യാചിച്ച കണ്ണുകളിൽ
പ്രതിഷേധത്തിന്റെ വിഷം നിറക്കുക..
നിന്റെ മകളെ ചുമന്ന ഗർഭപാത്രത്തെ മറച്ച്
പഴകി നരച്ചയാ പുടവ മുറുക്കിയുടുത്തു കൊള്ളുക..
ചെറുത്തു നിൽപ്പിന്റെ കനൽക്കട്ട
ഹൃദയത്തിലിട്ട് ഊതിപ്പഴുപ്പിക്കുക...
മാതാവാകാൻ പോകുന്ന ഓരോ പെണ്ണുടലിനേയും
നീ ചെന്നു മാറോടു ചേർക്കുക..
നിന്റെയുള്ളിലെ പ്രതിഷേധത്തിന്റെ വിഷവും
ചെറുത്തു നിൽപ്പിന്റെ കനൽച്ചൂടും
അവരുടെയുള്ളിലെ പുതിയ ജീവനിലേക്കു പകർന്നു കൊടുക്കുക..
അതൊരു പെൺകുട്ടിയാണെങ്കിൽ
തനിക്കു നേരെയുയരുന്ന അക്രമങ്ങൾക്കെതിരെ
സ്വയം പ്രതികരിക്കാനവൾ പ്രാപ്തയാവട്ടെ...
അതൊരാൺ കുട്ടിയാണെങ്കിൽ
ഇനിയൊരു പെണ്ണിന്റെയും കണ്ണീരു
വീഴാനവനനുവദിക്കാതിരിക്കട്ടെ...


അറിയണമായിരുന്നു
എനിക്കറിയാമായിരുന്നു
പലതും മൂടി വെയ്ക്കാൻ;
കാടിനെപ്പോലെ..
ആരുമറിയാതെ കരയാൻ;
പഴയെപ്പോലെ..
ഇടയ്ക്കിടെ പുഞ്ചിരിക്കാൻ;
വെയിലിനെപ്പോലെ..
എന്നാൽ പിന്നീടറിഞ്ഞു ഞാൻ..,
ഒരു മനുഷ്യനാവണമെങ്കിൽ
ഇതൊന്നും പോരെന്ന്..
ഇടയ്ക്കിടെ എല്ലാം മറക്കാനും
ഞാനറിഞ്ഞിരിക്കണമായിരുന്നു..; നിന്നെപ്പോലെ..!!
വീണ്ടും

ഇന്നു വീണ്ടും ആ പഴയ കുളിർക്കാറ്റ് വീശുന്നു..
ചന്ദനത്തിന്റെ പരിമണം കലർന്നിട്ടുണ്ട് ആ കാറ്റിൽ..
പ്രണയത്തിന്റെ മണം..
ജീവിതം എപ്പോഴും ഇങ്ങനെയാണ്.. 
എപ്പോഴെങ്കിലും കരഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും 
പിന്നീടൊരിക്കൽ സന്തോഷിപ്പിക്കും..
ബന്ധങ്ങൾ തമ്മിലുള്ള അകൽച്ച.., അതപകടമാണ്..
എത്രയും പെട്ടെന്ന് ആ അകൽച്ച ഇല്ലാതാക്കുന്നതാണ് നല്ലത്..
അല്ലെങ്കിൽ ചിലപ്പോൾ ആ ബന്ധം തന്നെ ഇല്ലാതായേക്കാം.. 
നല്ല ബന്ധങ്ങൾ സൃഷ്ടിക്കാൻ പെട്ടന്നു സാധിക്കില്ല... 
എന്നാലതു തകർക്കാൻ വളരെ എളുപ്പമാണ്.. 
വീണ്ടും യോജിപ്പിക്കാൻ പിന്നീടൊരിക്കലും സാധിച്ചെന്നു വരില്ല..
അതിനാൽ നല്ല ബന്ധങ്ങളെ എന്നും 

ഹൃദയത്തോട് ചേർത്തുവെക്കേണ്ടത് അത്യാവശ്യമാണ്..

ഗുൽമോഹർ

ഇരുളു നിറഞ്ഞ ഇടവഴികളിലെവിടെയോ
അടർന്നു വീണു കിടപ്പുണ്ട്
നഷ്ട പ്രണയത്തിന്റെ കനലു പേറുന്ന
കണ്ണീരിൽ കുതിർന്ന എന്റെ സ്വപ്നങ്ങൾ..
എല്ലാം പറഞ്ഞു തീർത്തു നീ
പിൻ തിരിഞ്ഞ് നടക്കവേയാണ്
എന്റെ കണ്ണുകളിൽ നിന്നടർന്ന്
അതവിടെ വീണു പോയത്..
എന്റെ പിൻവിളി കേൾക്കാതിരിക്കാനെന്നോണ-
മധിവേഗം നടന്നതിനാലല്ല..,
ഒരിതൾ പൊഴിയുന്നതു പോലെ
തീർത്തും നിശബ്ദമായാണതവിടെ
വീണതെന്നതിനാലാണ്
അവ വീണുടഞ്ഞ ശബ്ദം നീ
കേൾക്കാതിരുന്നതെന്ന് വിശ്വസിക്കുന്നു ഞാൻ..
അങ്ങനെയല്ലെന്ന് എന്റെയാത്മാവ്
തർക്കിക്കുന്നുവെങ്കിലും
അങ്ങനെയാവട്ടെയെന്നാശ്വസിക്കാനാണ്
വിടരാൻ മറന്ന മൊട്ടുകളുള്ള
ഇടവഴിയിലെയാ ഗുൽമോഹറും പറഞ്ഞത്..

എന്റെ കണ്ണന്..

എത്രമാത്രം എനിക്ക് നിന്നെ ഇഷ്ടമാണെന്ന്
 നിനക്കെരിക്കലും മനസിലാക്കാൻ പറ്റില്ല... 
നിനക്ക് ചിന്തിക്കാൻ കഴിയുന്നതിലും എത്രയോ അധികമാണ് 

എനിക്കു നിന്നോടുള്ള പ്രണയം.. 
അതൊരിക്കലും വാക്കുകളിൽ പ്രകടിപ്പിക്കാനാവില്ല.. 
എന്റെ ഹൃദയത്തിൽ നിന്ന് നിന്റെ ഹൃദയത്തിലേക്ക് 

അതൊഴുകുന്നത് നിനക്കനുഭവിക്കാൻ മാത്രമേ സാധിക്കു... 
എത്രയേറെ ശ്രമിച്ചിട്ടും എനിക്കിന്നും 

നിന്നോടുള്ള എന്റെ സ്നേഹത്തിൽ 
ഒരു കുറവും വരുത്തുവാൻ കഴിഞ്ഞിട്ടില്ല....
എത്രയൊക്കെ നീയെന്നെ അവഗണിച്ചിട്ടും.. 

ഇഷ്ടമല്ലെന്നു അഭിനയിച്ചിട്ടും..
നിന്നെ മറക്കാനോ അവഗണിക്കാനോ 

എനിക്ക് സാധിക്കുന്നില്ല....
ഒരുപക്ഷേ ഞാനിന്നും 

ആ നിമിഷത്തിൽ തന്നെ നിൽക്കുകയായിരിക്കണം..
ഇനി എന്നിലേക്കൊരിക്കലും 

തിരിച്ചു വരില്ലന്നു പറയാതെ പറഞ്ഞ് 
എന്നിൽ നിന്നും നീ അകന്നു പോയ ആ നിമിഷത്തിൽ..
ഞാൻ കണ്ട സ്വപ്നങ്ങളും ജീവിതത്തെക്കുറിച്ച് 

എനിക്കുണ്ടായിരുന്ന പ്രതീക്ഷകളും 
എല്ലാം തകർന്നുപോയ ആ നിമിഷത്തിൽ...
ഇന്നും നിന്റെ തിരിച്ചു വരവു പ്രതീക്ഷിച്ച് 
ആ നിമിഷത്തിൽ തന്നെ നിൽക്കുന്നതിനാലാവണം
നിന്നോടുള്ള എന്റെ സ്നേഹത്തിനിന്നും ഒരു കുറവുമില്ലാത്തത്...
അതു കൊണ്ട് തന്നെയാവണം

നീ എന്നെ അവഗണിക്കുമ്പോഴും ഇഷ്ടമല്ലെന്നു ഭാവിക്കുമ്പോഴും 
നിന്നോടുള്ള എന്റെ പ്രണയം വർദ്ധിക്കുക മാത്രം ചെയ്യുന്നത്..
നാം ഒരുമിച്ചുള്ള ജീവിതത്തിലെ 
വലിയ സ്വപ്നങ്ങളെ കുറിച്ച് നീ വാചാലനാകുമ്പോഴും 
ഞാൻ നിന്നോടാവശ്യപ്പെട്ടിരുന്നത് 

ഒരേ ഒരു കാര്യം മാത്രമായിരുന്നു.. 
ഒരിക്കലും എന്നെ ഒറ്റക്കാക്കില്ലെന്ന ഒരുറപ്പ്...
നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും... 
സാഹചര്യങ്ങൾ എത്രയേറെ കുഴപ്പം പിടിച്ചതായിരുന്നാലും 
ഒരുപക്ഷേ ഇനി നമുക്കൊരിക്കലും ഒന്നാവാൻ കഴിഞ്ഞില്ല എങ്കിലും.., 
ഒരിക്കലും എന്നെ ഒറ്റക്കാക്കില്ലന്നു വാക്കു തന്നതല്ലേ നീ..
ഏതൊരു പെണ്ണും താൻ സ്നേഹിക്കുന്നവനോട് ചോദിക്കുന്ന 

ഒരു വെറും വാക്കു മാത്രമായേ നീയതിനെ കണ്ടിരുന്നുള്ളോ...???
നിനക്കെങ്ങനെ ചിന്തിക്കാൻ കഴിഞ്ഞു.., 
ദിവസങ്ങൾ എല്ലാം നിന്നിലൂടെ മാത്രം 

തുടങ്ങുകയും ഒടുങ്ങുകയും ചെയ്തിരുന്ന എനിക്ക് 
നീയില്ലാതെ ജീവിക്കാൻ പറ്റുമെന്ന്...
ജീവനോളം നിന്നെ സ്നേഹിച്ച ഞാൻ 
നാളെ മറ്റൊരാൾക്ക് ആ സ്നേഹം പങ്കിട്ട് കൊടുക്കുമെന്ന്..
നീയൊരുപക്ഷേ എന്റെ എല്ലാ എഴുത്തുകളെപ്പോലെ 

ഇതും അവഗണിച്ചേക്കാം.. 
ചിലപ്പോൾ ഈ എഴുത്ത് 

ഒരിക്കലും നിന്നിലേക്കെത്തിയില്ലെന്നും വരാം....
എങ്കിലും ഞാൻ നിനക്കു വേണ്ടി മാത്രം ഇതെഴുതുകയാണ്.. 
എന്റെ മനസ് നീയറിയാതെ പോവരുതെന്ന് ഞാനാഗ്രഹിക്കുന്നു...
എന്നിൽ പ്രണയമുള്ളിടത്തോളം 

ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടേ ഇരിക്കും...
പക്ഷേ ഈ സ്നേഹം നിനക്ക് വേണ്ടന്ന തീരുമാനം 
നീയവസാനിപ്പിക്കുന്നതു വരെ 
എന്റെയീ സ്നേഹം നിന്നെ ശല്ല്യം ചെയ്യില്ല... 
കണ്ണുകളിൽ നിന്നോടുള്ള പ്രണയം നിറച്ച് 

നിനക്കു മുന്നിൽ ഞാൻ വരില്ല...
ആ ദിവസങ്ങളിലെല്ലാം എനിക്കു നിന്നോടു പ്രണയമില്ലെന്ന് 

അഭിനയിക്കാൻ ഞാൻ ശ്രമിക്കാം...
പക്ഷേ നീയറിയാതെ ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും... 
മരണം വരെ.. 
കാരണം
നിന്നെ പ്രണയിക്കാതിരിക്കാൻ എനിക്കാവില്ല...


സസ്നേഹപൂർവ്വം

മീര



പ്രണയമഴ

എല്ലാ ലയതാള മാധുര്യവും ഒന്നിച്ചാവാഹിച്ച് പെയ്യുകയാണ് മഴ. ആരോടൊക്കെയോ ഉള്ള പരിഭവം പോലെ.. അതിനിടയ്ക്കും ഒന്നു നിൽക്കുന്നുണ്ട്.. വരാമെന്നു പറഞ്ഞ ആരെയോ തേടുന്നതു പോലെ.. ഏതോ രാഗാർദ്ര സംഗീതം പോലെ മൃദുലമായ ഈ തൂമഴ മണ്ണിൽ വീണു ചിതറുന്നത് പണ്ടെന്നോ ഊരി വെച്ചയാ ചിലങ്കയുടെ മണിമുത്തുകളെ ഓർമിപ്പിച്ചു..
പരിഭവത്തോടെ ഒറ്റക്കു പെയ്തിറങ്ങുന്ന അവളുടെ അടുത്ത് ചെന്ന് ഒരു പുഞ്ചിരിയുടെ സ്വാന്തനം നൽകി നെഞ്ചോടു ചേർക്കണമെന്ന് തോന്നുകയുണ്ടായി എനിക്ക്.. പിന്നെ വേണ്ടെന്നു വെച്ചു.. എന്തു പറഞ്ഞാണ് ഞാനവളെ സമാധാനപ്പെടുത്തുക.. എന്തു പറഞ്ഞാശ്വസിപ്പിക്കും ഞാനവളെ.. മനസ്സിലെ ദു:ഖം കണ്ണീരു കൊണ്ടു മാത്രം കഴുകിക്കളയാൻ വിധി അനുവാദം തന്നിരിക്കുന്ന ഞാൻ എന്തു ന്യായത്തിന്റെ പേരിൽ അവളുടെ മിഴി തുടയ്ക്കും...
വരുമെന്നു പറഞ്ഞയാൾ എന്നെങ്കിലും നിന്നരികിൽ എത്തുമെന്ന് പറയാൻ എനിക്കാകുമോ സഖീ.. കാത്തിരിക്കുന്നതിന്റെ സുഖമാണോ.. കാണാതിരിക്കുന്നതിന്റെ നോവാണോ ഞാനും അവളും ഇന്നനുഭവിക്കുന്നത്...
ഒരു മയിൽപ്പീലിത്തുമ്പാൽ കാലം മനസിൽ കോറിയിട്ട ആ മുഖം തേടിയുള്ള യാത്രയിലാണു ഞാനും അവളും..
ആ മുഖം കണ്ടെത്തും എന്ന പ്രതീക്ഷയിലല്ലേ ഇത്രനാളും ഞൻ ജീവിച്ചത്.. ഇന്നും ജീവിക്കുന്നത്... നീയും കണ്ടെത്തും.. ഒരുപാട് കൊതിക്കുന്ന ആ മുഖത്തെ... ഞാൻ കണ്ടെത്താൻ ശ്രമിക്കുന്നതു പോലെ.. സ്വന്തമാക്കാൻ കൊതിക്കുന്നത് പോലെ... ഒരായുഷ്കാലത്തിന്റെ ദൈർഘ്യത്തിനപ്പുറം ഇന്നും നീ പെയ്തിറങ്ങുന്നു.. മറ്റാരുടെയോ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്....

............................................എന്റെ പ്രണയമഴ.....................................


പുസ്തകങ്ങളെന്ന ചങ്ങാതിമാർ

ഏകാന്തതയെ എന്നിൽ നിന്നകറ്റുന്നത് പലപ്പോഴും പുസ്തകങ്ങളായിരുന്നു. ഒന്നും മനസിലായില്ല എങ്കിലും ഒരുപാട് പുസ്തകങ്ങൾ ഞാൻ വായിച്ചിരുന്നു. ചില പുസ്തകങ്ങൾ മനസിലെന്നും തങ്ങി നില്ക്കും. ചിലതിൽ എന്റെ ജീവിതം തന്നെയാണുള്ളതെന്നു തോന്നും. എന്തൊക്കെയായാലും പുസ്തകങ്ങൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരായിരുന്നു.
പുസ്തകങ്ങൾ എന്നും അത്ഭുതങ്ങളാണ്.. ഒരുപാട് ജീവിതങ്ങൾ.. സ്വപ്നങ്ങൾ... നൊമ്പരങ്ങൾ.. വേർപാടുകൾ തുടങ്ങി ഒരു മനുഷ്യായുസ്സ് മുഴുവൻ പുസ്തകങ്ങളിൽ കാണാവുന്നതാണ്. മനുഷ്യന്റെ ഹൃദയ വിചാരങ്ങളെ നിർമലപ്പെടുത്താനാവും പുസ്തകങ്ങൾക്ക്.

പ്രാർത്ഥന പോലെ പവിത്രമാണ് വായനയും. ശരീരത്തിന്റെ ആരോഗ്യത്തിനായി നാം നല്ല ഭക്ഷണം കഴിക്കുന്നതു പോലെ മനസിന്റെ ആരോഗ്യത്തിനായി നാം നല്ല പുസ്തകങ്ങൾ വായിക്കണം. നല്ല പുസ്തകങ്ങൾ നമെ നന്മയിലേക്കു നയിക്കുന്നു. സമൂഹത്തിനു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും നല്ലത് ചെയ്യാൻ നമ്മെ പഠിപ്പിക്കുന്നു. ഇന്നത്തെ കാലത്ത് ഇ-വായന എന്ന പേരിൽ വായനയുടെ പുതിയ വാതായനങ്ങൾ തുറന്നിട്ടുണ്ട്. അത്തരം പുതിയ സാധ്യതകൾ നാം പ്രയോജനപ്പെടുത്തണം. വായന ഒരു വിപ്ലവമാണ്. ലോകത്തെ മാറ്റിമറിക്കാൻ, നന്മയുടെ ചുവടുവെപ്പായി.. നല്ല നാളേക്കു വേണ്ടി.. ആ വിപ്ലവം നമുക്ക് നെഞ്ചിലേറ്റാം..

കുഞ്ഞേ നിനക്ക് വേണ്ടി..

ഇന്ന്..
മരണത്തിന്റെ നിറമുള്ളയീ കവറിൽ
ദയയുടെ ഒരിറ്റു പാൽനുര പതിയാതെ 
വരണ്ടുണങ്ങിയ ചുണ്ടുകളുമായി
ഇനിയൊരിക്കലുമുണരാത്ത ഉറക്കത്തിലേക്ക് നീ പോകവേ..
കുഞ്ഞേ...
അങ്ങു ദൂരെയെവിടെയോ പഴകിയൊരാ-
ശുപത്രിക്കെട്ടിടത്തിന്റെ ഇരുണ്ട മുറിയിൽ
മരുന്നു ഗന്ധം പേറുന്ന പഴകിയ കട്ടിലിൽ ഒരമ്മ
പ്രാണനകലുന്ന വേദനയും നുറുങ്ങിയ ഹൃദയവുമായി
ഉള്ളാലേ കിടന്നു വിലപിക്കുന്നുണ്ടാവാം..
പത്തു മാസം ഹൃദയത്തിലിട്ടൂട്ടിയുറക്കിയ പൊന്നോമന
മന്നിലെത്തിയത് പ്രാണനില്ലാതെയായിരുന്നുവെന്ന
കള്ളം വിശ്വസിച്ച് കണ്ണീർ വാർക്കുന്നുണ്ടാവാം..
പിറന്നത് പെണ്ണായതിനാൽ ഐശ്വര്യക്കേടെന്നോതി
കറുത്തൊരു കവറിൽ പൊതിഞ്ഞാ മുത്തിനെ
അവശിഷ്ടമായ് തെരുവിൽ തള്ളിയ 
ക്രൂരനാം പതിയുടെ മുഖത്തു നോക്കി
സത്യമറിയാതെയാ പാവം 
ഒരായിരം തവണ മാപ്പിരക്കുന്നുണ്ടാവാം...
ജീവന്റെ പാതിയീ തെരുവിലൊ-
രനാഥയായ് കിടപ്പതറിയാതെ 
വളുടെ മാതൃത്വമിപ്പോഴും 
നിനക്കായ് നിറഞ്ഞു പാൽ ചുരത്തുന്നുണ്ടാവാം..
മുപ്പത്തിമുക്കോടി ദൈവങ്ങളും 
അതു കണ്ട് പകച്ചു നിൽപ്പതുണ്ടാവാം..
സൃഷ്ടിച്ച താതന്റെയീ ക്രൂരത കണ്ട് 
സംഹാരമൂർത്തിയും തല കുനിച്ചിരിക്കാം..
ഈശ്വരനല്ല.. ഈശ്വരനോളം കരുതിയ കൈകളാണു 
താനെന്നയമ്മയെ പിറന്നയുടൻ 
ശ്വാസം മുട്ടിച്ചു കൊന്നതെന്നറിയാതെ 
വിലപിക്കുന്നയാ മാതൃശാപത്തിൽ 
നിന്നില്ല രക്ഷയൊരിക്കലും നിനക്കീ ദുഷ്ട സമൂഹമേ..
അതിനായി ഇനിയേതീശ്വരന്റെ പുറകിലൊളിച്ചെന്നാലും..
എന്റെ കുഞ്ഞേ...
ഇനിയൊരിക്കൽക്കൂടിയീ ദുഷിച്ച പാരിലൊരു നാരിയായ്
പിറന്നുമരിക്കാനിടയാവല്ലേ നീയെ-
ന്നാത്മാർത്ഥമായർത്ഥിച്ചിടുന്നു ഞാൻ...
നെഞ്ഞുരുകും നോവിനാലീ വരികളും
എന്റെ നെഞ്ചിലേക്കിറ്റു വീഴുമീ മിഴികണങ്ങളും..
നിന്റെ പിഞ്ചുപാദത്തിൽ വെച്ചു മാപ്പിരക്കുന്നിതാ ഞാൻ...

നോവ്

"ജീവനേക്കാളേറെ സ്നേഹിച്ചിട്ടും
ദൂരെ മാറ്റി നിർത്തിയതു നീയായിരുന്നില്ലേ..
നിനക്കു വേദനിക്കാതിരിക്കാൻ വേണ്ടി മാത്രമാണ്
പ്രാണൻ പറിഞ്ഞു പോകുന്ന വേദനയുണ്ടായിട്ടും
ഞാൻ നിന്നിൽ നിന്നകന്നു നിന്നത്..
എന്നിട്ടും പിന്നെയുമെന്തിനാണ് നീ
വേദനിപ്പിക്കാൻ വേണ്ടി മാത്രം
ഇന്നുമെന്നെ നിന്നിലേക്കു തന്നെ ചേർക്കാൻ ശ്രമിക്കുന്നത്..."

ചുവപ്പ്

നിന്റെ നെറ്റിയിൽ ഞാനണിയിച്ച
സിന്ദൂരത്തേക്കാളേറെ ചുവന്നിരുന്നു പെണ്ണേ
നിന്നിലെ സ്ത്രീത്വത്തെയപമാനിക്കാൻ
ശ്രമിച്ചവനുടെ നെഞ്ചിൽ
കത്തിയാഴ്ത്തവേ നിന്റെ കണ്ണുകൾ....
ഞാനണിയിച്ച ചുവപ്പിനു നിന്നെ
കാത്തിടാനായില്ലയെങ്കിലും
നിന്റെ കണ്ണിലെരിഞ്ഞയാ
ചെറുത്തു നിൽപ്പിന്റെ ചുവപ്പ്
നിന്നെയെന്നും കാത്തിടുമെന്നുറപ്പാണ് ..
നിന്റെ മനസിൽ കത്തിയാളുന്നയാ
പ്രതിഷേധ തീജ്വാലയുടെ ചുവപ്പ്
പാരിലെല്ലാ പെണ്മനസിലും പടർന്നിടട്ടേ...
പെണ്ണേ ചുവപ്പിൽ നിന്നു നീയാരംഭിച്ച പ്രയാണം
ചുവപ്പിലൂടെ മാത്രമേ പൂർത്തീകരിക്കാനാവൂ......
കാരണം നിന്നെ താഴ്ത്തുന്ന ലോകം
നിന്റെ പ്രതിഷേധത്തിന്റെ... ചെറുത്തു നിൽപ്പിന്റെ
ചുവപ്പിനെ ഭയക്കുന്നു...


നിന്റെ പ്രണയമെനിക്കിന്നീ മഴയായ്
തൂമഞ്ഞിൻ കണം പോൽ കുളിരായ്
നിന്റെ സ്നേഹത്തിലലിഞ്ഞീടുവാൻ
നിന്റെ പ്രണയത്തിൻ പൂവായിടാൻ
പുലർമഞ്ഞിന്റെ മാറിൽ തലചായ്ച്ചുറങ്ങാൻ
നിന്റെ കൈവിരൽത്തുമ്പിൽ കൈകോർത്തിരിക്കാൻ
എന്നെന്നും നിന്റേതായ് തീർന്നിടുവാൻ
ഒരു രാഗമായ് അതിൻ താളമായ്
എന്നും പ്രണയമായിടുവാൻ..
ഈ മഴയിൽ ഇനിയെന്നും ഒന്നായ് നനഞ്ഞിടുവാൻ
നിന്റെ പ്രണയമഴയിൽ നനഞ്ഞലിയാൻ
നിന്റെ മാറിലെന്നും തളർന്നുറങ്ങാൻ
എന്നും നിന്റെയെന്നു കേട്ടിരിക്കാൻ
കൊതിയോടെ ഞാനിവിടെ..
സ്വപ്നങ്ങളായ് നീ വർണങ്ങളായ്
എൻ ജീവനിൽ പെയ്യും മലരൊളിയായ്
നാമെന്നുമൊന്നായ് ചേർന്നിരിക്കാം
ഇനിയെല്ലാ ജന്മവുമൊന്നായിടാം..

ഇനി എന്നും നിന്റേതു മാത്രമാവാം...


Saturday 9 January 2016

നീ ആവശ്യപ്പെട്ടതിനാലാണ് ഞാൻ നിന്നിൽ നിന്നും, നിന്റെ ജീവിതത്തിൽ നിന്നും മാറി നില്ക്കുന്നത്.
അല്ലെങ്കിൽ നീയെന്നെ നിന്റെ ജീവിതത്തിൽ നിന്നും എടുത്തു മാറ്റിയതാണെന്നും പറയാം.
ഒരുപക്ഷേ അതാവാം കൂടുതൽ ശരി.
എന്നെ മാറ്റി നിർത്തിയപ്പോൾ നിനക്കു വേദനിച്ചുവോ എന്നെനിക്കറിയില്ല. പക്ഷേ എന്റെയെന്നു കരുതി ഞാൻ സ്നേഹിച്ചിരുന്ന നിന്റെ ജീവിതത്തിൽ നിന്ന് വളരെ നിസാരമായി നീയെന്നെ ഒഴിവാക്കിയപ്പോൾ എനിക്കൊരുപാട് വേദനിച്ചു.
നിനക്കൊരിക്കലും ആ വേദന മനസിലാക്കാൻ പറ്റില്ല.
മനസിനേറ്റ ആ മുറിവ് ഉണക്കാനുമാവില്ല.

എന്നോട് സ്നേഹമില്ലന്നു നീ അഭിനയിക്കുമ്പോഴെല്ലാം ആ മുറിവിൽ നിന്നു രക്തം കിനിയുകയാണ് ..

മഴ പാടുന്ന താരാട്ട്  (കഥ)

ഇന്നലെ രാത്രിയും മഴ പെയ്തിരുന്നു..അടച്ചിട്ടിരുന്ന ജനൽച്ചില്ലുകളിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളെ നോക്കി അവളോർത്തു. തണുത്ത ജനൽച്ചില്ലിൽ കൈചേർത്ത് പെയ്തൊഴിഞ്ഞ മഴയുടെ മനസു വായിക്കാൻ ശ്രമിക്കവേ കഴിഞ്ഞ കുറെ ദിവസങ്ങളായി രാത്രിമഴകളൊന്നും താനറിയാറില്ലെന്നതും അവളുടെ ഓർമയിലെത്തി. മടങ്ങിപ്പോകും വഴി അവൾ മറന്നിട്ടു പോകുന്ന ഇത്തരം ചില തണുത്തു മങ്ങിയ ഓർമകളിലൂടെയാണ് തന്റെ മഴ ഇന്നും പെയ്തിറങ്ങുന്നത്.  പെട്ടെന്നുണ്ടായൊരുൾവിളി പോലെ അവൾ ജനൽച്ചില്ലിൽ നിന്നും കൈ പിൻവലിച്ചു. എന്നിട്ട് ഇന്നലയുടെ തണുപ്പു പേറുന്നയാ ജനൽച്ചില്ലുകളിൽ കാതോർത്തു നിന്നു. പാതിരാവോളം പെയ്തിറങ്ങിയ രാത്രിമഴ തനിക്കായി പാടിയ താരാട്ടിൻ ഈണം ആ മഴത്തുള്ളികളിൽ ബാക്കി നിൽക്കുന്നുവോ എന്നറിയാൻ.., അതിലുമുപരിയായി ദൂരെ നിന്നെങ്ങാനും ഒരു കുഞ്ഞു കരച്ചിൽ തന്നെ തേടി വരുന്നുണ്ടോ എന്നറിയാൻ.., പെയ്തൊഴിഞ്ഞ മഴക്കുമപ്പുറം ജന്മാന്തരങ്ങളുടെ അകലങ്ങളിലേക്കവൾ കാതോർത്തു. 
        ഓർമകളെ കീറിയെറിഞ്ഞ് സ്വപ്നങ്ങളെ സ്വപ്നങ്ങളിലേക്ക് പറഞ്ഞയച്ച് ഇന്നിന്റെ ഈ നിമിഷത്തിലേക്കുണരൂ എന്ന് പറഞ്ഞു കൊണ്ട് നിലവിളി കൂട്ടുന്നയാ അലാറാം സൈറണിന്റെ ശബ്ദം രാത്രിമഴയുടെ ഓർമകളിൽ നിന്നവളെ ഉണർത്തി. എന്നിട്ടും കണ്ണു തുറക്കാതെ തന്നെ അവളോർത്തു, രാത്രിമഴകളെ താൻ മറന്ന നാളുകളിലെല്ലാം തന്നെ വിളിച്ചുണർത്താറുണ്ടായിരുന്നത് ഈ സൈറൺ ആയിരുന്നുവെന്ന്. ഒരുപക്ഷേ രണ്ടു മൂന്ന് ദിവസങ്ങൾക്കകം തനിക്കിവിടുന്നു പോകാമെന്നു പറഞ്ഞ ഡോക്ടറുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ തന്റെ സ്വപ്നങ്ങളെ അധികനാൾ ശല്യപ്പെടുത്താൻ ഈ ശബ്ദത്തിനാവില്ല. എവിടെ നിന്നാണാവോ അതിങ്ങനെ അലറിക്കൂവുന്നത്. വിശാലമായ ഈ ആശുപത്രിക്കെട്ടിടത്തിന്റെ ഏതു മൂലയിൽ നിന്നാണാ ശബ്ദം പുറപ്പെടുന്നതെന്ന് കണ്ടെത്തുക ദുഷ്കരമാണ്. അതും വന്നിട്ടധിക നാൾ ഈ മുറിയുടെ പുറത്തേക്കൊരു ലോകം കണ്ടിട്ടില്ലാത്ത തന്നെ സംബന്ധിച്ച്. വീണ്ടുമാ ശബ്ദം ചെവിയിൽ മുഴങ്ങാൻ തുടങ്ങിയപ്പോൾ സ്വതവേ തോന്നുന്ന നീരസത്തോടെ അവൾ കണ്ണു തുറന്നു. അപ്പോഴാണ്.. രാത്രിമഴയുടെ താരാട്ട് കേട്ട് ജനലഴികളിൽ മുഖം ചേർത്തല്ല മറിച്ച് തീഷ്ണമായ മരുന്നു ഗന്ധം പൊതിഞ്ഞ സിമന്റ് തറയിലാണ് താൻ കാതോർത്ത് കിടന്നിരുന്നതെന്നവൾക്ക് മനസിലായത്. ജനലരികിൽ നിന്ന് എപ്പോഴാണു താനീ തണുത്ത തറയിൽ വന്നു കിടന്നതെന്ന് അത്ഭുതത്തോടെ അവളോർത്തു. ഏതു സ്വപ്നത്തിന്റെ വേരു തേടിയാണു താനീ തറയിൽ മുഖമമർത്തി കിടന്നത്..? രാത്രിയിലെപ്പെഴോ കണ്ട സ്വപ്നങ്ങളിലൊന്നിൽ വരണ്ടുണങ്ങിയ മരുഭൂമികൾക്കും തണുത്തുറഞ്ഞ ഹിമശൈലങ്ങൾക്കുമപ്പുറത്തു നിന്ന് വേദന നിറഞ്ഞൊരു കുഞ്ഞു കരച്ചിൽ കേട്ടതോർക്കുന്നു. ഏത് ജന്മത്തിലായിരുന്നു അത്..ഓർമ്മ കിട്ടുന്നില്ല... ഓർമകളെല്ലാം എവിടെയോ വീണു ചിതറിക്കിടക്കുകയാണ്. ഒരുമിച്ചു കൂട്ടിവെയ്ക്കാനാവാത്ത വിധമവ അകലങ്ങളിലാണ്. ഓർമിക്കപ്പെടുമ്പോൾ  പോലും ഓർമയിലെത്താൻ മടിക്കുന്ന ഓർമ്മകൾ...വേർതിരിച്ചറിയാനാവാത്തൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ മിന്നി മറഞ്ഞു. ഒരുപക്ഷേ ഓർമകളെ പറ്റിയുള്ള  ഈ ഓർമപ്പെടുത്തൽ താൻ എത്രയോ തവണ നടത്തിക്കഴിഞ്ഞതാണ് എന്നോർത്താവാം.
        പെട്ടെന്നാണ് കാതടിപ്പിക്കുന്ന ശബ്ദത്തിലൊരിടി മിന്നൽ അവളുടെ ജനൽച്ചില്ലുകളിൽ തട്ടിത്തെറിച്ചു പോയത്. പെട്ടെന്നുണ്ടായ നടുക്കത്തിൽ, ചുരുണ്ടുകൂടിയിരുന്ന അവൾ തന്റെ മുഖം ഒന്നുകൂടി കാൽ മുട്ടുകൾക്കിടയിലേക്കു തിരുകി ചേർന്നിരുന്നു. മിന്നലിനു പുറകെ കൂടെ ഞാനുമുണ്ടേ..എന്നു പറഞ്ഞു കൊണ്ടോടി വന്നയാ മഴയുടെ ശബ്ദമാണു ജനലിനരികിലേയ്ക്കവളെ വീണ്ടും കൊണ്ടു വന്നു നിർത്തിയത്.
മഴ പെയ്തിറങ്ങുകയാണ്... പരാതികളും പരിഭവങ്ങളുമില്ലാതെ... ഓരോ പൂവിനെയും പുൽ ക്കൊടിയേയും തനിക്കു സഹജമായ മാതൃവാത്സല്യത്തോടെ ഉമ്മവെച്ചുണർത്തിക്കൊണ്ട്... പ്രണയത്തേയും വിരഹത്തേയും ഒരേ ഭാവത്തിലുൾക്കൊണ്ടു കൊണ്ട്.
                    “പെയ്തിറങ്ങുന്ന ഓരോ മഴയും ഓരോ താരാട്ടു പാട്ടാണ്. ജനിക്കാതെ പോയ കുഞ്ഞുങ്ങൾക്കുള്ള താരാട്ടു പാട്ട്. ഒരമ്മ മനസിനു മാത്രം കേൾക്കാനും അറിയാനും സാധിക്കുന്ന താരാട്ടു പാട്ട്”..  പണ്ടെന്നോ പറഞ്ഞു മറന്നയാ വരികൾ വീണ്ടുമിന്ന് അവളോർത്തു. നിറഞ്ഞ മിഴികളടച്ച് ഒരിക്കൽ കൂടി അവളാ താരാട്ടു പാട്ട് കേൾക്കാൻ കൊതിച്ചു. വിറക്കുന്ന തന്റെ വലതു കൈ, ശൂന്യമായ അടിവയറിലേക്കു ചേർത്തു വെച്ചു. മഴനൂലു പോലെ നേർത്തൊരു താരാട്ടു പാട്ട് മിഴികളിൽ നിറഞ്ഞൊഴുകി. വിറക്കുന്ന ചുണ്ടുകളിലെ ഈണം മഴയിൽ ലയിച്ചമർന്നു. അപ്പോൾ... ജന്മാന്തരങ്ങളുടെ ദൂരങ്ങൾ താണ്ടി, വരണ്ട വേനൽ ഭൂമികയും തണുത്തുറഞ്ഞ ഹിമശൈലങ്ങളും  പിന്നിട്ട് ആ കുഞ്ഞു കരച്ചിൽ അവൾ വീണ്ടും കേട്ടു. അപ്പോൾ മാത്രം.., വരണ്ടുണങ്ങി ഉള്ളിലേക്കു വലിഞ്ഞിരുന്ന അവളുടെ മാതൃത്വം നിറഞ്ഞു പാൽ ചുരത്തി. അപ്പോൾ മാത്രം.., ചിതറിത്തെറിച്ചിരുന്ന അവളുടെ ഓർമകൾ എല്ലാം ബോധമണ്ഡലത്തിൽ ഒന്നായ് ചേർന്നു. ഓർമകൾ ഒന്നിച്ചു ചേർന്നൊരാ നേർത്ത നിമിഷത്തിൽ തിണർത്ത കവിൾത്തടവും പൊട്ടിയ കുപ്പിവളകളും  എനിക്കൊരു മകളെ വേണ്ടന്നുപറഞ്ഞ് കലിതുള്ളുന്ന ഭർത്താവിനെയും അപ്പോഴും പെയ്തിറങ്ങിയിരുന്നയാ കറുത്ത രാത്രിമഴയേയും’  അവളോർത്തു. എത്ര പെയ്തിട്ടും തീർന്നു പോകാതിരുന്ന അന്നത്തെ ആകാശവും  അതിലും ശക്തിയായ് പെയ്തിറങ്ങിയിരുന്ന തന്റെ മിഴികളും അവളുടെ ഓർമയിലെത്തി.
          ഭയപ്പെടുത്തുന്നൊരു ഭാവത്തോടെയവൾ മിഴികൾ വലിച്ചു തുറന്നു. മിഴി തുറന്നിട്ടും മഴയുടെ താരാട്ട് തനിക്കു ചുറ്റും ഒഴുകി നടക്കുന്നുവെന്നവൾക്കു തോന്നി. അടിവയറ്റിൽ ചേർത്തു വെച്ചൊരാ വലതു കൈയിൽ രക്തം പുരണ്ടിരിക്കുന്നുവോ...?!  നേർത്തൊരു നിലവിളിയോടെ അവളാ കൈ സാരിയിൽ അമർത്തി തുടച്ചു. എന്നാൽ കൈകളിലെ രക്തം സാരിയിലൂടെ ഒഴുകി തറയിലേക്കും പടരുന്നത് ഞെട്ടലോടെയവൾ കണ്ടു. ജനലിലൂടെ ഒഴുകിയിറങ്ങുന്ന മഴക്കും രക്തവർണം.. ചുറ്റിലും രക്തം... നോക്കി നില്ക്കേ പതിയെ പതിയെ ആ രക്തനിറം കറുപ്പായി മാറിക്കൊണ്ടിരുന്നു. കറുപ്പ്... രാത്രിയുടെ... ഇരുട്ടിന്റെ.. നോവിന്റെ... മരണത്തിന്റെ നിറം..ആ കറുപ്പിലേക്കവളുടെ കണ്ണുകളടയവേ പുറത്തു പെയ്തിറങ്ങുന്ന മഴയും കറുപ്പു നിറം പൂണ്ടതവളറിഞ്ഞു. നേർത്തൊരു നിലവിളി പാതിവഴിയിൽ മുറിഞ്ഞു.
          കണ്ണു തുറക്കുമ്പോൾ കട്ടിലിലാണ്. വാർദ്ധക്യത്തിന്റെ ക്ഷീണം പേറുന്നൊരു കമ്പിളിപ്പുതപ്പ് പുതച്ചിരിക്കുന്നു.. തലയനക്കിയപ്പോൾ അസഹ്യമായ വേദന തോന്നി. എന്താണെന്നു തൊട്ടു നോക്കവേ കൈ തടഞ്ഞത് നെറ്റിയിലെ വെച്ചുകെട്ടലിലാണ്. തല മുറിഞ്ഞിട്ടുണ്ട്. എങ്ങനെയാണാവോ..?!  ഒരുപക്ഷേ താഴെ വീണപ്പോൾ ജനലിലെവിടെയെങ്കിലും കൊണ്ട് മുറിഞ്ഞതാവാം. ആരാണവോ തന്നെ കട്ടിലിൽ കിടത്തിയത്.. പുറത്തു നിന്നപ്പോഴും മഴയുടെ ആരവം കേൾക്കാമായിരുന്നു. അതവളെ ഭയപ്പെടുത്തുന്നുവെന്ന് തോന്നി. മാസങ്ങളോളം അലക്കാതിരുന്നതിനാൽ ദുർഗന്ധം പേറുന്നയാ കമ്പിളിപ്പുതപ്പ് ഒന്നുകൂടിയവൾ തന്നിലേക്കു ചേർത്തു പുതച്ചു. എന്നിട്ടും കാലത്തിന്റെ കണക്കു ശേഷിപ്പിച്ച് പിഞ്ഞിത്തുടങ്ങിയയാ പുതപ്പിനുള്ളിലൂടെ മഴയുടെ തണുപ്പ് അവളിലേക്കെത്തിക്കൊണ്ടിരുന്നു. ആ തണുപ്പ്  ഹിമം പെയ്യുന്ന മഞ്ഞു കാലത്തിന്റേതിൽ നിന്നു വിത്യസ്തമായതും..,  ചിതറിക്കിടക്കുന്ന അവളുടെ ബോധത്തിന്റെയും ഓർമയുടെയും ഏതോ ഒരു കോണിൽ മറഞ്ഞു കിടക്കുന്ന ഒരു വലിയ വേദനയുടെയും നഷ്ടപ്പെടുത്തലിന്റെയും  മറ്റൊരു തണുപ്പുമായി സാമ്യമുള്ളതുമായിരുന്നു. അത് അങ്ങു ദൂരെ നക്ഷത്രങ്ങളുടെ നാട്ടിൽ നിന്നൂറി വരുന്ന മഴനൂലുകളിൽ തൂങ്ങി അവളിലേക്കെത്തുകയും ചെയ്തു.
          ശരീരത്തിലും മനസിലും ഒരുപോലെ വേദന നൽകിക്കൊണ്ട് തന്നിൽ തന്നെ തങ്ങി നിൽക്കുന്നയാ തണുപ്പിനു, പണ്ടെന്നോ താനൊഴുക്കിയ കണ്ണുനീരിന്റെയും.., അരണ്ട വെളിച്ചവും പച്ചനിറവുമുള്ള ഓപ്പറേഷൻ തിയേറ്ററിന്റെയും.., തന്റെ തുടകളിലൂടെ ഒഴുകിയ കൊഴുത്തു കുറുകിയ ചോരയുടെയും.., അന്നു പെയ്ത രാത്രിമഴയുടെയും തണുപ്പിനോട് സാമ്യമുണ്ടെന്നവൾക്കു തോന്നി. അതേ..,  ഇതും അന്നത്തെ ആ തണുപ്പു തന്നെ.. എല്ലാ തണുപ്പുകൾക്കും ഒരേ ഭാവമായിരിക്കണം.. ജന്മ ജന്മാന്തരങ്ങളുടെ കടങ്ങൾ പേറി അവ നമ്മുടെ ഓരോരുത്തരുടെയും ജീവിതവഴിത്താരകളിൽ കാത്തുനിൽക്കുന്നുണ്ടാവാം. ഒരു ഓർമപ്പെടുത്തലിന്റെ അവസരത്തിനായ്. അസഹനീയമായൊരു ഓർമയുടെ നോവറിഞ്ഞപോലവൾ തന്റെ കമ്പിളിപ്പുതപ്പിനുള്ളിലേക്ക് വീണ്ടും ചുരുണ്ടുകൂടി. എല്ലാ തണുപ്പുകൾക്കും മരണത്തിന്റെ മുഖമുണ്ടെന്ന് പെട്ടെന്നവൾക്കു തോന്നി. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തണുപ്പിനു മരണത്തിന്റെ മുഖമാണ്. അന്നു വന്ന തണുപ്പിനും ഇതേ മുഖമായിരുന്നു.. മരണത്തിന്റെ മുഖം.. ഭ്രാന്തമായൊരാവേശത്തോടെ അവൾ തന്റെ കമ്പിളിപ്പുതപ്പ് വലിച്ചെറിഞ്ഞു. തലയിലെ വേദന കണക്കിലെടുക്കാതെ കട്ടിലിൽ നിന്നെഴുന്നേറ്റ് ജനലരികിൽ ചെന്നു നിന്നു. എന്നിട്ട് മഴയറിയാതെ മഴനൂലുകളിൽ തൂങ്ങി വന്നയാ മരണത്തിന്റെ തണുപ്പിനെ തന്നിലേക്കാവാഹിക്കാനെന്നവണ്ണം ജനലിനോട് ചേർന്നു നിന്നു. ഒരിക്കൽ പോലും തുറന്നിട്ടില്ലാത്തയാ ജനൽച്ചില്ലുകളിൽ തട്ടിത്തെറിച്ച് മഴ അവളിലേക്കെത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ മഴനൂലുകളോളം നേർത്തയാ താരാട്ടു പാട്ടും അവളുടെ കാതുകളിൽ വന്നു വീണു.  ജനിക്കാതെ പോയ  കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള താരാട്ട്.. ഒരമ്മ മനസിനു മാത്രം കേൾക്കാനും അറിയാനും കഴിയുന്ന താരാട്ടു പാട്ട്.
          അസഹനീയമായൊരു നൊമ്പരത്തിൽ പ്പെട്ട് അവളുടെ ഹൃദയം വേദനിക്കാൻ തുടങ്ങി. മഴയുടെ ശക്തി കൂടി.. ഒപ്പം താരാട്ടിന്റെ ഈണവും മുറുകി. മഴക്കൊപ്പം എത്തിപ്പെടാനാവാതെ അവളുടെ മനസ് കുഴങ്ങി നിന്നു. ഹൃദയത്തിന്റെ വേദന സഹിക്കാവുന്നതിലുമപ്പുറമാണെന്നവൾക്കു തോന്നി. ഇരുണ്ട മുറികളും മഴനനഞ്ഞ ഇടനാഴികളും മരുന്നു ഗന്ധം പേറുന്ന കിടപ്പു മുറികളുമുള്ള ഈ വലിയ മനോരോഗാശുപത്രിയിൽ മാത്രമല്ല അതിവിശാലമായ  ഈ ഭൂതലത്തിലോ അതിനുമപ്പുറം മഴക്കും നക്ഷത്ര സമൂഹങ്ങൾക്കുമപ്പുറമുള്ള ലോകത്തിലും തന്റെ ഈ വേദനയെ ഇല്ലാതാക്കാൻ കഴിയുന്നതൊന്നുമില്ല എന്നൊരുൾവിളിയിൽപ്പെട്ട് അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു. ശരീരം തളർന്ന് ജനലരികിൽ ചുരുണ്ടു കൂടിയിരുന്ന അവളിലേക്ക് മറ്റൊരു മഴ പെയ്തിറങ്ങി. സങ്കടങ്ങളും പരിഭവങ്ങളുമില്ലാതെ...
അപ്പോൾ ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്ന് നോവു നിറഞ്ഞയാ കുഞ്ഞു കരച്ചിലവൾ വീണ്ടും കേട്ടു. ആ കരച്ചിൽ മഴയുടെ ആരവങ്ങളെ തള്ളിമാറ്റി അവൾക്കുള്ളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങി. വേദന നിറഞ്ഞ ഹൃദയത്തിൽ..., തണുപ്പു പടർന്ന സിരകളിൽ..., ഓർമകൾ ചിതറിക്കിടക്കുന്ന ബോധമണ്ഡലത്തിൽ..., എല്ലായിടത്തും... എങ്ങും ആ കരച്ചിൽ നിറഞ്ഞു നിന്നു... അവൾക്കുള്ളിൽ പെയ്തിറങ്ങുന്നയാ മഴയും നേർത്ത മഴനൂൽ രാഗത്തിൽ അവൾ മറന്നു കഴിഞ്ഞയൊരു താരാട്ടു മൂളുന്നുണ്ടായിരുന്നു. പിന്നെ... പതിയെ പതിയെ... അവളുമൊരു മഴയായി മാറി.. എന്നിട്ട് ജനിക്കാതെ പോയൊരു പിഞ്ചോമനയ്ക്കുള്ള താരാട്ടു പാട്ടായ് അങ്ങു ദൂരെ ഏതോ ഒരമ്മ മനസിൽ പെയ്തിറങ്ങാൻ തുടങ്ങി..  








വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...