Monday 17 September 2018

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ 
ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ 
നാൽക്കവല സ്റ്റോപ്പിൽ 
ഞാൻ കയറിയ ബസ് 
അൽപനേരം നിർത്തിയിടുകയുണ്ടായി 
അന്നേരമാണ്
ഇനിയുള്ള ഓരോ ബസ്സു യാത്രകളെയും
കൊതിപ്പിക്കാൻ പാകത്തിന്
ഒറ്റനോക്കിലെന്നിലെ പെണ്ണത്തത്തെ പോലും
പ്രണയത്തിലാഴ്ത്തിക്കളഞ്ഞ
കറുത്തു മെലിഞ്ഞൊരാ
പെണ്ണൊരുത്തിയെ ഞാൻ കാണുന്നത്..
ഹാ !! അവള് വെറുമൊരു പെണ്ണായിരുന്നില്ല
ആകെ പൂത്തുലഞ്ഞൊരു വനദുർഗയായിരുന്നു
ആരെയും കൂസാതെ
അലസം വിരസം അങ്ങോട്ടുമിങ്ങോട്ടും നോക്കി
അവളവിടെ നിന്നു
ഞാനാകട്ടെ അവളിൽ നിന്ന് തിരിച്ചു വിളിക്കാനാവാത്ത
എന്റെ മിഴികളുമായി നിസ്സഹായതയോടെ..
അവളുടെ കറുത്ത കാർമേഘച്ചുരുൾ മുടി
തോളിലുമ്മവെച്ചുമ്മ വെച്ച് മുട്ടോളം പടർന്നു കിടന്നു..
വിടർന്ന മിഴികളിൽ രാക്കിനാവ് ചാലിച്ച
നീട്ടിയെഴുത്ത് പാതിമയക്കത്തോടെ..
നെറ്റിയിലൊരു കുഞ്ഞമാവാസിചന്ദ്രൻ
അതിനു മുകളിൽ സന്ധ്യയുടെ ചീന്തൽത്തുണ്ട്
മൂക്കുത്തി തുമ്പിലൊരു നക്ഷത്രക്കല്ല്
ഓടിച്ചെന്ന് അവളുടെ മൂക്കിൻത്തുമ്പിലൊരുമ്മ
കൊടുക്കണമെന്ന കൊതിയോടെ
ഞാനവളെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരിക്കവേയാണ്
പൊടുന്നനെ ആളെ നിന്ന് മതിയായ ബസ്
ഡബിൾ ബെല്ലിന്റെ ഭീക്ഷണി മുഴക്കി
മുന്നോട്ട് പാഞ്ഞത്...
എന്നെയൊന്നു നോക്കാനവൾക്കിട കിട്ടും മുന്നേ
ഞാനവളിൽ നിന്നും ഒഴുകിയകന്നു..
പിന്നീടൊരുനാളും കണ്ടുമുട്ടിയേക്കാൻ
വഴിയില്ലാത്ത ആ പെണ്ണിനെ എന്നിട്ടും
ഞാനിന്നുമോരോ വിരസയാത്രകളിലും
തിരയുന്നു
എണ്ണ കിനിയുന്ന മുഖവും നനഞ്ഞ ചുണ്ടുകളുമായി
ഒരുനാൾ അവളെന്റെ അരികിലത്തെ സീറ്റിൽ
വന്നിരിക്കുമെന്ന് മോഹിച്ച്
ഞാനവിടം മനപ്പൂർവം ഒഴിച്ചിടുന്നു..
എത്രപെട്ടെന്നാണ്
തീർത്തും അപരിചിതരായ ചില പെണ്ണുങ്ങൾ
അത്രയേറെ പരിചിതത്വത്തോടെ
നമ്മിൽ പ്രണയം നിറക്കുന്നതെന്നോർത്ത്
ഞാനത്ഭുതപ്പെടുന്നു..!!
വൈക്കോൽത്തുറുവിൽ പൊതിഞ്ഞ്
അത്രയേറെ പ്രേമത്തോടെ
നമ്മളുണ്ടാക്കിയ
കുന്നിൻ ചെരുവിലെയാ
ഒറ്റമുറി വീട്ടിൽ 
ഞാനും നീയുമില്ലാത്തൊരു സ്വപ്നം
പകച്ചിരിപ്പുണ്ട്..
ജനാലകളില്ലാഞ്ഞിട്ടും വാതിലടക്കാഞ്ഞിട്ടും
രക്ഷപ്പെടാനറിയാതെ
നിലാവു നനഞ്ഞ്
നിശബ്ദം
അതവിടെയിരിക്കുന്നു
അറിയാതറിയാതൊരുനാൾ
ആ വഴിയെങ്ങാൻ ചെന്നു പെട്ടാൽ
ഓർമകളുടെ കനൽച്ചീളിട്ട്
നീയതിനെ
പൊതിഞ്ഞു പിടിക്കുമോ ?!
നീറി നീറിയത് പിടഞ്ഞു തീരുന്നത്
നാം നോക്കി നിൽക്കുമോ ?!
ഒടുവിൽ !!
വീണ്ടുമൊരിക്കൽ കൂടി
സ്വപ്നങ്ങളില്ലാതെ ഞാനും നീയും
ജീവിതമിറങ്ങുമോ..!!!
വെളിച്ചത്തിന്റെ അവസാനതുള്ളിയും
കെട്ടുപോയൊരാ നേർത്ത നിമിഷത്തിൽ
മരണം, നിന്റെ നനുത്ത
ചുംബനങ്ങൾ കണക്കെന്നെ
കൊതിപ്പിച്ചു കടന്നു വരുന്നു
പരിചിതനായൊരു സുഹൃത്തിനെപ്പോലെ
നെറുകയിൽ തലോടുന്നു
ചുണ്ടുകളിൽ കൊടുംവിഷത്തിന്റെ
പ്രണയം പകരുന്നു
സിരകളിൽ ഭ്രാന്തു പൂക്കുമ്പോൾ
കടുംമഞ്ഞ നിറമാർന്ന
സൂര്യകാന്തിപ്പൂക്കൾ
എനിക്കു മുന്നിൽ തെളിയുന്നു..
എങ്ങു നിന്നോ വന്നയാ
മഞ്ഞപാപ്പാത്തിക്കു പുറകെ നിശബ്ദം
കവിതകളകലുന്നു..
അക്ഷരങ്ങൾ സ്വപ്നങ്ങളെപ്പോൽ വിരൽത്തുമ്പിൽ
നിന്നൂർന്നു വീഴുന്നു..
ഭ്രാന്തുകളെന്നിൽ പടർന്നു പൂക്കുമ്പോഴു൦
ഒരിക്കല് കൂടി, എന്നില് നിന്ന്
നിനക്കെന്നെ രക്ഷിക്കാനാവുമെന്ന്
നിന്നെപ്പോലെ വൃഥാ ഞാനു൦ കൊതിക്കുന്നു..
മരണത്തിനു ജീവിതത്തേക്കാൾ ലഹരിയുണ്ടെന്ന് 
വിഷാദങ്ങളെന്നെ ഭ്രമിപ്പിക്കുമ്പോൾ 
അകലങ്ങളിലെവിടെയോ ഇരുന്ന് 
നീയിന്നുമെന്നെ സ്നേഹിക്കുന്നുണ്ടാവാമെന്ന 
ആശ്വാസത്തിലേക്ക് ഞാനെന്നെ 
ഒളിപ്പിച്ചു വെക്കുന്നു.. 
പെയ്തു തോരാത്ത ചാറ്റൽമഴ കണക്ക് 
എനിക്കുള്ളിൽ നിൻ്റെയോർമകൾ 
അകലങ്ങളുടെ പനിച്ചൂടിൽ 
ഞാനും നീയും ഒരേയളവിൽ 
പൊള്ളിച്ചുവക്കുന്നു..!!!
നിൻ്റെയോർമകൾ മഴയാകുന്നു !!
മറവികളെന്നിലെത്ര പൂത്താലും 
ഓർമകളുടെ മഴച്ചാറ്റലിൽ 
നീയവയെ ചിതറിച്ചു കളയുകയും 
നിൻ്റെ നോവോർമ്മകളിലേക്കെന്നെ 
കൊരുത്തിടുകയും ചെയ്യുന്നു...!!
എൻ്റെ മരണമേ, 
നനവുമ്മകളാൽ 
നീയെന്നെ വിളിക്കുമ്പോൾ 
ശരിതെറ്റുകളെ കുറിച്ചോർക്കാൻ 
ഞാനൊരുങ്ങുകയില്ല 
നേർത്തൊരു ചീന്തലാൽ
നീല ഞരമ്പുകളിൽ നിന്ന്
ജീവനെ തുറന്നു വിടുകയും
ജീവിതത്തിൻ്റെ കുടുക്കിൽ നിന്ന്
ശരീരത്തെ ഊരിക്കളകയും ചെയ്ത്
നിൻ്റെ തണുത്തയാത്മാവിനു കീഴെ
ഞാനൊരനാഥയെപ്പോലെ
ചുരുണ്ടു കൂടും..
മറ്റൊരാളെ വായിച്ച് വായിച്ച് പൊടുന്നനെയൊരുനാൾ 
നിങ്ങളിലേക്കുള്ള വാതിലും തുറക്കപ്പെടുന്നു..
അന്നോളം വായിച്ചതിൽ വെച്ച് 
ഏറ്റവും മികച്ച വായന 
സ്വന്തം ജീവിതം തന്നെയെന്ന് നിങ്ങളറിയുന്നു..!!
വിഡ്ഢികളുടെ മൂഢസ്വർഗ്ഗത്തിന്റെ രുചി എന്തിനാണെന്റെ പെണ്ണുങ്ങളെ നിങ്ങൾ നിങ്ങളുടെ മക്കളിലേക്ക് പകർന്നു കൊടുക്കുന്നത്...???!!!!
*******************************************
വെള്ളക്കാർ നാടുപേക്ഷിച്ചു പോയതോടെ നാട് മുടിഞ്ഞുവെന്ന് വിശ്വസിക്കുന്ന ഒരു കഥാപാത്രമുണ്ട് മുകുന്ദന്റെ നോവലിൽ. 'ദൈവത്തിന്റെ വികൃതികളി'ലെ മഗ്ഗി മദാമ്മ. വെള്ളക്കാരുടെ ഭരണം എന്തായിരുന്നു എന്നോ എങ്ങനായിരുന്നു എന്നോ അവർക്കറിയില്ല. അവരത് അറിയാൻ ശ്രമിക്കുന്നും ഇല്ല. വെള്ളക്കാരുടെ ഭരണത്തിന്റെ ആശ്രിതവശത്ത് പറ്റിപ്പിടിച്ച് അല്ലലില്ലാതെയാണ് മഗ്ഗിമദാമ്മ കഴിയുന്നത്. വെള്ളക്കാർ നാടുവിട്ട് പോയതോടെ അവരുടെ ഉപജീവനം മുട്ടുന്നു. വെള്ളക്കാർ നാടുപേക്ഷിച്ചു പോയതോടെ നാട് മുടിയുന്നു എന്ന് സ്വാഭാവികതയോടെ അവർ വിശ്വസിക്കുകയും ചെയ്യുന്നു.
പറയാൻ പോകുന്നത് മുകുന്ദന്റെ മഗ്ഗിമദാമ്മയെ കുറിച്ചല്ല. മറിച്ച് ആശ്രിതവശത്ത് പറ്റിപ്പിടിച്ച് എല്ലാക്കാലത്തും അടിമജീവിതത്തെ വാഴ്ത്തി ജീവിക്കുന്ന ചില *മഗ്ഗിമദാമ്മമാരെ കുറിച്ചാണ്.
പെണ്ണിന് സ്വന്തമായി വ്യക്തിത്വമുണ്ടെന്നും അവകാശങ്ങളുണ്ടെന്നും സമൂഹം അത് അംഗീകരിക്കണം എന്നുമൊക്കെ ഒളിഞ്ഞും പിന്നെ തെളിഞ്ഞും പിന്നെ പിന്നെ വ്യക്തതയോടും അടിവരകളോടും കൂടെ ഫെമിനിസ്റ്റ് സൈദ്ധാന്തികരും മറ്റും പത്തൊമ്പതാം നൂറ്റാണ്ട് മുതൽ പറഞ്ഞു തുടങ്ങിയതാണ്. (അതിനുമുമ്പും സ്വത്വ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ത്രീകൾ ചരിത്രത്തിലുണ്ട്. അത് മറക്കുന്നില്ല.)
എന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും എന്തേ അതങ്ങു മുഴുവനായിട്ടും ഇങ്ങു കിട്ടുന്നില്ല..?!!
അതിനൊരുപാട് കാരണങ്ങൾ അക്കമിട്ട് നിരത്താനാവുമെങ്കിലും വളരെ പ്രധാനപ്പെട്ട ഉടനടി മാറ്റാൻ ശീലിക്കേണ്ട ഒരു കാരണമായി എനിക്ക് തോന്നിയത് പെണ്ണുങ്ങൾ മഗ്ഗിമദാമ്മമാരാവുന്നത് നിർത്തണം എന്നതാണ്.
ലോകത്തൊരിടത്തും Patriarchy പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചുണ്ടായതല്ല. രാജാക്കന്മാർ മറ്റൊരു രാജ്യത്തെ കീഴടക്കാൻ യുദ്ധം ചെയ്യും പോലെ പെട്ടെന്നൊരു ദിവസം ലോകത്തിലെ ആണുങ്ങളെല്ലാം കൂടി പെണ്ണുങ്ങളോട് യുദ്ധം ചെയ്ത് അവരെ തോല്പിച്ച് സ്ഥാപിച്ചെടുത്ത രാജ്യവുമല്ല അത്. മറിച്ച് ഒരാൾ കള്ളിനോ കഞ്ചാവിനോ അടിമപ്പെടും പോലെ (എന്നാൽ ദൂഷ്യവശങ്ങളെ കുറിച്ച് യാതൊരു സൂചനയും കൊടുക്കാതെ) ആദ്യം മെല്ലെ മെല്ലെ, ചവർപ്പിൽ മുഖം ചുളിച്ചപ്പോൾ ലഹരിയെ കുറിച്ച് പറഞ്ഞ് പ്രലോഭിപ്പിച്ച് പിന്നീട് അതിനെ കുറിച്ചൊരു പുനർവിചിന്തനത്തിനും ഇടകൊടുക്കാതെ വണ്ണം അതിൽ മുഴുകിപ്പോവുന്നത് പോലെ തീർത്തും സ്വാഭാവികമെന്ന മട്ടിൽ ഒരുപക്ഷെ ഒച്ചിനേക്കാൾ മെല്ലെയിഴഞ്ഞ് സ്ഥാപനവത്കരിക്കപ്പെട്ട ഒരു വ്യവസ്ഥയാണത്.
ലോകത്തൊരിടത്തും പുരുഷന്മാരെല്ലാം Patriarchy-യുടെ വക്താക്കളും സ്ത്രീകളെല്ലാം അതിന്റെ ഇരകളുമായി മാത്രം നില നിൽക്കുന്നില്ല. പുരുഷന്മാരിലും സ്ത്രീകളിലും ഒരു വിഭാഗം ഇര ഭാഗത്ത് നിലകൊള്ളുകയും. മറുവശത്ത് പുരുഷന്മാരിൽ തന്നെയുള്ള ഇതര വിഭാഗം വക്താവിന്റെ ഭാഗത്തും സ്ത്രീകളിലെ ഇതര വിഭാഗം വക്താക്കളുടെ കൈയാളുകളായിട്ടും നിലനിൽക്കുന്ന അവസ്ഥയാണുള്ളത്. അതേസമയം തന്നെ പലപ്പോഴും ഓരോ വ്യക്തിയും അറിഞ്ഞോ അറിയാതെയോ (കൂടുതലും) patriarchy-യുടെ വക്താക്കളാവുന്നുണ്ട് എന്നതും മറ്റൊരു യാഥാർഥ്യം.
കല്യാണം കഴിച്ചു വരുന്ന പെണ്ണ് ജോലിക്കു പോകണമോ വേണ്ടയോ, കല്യാണത്തിനു ശേഷം അവൾക്ക് എത്ര മണിക്കൂറ് വരെ സ്വന്തം വീട്ടിൽ പോയി നിൽക്കാം തുടങ്ങിയ കാര്യങ്ങൾക്കൊക്കെ (എന്തുടുക്കണം, ഏതുടുക്കണം, എപ്പോ തിന്നണം, ആരോട് മിണ്ടണം മിണ്ടരുത് ഇത്യാദികളെല്ലാം ഈ ഗണത്തിൽ പെടും) ആദ്യം ഭർത്താവിനോടും പിന്നെ അമ്മായിയപ്പനോടും എന്നോടും ചോദിച്ചേ ചെയ്യാവൂ എന്ന് പറയുന്ന അമ്മായിയമ്മമാരും + ഇതൊക്കെ അങ്ങനെയേ ചെയ്യാവൂ എന്നുപദേശിക്കുന്ന അമ്മമാരും, "എന്റെ എഫ് ബി പാസ്‌വേഡ് ഒക്കെ ആങ്ങളക്കറിയാം എല്ലാ ആഴ്ചയും ആങ്ങള അതെല്ലാം ചെക്ക് ചെയ്യും ഫോണും ചെക്ക് ചെയ്യും അത്ര ശ്രദ്ധയാ" എന്നഭിമാനത്തോടെ (?) പറയുന്ന പെങ്ങന്മാരും സ്വന്തം ജീവിതത്തിൽ അപ്പനും ആങ്ങളമാരും പറയുന്നതിനപ്പുറം ഒന്നുമില്ലെന്നും തന്നെയും തന്റെ വികാരവിചാരങ്ങളെയും കീറിമുറിച്ച് പഠിച്ച് പി എച്ച് ഡി എടുത്തവരാണ് അവരെന്നും വിശ്വസിക്കുന്ന പെൺമക്കളും (പെങ്ങന്മാരും) ഏതെങ്കിലും ഒരുത്തൻ ഇങ്ങോട്ട് കേറി ഉപദ്രവിച്ചാലും "നിനക്ക് അടങ്ങി ഒതുങ്ങി നടന്നൂടെ എന്നെയൊന്നും ആരും ഉപദ്രവിക്കുന്നില്ലല്ലോ" എന്നുപദേശിക്കുന്ന സ്നേഹനിധികളായ കൂട്ടുകാരികളും അത് വിശ്വസിച്ച് എങ്ങനെ അടങ്ങി ഒതുങ്ങണം എന്ന് റിസേർച്ച് ചെയ്യുന്ന പെൺപിറന്നതുങ്ങളും ഒക്കെ (ലിസ്റ്റ് ആവശ്യാനുസരണം നീട്ടാവുന്നതാണ്) Patriarchy-യെ ചുമന്നോണ്ട് നടക്കുന്ന തൂണുകളാണ്.
Patriarchy ആരും നിങ്ങളെ കുത്തിക്കേറ്റി തീറ്റിപ്പിക്കുന്ന ഇഷ്ടമില്ലാത്തൊരു ഭക്ഷണമല്ല, വെറുതെ തുപ്പിക്കളഞ്ഞാൽ ഒഴിഞ്ഞല്ലോ എന്ന് കരുതാൻ. മറിച്ച് വളരെ സാവധാനത്തിൽ നിങ്ങളെ ശീലിപ്പിച്ചെടുക്കുന്ന ഒരു വ്യവസ്ഥിതിയാണ്. ഞാനതിന്റെ ഭാഗമാണല്ലോ എന്ന് ചിന്തിക്കാൻ പോലുമുള്ള ഇടം നിങ്ങൾക്കത് നൽകുന്നില്ല.
Patriarchy പനിയോ ജലദോഷമോ പോലുള്ള അസുഖമല്ല മരുന്ന് കഴിച്ച് ഭേദപ്പെടുത്താൻ. അതൊരു ശീലമാണ്, വളരെ നാളുകൾ കൊണ്ട് ശീലമാക്കിയെടുപ്പിച്ച ഒരു ശീലം. ശീലങ്ങളെ മാറ്റാനും നമ്മൾ ശീലിക്കുക തന്നെ വേണം.
സ്വാഭാവികമെന്ന് നമുക്ക് തോന്നുന്ന പലതും അത്ര സ്വാഭാവികമല്ലെന്ന് തോന്നിത്തുടങ്ങുമ്പോൾ ,
ഇതൊക്കെ വെറും തമാശയല്ലേ എന്ന് ചില തമാശകളെ അത്രമേൽ നിസ്സാരവൽക്കരിക്കാതിരിക്കുമ്പോൾ
ചില ആദർശബിംബങ്ങളിൽ തട്ടി മൂക്കും കുത്തി വീഴാതിരിക്കുമ്പോൾ
അഹല്യയും സീതയും സാവിത്രിയുമാവണ്ട എനിക്കെന്ന് ഉറക്കെ പറയാൻ തുടങ്ങുമ്പോൾ
കാൽവിരലുകളിൽ നിന്ന് കണ്ണുകൾ കണ്ണുകളിലേക്കുയർത്തി നിന്ന് സംസാരിക്കാനാരംഭിക്കുമ്പോൾ
അതങ്ങനെയാണ് എന്നത് അതങ്ങനെയാവേണ്ട കാര്യമില്ലെന്ന് മറുപടി പറയാൻ തുടങ്ങുമ്പോൾ
അപ്പോഴൊക്കെയാണ് ചില ശീലങ്ങൾ തകർക്കപ്പെടുന്നത്. അപ്പോൾ മാത്രമാണ് വ്യവസ്ഥകൾ മാറ്റപ്പെടുന്നത്.
patriarchy മാറ്റിയെടുക്കേണ്ട ഒരു ശീലമാണ്. പെണ്ണുങ്ങൾ സ്വയം മാറ്റിയെടുക്കേണ്ട ഒരു ശീലം..!!
(* മഗ്ഗിമദാമ്മയുടെ പ്രസ്തുത വിചാരധാരയെ മാത്രമാണ് കണക്കിലെടുത്തിട്ടുള്ളത്. നോവലിലെ അവരുടെ മുഴുനീള സ്വഭാവത്തെയല്ല.)
പെണ്ണിന്റെ ഉടൽ
വസന്തത്തിന്റെ പലമകളാൽ
സമൃദ്ധമാണ്
അതുകൊണ്ടാണ്
അവളുടെ പ്രേമത്തിന്റെ അടരുകളിൽ 
അത്രയേറെ
സുഗന്ധങ്ങളുടെ രുചിക്കൂട്ട്
നിങ്ങൾക്കനുഭവപ്പെടുന്നത്
പെണ്ണിന്റെ ഉടൽ
പ്രേമത്തിന്റെ പലമകളാൽ
സമൃദ്ധമാണ്
അതുകൊണ്ടാണ്
പ്രേമത്തോടെയല്ലാതെ
നീയവളെ തൊടുമ്പോൾ
വേനൽ തൊട്ടെന്നപോലവൾ
വിളറുന്നത്
പൊള്ളുന്നൊരിതൾ പോലെ
പിടയുന്നത്
പെണ്ണിന്റെ ഉടൽ
കിനാവിന്റെ പലമകളാൽ
സമൃദ്ധമാണ്
അതുകൊണ്ടാണ്
അത്രയേറെ പ്രണയം
പുതച്ചൊരു നോട്ടത്തിനാൽ
നിനക്കവളിൽ
വസന്തമൊരുക്കാനാവുന്നത്..
.
.
എന്തുകൊണ്ടാണ്
ഏലക്കാമണം പേറുന്നയാ പെണ്ണ്
ഒറ്റയുമ്മയാൽ
നിന്നെയവളിൽ കുരുക്കിക്കളഞ്ഞതെന്ന്
നിനക്കിപ്പോൾ മനസിലായില്ലേ...??!! 
പരസ്പരമറിയുന്നില്ലെന്ന നാട്യത്തിൽ 
സ്വപ്നങ്ങളിൽ ഒളിച്ചുകടക്കുന്ന കുസൃതി 
നമുക്കവസാനിപ്പിക്കാതിരിക്കാം..
നേരിട്ടുകാണുമ്പോൾ 
ചിരിപടരാതെ തർക്കിക്കാൻ 
പരിഭവത്തിൻ്റെ കുഞ്ഞു നക്ഷത്രങ്ങളെ
മിഴികളിൽ തുന്നിച്ചേർക്കാം
പ്രാർത്ഥനകളിൽ പരസ്പരമുള്ള
പ്രണയം മാത്രം ബാക്കി വെച്ച്
നമുക്കീ ജീവിതത്തിൻ്റെ അത്താഴമേശയിൽ
കവിതകൾകൊണ്ട് വിരുന്നൊരുക്കാം..
അവളുടെ മിഴികളിൽ നിന്ന് 
നിൻ്റെ ഹൃദയത്തിലേക്കൊരു 
കടലിരമ്പുന്നുണ്ടാവാം 
അല്ലെങ്കിൽ പിന്നെങ്ങനാണ് 
നിന്നെയത്ര നീറ്റുന്നൊരു നോവിനെപ്പോലും 
ഒറ്റനോട്ടത്തിലവളണച്ചു കളയുന്നത്..??!!
ഒരുപാട് തനിച്ചാക്കലുകൾക്കൊടുവിൽ 
ഓരോ മനുഷ്യനും 
ഏകാകിയായ യാത്രക്കാരനെപ്പോലെ 
തൻ്റെ ജീവിതവഴിയുടെ 
പരമാധികാരിയാവുന്നു 
തനിച്ചു നടക്കുന്ന പാതകളവനിൽ
അന്നോളം രുചിച്ചിട്ടില്ലാത്തൊരു
ഉന്മാദത്തിൻ്റെ ലഹരി നിറയ്ക്കുന്നു..
തനിച്ചാകലെത്ര മധുരമെന്ന്
കിനാവ് നുണയുന്നു..

നമ്മൾ

വാക്കുകൾ കൊണ്ട് 
അത്രയേറെ മുറിപ്പെടുത്തിയും 
സന്തോഷത്തേക്കാൾ 
സങ്കടങ്ങൾ വാഴ്ത്തി നൽകിയും 
ആവശ്യത്തിനും അനാവശ്യത്തിനും 
തല്ലുകൂടിയും
എപ്പോഴും തെറ്റ് ചെയ്യുന്നത്
നീ മാത്രമെന്ന്
പരസ്പരം കുറ്റപ്പെടുത്തിയും
ദാക്ഷിണ്യമേതുമില്ലാതെ അപമാനിച്ചും
പ്രേമത്തോളം ചെന്നെത്തുന്ന നമ്മളെ
നമ്മളൊരിക്കലും തമ്മിൽ ചേരില്ലെന്ന്
വിശ്വസിപ്പിച്ച്
വഴക്കു കൂടലുകൾകൊണ്ട്
വരിഞ്ഞു കെട്ടി
മൗനത്തിന്റെ വിഴുപ്പുകോട്ടയിലടച്ചു വച്ച്
മിണ്ടാതിരിക്കലിന്റെ ശിക്ഷ സ്വയംഅടിച്ചേൽപ്പിച്ചിട്ടും
എത്ര ദൂരെ കൊണ്ട് കളഞ്ഞാലും എന്നും
നമ്മളെക്കാൾ വേഗത്തിൽ
വീട്ടിലെത്തുന്നയാ പൂച്ചക്കുഞ്ഞിനെ കണക്ക്
നമ്മിലേക്കു തന്നെ മടങ്ങിയെത്തുന്ന
നമ്മളെക്കാൾ കൂടുതൽ പ്രേമമൊന്നും
ഞാനെവിടെയും കണ്ടിട്ടില്ല...!!
ഒരു പെണ്ണിന്
മറ്റൊരു പെണ്ണിനെ
അത്രയേറെ പ്രേമത്തോടെ
ഉമ്മവെക്കാനാവുമെന്ന്
ഞാനൊരിക്കലും 
വിശ്വസിക്കുമായിരുന്നില്ല..,
അതൊരു
വേനലവധി ക്യാമ്പായിരുന്നു
വെറും പത്തുദിവസത്തേക്ക്.
നാമിരുവരോ
തീർത്തുമപരിചിതരും
എങ്കിലും
ആദ്യത്തെ കാഴ്ചയിൽ തന്നെ
അപരിചിതത്വത്തെ
വഴുക്കിക്കളയുന്നൊരു
സ്നേഹമെഴുക്ക് നമുക്കിടയിൽ
കിനിയുന്നെന്ന് നാമറിഞ്ഞിരുന്നല്ലോ
പിന്നത്തെയൊമ്പത് ദിനങ്ങളാവട്ടെ
ആത്മാവിനെ ആത്മാവിലേക്ക്
കൊരുത്തുകെട്ടുക മാത്രം ചെയ്തു..
നമ്മളൊരുമിച്ചുള്ള
അവസാനത്തെ
രാത്രിയായിരുന്നു അത്
നിറയെ നക്ഷത്രങ്ങളുള്ള
ആകാശത്തിനു കീഴിൽ
ഇനിയൊരിക്കലും
ഒരുമിച്ചിരിക്കുകയില്ലെന്നും
രാത്രിമഴ നനച്ചിട്ട,
ചെമ്പകപ്പൂമണമുള്ള
മണൽവഴികളിൽ
ഇനിയൊരിക്കലും
കൈകോർത്തു നടക്കുകില്ലെന്നും
ജീവിതത്തിലൊരുനാളും
തീർത്തും ആകസ്മികമായിപ്പോലും
ഇനിയൊരിക്കലും
കണ്ടുമുട്ടുകയില്ലെന്നും
അപ്പോൾ
നമുക്കറിയാമായിരുന്നു
അതുകൊണ്ടല്ലേ
കിടക്കാനുള്ള
അവസാന വിളിക്കു ശേഷവും
ഇനിയുമുറങ്ങാത്ത ഒറ്റാലിനു കീഴിൽ
കൈകൾ കോർത്ത്
ഒന്നും മിണ്ടാതെ
നക്ഷത്രങ്ങളെ നോക്കി
ഞാനും നീയുമിരുന്നത്..
പൊടുന്നനെയാണപ്പോൾ
അത്രയും തണുവേറിയ
ഒറ്റയുമ്മയാൽ നീയെന്നെ
നടുക്കിക്കളഞ്ഞത്
വെറുതെയൊന്ന് നോക്കി
മിണ്ടാതെണീറ്റു പോയത്
എന്തിനങ്ങനെ ചെയ്‌തെന്ന
ചോദ്യമോ
തിരികെ
ഞാനുമുമ്മ വെക്കണമെന്ന
മറുപടിയോ
നീയവശേഷിപ്പിച്ചതില്ല..
പുലരും വരെ
ഞാനവിടെ തനിച്ചിരുന്നു
നീ മടങ്ങി വരികയുമുണ്ടായില്ല.
ഈയൊരൊറ്റ ഓർമയിൽ
ജീവിതാന്ത്യം വരെ
ഞാൻ നിന്നെ
മറന്നു പോവരുതെന്ന കുറുമ്പ്
എന്നിവശേഷിപ്പിക്കണമെന്ന്
നീ കരുതിയതെത്ര നന്നായി
അല്ലെങ്കിൽ
ഒരു പെണ്ണിന്
മറ്റൊരു പെണ്ണിനെ
അത്രയേറെ പ്രേമത്തോടെ
ഉമ്മവെക്കാനാവുമെന്ന്
സത്യമായിട്ടും
ഞാനൊരിക്കലും
വിശ്വസിക്കുമായിരുന്നില്ല..!!

Sunday 19 August 2018

19.08.2018

ഓർമകളിൽ വിഷം നിറച്ചവന്..

 ഒരിക്കൽ കൂടി നിനക്ക് വേണ്ടി എന്തെങ്കിലും എഴുതേണ്ടി വരുമെന്ന്  സത്യമായും ഞാനൊരിക്കലും നിരീച്ചതല്ല. പക്ഷെ  ഒരു നിമിഷം പോലും വിട്ടുമാറാതെ അത്രമേൽ വെറുപ്പോടെ നീയെന്റെ ഓർമകളിൽ കുടിയിരിക്കുന്നത് എന്റെ പ്രശ്നങ്ങളെ കൂട്ടുക മാത്രം ചെയ്യുന്നു എന്നുള്ളതിനാൽ ഞാനിതെഴുതുകയാണ്. എന്തിനാണ് ഇതെഴുതുന്നതെന്ന് എനിക്കറിയില്ല. ഒരു പക്ഷെ നീയൊരുനാളും ഇത് വായിക്കാനിടയില്ല. എനിക്ക് പറയാനുള്ളവ കേൾക്കാനിടയില്ല.  എങ്കിലും നിനക്കുവേണ്ടിയല്ലാതെ എനിക്ക് വേണ്ടി ഞാനിതെഴുതുന്നു.
ഒരാളെ വെറുത്തുകൊണ്ട് ഒരുനാളും ഒരാളെ മറക്കാൻ സാധിക്കില്ല എന്നതും ഈ എഴുത്തിനുള്ള ഒരു കാരണമാണ്. ഞാനിതെഴുതുന്നു കാരണം ഞാൻ നിന്നോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. അതിലൂടെ എന്നന്നേക്കുമായി നിന്നെ മറക്കാനും.

നമുക്കിടയിൽ ഉണ്ടായിരുന്ന ബന്ധത്തിന് പ്രണയമെന്നോ സൗഹൃദമെന്നോ പേര് നൽകി ആ രണ്ട് ബന്ധങ്ങളുടെയും വില കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും എന്നെ പ്രേമിക്കുന്നുണ്ടെന്നും തിരിച്ച് ഞാനും നിന്നെ പ്രേമിക്കണമെന്നും പറഞ്ഞ് എന്റെ പുറകെ നടന്നത് നീയായിരുന്നു. ഞാൻ മിണ്ടാതിരുന്നതിന്റെ പേരിൽ ക്ലാസിലെ കുട്ടികളോടെല്ലാം വഴക്കിട്ട് നടന്നത് നീയായിരുന്നു, അത് നിന്റെ തീരുമാനമാണെന്ന് വിചാരിക്കാതെ  എന്റെ തെറ്റുകൊണ്ടാണ് നീ എല്ലാവരോടും വഴക്കിടുന്നതെന്നും പരീക്ഷകൾക്ക് മാർക്ക് കുറയുന്നതെന്നും വിശ്വസിച്ചിടത്തായിരുന്നു എന്റെ ആദ്യത്തെ തെറ്റ്. നീ വഴക്കിട്ടതിന്റെ പേരിൽ ക്ലാസിലെ അന്നത്തെ നിന്റെ കൂട്ടുകാർ  എന്നോട് വന്ന് കാരണം ചോദിച്ചിരുന്നപ്പോൾ അത് എന്നോട് ചോദിക്കണ്ട കാര്യം ഇല്ലെന്നും അവനോട് തന്നെ അന്വേഷിക്കണമെന്നും പറയാഞ്ഞതാണ്  എന്റെ രണ്ടാമത്തെ തെറ്റ്. ഞാനാണ് അതിനു കാരണമെന്ന് കരുതി അവരോട് വഴക്ക് മാറ്റാൻ പറഞ്ഞ് നിന്റെ പുറകെ നടന്നത് അടുത്ത തെറ്റ്.

ഞാൻ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാൽ നീയെന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനു ശേഷം  നിനക്ക് സംഭവിക്കുന്ന എല്ലാ കാര്യത്തിനും എന്നെ കുറ്റക്കാരിയും  മോശക്കാരിയും  ആക്കുന്ന നിന്റെ കൂട്ടുകാരുടെ സ്നേഹം എനിക്കൊട്ടും മനസിലാവുന്നില്ല.  മിസ് എന്നോട് പറഞ്ഞത് അഖിൽ എന്നോട്  പറഞ്ഞത് അപ്പു എന്നോട് പറഞ്ഞത്.. എല്ലാത്തിലും പൊതുവായ ഒരു കാര്യം ഞാൻ നിന്റെ പുറകെ നടന്ന് എന്നോട് മിണ്ടാനും എന്നെ  സ്നേഹിക്കാനും വാശിപിടിച്ച് നിർബന്ധിച്ച് ശല്യം ചെയ്ത്. ഒടുക്കം ഇഷ്ടമാണെന്ന് പറയിപ്പിച്ചതിന് ശേഷം പൊടുന്നനെ നിന്നെ ഉപേക്ഷിച്ചതാണെന്ന് . നീയവരോട് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷെ അവരെന്നോട് പറഞ്ഞ ഓരോ തവണയും എന്നെയത് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അതോർത്ത് ദിവസങ്ങളോളം ഞാനെന്നെ തന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഭ്രാന്തുപിടിച്ചിട്ടുണ്ട്. അവളൊരു ചീത്തപ്പെണ്ണാണെന്ന് നീ നിന്റെ കൂട്ടുകാരോട് എത്ര എളുപ്പത്തിൽ  പറഞ്ഞുവോ അതിന്റെ പതിനായിരം മടങ്ങ് ബുദ്ധിമുട്ടിയാണ് ഞാനാ മുറിവിലൂടെ കടന്നു പോയത്.  ഒരേസമയം പലതലങ്ങളിൽ മുറിവേൽക്കപ്പെടുന്നതിന്റെ സുഖം എന്തായിരിക്കുമെന്ന് നീ പഠിപ്പിച്ചു,   ഇഷ്ടമല്ലെന്ന് പറഞ്ഞ ഒറ്റക്കാരണം കൊണ്ടൊരുത്തിയെ  മോശക്കാരിയാക്കിയ ഒരാളെയാണ് ലോകത്തിൽ വച്ചേറ്റവും നല്ലവനെന്ന് ഞാൻ വീമ്പു പറഞ്ഞിരുന്നത് എന്നോർത്ത് എനിക്കെന്നോട് പോലും വെറുപ്പ് തോന്നിയിട്ടുണ്ട്.  പക്ഷെ ഇനിയില്ല. ഒരാള് ചീത്തയാവുന്നത് അയാളുടെ തീരുമാനമാണ്. അയാളുടെ മാത്രം തീരുമാനം,. സത്യത്തിൽ നിന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളുടേയും, (ഞാനടക്കം)  ഏക ഉത്തരവാദി നീ മാത്രമാണ്.   ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ നീ കണ്ടു പിടിച്ച ഏറ്റവും മികച്ച  വഴിയായിരുന്നു എന്നെ പഴിചാരുക എന്നത്.

സ്വയം ന്യായീകരിക്കാൻ നീ എത്രത്തോളം താഴ്ന്നുവെന്ന് സ്വയം ചിന്തിച്ചാൽ നിനക്ക് ബോധ്യപ്പെടും.  നിന്റെ കൂട്ടുകാരെക്കൊണ്ട് എന്നെ ചീത്ത വിളിപ്പിക്കുന്നത് തൊട്ട്, എന്റെ വീട്ടുകാരെ ചീത്ത പറയുന്നതും പഠിപ്പിച്ച അധ്യാപകരോട് പോലും എന്നെ പറ്റി മോശം പറയുന്നത് വരെ.  നിന്റെ തെറ്റുകളെ ശരികളാക്കാൻ നിരന്തരം എന്നെ പഴിചാരുകയെന്ന എളുപ്പവഴി.  ഇനിയും എന്തൊക്കെയാണ് നീ ചെയ്യാൻ പോവുന്നതെന്ന് എനിക്കറിയില്ല. പക്ഷെ എന്തുവേണമെങ്കിലും നിനക്ക് ചെയ്യാം. ഇനിമേലിൽ അതൊന്നും യാതൊരു വിധത്തിലും എന്നെ ബാധിക്കാൻ പോകുന്നില്ല. വെറുക്കുകയല്ല മറക്കുകയാണ് നിന്നെ ഞാൻ, നിന്നെ വെറുത്തുകൊണ്ട് പോലും ഇനിമേലിൽ നിന്നെ ഓർക്കാൻ  ഞാനിഷ്ടപ്പെടുന്നില്ല. 
സ്നേഹത്തോടെ തന്നെ വിടപറയട്ടെ,
ഒപ്പം ഒരുപാട് നന്ദിയും
ഒരുപാട് നല്ലവരെന്ന് ഭാവിക്കുന്നവരുടെ ഉള്ളിൽ എന്തുമാത്രം മാലിന്യമാണുള്ളതെന്ന് ചിന്തിക്കാൻ പഠിപ്പിച്ചതിന്.
സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി ആരെയും ചീത്തയാക്കാൻ ചില മനുഷ്യർക്ക് യാതൊരു മടിയും ഇല്ലെന്ന് പഠിപ്പിച്ചതിന്.
കൂട്ടുകാരൻ പറഞ്ഞതിന്റെ മാത്രം പേരിൽ ഒരു പെണ്ണിനെ ചീത്തയെന്ന് ഉറപ്പിച്ച് വിശ്വസിക്കുന്ന പെണ്ണുങ്ങളും നാട്ടിലുണ്ടെന്ന് പഠിപ്പിച്ചതിന്. ഒക്കെ ഒരുപാട് ഒരുപാട് നന്ദി.


പത്തെൺപത് പേജുകളുള്ള ഒരു ബുക്കിൽ ഇരുപതാമത്തെ പേജിലൊരു അക്ഷരത്തെറ്റ് വന്നതിന്റെ പേരിൽ ആ ബുക്ക് മുഴുവൻ ചീത്തയാവുന്നില്ല എന്നത് പോലെ., നീയെന്ന അക്ഷരത്തെറ്റിനെ ഞാനിവിടെ മറക്കുന്നു. മുന്നോട്ടുള്ള എന്റെ വായനയിൽ നിന്നെപ്പോലൊരു അക്ഷരത്തെറ്റിന് ഒരിക്കലും ഇടനൽകില്ലെന്ന ഉറപ്പോടെ. ഇനിയും മുറിവേൽക്കാനും അത് പ്രണയത്തിന്റെ പേരിലായാലും അതിനെ സ്വീകരിക്കാനും ഉള്ള പൂർണ മനസ്സോടെ സന്തോഷത്തോടെ...!!!

- താത്രി
                                                                                                                                                                                                                                                                                                                                            

Wednesday 9 May 2018

ഊരുതെണ്ടി

നാടും നാട്ടാരുമില്ലാത്ത ഒരുവൻ
ആഫീസുകളിലും രേഖകളിലും
പേരു സൂക്ഷിക്കപ്പെടാത്ത ഒരുവൻ
ഉള്ളിലൂറുന്ന കനിവുമായി
ഊരുതെണ്ടുന്നു.
നമ്മളവനെ നമ്മിലൊരാളായി
കണക്കാക്കുന്നതേയില്ല..
അവന്റെ മുഷിഞ്ഞ വേഷം
എണ്ണ പുരളാത്ത തലമുടി
കീറിയ തുണിക്കെട്ട്
ഊരുതെണ്ടിയുടെ ലക്ഷണങ്ങൾ കല്പിച്ച്
അധികപ്പറ്റെന്ന് ചാപ്പ കുത്തുന്നു
നനവു വറ്റാത്ത കണ്ണുകളിലേക്ക്
അറിയാതെ പോലും
നോക്കിപ്പോവാതിരിക്കാൻ
അത്രമേൽ കരുതുന്നു
ഊരുതെണ്ടിയുടെ കീശയിലാവട്ടെ
ഒരു കാലിച്ചായക്കുപോലും കാശില്ല
എങ്കിലും ഭൂമിയിലെ
അധികാരപ്പറവകളെ കണക്ക്
മോഷ്ടിക്കാതെയും തട്ടിപ്പറിക്കാതെയും
കൂട്ടിവെക്കാതെയും അവൻ ജീവിക്കുന്നു
അവന്റെ ഹൃദയത്തിലാവട്ടെ
എന്റെയെന്നും പറഞ്ഞ്
അധികാരത്തോടെയിന്നോളമാരും
ഉമ്മയടയാളങ്ങൾ വീഴ്ത്തിയിട്ടില്ല
എങ്കിലും
തെരുവിലൊരു മകൾ
അറിയാതെ തട്ടിവീഴ്ത്തപ്പെടുമ്പോൾ
ഓടിച്ചെന്നുമ്മ വെക്കാൻ
ഒരു മകളില്ലാഞ്ഞതെന്തു നന്നെന്ന്
നീറ്റലോടെയവനോർക്കുന്നു
കുടുംബക്കോടതി മുറ്റത്തെ
പുകഞ്ഞു പുകഞ്ഞു തീരുന്ന
സിഗരറ്റുകുറ്റികൾ പെറുക്കുമ്പോഴാവട്ടെ
കിനാവിലവൻ
ഇന്നോളമുണ്ടായിട്ടില്ലാത്തൊരു
വീടിനെയോമനിക്കുന്നു
തെരുവിൽ കൊടിപിടിച്ചയൊരുവൻ
കൊടിപിടിച്ച മറ്റൊരുവനെ
വെട്ടുമ്പോഴാവട്ടെ
എച്ചിൽക്കൂനയിൽ
അവനൊരപ്പക്കഷ്ണത്തിനായി
തിരഞ്ഞുകൊണ്ടേയിരിക്കുന്നു
പാതിചീഞ്ഞൊരപ്പക്കഷ്ണം
തട്ടിത്തപ്പിയെടുത്ത് ആശ്വാസത്തിന്റെ
മടിയിലേക്ക് ചായുമ്പോഴേക്കും
ഞാൻപോരിന്റെ പകയിൽ
ചീന്തിപ്പോയൊരു ജീവൻ
അവന്റെ മുഖത്ത് തെറിക്കുന്നു
ചോരനിറം പൂണ്ട അപ്പം
വഴുതിപ്പോവുന്നു
ഭൂമിക്കും ആകാശത്തിനും ഇടയിൽ
മനുഷ്യവർഗ്ഗത്തിൽ പെടുത്താതെ
പോയൊരുയൊരുവൻ
പകച്ചു നിൽക്കുന്നു..!!!

Thursday 5 April 2018

രണ്ടു പെണ്ണുങ്ങൾ പ്രണയിക്കുമ്പോൾ.. 

നിന്റെ പൊക്കിൾ ചുഴിയിൽ 
ചുണ്ടമർത്തുമ്പോൾ 
എന്റെയുടലിന്റെ പെണ്ണാഴങ്ങളിൽ നിന്ന് 
ഉർവ്വരതയുടെ 
നേർത്തൊരു സംഗീതമുയരുന്നു.
നമ്മിൽ നിന്നൊരുനാളും
ചുരന്നൊഴുകാൻ വഴിയില്ലാത്ത
മുലപ്പാലിന്റെ പതഗന്ധം
ചുണ്ടിൽ പടരുന്നു...
പ്രണയിക്കുമ്പോൾ നാമൊരൊറ്റ
ഉടലാകുന്നു
പരസ്പരം പടർന്നു കയറുന്ന
ഒരൊറ്റ പെണ്ണുടൽ..
നിന്റെ വാക്കുകളെന്ന പോലെയാണ് 
കവിതയുമെന്നെ ചിതറിക്കുന്നത് 
നിമിഷ നേരം കൊണ്ട് 
എന്റെ സ്വപ്നങ്ങളുടെ 
ചിറകുകളരിഞ്ഞ് 
നിരാശ്രയയും നിസ്സഹായയുമാക്കുന്നത്
നിരന്തരം കനലേറു കൊള്ളുന്ന
ഊരുതെണ്ടിയാക്കുന്നത്..
ചിലരങ്ങനെയാണ്... 
പെട്ടെന്നൊരീസം 
നമ്മടെ ജീവിതത്തിൽ നിന്നിറങ്ങി 
ഒരൊറ്റ പോക്കാണ്... 
നമ്മളെന്തേലും ചെയ്തിട്ടാണോ 
അതോ ഒന്നും ചെയ്യാഞ്ഞിട്ടാണോ
ന്നൊന്നും മ്മക്ക് മനസിലാവില്ല...
കണ്ണടച്ച് തുറക്കുമ്പോഴേക്കും
അവരങ്ങ് ദൂരെ എത്തീട്ട്ണ്ടാവും...
നമ്മള് പിന്നെ
വെറുതെ കുറെ ദിവസം
അവര് പോയ വഴിക്കങ്ങനെ
കണ്ണും നട്ടിരിക്കും..
ഇപ്പൊ വരും ഇപ്പൊ വരും ന്നോർത്ത്..
ആര് വരാൻ... എവ്ട്ന്ന് വരാൻ...
'ഈ കൊറേ ദിവസങ്ങള് തീരാനൊക്കെ
കൊറേ ദിവസം എടുക്കും ന്ന്"
അപ്പഴാ നമുക്ക് മനസിലാവാ..
വേദനിക്കാതെയല്ല.. വേദനിച്ചുകൊണ്ട് മരിക്കണം..

ആത്മഹത്യ
^^^^^^^^^^^^^^^ 

എന്റെയീ വിളർത്ത കൈത്തണ്ടയിൽ 
നീയുമ്മ വെക്കുമ്പോൾ മാത്രം 
ചുവന്നുതുടുക്കാറുള്ളയാ 
നീല ഞരമ്പിന് മുകളിലൂടെ
അറ്റം കൂർത്തൊരു
ലോഹത്തുണ്ടിനാൽ
അവസാനമായൊന്നുകൂടി
എനിക്കുമ്മ വെക്കണം..
ഒറ്റച്ചീന്തലിൽ
നീയൊരുപാട് സ്നേഹിക്കുന്നൊരീ ജീവനെ
ചിതറിച്ചുകളയണം..
നിന്നെ കണ്ടതിനു ശേഷം
ഞാൻ മറന്നുകളഞ്ഞ കരച്ചിലുകൾ
ചുവന്ന നിറത്തിൽ ഒഴുകിയിറങ്ങുന്നത്
കണ്ടു നിൽക്കണം...
നീറ്റുന്നൊരു നോവ്
കൈത്തണ്ടയിൽ നിന്ന് കുതറിയിറങ്ങി
ശരീരമാകെ പടർന്നു കയറുമ്പോഴും..
നിനക്കുവേണ്ടിയൊരു ചിരി
ചുണ്ടിലവശേഷിപ്പിക്കണം..
നീയാഗ്രഹിച്ചതു പോലെ
നിന്റെ മാറിൽ ചാഞ്ഞു കിടന്ന്
വേദനയറിയാതെയല്ല.,
നിന്നിൽ നിന്നകന്ന്
ദൂരെയൊരിടത്ത്
ഞാനകലുന്നത് നീയറിയുന്നില്ലെന്ന
വേദനയിൽ നീറിയെനിക്ക് മരിക്കണം..!!!
ഞങ്ങൾക്കെന്തറിയാം നിന്റെ സ്വപ്നങ്ങളെ കുറിച്ച്.. 

സ്വപ്നം കാണാൻ പോലും സ്വാതന്ത്യമില്ലാത്ത ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച് നിങ്ങൾക്കെന്തറിയാം..
വീട്, കുടുംബം, രക്ഷിതാക്കളുടെ സ്വപ്നങ്ങൾ, പഠനം, ജോലി, തുടങ്ങി 
ഏതൊക്കെയോ ഭാരങ്ങൾ 
ചിറകുകൾക്കു മേൽ കെട്ടിവെച്ച് 
പിടഞ്ഞു നീറുന്നൊരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
ചങ്ങലകളെ
പൊട്ടിച്ചെറിയാൻ കഴിവില്ലാത്ത ഭീരുവെന്ന്
നിങ്ങൾ പരിഹസിക്കുന്നയൊരുവളുടെ
സ്വപ്നങ്ങളെ കുറിച്ച്..
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള
നിങ്ങളുടെ ആവേശോജ്ജ്വലമായ പ്രസംഗങ്ങളെ
നിറഞ്ഞ കണ്ണുകളോടും
വരണ്ട പുഞ്ചിരിയോടും കൂടി
അവഗണിച്ചു നടന്നകലുന്ന
ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
സ്വന്തമായൊരു മുറിയെന്ന ഉപന്ന്യാസത്തിൽ ഒന്നാം സമ്മാനം വാങ്ങുന്ന..,
സ്വന്തം ജീവിതത്തിൽ പോലുമൊരിടമില്ലാത്ത ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
സ്വപ്നങ്ങളെ ഭയന്ന് രാത്രിയുറക്കങ്ങളിൽ പോലും ഞെട്ടിയുണരുന്ന ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
കണ്ണീരു വീണു പിഞ്ഞിയ ഡയറിത്താളുകളിൽ പോലും സ്വപ്നങ്ങളെയെഴുതാൻ ഭയക്കുന്നയൊരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
നിങ്ങൾക്കെന്തറിയാം..
സ്വപ്നങ്ങളോളം സ്വപ്നങ്ങൾ സൂക്ഷിക്കുന്നൊരു പെണ്ണിനെ കുറിച്ച്...
ഓരോ തവണ വീഴുമ്പോഴും 
ഇനി താങ്ങാനൊരാളില്ലെന്നും 
തനിയെ താങ്ങാൻ 
പഠിക്കണമെന്നുമോർക്കും..!!
നിന്നെയോർക്കുമ്പോഴാകട്ടെ 
വീണ്ടുമത് മറക്കും..!!!
അന്തിയ്ക്കുറങ്ങുമ്പോ
തലയിണക്കീഴിൽ കത്തി സൂക്ഷിക്കുന്ന പെണ്ണുങ്ങളൊക്കെ
പിഴച്ചവരാണത്രേ..!!!

രാത്രിയുടെ ഇരുൾമറയിൽ 
പതുങ്ങി വന്ന് കതകിൽ മുട്ടുമ്പോ,
സ്വീകരിച്ച് കേറ്റി കിടത്തുന്നവളുമാരാണ്
നിങ്ങക്ക് പതിവ്രതകളെങ്കിൽ
മാന്യരേ,
കത്തിയോളം മൂർച്ച സൂക്ഷിക്കുന്ന പെണ്ണുങ്ങളോടൊപ്പം
പിഴച്ചവളെന്ന പേര്
ഞങ്ങളും അംഗീകരിക്കുന്നു...!!!
.
.
NB - "പുണ്യവാന്മാരായവരെ" മാത്രം ഉദ്ദേശിച്ചാണ്....
കാപ്പിപ്പൂക്കളില്ലാത്ത ഡിസ൦ബറിനെ കുറിച്ച്
നിനക്കോർക്കാനാവുമോ.., 

മഞ്ഞിൽ വിറച്ച് തണുത്തു വിളറി 
ചൂളിത്തളർന്നിരിക്കുന്ന ഡിസ൦ബറിനെ.. 

ഒന്നാഞ്ഞു പുൽകാൻ
ഒരൊറ്റ പ്രണയമണ൦ പോലുമില്ലാതെ
തനിച്ചായിപ്പോയ ഡിസ൦ബറിനെ..

ഹാ..!!!
ആ ഓർമ പോലുമെത്ര കഠിനമാണ്..


പിന്നെങ്ങനെയാണ് സഖേ..,
നീയില്ലാതെ
എനിക്ക് ജീവിക്കാനാവുമെന്ന്
നീ ചിന്തിച്ചു കളഞ്ഞത്..
നിനച്ചിരിക്കാത്ത നേരത്തെല്ലാം വന്ന് 
എന്റെ പ്രണയത്തെയിങ്ങനെ 
ഉമ്മ വെക്കരുതെന്ന് 
നീ നിന്റെ ഓർമ്മകളോട്  പറയണം..
.
.
വരാനിരിക്കുന്നൊരു വറുതിക്കാലത്തേക്ക്
കരുതി വെക്കേണ്ട കണ്ണീരാണ്  സഖേ
ഞാനിങ്ങനെ ഒഴുക്കിക്കളയുന്നത് ..!!
അമ്മക്കണ്ണീര് താങ്ങാൻ മാത്രം ഭൂമി വലുതല്ല ദൈവമേ...

ദൈവമേ  നീയുണ്ടെങ്കിൽ...!!
.
.
ഒരമ്മയുടെ കൈയിൽ നിന്ന് 
അമ്മിഞ്ഞപ്പാലു മണക്കുന്ന 
പൈതങ്ങളെ
തട്ടിപ്പറിക്കാൻ മാത്രം
ക്രൂരനാവാതിരിക്കണം👺..!!
😰😢😢
അവളെന്നും പൂക്കുന്നുണ്ട്... നീ കാണാത്തതെന്ത്???

പെണ്ണിന്റെ ഉടലാഴങ്ങളിൽ മാത്രം 
ശ്രദ്ധിച്ചു തുടങ്ങുമ്പോഴാണ് 
അവളുടെ മിഴികളിൽ 
ഉദിച്ചു പൂക്കുന്ന വലിയ കടലാഴങ്ങൾ 
നിനക്ക് നഷ്ടപ്പെടുന്നത്...!!
ഒറ്റയുമ്മയാൽ 
നിനക്കുള്ളിൽ കുരുങ്ങിപ്പോയ 
എന്റെയാത്മാവിനെ 
ഞാനെങ്ങനെ പിടിച്ചിറക്കി 
കൊണ്ട് വരണമെന്നാണ് 
നീ പറയുന്നത്...!!!
നിന്റെ പ്രണയത്തിന് കർപ്പൂരത്തിന്റെ മണമാണ്...

ഞാനറിയാതെ വന്ന്
നീയെന്റെ സ്വപ്നങ്ങളെ 
കവർന്നെടുക്കുന്നു 
എന്റെയുറക്കത്തെ ഉണർത്താതെ 
ഉമ്മകൾ കൊണ്ടെന്നെ 
പൊതിഞ്ഞു പിടിക്കുന്നു
രാവ് തീരുന്നതറിയാതെ
എന്റെ കിനാവുകളിൽ
പ്രണയം വിതറുന്നു
മടങ്ങിപ്പോവാൻ നേരം
ഞാനറിയാതെന്റെ മിഴികളിൽ
നക്ഷത്രങ്ങളെ ഒളിപ്പിക്കുന്നു..
പുലരിയിലേക്ക് ഞാനുണരുമ്പോൾ
മുടിയിഴകൾക്ക് കർപ്പൂരത്തിന്റെ മണം..!!!! 
നീയെന്റെ കൈവിരൽത്തുമ്പു തൊടാൻ ഭയക്കുന്നു., 
പ്രേമത്തിന്റെയൊരു മിന്നൽക്കൊളുത്ത് ഞാനവിടെ സൂക്ഷിക്കുന്നുവെന്ന് നിനക്കറിയാ൦..!!

തനിച്ചിരിക്കുമ്പോൾ 
നിന്റെ കനവുകളിൽ ഞാനൊരു കടലാവുന്നു..
പൊള്ളുന്ന ചുണ്ടുകളിൽ
തിരയുമ്മകളാൽ നനവിറ്റിക്കുന്നു..
ചിലരൊക്കെ ജീവിതത്തിൽ നിന്നിറങ്ങിപ്പോവുന്നത് 
ആത്മാവിന്റെ പാതിയും ചീന്തിയെടുത്താണ് 
അടിക്കടി ഓർമ്മയുടെ ഉപ്പുരസം വീണ് 
നീറിപ്പഴുത്ത് 
കൂടുതൽ കൂടുതൽ മുറിഞ്ഞ് 
പാതി ജീവനോടെ
നമ്മളിങ്ങനെ..
പെണ്ണേ നിന്റെയുമ്മകൾ..

'പെണ്ണുമ്മ'യ്‌ക്കെന്താണിത്ര 
പ്രത്യേകതയെന്നോ..?!!
അവളുമ്മ വെക്കുകയല്ലല്ലോ.., 
ചുണ്ടുകളാലാത്മാവിലൊരു 
കവിതയെഴുതുകയല്ലേ..!!
😍
എന്റെ ഉടലാഴങ്ങളിൽ മാത്രം 
കുരുങ്ങിപ്പോവുന്ന 
നിന്റെ മിഴികളെ ..
ഞാനിനിയെന്റെ മിഴിപ്പൂക്കളിൽ 
കൊരുത്തുകെട്ടും ..
പൊള്ളുന്നൊരെന്റെ പെണ്ണാത്മാവിനാൽ
നിന്റെ ഹൃദയത്തിൽ
അമർത്തി ചുംബിക്കും
ഉടലാടകളിൽ ഭ്രമിച്ച്
ഉറവകളെ മറന്നു പോകാതിരിപ്പാൻ
എന്റെ പ്രണയം കൊണ്ട്
നിന്റെ പ്രണയത്തിലൊരു മുറിപ്പാടിടും
പെണ്ണൊരു കാപ്പിച്ചെടിയാണ് സഖേ
ഒറ്റയുമ്മയാൽ നിന്നിലേക്കവൾ
പടർന്നു പൂക്കുന്നു
ഒറ്റയുമ്മയാൽ നിന്റെ ആണഹന്തയുടെ
നെറുകയിൽ പ്രണയം നിറയ്ക്കുന്നു !!
മരിച്ചു പോയവരാണ് നക്ഷത്രങ്ങളാവുക ന്ന് 
എത്രയോ തവണ കേട്ടിരിക്കണൂ ...
പക്ഷേ എനിക്കങ്ങനെ തോന്നണില്ല 
ജനിക്കാനിരിക്കുന്നവരായിരിക്കണം 
നക്ഷത്രങ്ങളായിട്ട് ആകാശത്ത്..
കുരുത്തക്കേട് കാണിക്കുമ്പോ
ഭൂമിയിലോട്ട് പറഞ്ഞ് വിടും ന്നും പറഞ്ഞ്
അമ്പിളിയമ്മാവൻ  നക്ഷത്രക്കുഞ്ഞുങ്ങളെ
പേടിപ്പിക്കുന്നുണ്ടാവണം..
എന്നിട്ടും സഹിക്കാൻ പറ്റാത്ത
കുരുത്തക്കേട് കാണിക്കുമ്പോ
പിടിച്ച് താഴോട്ടിടുന്ന നക്ഷത്രങ്ങളാവും
കുഞ്ഞുങ്ങളായിട്ട് ഭൂമീല് പിറക്കണത്..
ന്നാലും നക്ഷത്രകുഞ്ഞിനെ താഴോട്ടിട്ടതിൽ
ബാക്കി നക്ഷത്രക്കുഞ്ഞുങ്ങൾക്കും
അമ്മാവനും നല്ല സങ്കടം ണ്ടാവും..
ചില ദിവസം രാവിലെ എണീക്കുമ്പോ
ഇന്നലെ രാത്രി മഞ്ഞ് പെയ്തല്ലോ ന്ന്
അമ്മമാര് പറയാറില്ലേ..
ശരിക്കും ആകാശത്തുള്ളോരു
കരയണതാണെന്ന്
അമ്മമാർക്കറിയാം
നമ്മള് പണ്ട് ആകാശത്ത് ജീവിച്ചിരുന്ന
കുരുത്തംകെട്ടൊരു നക്ഷത്രാരുന്നു ന്ന്
പറയാനുള്ള മടി കൊണ്ട് സത്യം പറയാത്തതാ...
നീ

ച്ചവെയിൽ കണക്ക് 
പൊള്ളിക്കുന്നൊരുമ്മയാണ് 
നീയെനിക്ക്, 
തണുത്തുറഞ്ഞൊരെന്റെ 
പ്രണയത്തിന് 
ഒറ്റയുമ്മയാൽ
നീ തീ കൊളുത്തുന്നു !!
നാളുകൾക്ക് ശേഷം കണ്ടപ്പോൾ
"നീയൊരുപാട് മാറിപ്പോയല്ലോ"
എന്നു പറഞ്ഞ് 
പ്രണയം പുതുക്കിയൊരെന്റെ
(നഷ്ട) പ്രണയമേ..
നീയറിയുമോ..,
ഇത്രയേറെ മാറിയിട്ടും
നീയില്ലാതെ ജീവിക്കാൻ
ഞാനിനിയും പഠിക്കുന്നതേയുള്ളെന്ന്..!!!
പെൺ ശരീരങ്ങൾ 

പെൺ ശരീരങ്ങൾ 
കേവലം പെൺ ശരീരങ്ങളല്ല !!
പൂവുകളാത്മഹത്യ ചെയ്തൊരാ 
വേവുനിലങ്ങളിൽ പോലും 
വസന്തത്തിൻ്റെ 
വെമ്പലുകളോടെ പടർന്നു കയറുവാനും,
തിരകൾ തീരെയടങ്ങിയയൊരു
കടൽ കണക്ക്
ചുഴികളെയമർത്തി മയങ്ങിക്കിടക്കുവാനും,
ഒരേ സമയം സാധിക്കുന്ന
വിസ്മയത്തുരുത്തുകളാണ്.
പെരുത്ത് കയറുന്നൊരു
ആണഹന്തപ്പുറത്ത്
നിർബന്ധപൂർവം നിങ്ങൾക്കവരെ
കീഴ്‌പ്പെടുത്താനായേക്കും
എന്നാൽ
പൊള്ളുന്നൊരു മരണത്തണുപ്പോടെ
നിസ്സാരമായി നിങ്ങളെയവർ
ഛർദിച്ചു കളയും .
അവളുടെയാത്മാവിനെ
ഉമ്മവെക്കുന്നവരാവട്ടെ
ചാരുതയോടെ അവളെ വായിക്കുന്നു.
അവളുടെ ശരീരത്തിൽ നിന്ന്
അവർക്കായി ഏലക്കാമണമുള്ള
പ്രണയമൊഴുകുന്നു.
ഇനി പറയൂ
ഏലക്കാമണം പേറുന്നൊരു പെണ്ണ്
അത്രയേറെ പ്രേമത്തോടെ
അവസാനമായെന്നാണ്
നിങ്ങളെയുമ്മ വെച്ചതെന്ന്..
മുന്നറിയിപ്പുകളെ അവഗണിക്കുന്നവരുടെ ജീവന് എഴുത്തുകാരൻ ഉത്തരവാദിയല്ല ..!!

ഞാനെഴുതുന്ന വരികളിലെല്ലാം 
പകയടങ്ങാതൊരു 
പെൺസർപ്പമിഴഞ്ഞു നടപ്പുണ്ട് !
പ്രണയമെന്നും കവിതയെന്നും നിനച്ച് 
വൃഥാ നീയവയ്ക്കുമുന്നിൽ 
വിസ്മയിച്ചു നിന്നു പോവരുത്...
നിനക്കറിയാത്തതു കൊണ്ടാണ് സഖേ,
പകതീണ്ടിയ പെൺചുംബനത്തിന്
പൊള്ളുന്ന വിഷച്ചൂടാണ് !!
# എന്തെന്തൊക്കെ തോന്നലുകളാണ് മനുഷ്യന്..

നമുക്ക് രണ്ടുപേർക്കുമറിയാം
നമ്മള് രണ്ടുപേരും
നമ്മള് രണ്ടുപേർക്കും വേണ്ടി ഉള്ളവരല്ലെന്ന്..
നമുക്ക് രണ്ടുപേർക്കുമറിയാം 
മുന്നറിയിപ്പുകളൊന്നുമില്ലാതെ
ഇറങ്ങിപ്പോവാൻ
നമുക്ക് രണ്ടുപേർക്കും
നമ്മളനുവാദം നൽകിയിട്ടുണ്ടെന്ന്
നമുക്ക് രണ്ടുപേർക്കുമറിയാം
വല്ലാതെ കുരുങ്ങിപ്പോകുന്നുവെന്ന്
തോന്നുമ്പോഴെല്ലാം
ഒറ്റക്കുതിപ്പിന് പുറത്തുചാടാനുള്ളൊരു
വാതിൽ മാത്രമാണ്
നമ്മള് രണ്ടുപേരും
നമുക്ക് രണ്ടുപേർക്കും നൽകിയിട്ടുള്ള
ഏക സമ്മാനമെന്ന്
നമുക്ക് രണ്ടുപേർക്കുമറിയാം
അങ്ങനെ കുരുങ്ങിപ്പോകും മുന്നം
നമ്മള് രണ്ടുപേരേം
നമുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന്
നമുക്ക് രണ്ടുപേർക്കുമറിയാം
ചതിയുടെ ഒറ്റാലിൽ പിടഞ്ഞു തീരാനുള്ള
ഏറ്റം നല്ല വഴിയാണ് പ്രണയമെന്ന്
എന്നിട്ടും..
എന്നിട്ടും..!!!
അതിവാദങ്ങളുടെ പാഴെഴുത്തുകൾ...

പ്രണയത്തിന്റെ നെല്ലിയിലക്കുരുക്കിൽ 
നീയെന്നെ തടവിലാക്കുന്നു 
കയ്പ്പും മധുരവും സമം ചേർത്ത് 
ഉമ്മകളുടെ നറുതേൻ 
ചുണ്ടിലിറ്റിക്കുന്നു..!!

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...