Friday 1 December 2017

പെയ്തു തോർന്നിതെത്ര മഴകൾ 
എങ്കിലും 
ഉള്ളിലിന്നും 
തോരാതെ നിൽക്കുന്നു 
നിന്നോർമ്മകൾ...
ഒരേ കടലിൽ ഒഴുകിയണഞ്ഞിട്ടും 
ചിലരെന്നും 
അപരിചിതർ മാത്രമായിരിക്കുന്നത് 
ഉള്ളിലെയാ പുഴയാഴങ്ങളെ 
മറന്നു കളയാത്തതിനാലാവാം..
"ഉള്ളിലീ കനൽച്ചൂടു കനക്കവേ
വയ്യിനി നിന്നെയോർക്കാതിരിയ്ക്കുവാൻ
അത്രമേൽ വെറുത്തുവോ; നിന്നെ
പ്രാണനിൽ തന്നെ കൊരുത്തതല്ലേ ഞാനും..."
"എന്റെ യാത്രകളെല്ലാം 
നിന്നിലവസാനിക്കുന്നു..
നിന്നിൽ നിന്നകന്നൊഴുകി 
നേടാൻ തക്കതൊന്നും 
ഇനിയെന്റെ 
സ്വപ്നങ്ങളിലവശേഷിക്കുന്നില്ല..!!"
ചിലരങ്ങനെയാണ്...
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും 
ഒന്നും മിണ്ടിയില്ലെങ്കിലും 
എപ്പോഴുമിങ്ങനെ 
പ്രണയിച്ചുകൊണ്ടേയിരിക്കും...!!
"അനന്തകോടി ജീവജാലങ്ങൾ ഉള്ള ഈ അണ്ഡകടാഹത്തിൽ ഘടാഘടിയന്മാരായ പുരുഷ കേസരികളുടെ തലയ്ക്കകത്ത് മുഴുവൻ മൊഹബ്ബത്തിന്റെ പുഴ തിങ്ങിയിരിക്കയാണ്..സുന്ദരികളായ പാവം പെൺപിള്ളേരെ കാണുമ്പോഴാകട്ടെ അത് അനർഗ്ഗളം നിർഗമിക്കുകയും അവരുടെ കൊച്ചു ഹൃദയങ്ങളെ മുക്കിക്കളയുകയും ചെയ്യുന്നു...😁"
- എന്ന് ഞാൻ
ഒപ്പ്
ഞാൻ അറിഞ്ഞത് മാത്രം"
എന്ന് വ്യാഖ്യാനിക്കുമ്പോഴാണ് 
സത്യം വികൃതമാക്കപ്പെടുന്നത്..!!!

നക്ഷത്രങ്ങളില്ലാത്തപ്പോഴും 
നിന്റെ സ്വപ്‌നങ്ങൾക്കുദിക്കാനുള്ള 
ആകാശമാവണമെനിക്ക്...!!

"ഞാൻ കാണാതെ പോകുന്ന 
നിന്റെ ഓരോ മിസ്‌ഡ്‌ കോളുകളും എന്നെയിത്രമേൽ ആധിപിടിപ്പിക്കുന്നതെന്താവോ....??
നീയെന്നോട് പറയാൻ കരുതിയതിൽ,
ഞാൻ കേൾക്കാനേറെ കൊതിയ്ക്കുന്നയൊന്ന് 
ആ നേരം കൊണ്ട് 
നീ മറന്നു പോയേക്കുമോയെന്ന ഭയമാവാം...!!!"
.
.
.
ഉള്ള മഴയിതളുകളെല്ലാം 
തൂളിച്ചു കളഞ്ഞിട്ടിങ്ങനെ 
തനിച്ചു നിൽക്കുന്നതെന്തിനാണീ ആകാശം...!!

"നിന്റെ അക്ഷരങ്ങൾക്ക് 
ചോരയുടെ മണം...
പ്രതിരോധത്തിന്റെ വിയർപ്പു നനവ്..
പൊള്ളുന്ന കനൽച്ചൂട്..!!" 

എന്റെ ഹൃദയത്തിൽ
ചുവന്നൊരു കറ പോലെ
അവ കനത്തു കിടക്കുന്നു.,
എത്ര മായ്ച്ചിട്ടും
മാഞ്ഞു പോവാതെ..
ഹൃദയത്തിന്റെ കോണിലെവിടെയോ 
ഇന്നലെകളിൽ വറ്റാത്തൊരുറവ 
പിടഞ്ഞൊഴുകുന്നുണ്ട്., 
നീയെന്ന ഓർമ്മച്ചീളേറ്റുണ്ടായ 
മുറിവിലത് പതിക്കുമ്പോഴെല്ലാം 
ആത്മാവിനെപ്പോലും
ചിതറിച്ചൊരു നീറ്റലെന്നിൽ
പുളയുന്നു..!!
അന്യോന്യമാകർഷിക്കപ്പെട്ട 
രണ്ടാത്മാക്കളാണ് നമ്മൾ..
നീയും ഞാനുമെന്നെത്ര 
പിരിഞ്ഞൊഴുകിയാലും 
'നമ്മളെ'ന്ന ഒറ്റത്തുരുത്തിൽ തന്നെ 
വീണ്ടും വന്നു കുരുങ്ങുന്നവർ...!!!
ഇരുട്ട് കനത്തൊരു മഴരാവിൽ
പാതി പാടത്തും
പാതി വരമ്പിലുമായി
കമിഴ്ന്നു കിടക്കുമ്പോഴും
അച്ഛന്റെ കൈയിൽ 
സുരക്ഷിതമായിരുന്നു
പിഞ്ഞിയ അരിസഞ്ചിയിലെ
നാലുവയറത്താഴം..
അച്ഛന്റെ കണങ്കാലിൽ
ആഞ്ഞുമ്മ വെച്ചയാ
കരിമൂർഖനറിയുമോ
കനക്കുന്ന മഴപ്പെയ്ത്തിൽ
വിശന്നു വിറച്ചൊട്ടിക്കിടക്കുന്ന
മൂന്നത്താഴപ്പഷ്ണിക്കാരെ..
പലചരക്കു കടയിലെ
കണക്കു പുസ്തകം
ഇനി കടമെഴുതില്ലെന്ന്
കട്ടായം പറഞ്ഞതിനാലാണ്
ചത്തുപോയ ടോർച്ചിനു
ബാറ്ററി വാങ്ങാഞ്ഞത്..
എല്ലാമറിഞ്ഞിട്ടും എന്തിനാണാവോ
പുറകിലൂടെ വന്നാ കർക്കിടക കാറ്റ്‌..
അച്ഛന്റെ ചൂട്ടൂതിക്കളഞ്ഞത്..

വല്ലോന്റേം പറമ്പിലെ
കുടികിടപ്പുകാരനെയടക്കാൻ
ആറടി മണ്ണും തെക്കേ പറമ്പും
നാട്ടിലെങ്ങും കിട്ടിയില്ല
ഒടുക്കം ചുടലപ്പറമ്പിന്റെ മൂലയ്ക്ക്
വിറകിട്ടടുക്കി കിടത്തിയപ്പോ
അച്ഛന്റെ മേല് മുഴുവൻ നീലയായിരുന്നു
അമ്മയുടെ തകരപ്പെട്ടിയിലെ
നീലക്കണ്ണനെ പോലെ അച്ഛൻ..
അന്ന് മുതലാണ്
കഞ്ഞിവെള്ളത്തിലിത്തിരി
അമ്മക്കണ്ണീര് വീണാൽ
അത്താഴമാകുമെന്ന് ഞാനറിഞ്ഞത്..

അമ്മത്തണലുണ്ടായിട്ടും 
വീടുകളിൽ നിന്ന് 
അറിവിന്റെ 
അക്ഷരമുറ്റങ്ങളിൽ നിന്ന് 
അത്താഴപ്പഷ്ണി മാറ്റാൻ 
രാപ്പകലില്ലാതെ
അദ്ധ്വാനിക്കുന്നിടങ്ങളിൽ നിന്ന്
സ്വന്തമെന്ന് കരുതിയ
നാട്ടുവഴികളിൽ നിന്ന്
കൂട്ടുകാരിൽ നിന്ന്
പ്രണയത്തിൽ നിന്ന്
പതിയിൽ നിന്ന്
പെണ്ണിന് നീതി കിട്ടേണ്ടയിടങ്ങൾ
നാൾക്കുനാൾ പെരുകുകയാണ്
പത്രങ്ങളിലും
സോഷ്യൽ മീഡിയകളിലും
കുറ്റപ്പെടുത്തലുകൾ
പ്രതിഷേധങ്ങൾ
സമര പ്രഖ്യാപനങ്ങൾ..
അതിനിടയിൽ
അറിയാതെ പോകുന്നയൊന്നിനെ
കുറിച്ച് ചോദിക്കട്ടെ..;
അവൾക്ക് നീതിയെന്ന പേരിൽ
തുറന്നെഴുത്തുകളിൽ ഭോഗിക്കപ്പെടുന്ന ,
പെണ്ണുടലുകൾക്ക്
ആരിൽ നിന്ന്
എവിടുന്നാണ് നീതി ലഭിക്കുക..???
വേനൽമഴപോലെയാണ് 
ചിലർ ജീവിതത്തിലേക്ക് വരുന്നത്, 
പ്രതീക്ഷിക്കാതെ വന്ന് പെയ്ത് 
മിണ്ടാതെ മടങ്ങിപ്പോകും..
എന്നിട്ടും 
ഉള്ളിലൊരു നനുത്ത
നനവോർമ്മ ബാക്കിയാകും..
ഒത്തിരി ഇടവപ്പാതികൾക്കും
നനച്ചു കളയാനാവാത്തൊരു നനവോർമ്മ...!!
നീതിമാനോ നിഷേധിയോ 
തെമ്മാടിയോ ആവട്ടെ, 
ഒരാൾ മരിച്ചു പോവുകയെന്നാൽ 
മറ്റൊരാൾക്ക് 
ഏറെ പ്രിയപ്പെട്ടൊരാൾ 
നഷ്ടപ്പെടുന്നുവെന്നാണർത്ഥം..
ചില മരണങ്ങളെ
അങ്ങനെ വായിക്കാനും
പഠിക്കേണ്ടിയിരിക്കുന്നു ..!!
എത്ര നല്ല കൂട്ടാണെങ്കിലും ശരി 
ഒത്തിരി ദൂരം ഒരുമിച്ച് 
നടന്നതാണെങ്കിലും ശരി 
ഇടയ്ക്കിടയ്ക്ക് 
കൂടെത്തന്നെയില്ലേ ന്ന് 
ഒന്ന് ശ്രദ്ധിച്ചോളണം..
അല്ലെങ്കിൽ
ജീവിതത്തിന്റെ
ഗദ്സമനയിൽ വച്ചൊന്ന്
ചേർന്ന് നിക്കാൻ
കൊതിക്കുമ്പൊഴാവും
നടന്നു വന്ന വഴിക്കെവിടെയോ
ചിതറിത്തൂവുന്നൊരു
നാൽക്കവലയിൽ വച്ച്
അവരെന്നോ
അവരുടെ വഴിക്ക് പോയെന്നു പോലും
നാമറിയുക..
ആരും കൂടെയില്ലല്ലോയെന്ന
സങ്കടമായിരിക്കില്ല,
ഇത്രനാളും ചേർത്തുപിടിച്ചത്
ഭൂതകാലത്തിലെയേതോ
തണലോർമ്മയുടെ
നിഴൽ മാത്രമായിരുന്നുവോയെന്ന
അത്ഭുതമായിരിക്കും
നമ്മളെയപ്പോൾ ചിതറിച്ചു കളയുക..!!
ചിലരൊക്കെ നമ്മളെ 
ഓർക്കുന്നുണ്ടോ ന്ന് 
ഓർത്തോർത്താണ് 
പലപ്പോഴും 
നമ്മളെക്കുറിച്ചോർക്കാൻ പോലും 
നമ്മള് മറന്നു പോവുന്നത് ..
നീയെഴുതുന്ന ഓരോ വരികളിലും 
കവിതയുണ്ട്..
എന്നിട്ടും 
വരികൾക്കിടയിലൂടെ നിന്നെ 
വായിക്കാനാണ് എനിക്കിഷ്ടം..
മറ്റാരിലേക്കും പകരാതെ
മറച്ചുവെച്ചൊരു
നോവുഹൃദയത്തെ
എനിക്കവിടെ തൊടാനാവുന്നു.
ആ നിന്നിൽ നിന്നാണ്
ഞാനെന്നെ വായിച്ചു തുടങ്ങുന്നത്..
നിന്റെ എഴുത്താകാശത്തിലൊരു 
നക്ഷത്ര കവിതയാവണമെനിക്ക്..
നീയറിയാതെ, 
തൂലികത്തുമ്പിൽ നിന്നും
നിന്റെയാത്മാവിലേക്ക് 
പടർന്നൊഴുകണം..!!
പലപ്പോഴും എത്ര പെട്ടെന്നാണ് 
അത്രയേറെ പ്രിയപ്പെട്ടവരുടെ 
ജീവിതങ്ങളിൽ നിന്നു പോലും 
നാം പടിയിറക്കപ്പെടുന്നത്..!!

# രണ്ടു പെണ്ണുങ്ങൾ പ്രണയിക്കുമ്പോൾ..
.
.
നിന്റെ പൊക്കിൾ ചുഴിയിൽ
ചുണ്ടമർത്തുമ്പോൾ
എന്റെയുടലിന്റെ പെണ്ണാഴങ്ങളിൽ നിന്ന്
ഉർവ്വരതയുടെ
നേർത്തൊരു സംഗീതമുയരുന്നു.
നമ്മിൽ നിന്നൊരുനാളും
ചുരന്നൊഴുകാൻ വഴിയില്ലാത്ത
മുലപ്പാലിന്റെ പതഗന്ധം
ചുണ്ടിൽ പടരുന്നു...
പ്രണയിക്കുമ്പോൾ നാമൊരൊറ്റ
ഉടലാകുന്നു
പരസ്പരം പടർന്നു കയറുന്ന
ഒരൊറ്റ പെണ്ണുടൽ..
നിന്റെ വാക്കുകളെന്ന പോലെയാണ്
കവിതയുമെന്നെ ചിതറിക്കുന്നത്
നിമിഷ നേരം കൊണ്ട്
എന്റെ സ്വപ്നങ്ങളുടെ
ചിറകുകളരിഞ്ഞ്
നിരാശ്രയയും നിസ്സഹായയുമാക്കുന്നത്
നിരന്തരം കനലേറു കൊള്ളുന്ന
ഊരുതെണ്ടിയാക്കുന്നത്..



ചിലരങ്ങനെയാണ്...
പെട്ടെന്നൊരീസം
നമ്മടെ ജീവിതത്തിൽ നിന്നിറങ്ങി
ഒരൊറ്റ പോക്കാണ്...
നമ്മളെന്തേലും ചെയ്തിട്ടാണോ
അതോ ഒന്നും ചെയ്യാഞ്ഞിട്ടാണോ
ന്നൊന്നും മ്മക്ക് മനസിലാവില്ല...
കണ്ണടച്ച് തുറക്കുമ്പോഴേക്കും
അവരങ്ങ് ദൂരെ എത്തീട്ട്ണ്ടാവും...
നമ്മള് പിന്നെ
വെറുതെ കുറെ ദിവസം
അവര് പോയ വഴിക്കങ്ങനെ
കണ്ണും നട്ടിരിക്കും..
ഇപ്പൊ വരും ഇപ്പൊ വരും ന്നോർത്ത്..
ആര് വരാൻ... എവ്ട്ന്ന് വരാൻ...
'ഈ കൊറേ ദിവസങ്ങള് തീരാനൊക്കെ
കൊറേ ദിവസം എടുക്കും ന്ന്"
അപ്പഴാ നമുക്ക് മനസിലാവാ..


ആത്മഹത്യ
^^^^^^^^^^^^^^^
എന്റെയീ വിളർത്ത കൈത്തണ്ടയിൽ
നീയുമ്മ വെക്കുമ്പോൾ മാത്രം
ചുവന്നുതുടുക്കാറുള്ളയാ
നീല ഞരമ്പിന് മുകളിലൂടെ
അറ്റം കൂർത്തൊരു
ലോഹത്തുണ്ടിനാൽ
അവസാനമായൊന്നുകൂടി
എനിക്കുമ്മ വെക്കണം..
ഒറ്റച്ചീന്തലിൽ
നീയൊരുപാട് സ്നേഹിക്കുന്നൊരീ ജീവനെ
ചിതറിച്ചുകളയണം..
നിന്നെ കണ്ടതിനു ശേഷം
ഞാൻ മറന്നുകളഞ്ഞ കരച്ചിലുകൾ
ചുവന്ന നിറത്തിൽ ഒഴുകിയിറങ്ങുന്നത്
കണ്ടു നിൽക്കണം...
നീറ്റുന്നൊരു നോവ്
കൈത്തണ്ടയിൽ നിന്ന് കുതറിയിറങ്ങി
ശരീരമാകെ പടർന്നു കയറുമ്പോഴും..
നിനക്കുവേണ്ടിയൊരു ചിരി
ചുണ്ടിലവശേഷിപ്പിക്കണം..
നീയാഗ്രഹിച്ചതു പോലെ
നിന്റെ മാറിൽ ചാഞ്ഞു കിടന്ന്
വേദനയറിയാതെയല്ല.,
നിന്നിൽ നിന്നകന്ന്
ദൂരെയൊരിടത്ത്
ഞാനകലുന്നത് നീയറിയുന്നില്ലെന്ന
വേദനയിൽ നീറിയെനിക്ക് മരിക്കണം..!!!


ആത്മഹത്യ ചെയ്തവന്റെ ചോരയ്ക്ക്
കറുത്ത നിറമായിരിക്കണം.
ബാക്കിയുള്ള നിറങ്ങളെല്ലാം
അതിൽ ചാടി
ആത്മഹത്യ ചെയ്തിരിക്കാം..
മഴക്കും
കറുത്ത നിറമായിരുന്നു വേണ്ടത്..
നോവിക്കുന്ന കറുത്ത നിറം..

Sunday 10 September 2017

ശെൽവി (കഥ) 
*********************
അടിവയറൊന്നു കൂടി അമർത്തിപ്പിടിച്ച് ശെൽവി ചുമരിനോട് ചേർന്നിരുന്നു. കൈയൊന്നയച്ചാൽ ഞാനിവിടുണ്ടെന്ന് ആ വേദന ഉറക്കെ വിളിച്ചു പറയും എന്ന മട്ടായിരുന്നു അവൾക്ക്. മുറിയിൽ വെളിച്ചമില്ലാതിരുന്നിട്ടു കൂടി കണ്ണുകൾ ഇറുക്കിയടച്ചാണ് അവളിരുന്നത്. താൻ കണ്ണ് തുറന്നാൽ തന്നെയാരെങ്കിലും കണ്ടു പോകുമെന്ന പോലെ. അടിവയറ്റിൽ സർപ്പക്കുഞ്ഞുങ്ങൾ പുളയുന്നു.. ആഞ്ഞു കൊത്തുമ്പോൾ വേദന കൊണ്ടവൾ ചൂളി. 
ഒരിക്കൽ ഇങ്ങനെ വരുമെന്ന് അവൾക്കറിയാമായിരുന്നു. ഇവിടുന്നു പോകുന്നതിനു മുൻപുള്ള രാത്രിയിൽ ദേവകി അക്കയാണ് അവൾക്കത് പറഞ്ഞു കൊടുത്തത്. പിന്നെ പിന്നെ പലരിൽ നിന്നും കേട്ടും കണ്ടും അവളെല്ലാം മനസ്സിലാക്കിയിരുന്നു. എങ്കിലും "വലിയ പെണ്ണാവുക" എന്ന് കേട്ടാൽ കരഞ്ഞു വീർത്ത ദേവകി അക്കയുടെ കണ്ണുകളാണ് ശെൽവിക്ക് ഓർമ്മ വരിക. കാമാത്തിപ്പുരയിൽ പ്രായപൂർത്തിയായ പെൺകുട്ടികൾ ഇന്ന് അധികം നാൾ വാഴാറില്ല... അവരുടെ കിളുന്തു ശരീരത്തിന് ഇവിടെത്തേക്കാൾ വില പുറത്ത് കിട്ടും എന്നതിനാലാണത്. താനിവിടെ വന്നതിനു ശേഷം എത്രയോ പേരാണ് രാത്രിക്കു രാത്രി ഇവിടുന്നു പറഞ്ഞയക്കപ്പെട്ടത്... അവരിലെത്ര പേരിന്ന് ജീവനോടെ ഉണ്ടാകുമെന്നോർത്തപ്പോൾ ശെൽവിയുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു. ദേവകിയക്ക പോലും ജീവിച്ചിരിപ്പുണ്ടാകുമെന്നതിന് യാതൊരുറപ്പുമില്ല. പക്ഷേ എനിക്കവരെ പോലെ ആവണ്ട. എനിക്ക് മരിക്കണ്ട. അവളുടെ മനസ്സ് ആവർത്തിച്ചു കൊണ്ടിരുന്നു. 
എല്ലാം താനാഗ്രഹിച്ച പോലെ തന്നെയാണ് പോയിക്കൊണ്ടിരുന്നത്. ഇന്ന് രാത്രികൂടി കഴിഞ്ഞാൽ തനിക്കിവിടുന്ന് രക്ഷപ്പെടാമായിരുന്നു. അതിനിടയ്ക്കാണ് ഇങ്ങനെയൊരപകടം. വയറുവേദന അസഹ്യമാവുന്നത് അവളറിഞ്ഞു. വയറൊന്നു കൂടി അമർത്തിപ്പിടിച്ച് അവൾ തറയിലേക്ക് ചുരുണ്ടു കൂടി. തണുത്ത തറയിലേക്ക് കണ്ണീർ നനവ് പടരവേ അവളുടെ മനസ് പിന്നോട്ട് പാഞ്ഞു.
ഗ്രാമത്തിനും നഗരത്തിനും ഇടയ്ക്കായതിനാൽ കാമാത്തിപ്പുരയിൽ ഒരിക്കലും ആളൊഴിഞ്ഞിരുന്നില്ല. എങ്കിലും അധികാരികളുടെ നോട്ടം അധികരിച്ചു തുടങ്ങിയപ്പോഴാണ് നടത്തിപ്പുകാരിയായ ശിവകാമി അക്ക കാമാത്തിപ്പുരയെ അനാഥാലയം എന്ന ലേബലിനു കീഴിലാക്കിയത്. പന്ത്രണ്ടും പതിനാലും വയസുള്ള പെൺകുട്ടികളാണ് അധികവും. അവരെ നോക്കാൻ ഇരുപത്തഞ്ച് മുതൽ മുപ്പത് വയസ്സ് വരെയുള്ള കുറേ സ്ത്രീകളും. പോലീസിനെ പേടിച്ച് കസ്റ്റമേഴ്സിന്റെ വരവ് കുറഞ്ഞപ്പോഴാണ് പുതുതായി തിരണ്ട പെൺകുട്ടികൾക്ക് പുറത്ത് നല്ല വില കിട്ടുമെന്ന് അവരോടാരോ ഉപദേശിക്കുന്നത്. കാമാത്തിപ്പുര അനാഥാലയമല്ലെന്ന് കാവേരിപുരത്തെ ഏത് കൊച്ചു കുഞ്ഞിനും അറിയാം. എന്നിട്ടും കാമാത്തിപ്പുര നിലനിൽക്കുന്നു. അനാഥാലയമായി തന്നെ. അനാഥാലയത്തിന്റെ ലേബലിൽ ചേർത്തിരിക്കുന്നത് കൊണ്ട് തിരണ്ടുകുളിക്കാത്ത പെൺകുട്ടികളെ അടുത്തുള്ളൊരു സ്കൂളിൽ പറഞ്ഞയക്കുന്നുണ്ട് ശിവകാമി. അവര് പഠിക്കണമെന്ന നന്മയാലൊന്നും അല്ലത്. ഇംഗ്ളീഷ് പറയാനറിയുന്ന പെൺകുട്ടികൾക്ക് വില കൂടുതൽ കിട്ടും എന്നതോണ്ട് മാത്രം. 
സ്കൂളിലായാലും കാമാത്തിപ്പുരയിലെ പെൺകുട്ടികളോട് മറ്റാരും മിണ്ടാറില്ല. അവിചാരിതമായിട്ടാണ് പുതുതായി പഠിപ്പിക്കാനെത്തിയ സിസ്റ്റർ റേച്ചൽ ശെൽവിയെ ശ്രദ്ധിച്ചു തുടങ്ങുന്നത്. അവിടെ മുതൽ എല്ലാം മാറിത്തുടങ്ങുകയായിരുന്നു. പഠിക്കാനും കലാകായിക മത്സരത്തിലും എല്ലാം മുന്നിൽ നിന്ന അവളെ കാമാത്തിപ്പുരയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് സ്കൂൾ മാനേജരായ ഫാദർ മെക്കാളെയോട് പറഞ്ഞതും സിസ്റ്റർ തന്നെ ആയിരുന്നു. അങ്ങനെയാണ് ഫാദറിന്റെ പരിചയത്തിലുള്ള ഒരു കുടുംബം അവളെ ദത്തെടുക്കാൻ തയ്യാറായി മുന്നോട്ടു വന്നത്. അതും എല്ലാം അറിഞ്ഞു കൊണ്ട് തന്നെ. 
ചോദിച്ച പണം തരാമെന്ന് പറഞ്ഞപ്പോൾ ശിവകാമി അക്കയും സമ്മതിച്ചതാണ്. പതിനാല് കഴിഞ്ഞിട്ടും "വലിയ പെണ്ണാവാത്തതിനാൽ" തന്നെക്കൊണ്ട് ഇനി വലിയ ഗുണമില്ലെന്ന് അവരും കരുതിക്കാണും. എല്ലാം ഒരു സ്വപ്നം പോലെ തോന്നിച്ചെങ്കിലും ആ സ്വപ്നത്തെ താനും ഇഷ്ടപ്പെട്ട് വരികയായിരുന്നു. അപ്പോഴാണ്..! 
വൈകുന്നേരം സ്കൂൾ വിട്ട് വന്നപ്പോൾ മുതൽ അടിവയറ്റിൽ ഒരു പാമ്പ് പുളയാൻ തുടങ്ങിയതാണ്. കുളിക്കാൻ കേറിയപ്പോഴാണ് മനസിലായത്. തുടയിടുക്കിലൂടെ ഒരു ചുവന്ന പുഴ. കുളിക്കാൻ നിക്കാതെ വസ്ത്രമെല്ലാം വാരിവലിച്ചു ധരിച്ച് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു. ആരോടും പറയാൻ പറ്റില്ല. പറഞ്ഞാൽ ഉറപ്പായും അക്ക അറിയും. ഇട്ടു മൂടാൻ കാശ് തരാമെന്ന് പറഞ്ഞാലും തിരണ്ട പെണ്ണിനെ അവര് വേറൊന്നിനും വേറാർക്കും കൊടുക്കില്ല. അതവരുടെ തൊഴിലിന്റെ ആദർശമാണ്. 
ശെൽവിക്ക് കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി. ഇന്നൊരു രാത്രികൂടി കഴിഞ്ഞിരുന്നെങ്കിൽ അവർ വന്ന് തന്നെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. പക്ഷേ ഇപ്പൊ, താൻ കണ്ട സ്വപ്നങ്ങളെല്ലാം കണ്ണിനു മുന്നിൽ തകർന്നടിയാൻ പോവുകയാണ്. കാമാത്തിപ്പുരയിലെ മറ്റേതൊരു പെണ്ണിനേയും പോലെ താനും.. തുടയിലൂടെ ഒരു നനുത്ത ചൂട് അരിച്ചിറങ്ങുന്നത് അവളറിഞ്ഞു. അടിവയറ്റിലിപ്പോൾ ഒന്നല്ല ഒരായിരം സർപ്പങ്ങൾ പുളയുന്നുണ്ട്. വയറമർത്തി പിടിച്ചു കൊണ്ട് അവൾ തന്റെ അലമാരയുടെ അടുത്തെത്തി. തുണികൾക്കിടയിൽ നിന്ന് ദേവകി അക്ക പോകും മുന്നേ അവൾക്ക് കൊടുത്ത സാനിറ്ററി നാപ്കിന്റെ കവറെടുത്തു. അതെങ്ങനെ ഉപയോഗിക്കണം എന്ന അക്ക പറഞ്ഞു തന്നിട്ടുണ്ട്. താനൊരിക്കൽ രക്ഷപ്പെടുമെന്ന് അക്ക അറിഞ്ഞിരുന്നോ?? രക്തം പുരണ്ട ഉടുപ്പ് അവൾ മുറിയുടെ മൂലയിലേക്ക് നീക്കിയിട്ടു. അടിവയറ്റിലെ സർപ്പങ്ങൾ ആഞ്ഞു കൊത്തുന്നു. വേദനയും ഭയവും അവളെ തളർത്തി. ഇരു കൈകൾ കൊണ്ടും വയറമർത്തി പിടിച്ച് അവൾ തറയിലേക്കിരുന്നു. 
ഇങ്ങനെ ഇരുന്നാൽ പറ്റില്ല.. പുറത്തേക്ക് ചെന്നില്ലെങ്കിൽ ആരെങ്കിലുംഅന്വേഷിച്ച് വന്നെന്ന് വരും. അത് അതിലേറെ അപകടമാണ്. ശെൽവി പതിയെ എഴുന്നേറ്റു. രാത്രിയാവാൻ ഇനിയും ഒത്തിരി സമയമുണ്ടെന്ന ചിന്ത അവളെ ഭയപ്പെടുത്തി. ഒന്ന് വേഗം രാത്രിയായിരുന്നെങ്കിൽ. ശെൽവിയുടെ ചുണ്ടിൽ വേദനിക്കുന്നയൊരു ചിരി വന്നെത്തി നോക്കി. ഇന്നലെ വരെ ഒരിക്കലും രാത്രിയാവാതിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചിരുന്ന താനാണ്. എത്ര പെട്ടെന്നാണ് ജീവിതം മനുഷ്യനെ തീർത്തും നിസ്സഹായനാക്കുന്നത്. കൈയെത്തും ദൂരത്തെത്തി നിൽക്കുമ്പോഴാണ് പലപ്പോഴും അത് താഴെ വീണുടയുന്നതും. 
പുറത്തേക്കിറങ്ങാൻ വാതിലിനടുത്തു വരെ എത്തിയെങ്കിലും ശെൽവി പുറത്തേക്കിറങ്ങിയില്ല. അടിവയറ്റിലെ സർപ്പക്കുഞ്ഞുങ്ങളവളെ ആഞ്ഞുകൊത്തി ഭയപ്പെടുത്തി. വയറു ചേർത്തമർത്തിപ്പിടിച്ചിട്ടും അടിവസ്ത്രത്തെയാകെ പൊള്ളിച്ചുകൊണ്ടാ ചുവന്ന തീനാളം താൻ നടക്കുന്നിടമെല്ലാം പടരുന്നതായി അവൾക്ക് തോന്നി. കാൽ ചവിട്ടുന്നിടമെല്ലാം നനഞ്ഞു കുതിർന്ന പോലെ. കാലടിയിൽ ചുവന്ന പശയൊട്ടുന്നു. ഒന്നുറക്കെ കരയാനെങ്കിലും സാധിക്കും മുന്നേ അവൾ താഴേക്ക് തളർന്നു വീണു.
പതിയെ കണ്ണു തുറന്നപ്പോഴാണ് താൻ ഉറങ്ങുകയാണെന്ന് അവളറിഞ്ഞത്. മുറിയിൽ ഇരുട്ട് കട്ട പിടിച്ച് നിൽക്കുന്നു. കൈകൾ അപ്പോഴും അടിവയറ്റിൽ അമർത്തിപ്പിടിച്ചിരിക്കുകയാണ്. വേദന കുറഞ്ഞുവെന്ന് അവൾക്കു മനസിലായി. സർപ്പക്കുഞ്ഞുങ്ങൾ ഉറങ്ങുകയായിരിക്കണം. നേരം ഒരുപാടായിട്ടുണ്ടാകുമോ..? ഇത്ര നേരമായിട്ടും ഇവിടെയാരും തന്നെ അന്വേഷിച്ചിട്ടുണ്ടാവില്ലേ എന്നവൾ അത്ഭുതപ്പെട്ടു. സ്കൂൾ വിട്ട് വരവേ രാധയോട് പറഞ്ഞിരുന്നു തലവേദനയാണ് വിളിക്കരുതെന്ന്. അവളത് എല്ലാരോടും പറഞ്ഞിട്ടുണ്ടാകണം. അത് കൊണ്ടാവും അന്വേഷിക്കാഞ്ഞത് എന്നോർത്ത് അവളാശ്വസിച്ചു. ഇനി അങ്ങനെയല്ലെങ്കിലോ..??? പെട്ടെന്ന് പെരുവിരൽ തൊട്ടൊരു വിറയൽ അവളുടെ ശരീരത്തിലേക്ക് പടർന്നു കയറി. തനിക്ക് തലവേദന വരുന്നത് ഇതാദ്യമല്ല. അന്നൊന്നും പക്ഷെ ഇത് പോലെ മുറിയടച്ചിരുന്നിട്ടില്ല. പിന്നെ ഇന്നു മാത്രം എന്തെ ഇങ്ങനെയെന്ന് ആരെങ്കിലും ചിന്തിക്കാതിരിക്കുമോ...??? എങ്കിൽ ഉറപ്പായും സീതമ്മ അറിഞ്ഞിട്ടുണ്ടാവും. അവരുടെ കഴുകൻ ബുദ്ധിയിൽ ഇത് തെളിഞ്ഞിട്ടുണ്ടാകുമോ..?? ശെൽവിക്ക് ഭയം തോന്നി. ജീവിതത്തിലാദ്യമായി ഭയമവളെ ശ്വാസം മുട്ടിച്ചു. കുതറി രക്ഷപ്പെടാൻ പോലും സമ്മതിക്കാതെ അവളെ ഞെരുക്കി. ചിന്തകൾ പെരുകുന്തോറും അവൾ കൂടുതൽ ഭയന്നു. അങ്ങനെയെങ്കിൽ ഇത്രയും നേരം അവര് മിണ്ടാതിരിക്കില്ലായിരുന്നു. സീതമ്മയുടെ സ്വഭാവം എല്ലാർക്കും അറിയാം. ആരും ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല. താൻ വെറുതെ ഓരോന്നാലോചിച്ച് ഭയപ്പെടുകയാണ്. ഇപ്പൊ തന്നെ രാത്രിയായി. പുലർന്നു കഴിഞ്ഞാ പിന്നെ ഇതായിരിക്കില്ല തന്റെ ലോകം. മുഖത്തെ വിയർപ്പ് തുടച്ച് അവളെണീറ്റു.
ലൈറ്റ് തെളിക്കാൻ എങ്കിലും അവൾ ഭയന്നു. പതിയെ എണീറ്റ് മേശക്കരികിലേക്ക് ചെന്നു. ഈ മുറിയിലെ ഇരുട്ട് പോലും തനിക്കെത്ര പരിചിതമാണെന്ന് അവളോർത്തു. തപ്പിപ്പിടിച്ച് മേശപ്പുറത്തു കിടന്നിരുന്ന മെഴുകുതിരിയെടുത്ത് കത്തിച്ചു. വെളിച്ചം പതുക്കെ പതുക്കെ ഇരുട്ടിനെ വിഴുങ്ങിക്കൊണ്ട് വലുതായി വന്നു. മെഴുകുതിരിയും എടുത്ത് ശെൽവി വാതിൽക്കൽ വന്ന് ചെവിയോർത്തു. ആരൊക്കെയോ നടക്കുന്നതിന്റെയും പിറുപിറുക്കുന്നതിന്റെയും ചെറിയ ശബ്ദങ്ങൾ കേൾക്കാം. അവൾ തിരികെ വന്ന് മുറിയുടെ മൂലയ്ക്കിട്ടിരുന്ന വസ്ത്രങ്ങൾ എടുത്തു. മെഴുകുതിരി കെടുത്തിയതിനു ശേഷം ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി. ഇടനാഴിയിൽ ചെറിയ വെട്ടമുണ്ട്. കാമാത്തിപ്പുരയിലെ വെളിച്ചം ഒരിക്കലും കെട്ടുപോവാറില്ല. ഇവിടുത്തെ കുളിമുറികളാവട്ടെ ഒരിക്കലും ഉറങ്ങാറും ഇല്ല. 
കുളിമുറിയിൽ കയറി വാതിലടച്ച് ഉടുപ്പ് കഴുകി കൊണ്ടിരുന്നപ്പോഴാണ് വാതിലിൽ ചെറിയ മുട്ട് കേട്ടത്. ചെറിയ ശബ്ദമായിരുന്നിട്ടു കൂടി അത് കേട്ടപ്പോൾ ശെൽവി ഞെട്ടിത്തരിച്ചിരുന്നു പോയി. മറുപടി പറയാൻ പോലും അവൾക്ക് കഴിഞ്ഞില്ല. "ഇത് ആരാ അകത്ത്... അഴകിയാണോ...??? നീയെന്താടി മിണ്ടാതിരിക്കുന്നേ??" പതിഞ്ഞ ശബ്ദത്തിൽ ഒരു ചോദ്യം ശെൽവിയെ കുലുക്കിയുണർത്തി. അവൾ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. രേണു അക്കയാണ്. മലയാള നാട്ടിൽ നിന്ന് വന്നതാണ്. നാലഞ്ചു മാസമായി വന്നിട്ട് എന്നിട്ടും മലയാളത്തിലല്ലാതെ സംസാരിക്കില്ല. ഒരു പാവം. "ഇത് ഞാനാ രേണു അക്ക. ശെൽവി". അവൾ മറുപടി പറഞ്ഞു. "നീയോ..?? ഇതെന്താടി ഇപ്പൊ ഒരു കുളി..??" രേണുവിന്റെ ചോദ്യത്തിൽ ആകാംഷ നിഴലിച്ചു. "അത് ഞാൻ സ്കൂളിൽ നിന്ന് വന്നിട്ട് കിടന്നുറങ്ങിപ്പോയി. ഇപ്പഴാ എണീറ്റത്. അതോണ്ടാ.." എങ്ങനെയോ മറുപടി പറഞ്ഞൊപ്പിച്ചു. "ആ ശരി വേഗം കുളിച്ചിട്ട് പോവാൻ നോക്ക്, ആ സീതമ്മയെങ്ങാൻ വന്നാൽ നല്ല ചീത്ത കേക്കേണ്ടി വരും.." അതും പറഞ്ഞ് രേണു അക്ക പോയി.
ശെൽവിയുടെ ഉള്ളിൽ വീണ്ടും ഭയം ഇരുണ്ടു കൂടാൻ തുടങ്ങി. അവൾ വേഗത്തിൽ തുണി തിരുമ്മി. സീതമ്മ ശിവകാമി അക്കയെക്കാൾ പ്രശ്നക്കാരിയാണ്. കാമാത്തിപ്പുരയിലെ ഒരു കാര്യവും സീതമ്മയുടെ കണ്ണിൽ നിന്ന് ഒളിക്കാനാവില്ല. ആയിരം കണ്ണാണ് അവർക്ക്. ആരോടും യാതൊരു വൈകാരിക ബന്ധവും ഇല്ലാത്ത ഒരു സ്ത്രീ. ഒരിക്കൽ കാമാത്തിപ്പുരയിലെ ഒരു പെണ്ണിനെ ഒരുപാടിഷ്ടപ്പെട്ട ഒരാള് തിരിച്ചു പോകാൻ നേരം അവൾക്കിത്തിരി പണം നൽകുകയുണ്ടായി. അവളാകട്ടെ ആരോടും പറയാതെ അത് സൂക്ഷിച്ചു വെക്കുകയും ചെയ്തു. പക്ഷേ അടുത്ത രാത്രിക്കു മുന്നേ സീതമ്മ അത് മണത്തറിഞ്ഞു. പിന്നെ ആ പെണ്ണിന്റെ നിലവിളി പോലും കാമാത്തിപ്പുരയിൽ മുഴങ്ങിയിട്ടില്ല. സീതമ്മയെ കുറിച്ചുള്ള ഓർമയിൽ ശെൽവിയുടെ ദേഹത്തേക്ക് ഭയം കലർന്നൊരു തണുപ്പ് അരിച്ചു കയറി. 
തുണി കഴുകിക്കഴിഞ്ഞ് കുളിക്കാൻ തുടങ്ങിയപ്പോൾ അവൾക്ക് എന്തിനെന്നറിയാതെ പെട്ടെന്ന് സങ്കടം വന്നു. തുറന്ന ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും അവളുടെ മിഴി നിറഞ്ഞൊഴുകി കൊണ്ടിരുന്നു. കാലങ്ങളായി ഉള്ളിലടക്കി വെച്ച സങ്കടങ്ങളെല്ലാം തിമട്ടി വരാൻ തുടങ്ങി. ഓർമ്മകൾ അവൾക്കു ചുറ്റും കടല് പോലെ ഇരമ്പി. അവളുടെ ഓർമയിൽ തെളിഞ്ഞ ഓരോ മുഖത്തിനു വേണ്ടിയും അവള് കരഞ്ഞു. ഇന്ന് വരെ ഉണ്ടായതും ഇനി ഉണ്ടാവാൻ പോകുന്നതുമായ എല്ലാ ഓർമകൾക്ക് വേണ്ടിയും അവൾ കരഞ്ഞു. കണ്ട ഓർമ്മ പോലും ഇല്ലാത്ത തന്റെ അമ്മയ്ക്കും അച്ഛനും കൂടപ്പിറപ്പുകൾക്കും വേണ്ടി അവള് കരഞ്ഞു. കരഞ്ഞു കൊണ്ട് തന്നെ കുളിച്ചു. കണ്ണീരു വറ്റിയതറിയാതെ വീണ്ടും വീണ്ടും ശബ്ദമില്ലാതെ ഏങ്ങലടിച്ചു കൊണ്ടിരുന്നു. എന്തിനു വേണ്ടിയാണെന്നോ ആർക്കു വേണ്ടിയാണെന്നോ അവൾക്കറിയില്ലായിരുന്നു. അവളതാലോചിച്ചതും ഇല്ല.. 
ദേഹത്തു വീഴുന്ന വെള്ളത്തിന്റെ തണുപ്പിനെ തന്നിലേക്ക് ചേർക്കാൻ ശ്രമിക്കുമ്പോഴും തുടയിടുക്കിലൂടെ ചെറു ചൂടുള്ളൊരു പുഴ കുതിച്ചൊഴുകുന്നത് അവൾക്കറിയാനായി.. അതവളെ അസ്വസ്ഥപ്പെടുത്തി. ചുവന്ന പുഴ കാക്കുന്ന അനേകം തുടയിടുക്കുകളെ ഓർത്ത് കരയാൻ പെട്ടെന്നവൾക്ക് തോന്നി. എങ്കിലും പിന്നെയത് വേണ്ടെന്നു വെച്ച് നിർവികാരതയുടെ തോർത്തെടുത്ത് പുതച്ച്, വസ്ത്രം ധരിച്ച് അവൾ പുറത്തിറങ്ങി. മുറിയിലേക്കു നടക്കുമ്പോൾ കാലുകൾക്കിടയിൽ ഒതുക്കിപ്പിടിച്ച ചുവന്ന പുഴ അവളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. അതിപ്പോൾ തന്നെ തടസങ്ങൾ ഭേദിച്ച് പുറത്തേക്ക് കുതിക്കുമെന്ന തോന്നലിൽ അവൾ നടപ്പിന്റെ വേഗം കൂട്ടി. 
പെട്ടെന്നാണ് സ്വിച്ചിട്ടപോലെ അവൾ നിന്ന് പോയത്. മുന്നിൽ ഒരു ചോദ്യചിഹ്നവും മുഖത്തൊട്ടിച്ച് നിൽക്കുകയാണ് സീതമ്മ. ശെൽവിയുടെ മുഖത്തെ രക്തം അപ്പാടെ വാർന്നു പോയിരുന്നു. കൈവിറക്കുന്നത് കാണാതിരിക്കാൻ അവൾ ബക്കറ്റിൽ മുറുകെ പിടിച്ചു. എന്തെങ്കിലും പറയാനാണെങ്കിൽ അവളുടെ ഉള്ളിൽ വാക്കുകളോ അക്ഷരങ്ങളോ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല. ദേവകി അക്കയുടെ കരഞ്ഞു ചുവന്ന കണ്ണുകൾ മാത്രമായിരുന്നു മനസ്സിൽ. സീതമ്മയാവട്ടെ ഒട്ടു നേരം അവളെ തന്നെ നോക്കി നിന്ന ശേഷം ചോദ്യമോ മറുപടിയോ പ്രതീക്ഷിക്കാതെ അവളെക്കടന്ന് നടന്നു പോയി. ഒന്നനങ്ങാൻ പോലും പറ്റാതെ അപ്പോഴും ശെൽവിയവിടെത്തന്നെ പകച്ചു നിന്നു. പരിസര ബോധം വന്നപ്പോഴാകട്ടെ ഞെട്ടിപ്പിടഞ്ഞ് മുറിയിലേക്കോടി. അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ടു. കുളിച്ചു കഴിഞ്ഞിട്ടും അവള് വിയർത്തു. വിയർപ്പ് പടർന്നപ്പോൾ വസ്ത്രങ്ങൾ അവളെ ഇറുക്കെ പുണർന്നു. ഭയപ്പെടെണ്ടെന്നാണ് അവ പറയുന്നതെന്ന് അവള് വിശ്വസിച്ചു. 
പതിയെ ഒരു ദീർഘ നിശ്വാസം വിട്ട് അവൾ തന്നെ തന്നെ സമാധാനിപ്പിച്ചു. താൻ ഇനി ഭയപ്പെടേണ്ടതില്ല. ഈ രാത്രിയോടു കൂടി തന്റെ ദുരിതങ്ങളും അവസാനിക്കും. പിന്നെ സ്വപ്നങ്ങളുടെ ലോകത്തായിരിക്കും താൻ.. അവളുടെ ചുണ്ടിൽ മെല്ലെ പുഞ്ചിരി തെളിഞ്ഞു.
അലക്കിയ തുണി വിരിച്ചിട്ട് കിടക്കാൻ തുടങ്ങിയപ്പോൾ വാതിലിൽ ശക്തമായ മുട്ട് കേട്ടു. സീതമ്മയുടെ ശബ്ദവും ചോദിക്കാതെ പുറകെ കയറി വന്നു .. "ശെൽവി.. വാതിൽ തുറക്ക്.." തീയിൽ തൊട്ടതു പോലെ ശെൽവി ഞെട്ടിത്തരിച്ചു. കൈയിലിരുന്ന പുതപ്പ് അവളറിയാതെ നിലത്തേക്ക് വീണു. "ശെൽവി... വാതിൽ തുറക്ക്..." വീണ്ടും വാതില്ക്കൽ സീതമ്മയുടെ സ്വരം. പെട്ടെന്ന് അവൾക്ക് പരിസരബോധം വന്നു. സീതമ്മയാണ് വാതിൽക്കൽ. ഉറപ്പായും എന്തോ സംശയം തോന്നിയിരിക്കണം. പിടിക്കപ്പെട്ടാൽ... ആലോചിച്ചപ്പോൾ അവളുടെ കൈയും കാലും തളർന്നു. നെറ്റിയിലൂടെ വിയർപ്പുചാലുകൾ മത്സരിച്ചൊഴുകി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന നിമിഷത്തിൽ നിന്നുണർന്ന് അവൾ വേഗം തന്നെ അഴയിൽ കഴുകിയിട്ട തുണിയെല്ലാം വലിച്ചു വാരിയെടുത്ത് അലമാരിയിലേക്ക് തള്ളി..അതിനുമുകളിൽ ഉണങ്ങിയ തുണി പെറുക്കി വെച്ചു. മുഖം തുടച്ച് വാതിൽക്കലേക്ക് നടന്നു. എന്തോ ഓർത്ത് പെട്ടെന്ന് നിൽക്കുകയും താനിട്ടിരിക്കുന്ന പാവാട തിരിച്ചും മറിച്ചും നോക്കി അതിൽ ‘ചുവന്ന’ തെളിവുകളൊന്നും മറഞ്ഞിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി. പാവാട നേരെയാക്കിയ ശേഷം വീണ്ടും ചെന്ന് അലമാരി തുറന്ന് സാനിറ്ററി നാപ്കിൻ പഴയ തുണികൾക്കുള്ളിലേക്ക് തിരുകി. "ശെൽവി..." വാതിലിലെ മുട്ടലിനു ശക്തി കൂട്ടിയത് അവളറിഞ്ഞു. "ദാ വരുന്നു സീതമ്മേ.." മറുപടിയെത്തും മുന്നേ ശെൽവി വാതിൽക്കലെത്തി. വാതിൽ തുറക്കുന്ന സമയത്തിനിടയിൽ അനേകായിരം ചിത്രങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി.. കരഞ്ഞു കലങ്ങിയ ദേവകിയക്കയുടെ മുഖം., സിസ്റ്റർ റേച്ചൽ.., നാളെ മാറാനിരുന്ന തന്റെ ജീവിതം.., കാമാത്തിപ്പുരയിൽ കത്തിയമർന്ന അനേകം ശെൽവിമാർ.., ഉള്ളിലെവിടെയോ നിന്നൊരു തേങ്ങൽ അവളുടെ ചുണ്ടിൽ തേങ്ങി നിന്നു. 
വാതിൽ തുറന്നതും കറണ്ട് പോയതും ഒരുമിച്ചായിരുന്നു. "ഓ ഈ നശിച്ച കറണ്ടും..." എന്നും പറഞ്ഞ് പോയ കറന്റിനെയും ലോകത്തെ സകല ലൈന്മാരെയും പ്രാകിക്കൊണ്ടാണ് സീതമ്മ മുറിയിലേക്ക് കയറിയത്. ശെൽവിയാകട്ടെ ഉള്ളു കൊണ്ട് ഈശ്വരനൊരായിരം നന്ദി പറയുകയായിരുന്നു. സീതമ്മ വായടച്ചു കഴിഞ്ഞപ്പോഴാകട്ടെ മുറിയിൽ കറുത്തൊരു നിശബ്ദത നിറയുന്നത് ശെൽവിയറിഞ്ഞു. അവളുടെ ഹൃദയം ശക്തമായി മിടിക്കുന്നുണ്ടായിരുന്നു. ആ ഹൃദയമിടിപ്പ് സീതമ്മയുടെ ചെവിയിലെത്താതിരിക്കാനെന്നോണം അവൾ തന്റെ കൈ ഹൃദയത്തിനു മേൽ അമർത്തിപ്പിടിച്ചു. “ഇവിടെ മെഴുകുതിരിയൊന്നും ഇല്ലേടി???” എന്ന സീതമ്മയുടെ ചോദ്യം അവളെ വീണ്ടും ഞെട്ടിച്ചു.. "ആം.. ഉണ്ട്.. ദേ ഇപ്പൊ കത്തിക്കാം.." എന്നും പറഞ്ഞ് അവൾ മേശക്കടുത്തേക്ക് ഓടി. "ആ ഇനി വേണ്ട.. ഞാൻ വന്നത്, നാളെ രാവിലെ അവര് വരുമെന്നാ പറഞ്ഞേ.. നീ ബാഗെല്ലാം അടുക്കി വെച്ചിട്ട് കിടന്നാ മതി.. അല്ലെങ്കിൽ ഇനി രാവിലെ അതിനു സമയം കളയാൻ ഒക്കില്ല.. മനസിലായോ..??" കനത്ത ഇരുട്ടിലും സീതമ്മയുടെ ശബ്ദം ശെൽവിയുടെ കാതുകളിൽ തന്നെ വന്നു കയറി. "ഉം.." അവളൊന്നു മൂളുക മാത്രം ചെയ്തു. മറ്റെന്തെങ്കിലും പറയാനുള്ള ത്രാണി അവളിൽ ബാക്കിയുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ശരി എങ്കിൽ വാതിലടച്ചോ എന്നും പറഞ്ഞ് സീതമ്മ തിരിച്ചിറങ്ങാൻ തുടങ്ങി.. പെട്ടെന്ന് "ഇതെന്നതാ ഈ പേപ്പറ്..." എന്ന ചോദ്യത്തോടൊപ്പം കാലിൽ തടഞ്ഞ കടലാസ് അവര് തറയിലിട്ട് ഉരസി. ശെൽവി സ്തംഭിച്ചു നിന്ന് പോയി. താനത് എന്ത് കൊണ്ടാണ് ശ്രദ്ധിക്കാതിരുന്നതെന്നോർത്ത് അവൾ സ്വയം പഴിച്ചു. സാനിറ്ററി നാപ്കിൻ എടുത്തപ്പോ ആ പരിഭ്രമത്തിനിടയിൽ പേപ്പർ ചുരുട്ടി തറയിലേക്കിട്ടതാണ്. പിന്നെ എടുത്തു കളയാമെന്ന് ഓർക്കുകേം ചെയ്തു. ദാ ഇപ്പൊ ഒരു കുഞ്ഞു കടലാസു കഷ്ണം തന്റെ ജീവിതം മാറ്റിയെഴുതാൻ പോകുന്നു.. "അതൊന്നൂല്ല സീതമ്മേ.. മിട്ടായി കടലാസാണ്. ഞാനറിയാതെ അവിടെ ഇട്ടതാണ്." വായിൽ വന്ന കള്ളം രണ്ടാമതൊന്നാലോചിക്കാതെ അവൾ സീതമ്മയോട് പറഞ്ഞു. പേപ്പറെടുക്കാൻ കുനിഞ്ഞ സീതമ്മ ആ ശ്രമം ഉപേക്ഷിച്ച് നിവർന്നു. "നിന്നോട് ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട്. കണ്ട കടലാസും പേപ്പറും ഇട്ട് മുറി വൃത്തികേടാക്കരുതെന്ന്. എന്തായാലും ഇന്നും കൂടി സഹിച്ചാ മതീലോ.. ശല്യം.." അവളെ ചീത്ത പറഞ്ഞു കൊണ്ട് സീതമ്മ പോയി. സീതമ്മ കണ്ണിൽ നിന്ന് മറഞ്ഞതും ശെൽവി വാതിലടച്ച് നിന്നു കിതച്ചു. മരണത്തിന്റെ കൈയിൽ നിന്നും ജീവിതത്തെ നേടിയെടുത്തു പോന്ന ആശ്വാസമായിരുന്നു അവൾക്കപ്പോൾ.
രാവിലെ സമയത്തു തന്നെ അവരെത്തി. യാത്ര അയക്കാനോ അനുഗ്രഹിക്കാനോ കാമാത്തിപ്പുരയിലെ ആരും അങ്ങോട്ടെത്തിയില്ല. അവരോടൊപ്പം കാറിൽ കയറുമ്പോഴും ശെൽവി തിരിഞ്ഞു നോക്കി. സീതമ്മയല്ലാതെ ആരുമില്ല. ശിവകാമിയക്ക മുറിയിലായിരിക്കും. കിട്ടിയ പണം എണ്ണിത്തീർക്കുന്ന തിരക്കിലാവും. കാറ് കാമാത്തിപ്പുരയുടെ ഗേറ്റ് കടക്കവേ ശെൽവി അവസാനമായി തിരിഞ്ഞു നോക്കി. മുകളിലെ മുറിയുടെ ജനലരികിൽ ആരോ നിൽക്കുന്നുണ്ട്. ആരാണെന്ന് മനസിലായില്ലെങ്കിലും ശെൽവി കൈവീശി.. എന്നെങ്കിലുമൊരിക്കൽ താൻ തന്റെ വ്യക്തിത്വത്തിലുറച്ചു നിൽക്കുമ്പോൾ ഒരൊറ്റ ശെൽവിയേയും കാമാത്തിപ്പുരകളിൽ ജീവിതം ഹോമിക്കാൻ വിടില്ലെന്ന ഉറപ്പ് സ്വയം നൽകിക്കൊണ്ട് പുതിയ സ്വപ്നങ്ങളിലേക്ക് അവൾ അവരോടൊപ്പം യാത്രയായി..

Monday 4 September 2017

നീ എന്നോട് വഴക്കടിച്ചു 
എനിയ്ക്കു ഹൃദയമില്ലാഞ്ഞിട്ടാണ് അങ്ങനെ പറഞ്ഞതെന്ന്...!!!

നീ 
****
"ഒരിതൾ മാത്രം ബാക്കിവെച്ച് 
എന്നിൽ നിന്നും 
പടിയിറങ്ങിപ്പോയ വസന്തം...!!! "
"ഒരു കണ്ണീർക്കണം പോലുമടരാതെ 
പെയ്തു തോരുന്നു., 
ചിരിയുടെ പെരുമഴക്കാലം"
"നിലയ്ക്കാതെ പെയ്യുന്നുണ്ടുള്ളിലിന്നും 
രാത്രിമഴ പോലെ 
നീറ്റിയും നോവിച്ചും 
നീയെന്ന കനൽപ്പൂവ്.."
നീയില്ലായ്മയിൽ
നിറയുന്ന നിന്നെയാണെനിക്കിഷ്ടം...!!

നിനക്കറിയാമോ സഖേ..,
നിന്റെ രാത്രിയാകാശങ്ങളിങ്ങനെ 
വിളർത്തുപോയത് 
ഞാനെന്റെ കിനാക്കളിൽ 
നിന്നെ കട്ടെടുത്തതിനാലാണെന്ന്...!!
💕
തലയ്ക്കകത്ത് 
മരിച്ച ഓർമ്മകളുടെ ശവങ്ങൾ 
ചീഞ്ഞു തുടങ്ങിയിരിക്കണം.. 
നോവിനോടൊപ്പം സിരകൾ 
ഓക്കാനിച്ച് കളയുന്നുണ്ട് 
അവയെയും..!!
😨
എത്ര വേരറുത്തിട്ടും 
നിന്നിൽ തന്നെ 
പടരുന്നല്ലോ 
ഓർമ്മകൾ .!! 
🌿
എന്നെ വായിക്കുവാൻ 
ഞാനാവുകയെന്നല്ലാതെ 
നിനക്കെന്തു ചെയ്യുവാനാകും...??!!
💔
"നീയെന്നിൽ നിന്ന് 
അകന്നു പോവാതിരിക്കുക...
നിനക്കറിയാം 
നീയില്ലായ്മയെന്നാൽ 
എന്റെ മരണമാണെന്ന്..!!!"
💔
പെയ്തു തോർന്നിതെത്ര മഴകൾ 
എങ്കിലും 
ഉള്ളിലിന്നും 
തോരാതെ നിൽക്കുന്നു 
നിന്നോർമ്മകൾ...
🍂
ഒരേ കടലിൽ ഒഴുകിയണഞ്ഞിട്ടും 
ചിലരെന്നും 
അപരിചിതർ മാത്രമായിരിക്കുന്നത് 
ഉള്ളിലെയാ പുഴയാഴങ്ങളെ 
മറന്നു കളയാത്തതിനാലാവാം..
🤔
"ഉള്ളിലീ കനൽച്ചൂടു കനക്കവേ
വയ്യിനി നിന്നെയോർക്കാതിരിയ്ക്കുവാൻ
അത്രമേൽ വെറുത്തുവോ; നിന്നെ
പ്രാണനിൽ തന്നെ കൊരുത്തതല്ലേ ഞാനും..."
😥
"എന്റെ യാത്രകളെല്ലാം 
നിന്നിലവസാനിക്കുന്നു..
നിന്നിൽ നിന്നകന്നൊഴുകി 
നേടാൻ തക്കതൊന്നും 
ഇനിയെന്റെ 
സ്വപ്നങ്ങളിലവശേഷിക്കുന്നില്ല..!!"
❤️
ചിലരെയൊന്നും 
എത്ര സ്നേഹിച്ചിട്ടും 
ചേർത്തു പിടിച്ചിട്ടും 
കാര്യമില്ല..
അവരുടെ സൗഹൃദക്കൂട്ടത്തിലെ 
ഗോസിപ്പ് കോളത്തിൽ
മാത്രമൊതുക്കിക്കളയും
അവര് നമ്മളെ...!!
😥
ചിലരങ്ങനെയാണ്...
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും 
ഒന്നും മിണ്ടിയില്ലെങ്കിലും 
എപ്പോഴുമിങ്ങനെ 
പ്രണയിച്ചുകൊണ്ടേയിരിക്കും...!!
😍
"അനന്തകോടി ജീവജാലങ്ങൾ ഉള്ള ഈ അണ്ഡകടാഹത്തിൽ ഘടാഘടിയന്മാരായ പുരുഷ കേസരികളുടെ തലയ്ക്കകത്ത് മുഴുവൻ മൊഹബ്ബത്തിന്റെ പുഴ തിങ്ങിയിരിക്കയാണ്..😜😜സുന്ദരികളായ പാവം പെൺപിള്ളേരെ കാണുമ്പോഴാകട്ടെ അത് അനർഗ്ഗളം നിർഗമിക്കുകയും അവരുടെ കൊച്ചു ഹൃദയങ്ങളെ മുക്കിക്കളയുകയും ചെയ്യുന്നു...😁😁"
- എന്ന് ഞാൻ
ഒപ്പ്
"ഞാൻ അറിഞ്ഞത് മാത്രം"
എന്ന് വ്യാഖ്യാനിക്കുമ്പോഴാണ് 
സത്യം വികൃതമാക്കപ്പെടുന്നത്..!!!😥

നക്ഷത്രങ്ങളില്ലാത്തപ്പോഴും 
നിന്റെ സ്വപ്‌നങ്ങൾക്കുദിക്കാനുള്ള 
ആകാശമാവണമെനിക്ക്...!!😍

Tuesday 8 August 2017

ഞാനാവാഞ്ഞതിനാൽ
നീയറിയാതെ പോയ
എന്റെ ഉടലാഴത്തിലെ കവിതകൾ
അടിവയറ്റിലെ
നീറ്റുന്ന നോവിനൊപ്പം
വിരൽത്തുമ്പിൽ നിന്നൂർന്നകന്ന
അക്ഷരങ്ങൾ
തുടയിടുക്കിലെ
ചുവന്ന പുഴയാഴത്തിൽ
വീണു മരിച്ച സ്വപ്‌നങ്ങൾ...
ഞാനാവാഞ്ഞതിനാൽ മാത്രം
നീയറിയാതെ പോയ
എന്നിലെ പെണ്ണത്തങ്ങൾ..
ഇനിയൊരിക്കലും
നീയറിയാത്തൊരാഴത്തിൽ
ഞാനില്ലാതെയാകുമ്പോൾ
നിനക്ക് നഷ്ടപ്പെടുന്നത്
 നിന്നെത്തന്നെയാണെന്ന്
നീയെന്നാണ് മനസ്സിലാക്കുക...!!!
നീ നൽകിയ ഓർമകൾക്ക്
ഏകാന്തതയുടെ കടലാഴം
നീന്തലറിയാത്തതിനാൽ
എനിക്കു ശ്വാസം മുട്ടുന്നു..!! 
ഇന്നെന്റെ കനവുകൾ പൂക്കാറില്ല
തൂലികയിൽ കവിതകൾ പിറക്കാറില്ല 
നീയുപേക്ഷിച്ചോരെന്നെ 
ഞാനുമെൻ ചാരെ കരുതാറില്ല...!!  
"ഇനിയീ ജന്മം മുഴുവൻ നനയാൻ
നീയെന്ന പ്രണയത്തുള്ളിയെ
തേടുകയാണെന്റെ ആകാശം.." 
"ഉള്ളിലീ കനൽച്ചൂടു കനക്കവേ
വയ്യിനി നിന്നെയോർക്കാതിരിക്കാൻ
അത്രമേൽ വെറുത്തുവോ; നിന്നെ
പ്രാണനിൽ തന്നെ കൊരുത്തതല്ലേ ഞാനും..."

Thursday 6 July 2017

ചിലതങ്ങനെയാണ്...
പല തവണ മനസ് 
വേണ്ടെന്നു വെച്ചതാണെങ്കിലും...
ഒരിക്കൽ കൂടി 
തിരികെ ലഭിക്കാത്ത വിധം 
നഷ്ടപ്പെടുമ്പോൾ
ഉള്ളിലൊരു നീറ്റലാണ്... !!!
"വേരറ്റു പോയിട്ടും 
വിസ്‌മൃതിയിലാഴാത്ത 
ചില ഇന്നലെകളുണ്ട് നമ്മിൽ ...
മനസ് മരുഭൂവായിട്ടും 
കഴിഞ്ഞ കാലത്തിന്റെ 
പച്ചപ്പവശേഷിപ്പിക്കുന്ന..,
ഇന്നിലേക്കും നാളെയിലേക്കും
നമ്മെ നയിക്കുന്ന
ചില നനുത്ത ഇന്നലെകൾ...!!!"

Tuesday 6 June 2017

"ഓർക്കണമെന്ന് ഞാനോർമപ്പെടുത്താഞ്ഞതിനാലാണോ...
ഇത്ര വേഗം നീയെന്നെ മറന്നു കളഞ്ഞത്..??!!"
.
.
.
## ഓർക്കാതിരിക്കലാണോ മറവി...??
ഒരു വിത്തിൽ നിന്നൊരു മരം എന്നല്ലാതെ,
ഒരു വിത്തിൽ🌰 നിന്നൊരു വനത്തെയും🌳🌳🌳🌳
ഒരു മരത്തിൽ🌳 നിന്നൊരു വസന്തത്തെയും🌺🌻🌼
കണ്ടെടുക്കാൻ പാകത്തിനുള്ളതാവണം 
നമ്മുടെ പ്രകൃതി പാഠങ്ങളെല്ലാം..!!
നാളെയിലേക്കൊരു വസന്തത്തെ🌺🌻🌷🌼🌹🌸
നടുന്നുവെന്ന
ഉൾബോധത്തിൽ നിന്ന് മാത്രമേ
ഒരിതൾ🍂 പോലും നുള്ളിക്കളയാതിരിക്കാനുള്ള
നന്മയിലേക്ക് നാം വളരൂ.....!!❤️❤️❤️


Sunday 14 May 2017

## അവരിപ്പോഴും കള്ളം പറയുന്നു... നീയില്ലെന്ന്...!!?

എല്ലാവരും പറയുന്നു നീ മരിച്ചു പോയെന്ന്.. 
എന്നിൽ നിന്ന് ഏറെ അകലെയേതോ ലോകത്തിലേക്ക് യാത്രയായെന്ന്.. 
എന്റെ ഇന്നുകളിൽ നിന്ന് ഇന്നലെകളിലേക്കും 
അവിടെ നിന്നെന്റെ ഓർമകളിലേക്കും കടന്നുകളഞ്ഞുവെന്ന്..
എല്ലാവരും പറയുന്നു നീയിനിയില്ലെന്ന്..!!
അവർ നിന്റെ പേരു ചൊല്ലി വിലപിക്കുന്നു.. 
നിനക്ക് വേണ്ടി ചന്ദനത്തിരികൾ കൊളുത്തി 
മരണത്തെ പുകയ്ക്കുന്നു.. 
തേങ്ങുന്ന ശബ്ദത്തിൽ വിലാപ ഗീതങ്ങൾ ആലപിക്കുന്നു..
അവരോടൊപ്പമിരിക്കുമ്പോഴും 
എന്റെ മിഴികൾ 
നിന്നെ കാത്ത് വാതിൽപ്പടിയോളം നീളുന്നു.. 
എന്നത്തേയും പോലെ നീ വരുമെന്നും 
എന്നെ മുറുകെ പുണരുമെന്നും 
ഞാനാശ്വസിക്കുന്നു..
കണ്ണീരു നനച്ച കവിളുകളും 
മരണത്തോളം തണുത്ത കൈവിരലുകളുമുള്ള 
അവരുടെ ആശ്വസിപ്പിക്കലുകൾ 
 എന്നെ അലോസരപ്പെടുത്തുന്നു..
കരഞ്ഞു ചീർത്ത മുഖങ്ങളെന്നിൽ 
അറപ്പു നിറക്കുന്നു..
നീ വേഗം വന്നിരുന്നെങ്കിലെന്ന് ഞാൻ പ്രാർത്ഥിക്കുന്നു..
പുകയുന്ന ചന്ദനത്തിരികൾക്കും 
തേങ്ങിയുലയുന്ന നിലവിളക്കിനുമിടയിലെ 
നിന്റെ ഫോട്ടോയിലേക്ക് 
വിളർത്ത മുല്ലപ്പൂവുകളെ അവർ 
വീണ്ടും വീണ്ടും വാരിയെറിയുന്നു..
കൈ തട്ടി മറിഞ്ഞ വിളക്കിനെയും 
കാൽക്കീഴിലമർന്ന പൂമൊട്ടുകളെയുമവഗണിച്ച് 
നിന്റെ ഫോട്ടോയുമായി ഞാൻ മുറിയിലേക്കോടുമ്പോൾ 
വാതിൽ മറകളിൽ നിന്ന് പോലും തേങ്ങലുകളുയരുന്നു..
ചടങ്ങുകളെല്ലാം തീർത്ത് 
അവരെല്ലാം മടങ്ങിപ്പോയെന്നറിഞ്ഞിട്ടും 
നിന്നെയും നെഞ്ചോടൊതുക്കി 
ഞാനെന്റെ മുറിയിലെ ഇരുട്ടിൽ തനിച്ചിരുന്നു..
നീ വരുമെന്നും എന്നെ വിളിക്കുമെന്നും 
ഞാൻ കൊതിച്ചു..
എന്നാൽ നീ വരികയോ എന്നെ വിളിക്കുകയോ 
ഉണ്ടായില്ല...
വർഷങ്ങളെത്ര കഴിഞ്ഞു 
എത്ര രാവുകളും പകലുകളും മാഞ്ഞു..
വിലപിച്ചവരുടെ കണ്ണീർത്തടങ്ങളുണങ്ങി 
ആശ്വസിപ്പിക്കലുകളും നിന്നു..
എല്ലാവരും ഇന്നലെകളിലേക്ക് നിന്നെ മറന്നു...
ഞാൻ മാത്രമിന്നും നിനക്കുവേണ്ടി ഒഴിച്ചിട്ട ഹൃദയത്തോടൊപ്പം 
നീ മടങ്ങി വരുന്നതും കാത്ത് 
വാതിൽപ്പടിയോളം മിഴി നട്ട്..
കരയാതെ.....

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...