Saturday 17 December 2016

എന്റെ മാത്രം സ്വന്തമെന്ന് പറയാൻ 
ഒരു ചങ്ങാതിയുണ്ടായിരിക്കുക എന്നത് 
എത്ര ഭാഗ്യമാണ്

Tuesday 13 December 2016


ആകാശം കാണാതെ മറച്ചു വെച്ച്
പെറ്റു പെരുകിയയൊരു മയില്പ്പീലിത്തുണ്ടിനോട്
ഞാനെന്റെ കവിതയെ ഉപമിക്കുന്നു..
നിന്നോടെനിക്കുള്ള പ്രണയം പോലെ അതും
എന്റെ ഉള്ളിൽ കിടന്ന്
ശ്വാസം മുട്ടി മരിക്കാറായപ്പോഴാണ്
ഞാനതിനെ
മയില്പ്പീലികളിലേക്ക് പകർന്നത്..
നനുത്ത തണുപ്പുള്ള നിശകളിൽ
നിന്റെ പ്രണയത്തെ തേടി
ഞാൻ നിന്റെ അരികിലെത്തിയപ്പോഴെല്ലാം
ഒരനുഷ്ടാനം പോലെ ഞാനാ പീലികളെയും
എന്നോടൊപ്പം കൊണ്ടു പോന്നു.
കാരണം അവയെ വായിച്ചറിയാൻ 
നിനക്കല്ലാതെ മറ്റാർക്കും സാധ്യമായിരുന്നില്ല..
വസ്ത്രത്തോടൊപ്പം  ശരീരത്തെയും
ഊരി മാറ്റി
നിന്റെ നീല നിറത്തെ പടർത്താൻ
ഞാൻ നിനക്കു മുന്നിലെന്നെ സമർപ്പിച്ചപ്പോഴെല്ലാം,
അവ നമുക്കു വേണ്ടി പ്രേമ ഗീതികൾ പാടി..
നമുക്കു മാത്രം കേൾക്കാവുന്നയത്ര ഉച്ചത്തിൽ..
പ്രണയ കഥകൾ പറഞ്ഞു..
പിന്നെ പുലർച്ചയിലെപ്പൊഴോ മിഴി തുറന്നപ്പോൾ
വസ്ത്രങ്ങളുടെയും ശരീരത്തിന്റെയും ഭാരങ്ങളില്ലാതെ
ഞാൻ സ്വതന്ത്ര..
എന്റെ തലമുടിയിൽ നീയണിച്ച പീലിത്തുണ്ടുകൾ..
മേനിയിലാകെ നീ പകർന്ന പ്രണയത്തിന്റെ നീലവർണം..
ചുറ്റിലും ഞാനെന്നോ എഴുതാൻ കൊതിച്ച..
ആകാശം കാണാതെ മറച്ചു വെച്ച എന്റെ കവിതകൾ..
നിന്റെ കാംബോജിയുടെ ഈണം..
ഞാൻ നൃത്തം ചെയ്യുകയാണ്..
വീണ്ടും വീണ്ടും നൃത്തം ചെയ്യുകയാണ്
നീലവർണാ നീയാണെന്നെ നൃത്തം ചെയ്യാനും പഠിപ്പിച്ചത്..
ഇനിയെനിക്കെന്റെ കവിതകളെ
മറച്ചു വെക്കേണ്ടതില്ല..
നൃത്തം ചെയ്യരുതെന്നുള്ള വിലക്കുകളെ
ഭയക്കേണ്ടതില്ല..
ഇനി ഞാൻ സ്വതന്ത്ര.. നിന്നിലേക്ക് ഞാൻ സ്വതന്ത്ര..
നിന്നിലേക്ക് മാത്രം ഞാൻ സ്വതന്ത്ര ..


Saturday 10 December 2016


ഉരുകുന്ന വേനലിലും 
ഉള്ളിൽ വീണലിയാൻ 
നനുത്ത മഞ്ഞു കണം പോലെയൊരാൾ 
എന്നും കൂടെയുണ്ടാവുന്നത് 
എത്ര ധന്യമാണ്.. 
മഞ്ഞെന്ന് നിനച്ച് 
നാം ചേർത്ത് പിടിക്കുന്നതു പലതും 
സൂര്യനേക്കാൾ പൊള്ളിക്കുന്നതാവുമ്പോഴാണ്
അത്തരത്തിൽ ചിലരും 
നമ്മോടൊപ്പമുള്ളതെന്നത് 
അത്യത്ഭുതം തന്നെ.. 
നിന്റെ സൗഹൃദം 
പൊഴിയുന്ന മഞ്ഞിനേക്കാൾ 
നൈർമല്യമാർന്നത്.. 
അതെന്റെ 
വരണ്ടു പൊള്ളിയ ഹൃത്തടത്തിൽ 
സ്നേഹത്തിന്റെ.. കരുതലിന്റെ 
ഔഷധം പുരട്ടുന്നു.. 
നിമിഷങ്ങളുടെ വേഗത്തിൽ 
ചിതറിപ്പോയ ഹൃദയത്തെ 
യോജിപ്പിക്കുന്നു. 
നിന്റെ കൂട്ട് അനുനിമിഷം 
ദൈവം കൂടെയുണ്ടെന്ന 
വിശ്വാസമെന്നിൽ ജ്വലിപ്പിച്ച് നിർത്തുന്നു.. 
നീ ദൈവത്തിന്റെ ഏറ്റമടുത്ത സുഹൃത്ത്.. 
എനിക്കായി ദൈവം 
അവന്റെ സൗഹൃദത്തെ പകുത്തതോർത്ത് 
എന്റെ മിഴി നിറയുന്നു.. 
നന്ദി പറയാൻ വാക്കുകളില്ലാതെ 
ഞാനവനു മുന്നിൽ മുട്ടു കുത്തുന്നു.. 
എന്റെ ജീവനെ പൂർണമായും സമർപ്പിക്കുന്നു.. 
നന്ദി.. നീയെന്ന കൂട്ടിന്..
തിരിച്ചൊന്നും ആവശ്യപ്പെടാതെ
ദൈവം അവന്റെ ഹൃദയത്തിന്റെ തുണ്ട് 
എനിക്കരികിൽ അയച്ചതിന്.. 
നന്ദി..

Photo: For more Hit Follow: +Words of Wisdom 


Thank you പുണ്യാളാ... 
എന്റെ പാദത്തിൽ 
തറച്ചു കയറിയ മുള്ളിനെ 
വേദനയില്ലാതെ എടുത്തുകളയാൻ 
നിനക്കു സാധിച്ചു.. 
എന്റെ ദൈവം 
നിന്നിലൂടെ എന്റെ അരികിലുണ്ടെന്ന് 
എനിക്കുറപ്പാണ്.. 
നീ ദൈവത്തിന്റെ 
ഏറ്റമടുത്ത കൂട്ടുകാരനാണ്.. 
എന്റേയും.. 
Thank you so much....

Thursday 8 December 2016

"പ്രണയത്തെ
കാരുണ്യവും സ്വാതന്ത്ര്യവുമായി
അനുഭവിക്കുന്നതിനു പകരം
ജീവിത നിഘണ്ടുവിൽ അതിന്റെ അർത്ഥം
ബലിയും പകയുമായി തിരുത്തപ്പെടുന്നത്
എത്ര ധാരുണമാണ്..."

Wednesday 7 December 2016

ആകാശം മഴക്കായി 
സ്വയം വിട്ടു കൊടുത്തതു പോലെ
നിനക്കായി 
ഞാനെന്റെയാത്മാവിനെ വിട്ടു തരുന്നു..
അവൾക്കു പെയ്തിറങ്ങാൻ 
ഭൂമി ഹൃദയം തുറന്നിട്ടതു പോലെ
ഞാനെന്റെ ഹൃദയത്തെ നിനക്കു സമർപ്പിക്കുന്നു..
വരിക.. ആവോളം പെയ്തിറങ്ങുക..
നീ പെയ്തു തുടങ്ങുമ്പോൾ
നേർത്തൊരു വസ്ത്രം പോലെ
ഞാനെന്റെ ശരീരത്തെ അഴിച്ചുകളയുന്നു..
നിന്റെ പ്രണയ നൂലുകൾ എനിക്കായി തുന്നുന്ന
വസ്ത്രത്തെ കുറിച്ചോർക്കുമ്പോൾ
ഞാനെന്റെ നഗ്നതയെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല..
നിനക്കു നനച്ചു പെയ്യാൻ ഞാനെന്നെ നിന്നിലേക്കിറക്കുന്നു..
നിന്റെ കരവലയത്തിലെന്നെ കരുതിക്കൊള്ളുക...
മുഴുമിക്കാതെയുപേക്ഷിച്ച കവിത പോൽ
എന്നിൽ ഞാനനുഭവിച്ചിരുന്ന
അപൂർണതയുടെ തേങ്ങൽ
അപ്പോഴെന്നെ പിന്തുടരുന്നില്ല..
നിനക്കരികിലെത്തുമ്പോൾ
എന്റെ നിസ്സാരതകൾ ഇല്ലാതെയാവുന്നു
നീയെന്നെ തൊടാതെ കടന്നു പോയേക്കുമെന്ന് ഭയന്ന്
ഞാനെത്ര രാത്രികളിൽ ഉറങ്ങാതിരുന്നു..
എന്നാൽ വന്മരങ്ങളാൽ ചുറ്റപ്പെട്ട്
ഉള്ളിലെ ഇരുട്ടിലെവിടെയോ തളർന്നു കിടന്ന
എന്റെ ചുണ്ടുകളെയാണ് നീയാദ്യം മുകർന്നത്
നനുത്ത തണുപ്പുള്ള നിന്റെ പ്രണയത്താൽ
ഇടർച്ചകളകറ്റി നീയെന്റെ ഹൃദയത്തെ നിന്റേതാക്കി മാറ്റി..
ഇനിയെന്റെ ഏകാന്തതയെകുറിച്ചോർത്ത്
ഞാൻ ഭയപ്പെടുകയില്ല..
തനിച്ചു താണ്ടേണ്ട പാതകളെക്കുറിച്ചോർത്ത്
നെടുവീർപ്പുകളിടില്ല..
നിന്റെ മഴയിലേക്കിറങ്ങി
നിറഞ്ഞു നനയുമ്പോൾ ഞാനറിയുന്നു
എന്റെ ഉള്ളിൽ നിന്ന് ഞാനൊഴുകില്ലാതെയാവുന്നത്..
ഇനി ഞാനില്ല.. നീ.. നീ മാത്രം..
എന്റെ ഹൃദയത്തിൽ.. ആത്മാവിൽ.. എല്ലായിടത്തും..
ഇനി നീ മാത്രം..
നിനക്കായി വാനം സ്വയം വിട്ടു തന്നതു പോലെ
ഞാനെന്നെ മുഴുവനായി നിനക്കു വിട്ടു തരുന്നു..
വരിക.. ആവോളം പെയ്തിറങ്ങുക..
പെയ്തു കൊണ്ടേയിരിക്കുക..
പെയ്തു പെയ്തൊടുവിൽ എന്നെയും ഒരു മഴയാക്കുക..
നിന്നിലേക്കു മാത്രം പെയ്യുന്ന പ്രണയ മഴ..


Tuesday 6 December 2016

………….പുണ്യാളനോട്………….


          ഒരുപാട് താഴ്ച്ചയുള്ളൊരു കുഴിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് മുകളിൽ വന്നപ്പോഴാണ് മനസിലായത്.. മുന്നിൽ നീണ്ടു കിടക്കുന്ന ജീവിത മൈതാനം ശൂന്യമാണ്.. താങ്ങായോ തണലായോ കൂട്ടിനാരും തന്നെയില്ല.. അപ്പോഴാണ് നിന്നെ കണ്ടെത്തിയത്..  സുഹൃത്ത് എന്ന വാക്കിനെ പഠിപ്പിച്ച, രക്തം പുരണ്ട മുറിവുകളെ ഓർമപ്പെടുത്താതെ സ്നേഹിക്കാമെന്ന് വിശ്വസിപ്പിച്ച  ‘നീയെന്ന കൂട്ടിനെ ദൈവം കൈക്കുമ്പിളിലേക്ക് പകർന്നിട്ടു തന്നത്..  ഒരുപാട് നോവുമ്പോൾ സ്വാന്തനിപ്പിക്കാൻ.. സ്വാതന്ത്ര്യത്തോടെ വഴക്കടിക്കാൻ.. ചീത്ത വിളിക്കാൻ.. നീയില്ലാതിരുന്നെങ്കിൽ തനിച്ചുള്ള യാത്രയിൽ ഞാനെന്നേ ഇടറി വീഴുമായിരുന്നു.. നന്ദി.. നിറഞ്ഞ് സ്നേഹം പകർന്നതിന്, വഴക്കു കൂടിയതിന്,   സ്വാതന്ത്ര്യത്തോടെ ചീത്ത വിളിച്ചതിന്.., എന്റെ ഇടത്തെ കവരാതെ എന്റെ ജീവിതത്തിലെ സുഹൃത്തായതിന്..,  നന്ദി..!!!

... 

നിന്റെ പാദത്തിൽ ഒരു മുള്ളു തറച്ചു കയറി-
അതിനാൽ, നീ ചിലപ്പോൾ രാത്രിയിൽ കരഞ്ഞു പോകുന്നു.
ഈ ലോകത്തിൽ,  ചിലർക്ക്,  അതെടുത്തു കളയാനാവും.
ഈശ്വരനാണ് അവർക്ക് ആ കഴിവ് കൊടുത്തത്.

-: സെയിന്റ് കാതറീൻ ബെനിൻകാസ


Sunday 4 December 2016



ഇനിയീ ജീവിതത്തിന്റെ ഉടുപ്പൂരിയെറിഞ്ഞ്
എനിക്ക് നിന്റെ പുതപ്പിനടിയിൽ
പ്രണയം തേടണം
ആർക്കും കവർന്നെടുക്കാനാവാത്ത വിധം
നിന്നെ എനിക്കെന്റെ വസ്ത്രമായണിയണം..
യാത്രപറഞ്ഞവസാന ശ്വാസകണികയും
പടിയിറങ്ങുമ്പോൾ
നനുത്ത തണുപ്പാർന്ന
നിന്റെ പ്രണയത്തിന്റെ ലഹരി
എനിക്കെന്റെ സിരകളിൽ നിറക്കണം..
രാത്രികളും പകലുകളുമറിയാതെ
ഋതുക്കളും കാലങ്ങളുമോർക്കാതെ
എന്റെ പ്രണയത്തെ
അവസാനമില്ലാത്ത എന്റെ പ്രണയത്തെ
നിന്റെ അധരങ്ങളിലേക്ക്
പുതുവീഞ്ഞെന്ന പോൽ
ഞാൻ പകർന്നു കൊണ്ടിരിക്കും..
വെളിച്ചവും ഇരുട്ടും എന്ന പോൽ
ഒന്നിനുള്ളിൽ മറ്റൊന്നായി
ഒരിക്കലും പിരിച്ചുമാറ്റാനാവാത്ത വണ്ണം
ഒന്നു ചേരാനായി
ഞാനീ ജീവിതത്തിന്റെ താഴ് വരയിൽ നിന്ന്
നീയെന്ന ഉന്നതിയിലേക്കുയരുകയായി..
നിന്റെ വിരൽത്തുമ്പെന്നെ
തെടുന്നതോർക്കുമ്പോൾ പോലും
എന്നിലെ പ്രണയം
ആത്മാവോളം നിറഞ്ഞു തുളുമ്പുന്നു..
കൈ നീട്ടുക..
നിന്നിലേക്കു ഞാനിതാ എന്നെയർപ്പിക്കുന്നു..!!


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ
ഒടുവിലായകത്തേക്കെടുക്കും ശ്വാസ
കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ

ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ
അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ

അധരമാം ചുംബനത്തിന്റെ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ
അതുമതീ ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ

ഉം....ഉം....

Friday 2 December 2016


തനിച്ചാകുന്ന സന്ധ്യകളിലെല്ലാം
മരണം എന്റെ ഏറ്റമടുത്ത സുഹൃത്താണെന്ന്
ഞാൻ സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുമായിരുന്നു..
പിന്നീട് ആൾക്കൂട്ടത്തിനിടക്കു പോലും
എനിക്കുമാത്രമായി തനിച്ചു കിട്ടുന്ന നിമിഷങ്ങളുടെ
ചെറിയ നിശ്വാസത്തിന്റെ ഇടവേളകളിലും
ഞാനത് ആവർത്തിച്ചു കൊണ്ടേ ഇരുന്നു..
എന്നിട്ടും മതിയാകാതെ
മറ്റു ജോലികളിൽ മുഴുകുമ്പോൾ പോലും
ഒരു ജപം പോലെ ഞാനെന്റെ മനസിനെ
അതു തന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു..
തികച്ചും ആത്മാർത്ഥതയോടെ തന്നെയാണ്
ഞാനത് ചെയ്തിരുന്നത്..
ഉദാസീനതയുടെ ചെറിയ നിഴൽ പോലും
ആ സത്യത്തിനു മേൽ വീഴാൻ ഞാനനുവദിച്ചിരുന്നില്ല..
കാരണം 
പറിച്ചെറിയപ്പെട്ടവളുടെ നൊമ്പരത്തിലോ
ഉപേക്ഷിക്കപ്പെട്ടവളുടെ വേദനയാലോ ഒന്നുമായിരുന്നില്ല
ഞാനങ്ങനെ ഏറ്റു പറഞ്ഞു കൊണ്ടിരുന്നത്..
അതു കൊണ്ട് തന്നെ
എനിക്കെന്നോട് കള്ളം പറയേണ്ട കാര്യവുമില്ലായിരുന്നു..
മാത്രമല്ല
മരണം എന്റെ സുഹൃത്താണെന്ന് എന്നെത്തന്നെ
ബോധ്യപ്പെടുത്തേണ്ട കടമ
ഞാൻ സ്വയം എന്നിൽ വലിച്ചു കയറ്റിയ ഒന്നായിരുന്നില്ല..
എന്നിട്ടും
എനിക്കത് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല..
എന്റെ ചില സുഹൃത്തുക്കൾ
വരണ്ടു വിളറിയ വൈകുന്നേരങ്ങളിൽ
എന്നെ സന്ദർശിച്ചിരുന്നു..
എനിക്കേറെ പ്രിയപ്പെട്ട
ചുവന്ന പനിനീർപ്പൂക്കൾക്ക് പകരം
വെളുത്ത നിറമുള്ളതും 
എന്നാൽ പെട്ടെന്ന് ആകർഷിക്കുന്നതുമായ
ഒരു പിടി ഓർക്കിഡ് പൂവുകളാണ്
അവരെനിക്ക് സമ്മാനിക്കാറുള്ളത്..
മരണത്തിന്ന്
ഓർക്കിഡുകളുടെ നൈർമല്യമാണെന്ന്
ഞാൻ മനസിലാക്കുന്നത് അങ്ങനെയായിരുന്നു..
വെളുപ്പു നിറം എനിക്കിഷ്ടമല്ലാതിരുന്നിട്ടും
ആ ഓർക്കിഡ് പൂവുകളെ അവർ പോയ ശേഷവും
ഞാനെന്നിലേക്ക് ചേർത്തു പിടിക്കാൻ
ശ്രദ്ധിക്കുമായിരുന്നു..
കാരണം അത്
എന്റെ ഏറ്റമടുത്ത സുഹൃത്തിനു പ്രിയങ്കരമായതിനാൽ
ഞാനും അതിനെ സ്നേഹിക്കേണ്ടതുണ്ടെന്ന്
ഞാൻ മനസിലാക്കിയിരുന്നു..
ഒടുവിൽ ഞാൻ ആ ഓർക്കിഡ് പൂവുകളോടൊപ്പം
അവനെ സ്നേഹിക്കാൻ തുടങ്ങുകയും
അവൻ മാത്രമാണെന്റെ സുഹൃത്തെന്ന്
മനസിലാക്കുകയും ചെയ്തു..
എന്നാൽ എന്നെ സ്നേഹിക്കുക മാത്രം ചെയ്ത
ആ സൗഹൃദത്തിനു വേണ്ടി
എന്തെങ്കിലും ചെയ്യണമെന്ന് കരുതുകയും ..
അപ്രകാരം അവൻ എന്നെ പുണരാനായും മുന്നേ 
ഞാനവന്റെ മാറിലേക്ക് തലചായ്ക്കുകയും ചെയ്തു..
മാസങ്ങളോളം എന്റെ ഹൃദയത്തിലൊന്നുമ്മ വെക്കാൻ
എന്റെ പിന്നാലെ നോവായ് കൂടെ നടന്ന, 
അവനെ അംഗീകരിക്കാനായി  എനിക്ക്
ഒന്നും ചെയ്യാനില്ലാത്ത പകലുകളും രാത്രികളും സമ്മാനിച്ച
മാസങ്ങളോളം എന്നെ കാത്തിരുന്ന അവന്
ഞാൻ മറ്റെന്ത് പകരം നല്കാനാണ്..
..
ഞാനൊരു ഭീരുവാണെന്നും
ഒരിത്തിരി വേദന കൂടി സഹിക്കാനുള്ള
ധൈര്യമില്ലാത്തവളാണെന്നും
റേഡിയേഷനും കീമോയും കൂടി
എന്നേ കവർന്നെടുത്തു കഴിഞ്ഞ
എന്നിലെ എന്നെ കുറിച്ചുള്ള ആത്മവിശ്വാസമില്ലായ്മ
എന്നെ ശ്വാസം മുട്ടിച്ചതിനാലാണെന്നും പറഞ്ഞ് 
നിങ്ങളെന്റെ ഇല്ലായ്മയിൽ 
ദു:ഖം വരുത്തി തീർത്തേക്കാം..
എന്നാൽ
മാസങ്ങളോളം എന്റെ പിന്നാലെ നടന്നിട്ടാണ്
ഞാനവനെ സ്വീകരിച്ചതെന്ന്
നിങ്ങളൊരിക്കലും മനസിലാക്കുകയില്ല..
ഒടുവിൽ 
നിങ്ങളെനിക്കായി സമ്മാനിക്കാറുണ്ടായിരുന്ന
വെളുത്ത ഓർക്കിഡ് പൂവുകളെ
എന്റെ ഹൃദയത്തിനു മുന്നിൽ വെച്ച് നിങ്ങൾ മടങ്ങിപ്പോവും..
ആളും ആരവവും ഒടുങ്ങിയ ശേഷം
ഞാനെന്റെ സുഹൃത്തിനൊപ്പം
എനിക്കു നഷ്ടപ്പെട്ട രാത്രികളെയെല്ലാം ഉറങ്ങിത്തീർക്കും..
നിങ്ങളെന്നെ മറക്കുന്നതു പോലെ
ഒടുക്കം ഞാനുമെന്നെ മറക്കും..
വെളുത്ത നിറമുള്ള ഓർക്കിഡ് പൂവുകളെയോ
ചുവന്ന നിറമുള്ള വൈകുന്നേരങ്ങളെയോ
ഞാനെഴുതിത്തീർക്കാതെ വിട്ട കവിതകളെയോ
പിന്നീട് ഞാൻ ഓർക്കുകയില്ല.. ആരും എന്നെ ഓർമിപ്പിക്കുകയുമില്ല..!!
നിറഞ്ഞ മിഴി പറഞ്ഞു
ഇനി കരയരുതെന്ന്;
നോവുന്ന മനസ് മന്ത്രിച്ചു
ഇനിയും വേദനിക്കല്ലേ എന്ന്;
നടന്നു പൂർത്തീകരിച്ച പാത പറഞ്ഞു
ഇനി പിൻ തിരിഞ്ഞ് നടക്കരുതെന്ന്;
ഇലത്തുമ്പിലെ മഴത്തുള്ളി മന്ത്രിച്ചു
അവളെപ്പോലെ പാതിയിൽ പൊഴിയരുതെന്ന്
എന്നിട്ടും
കാലം വീണ്ടും എന്നെ കരയിച്ചു
മനസു വീണ്ടും നോവറിഞ്ഞു
പിന്നെ പിന്നെ ഞാനറിഞ്ഞു
പുഞ്ചിരിയെന്നത് വലിയൊരു കള്ളം മാത്രമെന്ന്..
പാതിയിൽ കൊഴിഞ്ഞകലുന്ന
മഴത്തുള്ളി ഭാഗ്യവതിയാണെന്ന്..
പിന്നെ ഞാനും പൊഴിഞ്ഞു..
അവളെപ്പോലെ.., നിശബ്ദമായ്..
ഒരില കൊഴിയുന്നതിനേക്കാൾ
മൃദുവായി ഞാനെന്റെ ജീവനെ ഇറ്റിച്ചു കളഞ്ഞു..
കാലമെന്ന കള്ളത്തിലേക്ക്
മറ്റൊരു വലിയ കള്ളമായി ഞാനും..
ആരുമറിയാതെ ചെന്നൊളിച്ചു..

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...