Sunday 25 September 2016

ആകാശങ്ങൾക്കപ്പുറത്തു നിന്ന്
ഒരായിരം കവിതകളായി
എന്നിൽ പെയ്തിറങ്ങിയ
എന്റെ മഴയാണു നീ..
നിനക്കു പെയ്യുവാനായി മാത്രം
ഞാനെന്റെ ചില്ലകളെ താഴ്ത്തി..
നിനക്കുമ്മ വെക്കാനായി
ഞാനെന്റെ മിഴികളെ കൂമ്പി..
നിറഞ്ഞു പെയ്ത നിന്നെ വഹിക്കാൻ
ഞാനെന്റെ ഹൃദയത്തെ
കടലോളം വിശാലമാക്കി..
നിന്നിൽ നനഞ്ഞ്
നിന്നെ അറിയുവാൻ
നിന്നിലേക്കൊരു
സ്നേഹ മഴയായ് പെയ്യുവാൻ
ഞാനെന്റെ ആകാശത്തെ
ഒരുക്കിയപ്പോഴെക്കും
എന്റെ വിരൽത്തുമ്പിൽ നിന്ന്
കാത്തിരിക്കണമെന്നു പോലും
പറയാൻ മറന്ന്
നിന്നിലേക്കു മാത്രമായ് നീ
പെയ്തകന്നു..
നീ നനച്ച എന്റെ കവിളുകളിൽ
നീ തന്നെ സമ്മാനിച്ച വിരഹം
പെയ്തിറങ്ങി..
നിന്റെ സ്നേഹക്കുളിരിനെപ്പോലും
ഇല്ലാതാക്കിക്കളയുന്ന
നൊമ്പരത്തിന്റെ ചൂട് ഞാനറിഞ്ഞു..
ഏതേത് ആകാശങ്ങളിലാണിനി
നിന്നെ തേടേണ്ടതെന്നറിയാതെ
നീ സ്നേഹം നനച്ചുപേക്ഷിച്ചയീ
പൂമരമിവിടെ..
തനിച്ച്....
## പെട്ടെന്ന് പെയ്തകന്നയെന്റെ സ്നേഹ മഴയ്ക്ക്..
നിന്നിലേക്കൊരു വിരൽത്തുമ്പ് നീട്ടും മുൻപേ
പറയാതെ പെയ്തകന്നതെങ്ങോട്ടാണു നീ...
അക്ഷരങ്ങളിലൂടെ മാത്രം നിന്നെ അറിഞ്ഞൊരുവൾ
ആകാശങ്ങൾക്കപ്പുറമിരുന്ന് നിന്നെ സ്നേഹിക്കുന്നുണ്ട്..
പൂർത്തിയാക്കാതെ നീയെഴുതി നിർത്തിയ
കവിത പോലൊരുവൾ...
വരികളിൽ നിന്ന് വാക്കുകളിലേക്കും
വാക്കുകളിൽ നിന്ന് അക്ഷരങ്ങളിലേക്കും
നിന്നിലൂടെ വളർന്നവൾ..
സൗഹൃദത്തിനും പ്രണയത്തിനുമിടയിൽ
നിർവചിക്കാനാവാതെ കിടക്കുന്ന
സ്നേഹമെന്ന വാക്കിന്
‘നീ’യെന്നുമാത്രം അർത്ഥം കല്പിക്കുന്നവൾ..
പ്രണയത്തോളം തളിർക്കാതെയും
സൗഹൃദത്തോളം വളരാതെയും
നീയെന്ന തുരുത്തിനു ചുറ്റും
സ്നേഹമായി പടരുന്നവൾ..
അക്ഷരങ്ങളിലൂടെ മാത്രം നിന്നെ അറിഞ്ഞൊരുവൾ
ആകാശങ്ങൾക്കപ്പുറമിരുന്ന് നിന്നെ സ്നേഹിക്കുന്നുണ്ട്..
അവളിലേക്കെത്താൻ പകലുകളെ
വിളിച്ചു വരുത്തിയവനെ
നിനക്കുള്ളിലെവിടെയോ നീ മറന്നു
കളഞ്ഞൊരു കവിതയുടെ വരിയിൽ
അവളുണ്ടെന്ന് നീയറിയാത്തതെന്ത്...
അവൾ നനയുവതേത്
വർണങ്ങളാണെന്നറിയാത്തവനെ
നിനക്കുള്ളിൽ നീ പാതി
വരച്ചുപേക്ഷിച്ച ചിത്രത്തിൽ
അവളെ കാണാൻ കഴിയാത്തതെന്ത്..
നിന്റെ നോവാകാശങ്ങൾക്കപ്പുറത്തെയാ
നല്ല സ്വപ്നങ്ങളിലേക്ക് നിന്നെ ക്ഷണിക്കുമ്പോൾ
അവളിലേക്കൊന്ന് കൈ നീട്ടാൻ
നീ മടിക്കുന്നതെന്ത്...
ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ
മടിച്ചു നില്ക്കുന്നവനെ
നീയറിയുക..
അക്ഷരങ്ങളിലൂടെ മാത്രം നിന്നെ അറിഞ്ഞൊരുവൾ
ആകാശങ്ങൾക്കപ്പുറമിരുന്ന് നിന്നെ സ്നേഹിക്കുന്നുണ്ട്..

Friday 23 September 2016

"ഉപാധികളില്ലാതെ സ്നേഹിക്കപ്പെടാൻ 
എല്ലാവരും ആഗ്രഹിക്കുന്നു..
എന്നിട്ടും 
ഉപാധികളില്ലാതെ സ്നേഹിക്കുവാൻ 
ആരും തയ്യാറാവുന്നുമില്ല.."
എങ്കിലുമെൻ സഖീ
*****************************
കത്തിച്ചു വെച്ചയീ നിലവിളക്കും
ചന്ദനത്തിരികളും പുതിയ പുടവയും
താലിമാലയും സിന്ദൂരച്ചുവപ്പുമില്ലാതെ
എന്താണു പെണ്ണേ നീയീ ഉമ്മറത്തിങ്ങനെ..
നോക്കൂ.. അഥിതികളെത്ര പേരാണിന്നു വീട്ടിൽ
എന്നിട്ടും നീയെന്തേ മിണ്ടാതറിയില്ലെന്ന വണ്ണം..
ഒന്നുണരൂ.. എഴുന്നേറ്റു വേഷം മാറൂ..
എത്ര നേരമാണീ തണുത്ത തറയിലിങ്ങനെ..
ഇന്നലെക്കൂടി പറഞ്ഞതല്ലേ നീ
തണുപ്പടിക്കുക വയ്യ മേലുവേദനിക്കുന്നുവെന്ന്
എന്തിനാണു സഖീ.. എന്നോടെന്തിനീ വാശി..
നോക്കൂ.. നമ്മുടെ കുഞ്ഞു കരയുന്നു..
ഒന്നവനെയെടുക്കൂ.. മാറിലണച്ചൊന്നു താരാട്ടു പാടൂ..
വായാടിയായ എന്റെ പെണ്ണേ
എന്താണു നീയിന്നുത്തരമേകാത്തത്
നീയെന്നോടിങ്ങനെ മൗനം വരിച്ചാൽ
സ്വയമുരുകി ഇല്ലാതാവുകയില്ലയോ ഞാൻ
പിന്നെയുമെന്തിനാണീ വാശി..
സഖീ.. ഒന്നുണരൂ...
നിറങ്ങളെയേറെ സ്നേഹിച്ചിരുന്ന നീയെ-
ന്തിനാണിന്നീ വെളുത്ത തുണിക്കുള്ളിൽ
സ്വയം മറഞ്ഞിരിക്കുന്നത്..
ഇനിയുമെന്തിനാണു വാശി പ്രിയേ..
എന്നെ നോക്കിയൊന്നു ചിരിച്ചു കൂടെ നിനക്ക്..
പതിവു പോലെ പുറകിലൂടെ വന്നീ-
കവിളിലൊരു നനുത്ത മുത്തമേകരുതോ..
എന്നാളുമെൻ കൂടെയുണ്ടാകുമെന്ന-
ന്നാ പവിത്രാഗ്നിക്കു മുന്നിൽ സത്യമേകിയില്ലേ നീ
എന്നിട്ടെന്നെയേകനാക്കി
തവ പുത്രനേയും തനിച്ചാക്കിയിട്ടു
പോയതെന്തു നീ..
നല്കിടാം ഞാനമ്മയായ് നിൻ സ്നേഹമീ കുഞ്ഞിനായ്..
എന്നാലുമെൻ സഖീ
സങ്കടത്തിലൊന്നു തലവെച്ചു കരയാനിനി
ആരുടെ മടിത്തട്ടു തേടേണ്ടു ഞാൻ..
ഏകനായ് എന്നെയീ ലോകത്തൊരനാഥനാക്കി
പോയിടുവതിതെങ്ങാണു നീ..
കാത്തിരിക്കാം ഞാനിനിയെന്നാളും
എന്നെങ്കിലുമൊരു നാൾ നീ പരിഭവ-
മതു മറന്നെന്നിൽ തിരികെ വരില്ലയോ...!!!
തൂലികത്തുമ്പിൽ മരണത്തെ വഹിക്കുന്നവനെ
നിന്റെ ഹൃദയത്തോളമെത്തിയിട്ടും നീയെന്നെ
പുറത്തു നിർത്തിയതെന്ത്..
നിനക്കു ചുറ്റും നീ തീർത്ത മതില്ക്കെട്ടിനുള്ളിൽ
പുറത്തു കടക്കാൻ വെമ്പുന്നൊരു മനസുണ്ട്
നീ മായ്ച്ചു കളഞ്ഞ വരികളിൽ
എഴുതാൻ മറന്ന കവിതകളിൽ
എനിക്കത് വായിക്കാനാവുന്നു..
നീ പോലുമറിയാതെ..
എന്റെ അക്ഷരങ്ങൾക്കു മുന്നിലല്ല..,
സ്വപ്നങ്ങളിലേക്കു തുറന്നിടാൻ നീ മടിക്കുന്ന
നിന്റെ ഹൃദയത്തിനു മുന്നിലാണ്
നീ തോറ്റു പോവുന്നത്..
നിറങ്ങളുടെ മഴ പെയ്ത്തിൽ
സ്വ നിറമേതന്നറിയാതെ നനഞ്ഞു നിന്നവനെ
പെയ്തിറങ്ങുന്ന നിറങ്ങളെല്ലാം നിന്റേത്
നിറഞ്ഞൊഴുകിയ കണ്ണീർപ്പുഴയിൽ
തനിച്ചിറങ്ങിയവനേ
ഒടുങ്ങാതൊഴുകിയ നൊമ്പരപ്പുഴയിലെ
ഓരോ മുത്തും നിന്റേത്
നിന്റെ സ്വപ്നങ്ങൾക്കു നീ നിറം പകരുക..
മുത്തുകൾ കൊണ്ട് ജീവിതത്തെ ഒരുക്കുക..
ഇന്നലെയെ ഇന്നലെയിലുപേക്ഷിച്ച്
ഇന്നിലേക്ക് നീയെന്നോടൊപ്പം വരിക..
ജയിക്കാൻ വേണ്ടിയല്ലാതെ
തോറ്റു പോവാതിരിക്കാൻ മാത്രമായി
സൗഹൃദത്തിന്റെ നീല നിറത്തിലൂടെ
നിന്റെ ആകാശം കാണുക..
തളരാതിരിക്കാൻ ഈ കൈ മുറുകെ പിടിച്ച്
കരുണയോടെ ജീവിതത്തെ ഒന്നുകൂടി നോക്കുക..
തൂലികത്തുമ്പിൽ മരണത്തെ വഹിക്കുന്നവനെ
നോവോർമകളെ ഇനിയുമോർക്കാതെ
നിനക്കീ ജീവിതത്തെ ഒന്നു പ്രണയിച്ചു കൂടെ..


## കടലോളം ചെന്നിട്ടും
ആഴത്തിലേക്കുള്ള വഴി മറന്നയാ പുഴ പോലെ
നിന്നോളമെത്തിയിട്ടും നിന്നിലേക്കെത്താതെ ഞാൻ...

Tuesday 20 September 2016

"നീ തൊട്ടുണർത്താൻ 
മറന്നതിനാൽ
വിത്തിനുള്ളിൽ വീർപ്പുമുട്ടുന്നു
എന്റെ മാതൃത്വമെന്ന്
മരം മഴയോട്.."
"നീ പെയ്തിറങ്ങുന്നതും കാത്ത്
വ്യസന മരുവിൽ 
ഞാനെന്ന ഒറ്റമരം..."


## നീയെവിടെയാണ്..?? എന്റെ ആകാശം നോവു ചൂടേറ്റ് വിളർത്തിരിക്കുന്നു...!!!.
"അടി വീഴുന്നത് എന്റെ തുടയിലെന്നാലും
ചുവന്നു വീങ്ങിയിരുന്നതെന്നും 
അമ്മയുടെ കണ്ണുകളായിരുന്നു.."..
"മഴ മേഘത്തുടിപ്പില്ലാതെ
വിളർത്ത മാനം നോക്കി
വരണ്ടു കിടക്കുന്നിതാ
പുഴപ്പെണ്ണ് താഴെ..."
തനിച്ചിരിക്കുമ്പോൾ 
നീ കേൾക്കാറുണ്ടോ..
ഉള്ളിന്റെ ഉള്ളിലൊരു 
തേങ്ങലുറഞ്ഞു കൂടുന്നത്..

ഒന്നൂടൊന്ന് കാതോർത്ത് നോക്കൂ..
ഇത്തിരി ഉറക്കെ
ഒരു കരച്ചിൽ കേൾക്കാം..


എവിടെ നിന്നാണത്
തുളുമ്പുന്നതെന്നോർത്ത്
നീ പരിഭ്രമിച്ചേക്കാം..


പിന്നെ നിന്റെ തന്നെ
ഹൃദത്തിൽ നിന്നാണത്
എന്നറിയുമ്പോൾ അമ്പരന്നേക്കാം..


ഒരു പക്ഷേ
ഒറ്റക്കായതിനാലാണ്
അത് കരയുന്നതെന്നോർത്ത്
വിഷമിച്ചേക്കാം..


ആ വിഷമത്തിലേക്ക്
നൂണ്ടു കയറവെ
പിറന്നയന്നു മുതൽ ഇന്നോളം
ഹൃദയത്തിനേറ്റ
മുറിവുകളെയെല്ലാം
നീ മറക്കും..


നിന്റെ ഉള്ളിൽ
ഒറ്റക്കാവുക
എന്ന നോവ് മാത്രമാവും..


കാലം വീണ്ടുമൊഴുകും
നിന്റെ ഏകാന്തതകൾ
വാചാലങ്ങളാകും

ഹൃദയത്തിന്റെ കരച്ചിലിനെ
നീ മറക്കും..


പക്ഷേ അപ്പോഴും
ഹൃദയം കരയുന്നുണ്ടാവും
നിനക്ക് കേൾക്കാനാവുന്നതിലും
ഉറക്കെ..


എങ്കിലും നീയറിയില്ല..
ഹൃദയത്തിനേറ്റ
തുരുമുറിവുകളെയെല്ലാം
നീ മറന്നുവല്ലോ..
എങ്ങനെ കൂട്ടിയിട്ടും കുറച്ചിട്ടും
കണക്കു ശരിയാവാതെ
പാതിവഴിക്കുപേക്ഷിച്ചൊരു
താളുണ്ടാവണം
ദൈവത്തിന്റെ 
പ്രണയ പുസ്തകത്തിൽ
‘നമ്മൾ’ എന്നെഴുതി
വെട്ടിയതിന്റെ അടിയിൽ
‘ഞാനെ’ന്നും ‘നീ’യെന്നും
പല തവണ
മാറ്റിയെഴുതിയിരിക്കാം
അന്നദ്ദേഹം..
എന്നിട്ടും
‘നമ്മളി’ലേക്ക് തന്നെ
കുതിക്കാൻ ശ്രമിക്കുന്ന
‘എന്നെ’യും ‘നിന്നെ’യും
വെട്ടിയും തിരുത്തിയും
മായ്ച്ചും മറിച്ചും
വീണ്ടും വീണ്ടും
മാറ്റിയെഴുതിക്കെണ്ടേ
ഇരുന്നിരിക്കാം..
ഒടുക്കം
‘ഞാനും’ നീയും’തമ്മിൽ
കുരുങ്ങിക്കുഴഞ്ഞ്
അഴിക്കാനോ മുറുക്കാനോ
കഴിയാതെ വണ്ണം
ചിലമ്പിപ്പോയപ്പോഴല്ലേ
‘വിധി’
എന്ന രണ്ടക്ഷരത്തെ
നമുക്കിടയിലേക്ക് തള്ളിയിട്ട്
പിച്ച വെക്കാൻ തുടങ്ങിയ
പ്രണയത്തെ
നിശബ്ദമായി
കൊന്നുകളഞ്ഞതിന്റെ
പാപക്കറ
ദൈവം തന്റെ കൈകളിൽ നിന്ന്
കഴുകിക്കളഞ്ഞത്..
‘വിധി’യെന്ന
രണ്ടക്ഷരത്തിനു മുകളിൽ
വെട്ടിയിട്ടും തിരുത്തിയിട്ടും
മാറ്റിയെഴുതിയിട്ടും
'നമ്മളി'ലേക്ക് തുളുമ്പിയിരുന്ന
നമ്മുടെ പ്രണയം
ഇന്ന്
ശ്വാസം മുട്ടിക്കിടക്കുകയാണ്..
പിന്നീടൊരിക്കലും
തുറന്നു നോക്കാഞ്ഞതിനാൽ
ദൈവമാ താളിനെ ഇന്ന്
മറന്നു പോയിരിക്കാം..
എന്നിരിക്കിലും
എന്നെങ്കിലുമൊരിക്കൽ
പൂർത്തിയായേക്കുമൊന്നൊരു
പ്രതീക്ഷയിൽ
അവിടെ കാത്തിരിപ്പുണ്ട്
‘നമ്മളാ’കാൻ കഴിയാതെ പോയ
‘ഞാനും’ 'നീയും'

Tuesday 13 September 2016

ഏകാന്തതയുടെ കടലിനെ 
എന്റെ മൗനത്തിന്റെ കടലാഴത്തിൽ 
മറച്ചു വെച്ചിട്ടുണ്ട് ഞാൻ..
തനിച്ചാകുന്ന സന്ധ്യകളിൽ 
കണ്ണീർ മഴയുടെ 
കയ്ക്കുന്ന ഉപ്പുരസം നുണഞ്ഞ്
നഷ്ടപ്പെട്ടതെന്തോ തിരഞ്ഞ്
ഞാനാ കടലാഴത്തിലേക്കൂളിയിടാറുണ്ട്..
കരയിലേക്കൊരു
തിരിച്ചു വരവെന്ന സ്വപ്നത്തെ
കരയിൽ തന്നെ ഉപേക്ഷിച്ച്..!!
നനഞ്ഞ കവിളുകളും
വിതുമ്പുന്ന ചുണ്ടുകളുമായി
കനത്ത മൂകതയിൽ തനിച്ചിരിക്കുമ്പോൾ
ഉള്ളിലെവിടെയോ ഒരു കടലിരമ്പുന്നു..
ഒരു നേർത്ത വിതുമ്പലിന്റെ കൈ പിടിച്ച്
കണ്ണീർ മഴയിലൂടലിഞ്ഞ്
പതിയെ ഞാനുമൊരു കടലാകും..
ഏകാന്തത കനക്കുന്ന നിശകളിൽ
നോവുന്ന തീരങ്ങളിലേക്ക് ചിതറി ചിതറി
ഒടുവിൽ ഞാനുമില്ലാതെയാവും..
നേർത്തൊരു നോവിരമ്പൽ പോലും
ബാക്കി വെച്ചിടാതെ...

Sunday 11 September 2016

"വിതുമ്പി പെയ്യുന്ന തൂമഴയെ 
വിരി മാറിലൊളിപ്പിക്കുന്നു പുഴ.."

.............................................പ്രണയം????!!!!!!!

Friday 2 September 2016

എന്റെ പകലുകൾ ഇരുണ്ടും
ഏകാന്തതയുടെ തണുപ്പിനാൽ
മരവിച്ചും നില കൊണ്ടു
വിവേചിച്ചറിയാനാവാത്തൊരു നിലവിളി
കാറ്റിന്റെ ഹൃദയത്തിൽ കുരുങ്ങിക്കിടന്നു
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കെന്ന വണ്ണം
എന്റെ ദിനരാത്രങ്ങൾ ഇഴഞ്ഞു നീങ്ങുന്നു
ഇന്നലെ പെയ്ത മഴയുടെ
അവസാന തുള്ളിപോലെ എന്റെ ആത്മാവ്
ഹൃദയത്തിന്റെ കോണിൽ
തൂങ്ങിക്കിടക്കുകയാണ്
വെളിച്ചത്തിന്റെ കാറ്റു വീശുന്ന
ദിശ തിരഞ്ഞ്...
മരണത്തിന്റെ മാറിലേക്ക് മുഖമമർത്താനായവേ
ഹൃദയത്തിന്റെ കടലാഴത്തിലൊരു
ചോദ്യം തുളുമ്പി
അക്ഷരങ്ങളിൽ ദു:ഖത്തിന്റെ വൈധവ്യം പേറി
എന്റെ സ്വപ്നങ്ങളെ ഞാനെന്തിനെറിഞ്ഞുടച്ചു..??!!
ആർക്കുവേണ്ടി..??!!
ഇനിയും അവഗണനയുടെ
കുരിശു മരണമേറ്റു വാങ്ങുന്നത്
മാറ്റി നിർത്തപ്പെടലിന്റെ
ചാട്ടയേറ്റ് പുളയുന്നത്
ആർക്കുവേണ്ടി..??!!
ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ
ഹൃദയത്തിന്റെ കണ്ണാടിയിൽ തട്ടിത്തെറിച്ച്
മനസാക്ഷിയുടെ കാല്ക്കൽ വീണു ചിതറി
പെറുക്കികൂട്ടാനാവാത്ത
എന്റെ സന്തോഷങ്ങളെ പോലെ..
സ്നേഹത്തിന്റെ അക്ഷയപാത്രം
എനിക്കുമുന്നിലെത്തുമ്പോൾ മാത്രം
തട്ടിച്ചിതറുന്നതിന്റെ പൊരുളറിയിക്കാൻ
ഏത് കടൽക്കരയിൽ വെച്ചാണ്
*ഉത്നാപിഷ്ടിമിനെ ഞാൻ കണ്ടുമുട്ടുക
താങ്ങാനാവാത്ത കുരിശുമായി
ജീവിതമെന്ന നോവുമല കയറുമ്പോൾ
ഞാനവനെ തിരയുകയാണ്..
അലറിക്കൂവുന്ന ആൾക്കൂട്ടത്തിനിടയ്ക്ക്
അവനുണ്ടെന്ന് ഞാനറിയുന്നു...
*പാതിദൂരമെന്റെ കുരിശു ചുമക്കാൻ
വയലിൽ നിന്ന് അവൻ കയറി വരുമെന്ന്
ഞാൻ വിശ്വസിക്കുന്നു..!!!!






##
*ലോകത്തില്‍ ലഭ്യമായ ഏറ്റവും പുരാതന ഗ്രന്ഥങ്ങളില്‍ ഒന്നായ ഗില്ഗമേഷ് പുരാണത്തിൽ നിന്ന്.
*ബൈബിളിൽ സൂചിപ്പിക്കുന്ന കുറേനക്കാരനായ ശിമോൻ, ക്രിസ്തുവിന്റെ കുരിശു ചുമന്നവൻ.

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...