Tuesday 16 February 2016

മീര

പ്രണയം ഭക്തിയാണെന്ന് 
ജീവിതം കൊണ്ട് തെളിയിച്ചവൾ..
ആ പ്രണയത്തിൽ ജീവിതത്തെ 
ജീവിതമാക്കിത്തീർത്തവൾ..
പരാതികളില്ലാതെ..
ആവശ്യങ്ങളില്ലാതെ..
അപേക്ഷകളില്ലാതെ.
ഭക്തിപൂർവ്വം പ്രണയിക്കാം
എന്നെന്നെ പഠിപ്പിച്ചവൾ..
മീര..
പ്രണയത്തിന്റെ.. ഭക്തിയുടെ..
നിശബ്ദ  രക്തസാക്ഷി..


Sunday 14 February 2016

 
കടം കൊണ്ട സ്നേഹവും കടമെടുത്ത വാക്കുകളും  തിരിച്ചു നൽകി
ഇനി നമുക്ക് പരസ്പരം യാത്ര ചൊല്ലാം..
എനിക്ക് നീയും നിനക്ക് ഞാനും ഇനി
വഴിയരികിലെ അപരിചിത മുഖങ്ങൾ മാത്രമാവാം..
കടന്നു പോകുമ്പോൾ പരസ്പരം മിഴിയുടക്കാത്ത..
ഒരു ചിരിയുടെ പോലും കടം പേറാത്ത വെറും അപരിചിതർ..
നിനക്കായി രചിച്ച കവിത
ഇനി ഞാനെൻ കണ്ണീർ നനവിനാൽ മായ്ച്ചു കളയട്ടെ..
മഷിയിറ്റിയ തൂലിക ഓർമ്മകളുടെ ഭാണ്ഡാരത്തിൽ ഒളിച്ചു വെക്കട്ടെ..
എന്നിലേക്കൊഴുകുന്ന സ്നേഹത്തെ
വെറുപ്പിന്റെ കയറിനാൽ നീ നിനക്കുള്ളിൽ തടവിലാക്കുക..
തടവറ ഭേദിച്ചത് ഒരിക്കലും പുറത്തു വരാതിരിക്കട്ടെ..
 കവിളു നനയ്ക്കുന്ന കണ്ണീരു തുടച്ചു കളയുക..
മരിച്ചവൾക്കു വേണ്ടിയിനി കരയാതിരിക്കുക..
മനസ്സിന്റെ മണൽത്തിട്ടയിൽ നീയെനിക്കും നിന്റെ പ്രണയത്തിനും
ഇനി മോക്ഷ ബലിയിടുക..
മറവിയുടെ ഗംഗയിൽ മുങ്ങി നിവരുക..
നോവോർമ്മകളിലേക്ക് തിരിഞ്ഞു നോക്കാതെ
പുതിയ ജീവിതത്തിലേക്ക് നടന്നു കയറുക..
അവിടെ നിന്നെ വേദനിപ്പിക്കാത്തൊരു ഹൃദയം കാത്തിരിക്കുന്നുണ്ട്..
മുറിവേറ്റ ഹൃദയത്തെ ആ സ്നേഹത്താൽ ഭേദമാക്കുക..
ജീവിതത്തിലേക്ക് തിരിച്ചു പോവുക..
ഞാൻ മരിച്ചവളാണ്..
നിന്നെ നോവിക്കാൻ വേണ്ടി മാത്രം പിറന്നൊരു ദു:സ്വപ്നം..
ഉറക്കത്തിൽ നിന്നു നീയുണരുക.. അപ്പോഴെക്കും ഞാൻ മാഞ്ഞു പോയിക്കഴിഞ്ഞിരിക്കും..
ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് ജീവിതം..
അവിടെ നിന്നെ നോവിക്കാൻ ഞാനില്ല..
വേദന കുറിച്ച താളുകൾ വലിച്ചെറിയുക..
പുതിയ ജീവിതത്തിന്റെ.. പുതിയ സന്തോഷങ്ങളുടെ
നല്ല താളുകൾ മാത്രമിനി എഴുതുക..
നക്ഷത്രങ്ങളുടെ നാട്ടിലിരുന്ന് ഞാൻ നിനക്കായ് ആശംസയേകുന്നു..

പ്രിയ കൂട്ടുകാരീ..., ഇതു നിനക്കായ്..

എന്റെ ചുണ്ടുകളിൽ നിന്ന് ചിരി മാഞ്ഞു തുടങ്ങുമ്പോൾ..,
മിഴികളിൽ സ്വപ്നങ്ങളുടെ തിരി അണച്ച് കണ്ണുനീർ നിറഞ്ഞു തുളുമ്പുമ്പോൾ..
ഞാൻ നിന്നെ ഓർത്തു പോകുന്നു..
ഒരു ഫോൺ വിളിയുടെ ദൂരത്തിനപ്പുറം നീയുണ്ടെന്നറിഞ്ഞിട്ടും
ഒരുപാട് അകലെയായിപ്പോയെന്നു മനസ്സ് മന്ത്രിക്കുന്നു..
ആകാശം മൂടി നിൽ ക്കുന്ന കാർമേഘങ്ങളെ പോലെ ചില വേദനകൾ.. ചില നൊമ്പരങ്ങൾ.. ഇന്നും മനസിൽ നിറഞ്ഞ് നിൽക്കുന്നു.. പെയ്തൊഴിയാൻ കൂട്ടാക്കാതെ..
മൗനം മാത്രം കൂട്ടുള്ള ചില സന്ധ്യകളിൽ
നമ്മുടെ കലാലയ ജീവിതം ഓർത്തെടുക്കാറുണ്ട് ഞാൻ..
മറക്കാനാവാത്ത വിധം വർണങ്ങൾ ചാലിച്ച
ഒരു നല്ല ജലച്ചായ ചിത്രം പോലെ..
സങ്കടങ്ങളിലൂടെ മനസ്സ് വഴിയറിയാതെ യാത്ര ചെയ്യുമ്പോൾ.., ഒ
ന്നു കൈപിടിച്ച് നടത്താൻ.. സാരമില്ലന്നു പറയാൻ..
പ്രിയ കൂട്ടുകാരി നീ എന്റെ അരികിലില്ലെന്ന് നോവോടെ ഞാനറിയുന്നു..
നിന്റെ മൗനങ്ങൾ എന്നോടൊരുപാട് കാര്യങ്ങൾ പറഞ്ഞിരുന്നു..
ആ മിഴികൾ മൗനത്തിലും വാചാലമാകുമായിരുന്നു..
അതിൽ നിറഞ്ഞു നിന്നിരുന്നു എന്നോടുള്ള നിന്റെ സ്നേഹം..
എനിക്കു മാത്രം ഈശ്വരൻ വിധിച്ചതാണു നിറഞ്ഞ മിഴികൾ എന്ന് ഞാൻ കരുതി..
പക്ഷേ നിന്റെ മിഴികളിലും എന്നും സങ്കടത്തിന്റെ നോവുണ്ടായിരുന്നു..
വെറുതെ വേദനിക്കാനായി.. ആരും ആവശ്യപ്പെടാതെ..
നീ സ്വയം ഏറ്റെടുത്ത ഒരു നോവ്.. നിന്റെ പ്രണയം..!!!!!!!!!!!!!!!!!!!!!

"പ്രണയം.. അത് സത്യമുള്ളതാണെങ്കിൽ.. അതെന്നും നന്മ മനസുകളെ നോവിപ്പിച്ചിട്ടേ ഉള്ളൂ.."



നിനക്കായൊരു പ്രണയ സന്ദേശം:- 
'മാലാഖമാരുടെ കൈവശം കൊടുത്തയച്ചത്..'


പ്രണയദിനമായിരുന്നു ഇന്ന്.. എനിക്കതറിയാമായിരുന്നു..
വെറുതെ എങ്കിലും നിനക്കു വേണ്ടി ഞാനെന്തെങ്കിലും കുറിക്കുമെന്ന് നീ ആഗ്രഹിച്ചിട്ടുണ്ടാവും.. വേണ്ടന്നു വെച്ചതാണ്.. അല്ലെങ്കിൽ തന്നെ എന്തിനു വേണ്ടി..
ഒരിക്കൽ കൂടി നിന്നെ നോവിക്കാൻ.. അതിനപ്പുറം എന്റെ അക്ഷരങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലല്ലോ..
എന്നിട്ടും എഴുതി പോവുകയാണ്.. എന്തൊക്കെയോ.. വെറുതെ..
ഇനിയുമിതു പോലെ എത്ര എത്ര പ്രണയദിനങ്ങൾ പൂവിട്ട് കൊഴിഞ്ഞാലും
അപരിചിതരേപ്പോലെ ജീവിതത്തിന്റെ രണ്ടു വശങ്ങളിലേക്ക് നടന്നകലേണ്ടവരാണ് നാം..
ഒരു പക്ഷേ നാളെ എന്തെന്ന് അറിയാതെ ജീവിതം ജീവിച്ച് തീർക്കുമ്പോഴും
ഇന്നലയിലെ ഈ നോവിനെ മറക്കാതെ ഹൃദയത്തോടു ചേർത്തു പിടിക്കാൻ മാത്രം വിധിക്കപ്പെട്ടവർ..
നാളെ ഒരിക്കൽ ജീവിതത്തിന്റെ നല്ല നാളുകളെല്ലാം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് തീർത്ത്
തനിക്കു വേണ്ടി എന്തെങ്കിലും കരുതി വെക്കാൻ മറന്ന്
എല്ലാവരാലും ഒറ്റപ്പെട്ട് ഓർമ്മയുടെ വന്മരത്തണലിൽ തനിച്ചു നിൽക്കുമ്പോൾ..
അപ്പോൾ മാത്രം നിലക്കാതെ ഒഴുകുന്ന കണ്ണുനീരോടെ നാം പരസ്പരം നമ്മെ ഓർത്തെടുക്കുമായിരിക്കാം..
അന്ന്.., നിന്റെ കൈ വിരൽത്തുമ്പിൽ കൈകോർക്കാതെ പിന്തിരിഞ്ഞ് നടന്നതോർത്ത് ഞാനും.., എന്നെ പോകാൻ അനുവദിക്കാതെ 'നിന്നെ എനിക്ക് വേണമെന്ന്' പറയാൻ തോന്നാതിരുന്ന നിമിഷത്തേ ഓർത്ത് നീയും ഒരുപോലെ വേദനിച്ചേക്കാം..
കാലങ്ങൾക്ക് ശേഷം ചിലപ്പോൾ അങ്ങനെയൊന്നും ഉണ്ടായില്ലന്നും വരാം..
ഓർമ്മയുടെ പുസ്തകത്താളിൽ ഒരിടത്തും നാം പരസ്പരം കണ്ടുമുട്ടിയില്ലെന്നും വരാം..
അന്നത് എന്ത് തന്നെ ആയാലും.. ഇപ്പോൾ നാം പിരിയേണ്ട സമയമാണ്..
പൂർത്തിയാക്കാതെ പോയ കിനാവിന്റെ നല്ല പാതിയായി ഈ നോവോർമ്മ ഇനിയും തുടരും..
പ്രതീക്ഷയുടെ നറുതിരിനാളമായ് ഇടക്കെപ്പൊഴൊക്കെയോ നാമിനിയും പരസ്പരം കാണും.. അടുത്ത നിമിഷത്തിൽ വേർപിരിയണമെന്ന അനിവാര്യമായ സത്യത്തിനു മുന്നിൽ
വീണ്ടും നാം പകച്ചു നിൽക്കും..
പിന്നെ പിന്തിരിഞ്ഞ് അകലങ്ങളിലേക്കകന്ന് മാറും..
ജീവിത യാത്രയിലെങ്ങും നാം നമ്മെ തിരഞ്ഞു കൊണ്ടേയിരിക്കും..
കൈയെത്തും ദൂരത്തുണ്ടായിരുന്നിട്ടും സ്വന്തമാക്കാൻ കഴിയാതെ പോയ ഈ സ്വപ്നം
ഒടുവിൽ ആകാശത്തിന്റെ നീലവിരിമാറിൽ മോക്ഷം നേടും..
കാറ്റായ്.. പൂവായ്.. മഴയായ്.. നഷ്ടപ്പെട്ടു പോയ പ്രണയത്തെ തേടി നാമലഞ്ഞു കൊണ്ടേയിരിക്കും..
പിന്നെ എന്തിനാണ്.. നമുക്ക് പ്രണയിക്കാൻ ഇതു പോലൊരു ദിനം.. പരസ്പരം ആശംസകൾ കൈമാറാൻ എന്തിനാണൊരു പ്രണയം.. എന്തിനാണ്..!!


എനിക്ക് നീയും നിനക്കു ഞാനും എന്നെല്ലാമോതി എന്തിനാണ് നാം നമ്മെ തന്നെ വിഡ്ഢികളാക്കുന്നത്..
പരസ്പരം ആശംസകൾ  ഏകിയാലും ഇല്ലെങ്കിലും
നാമെന്നും ആത്മാവിനാൽ പ്രണയിച്ചുകൊണ്ടേ ഇരിക്കും..
നമ്മിൽ പ്രണയം വറ്റുന്നത് വരെ..
ഒടുവിൽ ഒന്നു ചേരാൻ കഴിയാതെ പോയ ഇഹലോകം വെടിഞ്ഞ്
നക്ഷത്രങ്ങളുടെ നാട്ടിലേക്ക് നാം യാത്ര പോവുമ്പോൾ
നിനക്കായി ഞാൻ പ്രണയത്തിന്റെ താഴ് വരയിൽ നിന്ന്
ഒരുപിടി പനിനീർ പൂക്കൾ കൈയിൽ കരുതും..
മഞ്ഞു പോലെ തണുത്ത അവയുടെ ദളങ്ങൾക്ക് നമ്മുടെ പ്രണയത്തിന്റെ ചുവപ്പ് നിറമായിരിക്കും..
ഋതുഭേദങ്ങൾ ചിത്രങ്ങൾ നെയ്യുന്ന... മഴനൂലുകൾ സംഗീതം പൊഴിക്കുന്ന..
നനുത്ത തണുവുള്ളയാ പ്രണയത്തിന്റെ നാട്ടിൽ വെച്ച്
നിനക്ക് ഞാനെന്റെ ഹൃദയം പങ്കിട്ടു തരും..
ജന്മ ജന്മങ്ങളിലേക്കായ് നാം ഒന്നു ചേരും..

..................."പ്രണയ ദിനാശംസകൾ"......................





സ്നേഹിതാ, ഏതുതരം വീഞ്ഞിനാണ് ഏറ്റവുമധികം ലഹരി ?
മറ്റൊന്നുമാലോചിക്കാതെ ഞാ പറഞ്ഞു:
ജീവിതത്തിന്! മറ്റാക്കും ദാസ്യം വഹിക്കാത്ത "ജീവിതത്തിന് " !
{എൻ .വി . കുറുപ്പ് }


Saturday 13 February 2016


"നീയെനിക്കാരാണ്.." 

കാലങ്ങൾ കൊണ്ട് ചോദിച്ചു പഴകിപ്പോയൊരു ചോദ്യം.. 
ഇപ്പോ ഈ ചോദ്യത്തിനെന്ത് പ്രസക്തി എന്നു ചിന്തിക്കുന്നുവോ നീ.. 
പ്രസക്തിയുണ്ട്..  ഇന്ന് ഈ നിമിഷത്തിൽ.. ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്.. 
ഞാൻ നിനക്കാരാണ്.. അല്ലെങ്കിൽ നീയെനിക്കാരാണ്..
സുഹൃത്തുക്കൾ... 
അല്ല.. നാമൊരിക്കലും നല്ല സുഹൃത്തുക്കളായിരുന്നിട്ടില്ല.. 
പിന്നെ ആരാണ്..
പ്രണയിതാക്കൾ.. 
ഒരിക്കലുമല്ല.. കാരണം നാമൊരിക്കലും നല്ല പ്രണയ ജോടികളായിട്ടില്ല..
പിന്നെ.., നിനക്കും എനിക്കും തമ്മിൽ 
ജന്മ ജന്മങ്ങൾക്കു മുൻപേ ഊട്ടിയുറപ്പിച്ച എന്ത് ബന്ധമാണുള്ളത്..
ഒന്നും തന്നെയില്ല... ഒന്നും... അതേ.. അതാണ് സത്യം..!!
അപരിചിതർ.. അപരിചിതരാണ് നാം..
രണ്ടു ദിക്കുകളിൽ നിന്നു വന്നെത്തി 
അല്പ നേരത്തെ വിശ്രമത്തിനായി നിന്ന
ഒഴിഞ്ഞ ജീവിത സത്രത്തിന്റെ ഇടനാഴികളിൽ  അറിയാതെ കണ്ടു മുട്ടിയവർ..
ഒടുവിൽ വിശ്രമം കഴിഞ്ഞ് പോവും നേരം
യാത്ര പോലും പറയാതെ പടിയിറങ്ങുന്നവർ..
അകലങ്ങളിലെത്തിയാൽ പോലും
അറിയാതൊന്നു തിരിഞ്ഞു നോക്കാത്തവർ..
ഓർമക്കായ് കിനാവിന്റെ കുഞ്ഞു തൂവൽക്കണം പോലും
ഹൃദയത്തിൽ സൂക്ഷിക്കാത്തവർ...
പ്രണയത്തിന്റെ പടവിൽ വെച്ച് ഒരിക്കലും പരസ്പരം കണ്ടുമുട്ടിയിട്ടില്ലാത്തവർ.. 
അപരിചിതരാണ് നാം.. തീർത്തും അപരിചിതർ.. 
.
.
നിനക്കെന്നോട് ദേഷ്യം തോന്നുന്നു.. അല്ലേ.. 
പരിഭവം കൊണ്ടാ മുഖം ചുവക്കുന്നത് എനിക്ക് കാണാം.. 
എന്തിനാണിങ്ങനെ അക്ഷരങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും 
നിന്നെ ഞാ വേദനിപ്പിക്കുന്നത്.. 
അറിയില്ല.. ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളിൽ ഒന്നു മാത്രമാണത്.. 
എന്തിനു ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന ചോദ്യത്തെ പോലെ തന്നെ അപ്രസക്തമായ ഒന്ന്..

നിന്നെ ഞാൻ പ്രണയിക്കുന്നുണ്ടോ.. അതും എനിക്കറിഞ്ഞൂടാ.. 
നീ പറയൂ.. എന്നേക്കാൾ നന്നായി നിനക്കറിയാമല്ലോ എന്നെ.. 
ഇതിനുള്ള ഉത്തരം നീ തന്നെ പറയൂ.. 
ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടോ.. 
ഇഷ്ടത്തോടെ നീയെന്നെ കരുതിയപ്പോഴെല്ലാം 
നിന്നെ നോവിച്ച് ഞാനകന്ന് നിന്നത് നിന്നോടുള്ള പ്രണയം കൊണ്ടായിരുന്നോ.. 
പിന്നെ.,  നീയെന്നിൽ നിന്നകന്നു പോകുന്നുവെന്ന് തോന്നിയപ്പോഴെല്ലാം 
എന്നിലേക്ക് നിന്നെ ചേർക്കാൻ ശ്രമിച്ചത് പ്രണയം കൊണ്ടായിരുന്നുവോ.. 
എന്നിട്ടും നിന്റെ വേളിപ്പെണ്ണായൊരുങ്ങാൻ സമ്മതം ചോദിച്ചപ്പോഴെല്ലാം 
സമ്മതമല്ലെന്ന് പറഞ്ഞ് നിന്നിൽ നിന്നകന്നത് പ്രണയം കൊണ്ടായിരുന്നുവോ.. 
ഇനി എന്നിലേക്കൊരു തിരിച്ചു വരവില്ലെന്ന് പറഞ്ഞ് നീ പോയപ്പോ 
ഹൃദയം കൊണ്ടെങ്കിലും ഒരു പിൻ വിളി വിളിക്കാതെ നോക്കി നിന്നത് 
പ്രണയം കൊണ്ടായിരുന്നുവോ.. 
അകന്ന് നിന്ന് നീയെന്നോട് പരിഭവം കാട്ടുമ്പോ 
അതെന്റെ തെറ്റ് കൊണ്ടാണെന്നറിഞ്ഞിട്ടും 
എനിക്ക് വേദനിച്ചത് പ്രണയം കൊണ്ടായിരുന്നുവോ.. 
നിന്നിലേക്കൊഴുകാൻ മനസ്സ് വെമ്പൽ കൊണ്ടപ്പോഴും 
വിധിയുടെ വന്മതിലു കൊണ്ടതിനെ തടഞ്ഞു നിർത്തിയത് 
നിന്നോടുള്ള പ്രണയം കൊണ്ടായിരുന്നുവോ.. 
പരിഭവത്തിനുമപ്പുറം ആ മനസിൽ ഇന്നുമെന്നോട് പ്രണയമുണ്ടെന്നറിഞ്ഞപ്പോൾ 
കണ്ണു നിറഞ്ഞത് പ്രണയം കൊണ്ടായിരുന്നുവോ.. 
എന്നിട്ടും വീണ്ടും എന്നിലേക്ക് തിരിച്ചു വരരുതെന്ന് പറഞ്ഞ് 
നിന്നിൽ നിന്നകന്ന് നിൽക്കുന്നത് പ്രണയം കൊണ്ടാണെന്ന് നിനക്ക് തോന്നുന്നുവോ.. 
എന്തോ.. എനിക്കറിഞ്ഞൂടാ..

അതെന്റെ വില കുറഞ്ഞ സ്വാർത്ഥത മാത്രമാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.. 

അവിടെ പ്രണയമുണ്ടായിരുന്നില്ല.. 

ആത്മാവിൽ നിന്ന് ആത്മാവിലേക്ക് നീയെനിക്ക് പകർന്നു തന്ന പരിശുദ്ധ പ്രണയത്തെ 
ഏറ്റു വാങ്ങാനോ.. അതിൽ ഒരംശമെങ്കിലും നിന്നിലേക്കു പകരാനോ എനിക്കായില്ല.. 
അതേ.. ഞാൻ നിന്നെ പ്രണയിച്ചിരുന്നില്ല സഖേ.. 
അതെന്റെ സ്വാർത്ഥത മാത്രമായിരുന്നു.. 
നിന്നെ നഷ്ടപ്പെടാതിരിക്കാനുള്ള വെറും സ്വാർത്ഥത..!!




പ്രണയത്തിന്റെ നിർവചങ്ങൾക്ക് എനിക്ക് നിന്നേയും നിനക്ക് എന്നേയും 

നിർവചിച്ച് തരാൻ കഴിയാത്തതെന്തേ..
അർത്ഥങ്ങളറിയാൻ അഴിച്ചു നോക്കുന്തോറും 
ആഴത്തിലേക്ക് മുറുകുന്ന കുരുക്കാണ് നാം..
പുറകിലുപേക്ഷിച്ചു പോവാനോ.. വർത്തമാനത്തിൽ കൂടെ ചേർക്കാനോ.. 
ഭാവിയിലേക്ക് കരുതി വെക്കാനോ കഴിയാതെ ശ്വാസം മുട്ടിക്കുന്ന ഒരു കുരുക്ക്....
അപ്പോഴും ബാക്കിയാവുന്നത് ഈ ഒരു ചോദ്യമാണ്..

"നീയെനിക്കാരാണ്.." 


ഓർമ്മയായി മറഞ്ഞൊരു പ്രണയം..:-

സ്വപ്നം പോലെ നീ വന്നു.. സ്വന്തമാണെന്ന് ഞാൻ കരുതി..
പക്ഷേ നേർത്ത മഞ്ഞല പോലെ എന്റെ മുന്നിലൂടെ നീ ദൂരേക്കു മാഞ്ഞു..
കണ്ണുനിറഞ്ഞൊഴുകിയെങ്കിലും മനസിന്റെ വിങ്ങൽ അടങ്ങിയില്ല..
നിന്നോടുള്ള സ്നേഹം അസ്തമിച്ചില്ല..
നിന്നെ അനുസരിക്കാൻ ഞാൻ ആഗ്രഹിച്ചു..
പക്ഷേ വ്യർത്ഥമായൊരു വാക്കിനാൽ നീ എന്നെ അനുസരിക്കുകയാണുണ്ടായത്..
നിന്നെ കടന്നു പോന്നപ്പോഴും ഒരു പിൻ വിളി ഞാൻ കൊതിച്ചു..
സ്നേഹത്തിന്റെ നേർത്ത ഒരു തൂവൽ സ്പർശം ആഗ്രഹിച്ചു..
മാനത്ത് തെളിയുന്ന മഴവില്ലിനു മാനത്തോടൊപ്പം ചിലവഴിക്കാൻ കിട്ടിയ സമയം പോലെ നശ്വരമായിരുന്നു നമുക്കും..
എങ്കിലും ആ മാനം പോലെ ഞാനും കാത്തിരിക്കാം..
കൈ നിറയെ ശരത് കാലത്തിന്റെ നിറമുള്ള വർണങ്ങളും നിറച്ച് നീ വരുന്നതും കാത്ത്..


വെറുതെ ഓരോ ചിന്തകൾ :-

“നമുക്ക് പ്രിയപ്പെട്ട കാര്യങ്ങൾ
മറക്കാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്..
കാരണം മറക്കാൻ ശ്രമിക്കുന്തോറും
നാമത് ഓർത്തു കൊണ്ടിരിക്കും..“

വെറുതെ ഓരോ ചിന്തകൾ :-

“ഏതൊരു നന്മയേയും ജനങ്ങൾ അംഗീകരിക്കണമെങ്കിൽ
ആ നന്മയെ നന്മയാക്കുന്ന മറ്റൊരു വലിയ തിന്മ ഉണ്ടായിരിക്കണം..”

"എന്റെ സന്തോഷങ്ങളിലേക്ക് എന്നെ നയിക്കുന്ന
നേർവഴിയാണു നിന്റെ പുഞ്ചിരി..
സന്തോഷങ്ങളെ വേണ്ടന്നു വെച്ച്
സങ്കടങ്ങളിലേക്ക് നീ മടങ്ങുമ്പോൾ
പാതി നടന്നെത്തിയ ജീവിതപാതയിലെ ഇരുട്ടിൽ
വഴിയറിയാതെ ഇടറിപ്പോവുന്നത് എനിക്കാണെന്ന് നീയോർക്കുക..."


Friday 12 February 2016

മൂക പ്രണയം

ഇന്നീ വൈകിയ വേളയിൽ 
പൂത്തുലഞ്ഞൊരീ വാക തൻ ചോട്ടിൽ
നിന്നോടുള്ള പ്രണയത്തെ പുൽകി
വിവശയായ് ഞാനിന്നു നിന്നീടവേ
ഓർമ്മിച്ചിടുന്നു ഞാൻ നമ്മുടെയാ
പ്രണയമൊളിപ്പിച്ച സൗഹൃദ ദിനങ്ങൾ
ദൂരെ നീ നിൽക്കിലും ഇടനെഞ്ചിൻ മിടിപ്പിനാൽ
അരികിലായ് നിന്നെ ഞാൻ അറിഞ്ഞൊരാ ദിനങ്ങൾ
പ്രണയമാണതറിയാമതെങ്കിലും
സൗഹൃദച്ചെണ്ടുകൾ കൈമാറിയൊരാ ദിനങ്ങൾ
നിന്നോടുള്ള പ്രണയമെൻ മിഴികളിൽ
കവിതയായ് ഞാനന്നു രചിച്ചിരുന്നു
എന്തിനാണു സഖേ നീയെൻ
പ്രണയമതറിഞ്ഞത്..
എന്തിനാണു നീ എന്നോടുള്ള പ്രണയം
നിൻ പുഞ്ചിരി തന്നിലൊളിപ്പിച്ചത്..
മൂക പ്രണയ നൊമ്പരം 
എന്തിനാണു നാം ആവോളം രുചിച്ചത്
ഇന്ന്,
വിട ചൊല്ലിയകലുമീ ശോകമാം വേളയിലും
നിന്റെ പ്രണയിനിയാവാനാണെനിക്കിഷ്ടം
നിൻ വിരൽത്തുമ്പിനാൽ ഉണരുവാനാണെൻ കൊതി..
ഇനി വരില്ലന്നു യാത്ര ചൊല്ലരുത് നീ
കാത്തിരിക്കാം ഞാൻ കാലമേറെയാകിലും
ഇനി നീ വരില്ലയെന്നാലും
നിനക്കായ് കാത്തിരിക്കുകയാണെൻ 
ജീവിത സായൂജ്യം...



മീരയ്ക്കു പറയാനുണ്ടായിരുന്നത്...

സ്വപ്നങ്ങളിൽ സ്വന്തമെന്ന് പറയാൻ
എനിക്കൊരു  പ്രണയമുണ്ടായിരുന്നു...
എന്നെ ഒരിക്കലും നോവിക്കാത്ത..
സന്തോഷങ്ങളിലേക്ക് മാത്രം എന്നെ കൈ പിടിച്ച് നടത്തിച്ച..
പരിഭവത്തിന്റെ മൂടൽ മഞ്ഞിനുമപ്പുറം
പ്രണത്തിന്റെ തെളിമ കാത്തു സൂക്ഷിച്ച..
എന്റെ പ്രണയം...
എന്താണു പ്രണയമെന്ന് ഒരിക്കലും ചോദിക്കാതെ..
പ്രണയത്തിന്റെ നിർവചങ്ങളാലോചിച്ച് വ്യാകുലപ്പെടാതെ..
ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ഒഴുകുന്ന
ആ സ്നേഹധാരയെ മാത്രം ശ്രവിച്ച്
ഞാൻ എന്റെ പ്രണയത്തെ ഒരുപാട് പ്രണയിച്ചിരുന്നു..
അതേ.. സ്വപ്നങ്ങളിൽ സ്വന്തമെന്ന് പറയാൻ
എനിക്കൊരു പ്രണയമുണ്ടായിരുന്നു..
എന്നെ പ്രണയിക്കാൻ പഠിപ്പിച്ച..
പ്രണയത്തിനു വേണ്ടി മറ്റാരേയും വേദനിപ്പിക്കാതെ
സ്വയം വേദനിക്കാൻ പഠിപ്പിച്ച..
കണ്ണുനീരൊളിപ്പിച്ച് ചിരിക്കാൻ പഠിപ്പിച്ച..
നിന്നെ മാത്രം പ്രണയിക്കാൻ പഠിപ്പിച്ച ഒരു പ്രണയം..
കാലങ്ങളൊരുപാട് പിന്നിടുമ്പോൾ..
ഓർമ്മകളുടെ വന്മരത്തണലിൽ തനിച്ചു നിൽക്കുമ്പോൾ..
അന്ന്.. അന്നു മാത്രം..
സ്വപ്നങ്ങളിൽ ഞാൻ താലോലിച്ച എന്റെ പ്രണയം..
അതു നീയായിരുന്നു എന്ന് നീയറിഞ്ഞിടുമോ..
നിനക്ക് നോവു മാത്രം സമ്മാനിച്ച എന്റെ പ്രണയത്തിനായി
അന്ന് നീയൊരു മോക്ഷ ബലിയിടുമോ..
വരും ജന്മത്തിലാ പ്രണയ പൂർത്തിക്കായി
മനമുരുകി പ്രാർത്ഥിച്ചിടുമോ..
അറിയില്ല..
എങ്കിലും.. എന്നെങ്കിലും നീയിതറിയുന്നുവെങ്കിൽ
മിഴിക്കോണിലടരുന്ന ആ രണ്ടു തുള്ളിയിൽ
ഞാനും എന്റെ പ്രണയവും ധന്യമായിടും സഖേ..
.........................................................!!!!!!!!!!!!!!!!!!!!!!!!



Thursday 11 February 2016

 മഴ

മഴ പെയ്യുന്നത് കാണുമ്പോൾ മനസ്സ് വല്ലാതെ നോവുന്നു..
സ്നേഹമെന്ന വാക്കിനെ തന്നെ വെറുത്തു തുടങ്ങിയിരിക്കുന്നു..
പക്ഷേ.., സ്നേഹിക്കുന്നവരെയും സ്നേഹിക്കേണ്ടവരെയും
എന്നിൽ നിന്നകറ്റാൻ എത്രയായിട്ടും സാധിക്കുന്നില്ല..
മനസിലൊക്കെ വിള്ളലുകൾ വീണിരിക്കുകയാണ്.. എന്റെ മാത്രം അല്ല..
എന്നെ സ്നേഹിക്കുന്നവരുടെ മനസിലും..
എന്നോടുള്ള സ്നേഹം ആ വിള്ളലുകളിലൂടെ താഴേക്ക്.,
കാലത്തിന്റെ ഒറ്റയടിപ്പാതയിൽ വീണു ചിതറുന്നു..
പിന്നീട് കൂട്ടി യോജിപ്പിക്കാനാവാത്ത വിധം അത് പൊട്ടിപ്പോയിരിക്കുന്നുവോ..
.
മഴയെ കുറിച്ചാണ് തുടങ്ങിയത്..
എന്തിനാണ് അതിങ്ങനെ പെയ്തിറങ്ങുന്നതാവോ..
ആർക്കു വേണ്ടിയാണാവോ.. ആർക്കും വേണ്ടാത്ത.. ആരും ശ്രദ്ധിക്കാനില്ലാത്ത..
എല്ലാവരെയും ബുദ്ധിമുട്ടിപ്പിക്കുന്ന എന്റെ കണ്ണുനീരിനെപ്പോലെ..
പെട്ടെന്നൊരു ദിവസം തോരാതെ പെയ്തിറങ്ങുന്നു..
പിന്നെ എങ്ങോട്ടെന്നു പോലുമറിയാതെ മറഞ്ഞു പോവുന്നു..
.
ഈയിടെ കരയാനും ഞാനിഷ്ടപ്പെടാറില്ല...
സങ്കടങ്ങളെല്ലാം  മനസിന്റെ ഉള്ളിൽ സ്വരുക്കൂട്ടി വെച്ച്
നീറി നീറി ജീവിക്കുന്ന.. ഓരോ ദിവസവും വേദനിച്ച് വേദനിച്ച്
സ്വയം ഇല്ല്ലാതാവുന്ന ഈ അവസ്ഥ..
ഇതാണ് കുറച്ചു കൂടി നല്ലതെന്ന് തോന്നുന്നു..
ആരോടും പരിഭവം പറയേണ്ടതില്ല... ആർക്കും പങ്കുവെച്ച് കൊടുക്കേണ്ടതും ഇല്ല..
.
മഴ പെയ്ത് കഴിഞ്ഞിരിക്കുന്നു...
ഇപ്പോൾ മരമാണ് പെയ്യുന്നത്... കനമുള്ള തുള്ളികൾ..
.
ആരെന്തു പറഞ്ഞാലും ഇപ്പോ ഒന്നും തോന്നാറില്ല..
സങ്കടം തുളുമ്പി വീണാലും കരയാതെ
ഉള്ളിലടക്കി വെയ്ക്കാൻ പഠിച്ചു കഴിഞ്ഞു..
നിസംഗതയോടെ ജീവിക്കാനും ഇന്നെനിക്കറിയാം..
ഇടയ്ക്കിടെ പ്രതീക്ഷയുടെ ചില സന്തോഷങ്ങൾ വന്ന്
ഈ ദു:ഖത്തിന്റെ സുഖം നഷ്ടപ്പെടുത്തി കളയല്ലേ എന്നാണ്
ഇപ്പോഴുള്ള പ്രാർത്ഥന..
.........................................................................
ഇനി വയ്യ.. എനിക്ക് മടുത്തു കഴിഞ്ഞു... കണ്ണു നിറഞ്ഞ് വരുന്നുവോ...
അറിയില്ല.. മതി.. ഇനി വയ്യ എന്തെങ്കിലും എഴുതാൻ..
വാക്കുകൾ തീർന്നിരിക്കുന്നു...
ഞാനും ഈ വാക്കുകളെ പോലെ... പെട്ടെന്നൊരു ദിവസം..
ആരും അറിയാതെ.. ആരോടും യാത്ര പോലും പറയാൻ പറ്റാതെ....
...........................................................!!!!!!!!!!!!!!!!!!!!!!!!


നീയെന്ന നഷ്ടം

സ്വന്തമാണെന്നു നിനച്ചവ നഷ്ടപ്പെട്ടു പോകുമ്പോൾ
മനസിൽ നിന്നൂറി വരുന്ന വേദനയ്ക്കു പകരം വെയ്ക്കാൻ
ലോകത്ത് മറ്റൊന്നും തന്നെയില്ല..
ഓരോ തവണ മഴപെയ്യുമ്പോഴും..
ഓരോ തവണയും നിലാവിനെ കാണുമ്പോൾ..
ഓരോ തവണയും മഞ്ഞു തുള്ളിയെ തൊടുമ്പോൾ..
എന്നും എപ്പോഴും ആ വേദന
ഹൃദയത്തെ കുത്തി നോവിച്ചു കൊണ്ടിരിക്കും..
ആ നൊമ്പരം കണ്ണിനെ ഈറനണിയിച്ചു കൊണ്ടിരിക്കും..
.
.
തൊട്ടടുത്തുണ്ടെങ്കിലും ഒരുപാട് അകലെയാണ് നീ..
ഒന്നു കൈ നീട്ടിയാൽ പോലും എനിക്കിനി
ആ ഹൃദയത്തിലൊന്നു തൊടാൻ പറ്റാത്ത അത്ര അകലത്തിൽ..
എന്നിൽ നിന്നകന്ന് നീ പോവുന്നത്
നിസ്സഹായയായി നോക്കി നിൽക്കാൻ മാത്രമേ എനിക്കാവുന്നുള്ളു..
പോവരുതെന്ന് പറയാൻ..
ഒരു പിൻവിളി വിളിച്ച് നിന്നെ തടയാൻ എനിക്കാവുന്നില്ല..
നൊമ്പരം മനസിനെ കുത്തി നോവിക്കുമ്പോഴും
നിനക്കു മുന്നിൽ കരഞ്ഞു പോവാതിരിക്കാൻ
കഴിവതും ശ്രമിക്കുകയാണ് ഞാൻ..
അല്ലെങ്കിൽ നോവുകൾ കൊണ്ട് മരവിച്ച ഹൃദയം
കരയാൻ മറന്നു പോയിരിക്കുന്നു...
....................................................!!!!!!!!!!!!!!!!!!!!!!!!!!!!

"ഒരു നുള്ളു പരിഭവവും
ഒരു കടലോളം സ്നേഹവും നിറച്ച്
നീയെനിക്കൊരു പിറന്നാൾ സമ്മാനം നൽകിയിരുന്നെങ്കിൽ..,
ജന്മ ജന്മങ്ങളിലെ പിറന്നാൾ മധുരമായി
ഞാനത് ഹൃദയത്തോട് ചേർത്തു വെച്ചേനേ..
നോവൂറുന്ന ഹൃദയ മുറിവിലേക്കാ 
മധുരം ചേർത്ത് ആശ്വസിച്ചേനേ ഞാൻ..
ഒരു സ്വപ്നം മാത്രമായി എന്റെയീ മോഹം 
വീണുടഞ്ഞു ചിതറുമ്പോഴും 
ഹൃദയത്തിരു മുറിവിൽ നിന്ന് രക്തമൊഴുകുകയാണ് .."
...................................................!!!!!!!!!!!!!!!!!!!!!!!!!!

Wednesday 10 February 2016

ശിക്ഷ

ഇനി നീയെന്റെ അക്ഷരങ്ങളേ
പ്രണയിക്കാതിരിക്കണേ സഖേ..
നിന്നെ നോവിക്കാൻ മാത്രം
വിഷം പേറുന്ന അവയെ
ഞാനിന്ന് തെരുവിലേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞു..
അറിയാതെ പോലുമിനി ആരും
ഒന്നെത്തി നോക്കുക പോലും ചെയ്യാത്ത
ഇന്നലകളുടെ ദുർഗന്ധം ചീയുന്നയാ തെരുവിൽ
അനാഥമായി അവ കിടക്കട്ടെ..
നിന്നെ നോവിച്ചതിനുള്ള ശിക്ഷ
ജന്മ ജന്മങ്ങളിൽ ഇനിയും അവരനുഭവിക്കട്ടെ..
...............................................!!!!!!!!!!!!!!!!!!!!!!

നന്ദിത

"എഴുത്ത് പൂർത്തിയാക്കും മുൻപേ
മുനയൊടിഞ്ഞു പോയൊരു തൂലിക.."
............................................................!!!!!!!!!!!!!!!!!
അവസാന വരികൾ

ഇനി ഞാനെന്റെ തൂലികയ്ക്ക്
മരണത്തെ വർണിക്കുന്നതെങ്ങനെയെന്ന്
പഠിപ്പിച്ചു കൊടുത്തിടട്ടേ..,
ഏകാന്തതയുടെ കനമുള്ള കൊമ്പിൽ
പിടഞ്ഞു മരിക്കാനായി കുരുക്കൊരുക്കുന്ന
എന്റെ ഹൃദയത്തിന്റെ
ആത്മഹത്യാ കുറിപ്പെഴുതാൻ
ഇനി ഞാനതിനെ പ്രാപ്തയാക്കട്ടെ..
എഴുത്ത് പൂർത്തിയാക്കും മുൻപേ
മുനയൊടിഞ്ഞു പോയൊരു തൂലികയാണു ഞാൻ..
പൂർത്തിയാക്കാനൊരുങ്ങുന്നയീ
അവസാന എഴുത്തിൽ
വരികൾക്കിടർച്ച സംഭവിക്കാതിരിക്കാൻ
എന്റെ തൂലികയ്ക്കാ പരിശീലനം
നൽകേണ്ടത് അത്യവശ്യമാണു..!!


“പരിഭവമാണെന്നാലും സഖേ
നീയെനിക്കു നൽകിയൊരീ
പിറന്നാൾ മധുരത്തിൽ
ഇത്രമേൽ കണ്ണീർക്കയ്പ്പ്
പടരുമെന്നോർത്തതില്ല ഞാൻ..”
.........................................................!!!!!!!!!!!!!!!!!!!!


Friday 5 February 2016

"നഷ്ടപ്പെടുത്തി കളയാനുള്ള ഭയം കൊണ്ടും 
സ്വന്തമാക്കാൻ കഴിയാത്ത നിസ്സഹായത കൊണ്ടും 
ഞാൻ നിന്നെ സ്നേഹിക്കുകയും 
അതിലുപരി നോവിക്കുകയും ചെയ്തു.."



മീര പറഞ്ഞത്..


അകലുവാൻ വേണ്ടി നാം അരികത്തണഞ്ഞുവോ
പിരിയുവാൻ വേണ്ടിയീ പ്രണയം നുകർന്നുവോ
പലനാൾ പകലുകൾ പലനാളിരവുകൾ
നാമൊന്നായ് മീട്ടിയൊരാ കിനാവിൻ തംബുരു
ശ്രുതി തെറ്റി രാഗമഴിഞ്ഞുടഞ്ഞു..
ദൂരെയകന്നിട്ടും നിന്നിലേക്കെൻ മനം
നിർമലം നദിയായ് ഒഴുകുന്നുവോ..
അകലുവാൻ നമുക്കാകുവതെങ്ങനെ
അകതാരിൽ പരസ്പരം
നാമൊന്നു ചേർന്നതല്ലയോ...
ഈ ജന്മം നിന്റേതായ് തീരുവതില്ലേലും
പുനർജനിക്കാം ജന്മാന്തരങ്ങളിനി
ഇലയായ് മരമായ് തിരയായ് കരയായ്..
അകന്നു പോകുന്നുവെന്നാലും
തിരികെ നിന്നിലേക്കു തന്നെ ഒഴുകിയണയുവാൻ..




വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...