Saturday 13 February 2016


"നീയെനിക്കാരാണ്.." 

കാലങ്ങൾ കൊണ്ട് ചോദിച്ചു പഴകിപ്പോയൊരു ചോദ്യം.. 
ഇപ്പോ ഈ ചോദ്യത്തിനെന്ത് പ്രസക്തി എന്നു ചിന്തിക്കുന്നുവോ നീ.. 
പ്രസക്തിയുണ്ട്..  ഇന്ന് ഈ നിമിഷത്തിൽ.. ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്.. 
ഞാൻ നിനക്കാരാണ്.. അല്ലെങ്കിൽ നീയെനിക്കാരാണ്..
സുഹൃത്തുക്കൾ... 
അല്ല.. നാമൊരിക്കലും നല്ല സുഹൃത്തുക്കളായിരുന്നിട്ടില്ല.. 
പിന്നെ ആരാണ്..
പ്രണയിതാക്കൾ.. 
ഒരിക്കലുമല്ല.. കാരണം നാമൊരിക്കലും നല്ല പ്രണയ ജോടികളായിട്ടില്ല..
പിന്നെ.., നിനക്കും എനിക്കും തമ്മിൽ 
ജന്മ ജന്മങ്ങൾക്കു മുൻപേ ഊട്ടിയുറപ്പിച്ച എന്ത് ബന്ധമാണുള്ളത്..
ഒന്നും തന്നെയില്ല... ഒന്നും... അതേ.. അതാണ് സത്യം..!!
അപരിചിതർ.. അപരിചിതരാണ് നാം..
രണ്ടു ദിക്കുകളിൽ നിന്നു വന്നെത്തി 
അല്പ നേരത്തെ വിശ്രമത്തിനായി നിന്ന
ഒഴിഞ്ഞ ജീവിത സത്രത്തിന്റെ ഇടനാഴികളിൽ  അറിയാതെ കണ്ടു മുട്ടിയവർ..
ഒടുവിൽ വിശ്രമം കഴിഞ്ഞ് പോവും നേരം
യാത്ര പോലും പറയാതെ പടിയിറങ്ങുന്നവർ..
അകലങ്ങളിലെത്തിയാൽ പോലും
അറിയാതൊന്നു തിരിഞ്ഞു നോക്കാത്തവർ..
ഓർമക്കായ് കിനാവിന്റെ കുഞ്ഞു തൂവൽക്കണം പോലും
ഹൃദയത്തിൽ സൂക്ഷിക്കാത്തവർ...
പ്രണയത്തിന്റെ പടവിൽ വെച്ച് ഒരിക്കലും പരസ്പരം കണ്ടുമുട്ടിയിട്ടില്ലാത്തവർ.. 
അപരിചിതരാണ് നാം.. തീർത്തും അപരിചിതർ.. 
.
.
നിനക്കെന്നോട് ദേഷ്യം തോന്നുന്നു.. അല്ലേ.. 
പരിഭവം കൊണ്ടാ മുഖം ചുവക്കുന്നത് എനിക്ക് കാണാം.. 
എന്തിനാണിങ്ങനെ അക്ഷരങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും 
നിന്നെ ഞാ വേദനിപ്പിക്കുന്നത്.. 
അറിയില്ല.. ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളിൽ ഒന്നു മാത്രമാണത്.. 
എന്തിനു ഞാൻ നിന്നെ പ്രണയിക്കുന്നു എന്ന ചോദ്യത്തെ പോലെ തന്നെ അപ്രസക്തമായ ഒന്ന്..

നിന്നെ ഞാൻ പ്രണയിക്കുന്നുണ്ടോ.. അതും എനിക്കറിഞ്ഞൂടാ.. 
നീ പറയൂ.. എന്നേക്കാൾ നന്നായി നിനക്കറിയാമല്ലോ എന്നെ.. 
ഇതിനുള്ള ഉത്തരം നീ തന്നെ പറയൂ.. 
ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടോ.. 
ഇഷ്ടത്തോടെ നീയെന്നെ കരുതിയപ്പോഴെല്ലാം 
നിന്നെ നോവിച്ച് ഞാനകന്ന് നിന്നത് നിന്നോടുള്ള പ്രണയം കൊണ്ടായിരുന്നോ.. 
പിന്നെ.,  നീയെന്നിൽ നിന്നകന്നു പോകുന്നുവെന്ന് തോന്നിയപ്പോഴെല്ലാം 
എന്നിലേക്ക് നിന്നെ ചേർക്കാൻ ശ്രമിച്ചത് പ്രണയം കൊണ്ടായിരുന്നുവോ.. 
എന്നിട്ടും നിന്റെ വേളിപ്പെണ്ണായൊരുങ്ങാൻ സമ്മതം ചോദിച്ചപ്പോഴെല്ലാം 
സമ്മതമല്ലെന്ന് പറഞ്ഞ് നിന്നിൽ നിന്നകന്നത് പ്രണയം കൊണ്ടായിരുന്നുവോ.. 
ഇനി എന്നിലേക്കൊരു തിരിച്ചു വരവില്ലെന്ന് പറഞ്ഞ് നീ പോയപ്പോ 
ഹൃദയം കൊണ്ടെങ്കിലും ഒരു പിൻ വിളി വിളിക്കാതെ നോക്കി നിന്നത് 
പ്രണയം കൊണ്ടായിരുന്നുവോ.. 
അകന്ന് നിന്ന് നീയെന്നോട് പരിഭവം കാട്ടുമ്പോ 
അതെന്റെ തെറ്റ് കൊണ്ടാണെന്നറിഞ്ഞിട്ടും 
എനിക്ക് വേദനിച്ചത് പ്രണയം കൊണ്ടായിരുന്നുവോ.. 
നിന്നിലേക്കൊഴുകാൻ മനസ്സ് വെമ്പൽ കൊണ്ടപ്പോഴും 
വിധിയുടെ വന്മതിലു കൊണ്ടതിനെ തടഞ്ഞു നിർത്തിയത് 
നിന്നോടുള്ള പ്രണയം കൊണ്ടായിരുന്നുവോ.. 
പരിഭവത്തിനുമപ്പുറം ആ മനസിൽ ഇന്നുമെന്നോട് പ്രണയമുണ്ടെന്നറിഞ്ഞപ്പോൾ 
കണ്ണു നിറഞ്ഞത് പ്രണയം കൊണ്ടായിരുന്നുവോ.. 
എന്നിട്ടും വീണ്ടും എന്നിലേക്ക് തിരിച്ചു വരരുതെന്ന് പറഞ്ഞ് 
നിന്നിൽ നിന്നകന്ന് നിൽക്കുന്നത് പ്രണയം കൊണ്ടാണെന്ന് നിനക്ക് തോന്നുന്നുവോ.. 
എന്തോ.. എനിക്കറിഞ്ഞൂടാ..

അതെന്റെ വില കുറഞ്ഞ സ്വാർത്ഥത മാത്രമാണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു.. 

അവിടെ പ്രണയമുണ്ടായിരുന്നില്ല.. 

ആത്മാവിൽ നിന്ന് ആത്മാവിലേക്ക് നീയെനിക്ക് പകർന്നു തന്ന പരിശുദ്ധ പ്രണയത്തെ 
ഏറ്റു വാങ്ങാനോ.. അതിൽ ഒരംശമെങ്കിലും നിന്നിലേക്കു പകരാനോ എനിക്കായില്ല.. 
അതേ.. ഞാൻ നിന്നെ പ്രണയിച്ചിരുന്നില്ല സഖേ.. 
അതെന്റെ സ്വാർത്ഥത മാത്രമായിരുന്നു.. 
നിന്നെ നഷ്ടപ്പെടാതിരിക്കാനുള്ള വെറും സ്വാർത്ഥത..!!




പ്രണയത്തിന്റെ നിർവചങ്ങൾക്ക് എനിക്ക് നിന്നേയും നിനക്ക് എന്നേയും 

നിർവചിച്ച് തരാൻ കഴിയാത്തതെന്തേ..
അർത്ഥങ്ങളറിയാൻ അഴിച്ചു നോക്കുന്തോറും 
ആഴത്തിലേക്ക് മുറുകുന്ന കുരുക്കാണ് നാം..
പുറകിലുപേക്ഷിച്ചു പോവാനോ.. വർത്തമാനത്തിൽ കൂടെ ചേർക്കാനോ.. 
ഭാവിയിലേക്ക് കരുതി വെക്കാനോ കഴിയാതെ ശ്വാസം മുട്ടിക്കുന്ന ഒരു കുരുക്ക്....
അപ്പോഴും ബാക്കിയാവുന്നത് ഈ ഒരു ചോദ്യമാണ്..

"നീയെനിക്കാരാണ്.." 


No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...