Wednesday 25 January 2017

ഇനിയൊരു നാളും
നിന്റെ തൂലികത്തുമ്പിലേക്കു
മടങ്ങുകയില്ലെന്നുറപ്പിച്ച്
ഞാനെന്നിലെ കവിതകളെ
മഴയിലേക്കെറിയുന്നു...
നീ തലോടിയ കവിളുകളിൽ നിന്ന്
ചുംബിച്ച മിഴികളിൽ നിന്ന്..
പ്രണയിച്ച ഹൃദയത്തിൽ നിന്ന്..
ഞാനെന്ന കവിതയിതാ
മഴയോടൊപ്പം നനഞ്ഞില്ലാതെയാവുന്നു..
ഇനിയൊരിക്കൽ നീയെന്നെ തിരയുമ്പോൾ
നിനക്കു കണ്ടെത്താൻ
ഒരു കവിതായായ് പോലും
ഞാനുണ്ടാവില്ലെന്നോർത്തു കൊള്ളുക..
കടലോളം ആഴത്തിൽ നിന്റെ നോവുകൾ
എന്നെ പൊതിയുമ്പോൾ
മഴ ചിതറിച്ചൊരു കവിതയായി ഞാൻ
മഷിയിടറി മഴയായാലിഞ്ഞ്
ഒരു തുള്ളി പോലും ബാക്കിയാവാതെ
നക്ഷത്രങ്ങളിലേക്ക് മടങ്ങിപ്പോവുന്നു..

Thursday 19 January 2017

ഒടുവിൽ

നിന്റെ ഹൃദയത്തിന്റെ ചുവട്ടിൽ
എന്റെ മുറിവുണങ്ങാത്ത ഹൃദയം...!!!


ഒരു കുഞ്ഞു കവിത തേങ്ങുന്നുണ്ട്
വേവുറഞ്ഞ ഹൃദയത്തിന്റെ കോണിൽ..

നിന്നിലേക്കു പകരാനാവുന്നില്ല സഖേ  ...
തൂലികത്തുമ്പിൽ  നിണമിറ്റുന്നു..

ഒരു നനുത്ത സ്വപ്നം ചിറകടിക്കുന്നുണ്ട്
നിറം മാഞ്ഞു വിളറിയ കിനാവുകളിൽ

നിന്നോടു വർണിക്കാനാവില്ല സഖേ
ഉണർന്ന ഓർമകളിൽ
ചിറകു ചീന്തിപ്പോയൊരു സ്വപ്നത്തിന്റെ തുണ്ട്..

മഷി ചിതറി വെണ്മ മാഞ്ഞ കടലാസു പോൽ
നോവു ചീന്തി ചിരി മാഞ്ഞു ജീവനിൽ

ഇനിയെത്ര കവിതകളെഴുതിയാലും
ഇനിയെത്ര വർണങ്ങൾ വിതറിയാലും

തെളിവതില്ലീ  ജീവിതത്തിന്റെ ക്യാൻവാസ്  
കണ്ണീരു  വീണു കറ പിടിച്ചു മനസിലും..

നിനക്കായ് മാറ്റിവെയ്ക്കുവാനില്ല ഇനിയൊന്നും
ബാക്കിയാവുന്നിതിത്ര  മാത്രം.. ,

ചിറകറ്റു പാതി ജീവനിൽ പിടയുന്നൊരു സ്വപ്നം 
നിണം വാർന്ന് ഹൃദയത്തിൽ വേവുന്നൊരു കവിത 
കറ  വീണ മനസ്സ്.. കണ്ണീരു വറ്റിയ  നൊമ്പരം 

ഒടുവിൽ

നിന്റെ ഹൃദയത്തിന്റെ ചുവട്ടിൽ
എന്റെ മുറിവുണങ്ങാത്ത ഹൃദയവും ...!!!

Sunday 15 January 2017

മുള്ളുകളാണെന്നു പറഞ്ഞ് മാറ്റി നിർത്തിയ  ചെടികളിലാണ് 
എന്നും; ഏറെ മോഹിപ്പിക്കുന്ന പൂക്കൾ വിരിഞ്ഞിരുന്നത്..

Thursday 12 January 2017



ഹൃദയത്തിന്റെ കോണിൽ നിന്നൊരു കവിത
തൂലിക തകർത്ത്  ചിതറിയോടുന്നു..
 
ചേർത്തു വയ്ക്കാൻ കോരിയെടുത്തപ്പോഴെല്ലാം
പടർന്നൊഴുകിയത് എന്നിൽ നിന്നൂർന്നു പോകയാണ്

പെട്ടെന്നു ചിതറിയോടിയതിനാലാവാം
ഹൃത്തിലൊരു മുറിവിന്റെ നേർത്ത നീറ്റൽ

ഉപ്പു വീണു പടരും  പോലെ
നീറ്റിപ്പിടഞ്ഞത് വലുതാകുന്നു..

ഉള്ളിലടക്കി വയ്ക്കാനാവാതെ വന്നപ്പോൾ
നോവൊരു വൃണം പോലെ പഴുത്തു തുടങ്ങിയപ്പോൾ
ഞാനെന്റെ ഹൃദയത്തെ പുറത്തേക്ക് വലിച്ചെറിഞ്ഞു

വെറും നിലത്ത് മണ്ണ് പുരണ്ട്
ഉപേക്ഷിക്കപ്പെട്ടൊരോർമ്മ പോലെ
അത് കിടന്നു..

ചിതറിയോടിയൊരാ
കവിത കോറിയിട്ട മുറിവിൽ നിന്ന്
മറവിയുടെ നിറമുള്ള രക്തമിറ്റുന്നു

ജനിക്കാതെ പോയ കവിതക്കുഞ്ഞുങ്ങൾ
അതിൽ കിടന്ന് കൈകാലിട്ടടിച്ച് പിടഞ്ഞു തീരുന്നു

എന്നിൽ നിന്നും കുതറിയോടിയൊരാ
അവസാന കവിതയും
എന്റെ നിശ്വാസത്തിന്റെ  വിഷമേറ്റ്
ഉരുകി വീഴുന്നു..

ശേഷം

ഹൃദയമില്ലാത്ത ശൂന്യതയിലേക്ക് നോക്കി
നെടുവീർപ്പിട്ട്

കവിതകളില്ലാത്ത പുലരിയിലേക്ക്
ഞാനും തിരിഞ്ഞു നടക്കുന്നു..


       -: എ അയ്യപ്പൻ
    കവിത : സുമംഗലി
^^^^^^^^^^^^^^^^^^^^^^^^^^

ഒരേ മണ്ണു കൊണ്ട് നീയും ഞാനും സൃഷ്ടിക്കപ്പെട്ടു
ഒരേ മണ്ണു കൊണ്ട് നീയും ഞാനും സൃഷ്ടിക്കപ്പെട്ടു

പ്രാണൻ തെറ്റിയ നാൾ മുതൽ
നമ്മുടെ രക്തം ഒരു കൊച്ചരുവി പോലെ   ഒന്നിച്ചൊഴുകി
നമ്മുടെ പട്ടങ്ങൾ ഒരേ ഉയരത്തിൽ പറന്നു
കളിവള്ളങ്ങൾ ഒരേ വേഗത്തിൽ തുഴഞ്ഞു

പ്രാണൻ തെറ്റിയ നാൾ മുതൽ
നമ്മുടെ രക്തം ഒരു കൊച്ചരുവി പോലെ   ഒന്നിച്ചൊഴുകി
നമ്മുടെ പട്ടങ്ങൾ ഒരേ ഉയരത്തിൽ പറന്നു
കളിവള്ളങ്ങൾ ഒരേ വേഗത്തിൽ തുഴഞ്ഞു

കടലാസു തത്തകൾ പറഞ്ഞു
നമ്മൾ വേഗം വളരുമെന്ന്
വീട് വെച്ച് വേളി കഴിക്കുമെന്ന്..

ഒഴുകി പോയ പുഴയിൽ
കീറിപ്പോയ കടലാസു തത്തകൾ
ഇന്ന് സാക്ഷികളായി,

കുട്ടിക്കാലം നദീതീരത്തേക്ക്
കൗമാരം കമോഭരത്തിലേക്ക്,

മനസ്സിൽ പെട്ടെന്ന്
വെളിച്ചം പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു,
ആ വളപൊട്ട്  മുറിഞ്ഞ ഒരു ഞരമ്പാണ്

മനസ്സിൽ പെട്ടെന്ന്
വെളിച്ചം പൊലിഞ്ഞു പോയ ഒരു ദിവസം
ഞാനൊരു കുപ്പിവള പൊട്ടിച്ചു,
ആ വളപൊട്ട്  മുറിഞ്ഞ ഒരു ഞരമ്പാണ്
     
നമ്മൾ വെള്ളം തേകിയ നീർമാതളം പട്ടു പോയി
നമ്മൾ വെള്ളം തേകിയ നീർമാതളം പട്ടു പോയി

നീയറിഞ്ഞോ നമ്മുടെ മയിൽപ്പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങൾ

നമ്മൾ വെള്ളം തേകിയ നീർമാതളം പട്ടു പോയി
നീയറിഞ്ഞോ നമ്മുടെ മയിൽപ്പീലി പെറ്റു
നൂറ്റൊന്നു കുഞ്ഞുങ്ങൾ


                                   

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...