Monday 17 September 2018

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ 
ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ 
നാൽക്കവല സ്റ്റോപ്പിൽ 
ഞാൻ കയറിയ ബസ് 
അൽപനേരം നിർത്തിയിടുകയുണ്ടായി 
അന്നേരമാണ്
ഇനിയുള്ള ഓരോ ബസ്സു യാത്രകളെയും
കൊതിപ്പിക്കാൻ പാകത്തിന്
ഒറ്റനോക്കിലെന്നിലെ പെണ്ണത്തത്തെ പോലും
പ്രണയത്തിലാഴ്ത്തിക്കളഞ്ഞ
കറുത്തു മെലിഞ്ഞൊരാ
പെണ്ണൊരുത്തിയെ ഞാൻ കാണുന്നത്..
ഹാ !! അവള് വെറുമൊരു പെണ്ണായിരുന്നില്ല
ആകെ പൂത്തുലഞ്ഞൊരു വനദുർഗയായിരുന്നു
ആരെയും കൂസാതെ
അലസം വിരസം അങ്ങോട്ടുമിങ്ങോട്ടും നോക്കി
അവളവിടെ നിന്നു
ഞാനാകട്ടെ അവളിൽ നിന്ന് തിരിച്ചു വിളിക്കാനാവാത്ത
എന്റെ മിഴികളുമായി നിസ്സഹായതയോടെ..
അവളുടെ കറുത്ത കാർമേഘച്ചുരുൾ മുടി
തോളിലുമ്മവെച്ചുമ്മ വെച്ച് മുട്ടോളം പടർന്നു കിടന്നു..
വിടർന്ന മിഴികളിൽ രാക്കിനാവ് ചാലിച്ച
നീട്ടിയെഴുത്ത് പാതിമയക്കത്തോടെ..
നെറ്റിയിലൊരു കുഞ്ഞമാവാസിചന്ദ്രൻ
അതിനു മുകളിൽ സന്ധ്യയുടെ ചീന്തൽത്തുണ്ട്
മൂക്കുത്തി തുമ്പിലൊരു നക്ഷത്രക്കല്ല്
ഓടിച്ചെന്ന് അവളുടെ മൂക്കിൻത്തുമ്പിലൊരുമ്മ
കൊടുക്കണമെന്ന കൊതിയോടെ
ഞാനവളെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരിക്കവേയാണ്
പൊടുന്നനെ ആളെ നിന്ന് മതിയായ ബസ്
ഡബിൾ ബെല്ലിന്റെ ഭീക്ഷണി മുഴക്കി
മുന്നോട്ട് പാഞ്ഞത്...
എന്നെയൊന്നു നോക്കാനവൾക്കിട കിട്ടും മുന്നേ
ഞാനവളിൽ നിന്നും ഒഴുകിയകന്നു..
പിന്നീടൊരുനാളും കണ്ടുമുട്ടിയേക്കാൻ
വഴിയില്ലാത്ത ആ പെണ്ണിനെ എന്നിട്ടും
ഞാനിന്നുമോരോ വിരസയാത്രകളിലും
തിരയുന്നു
എണ്ണ കിനിയുന്ന മുഖവും നനഞ്ഞ ചുണ്ടുകളുമായി
ഒരുനാൾ അവളെന്റെ അരികിലത്തെ സീറ്റിൽ
വന്നിരിക്കുമെന്ന് മോഹിച്ച്
ഞാനവിടം മനപ്പൂർവം ഒഴിച്ചിടുന്നു..
എത്രപെട്ടെന്നാണ്
തീർത്തും അപരിചിതരായ ചില പെണ്ണുങ്ങൾ
അത്രയേറെ പരിചിതത്വത്തോടെ
നമ്മിൽ പ്രണയം നിറക്കുന്നതെന്നോർത്ത്
ഞാനത്ഭുതപ്പെടുന്നു..!!
വൈക്കോൽത്തുറുവിൽ പൊതിഞ്ഞ്
അത്രയേറെ പ്രേമത്തോടെ
നമ്മളുണ്ടാക്കിയ
കുന്നിൻ ചെരുവിലെയാ
ഒറ്റമുറി വീട്ടിൽ 
ഞാനും നീയുമില്ലാത്തൊരു സ്വപ്നം
പകച്ചിരിപ്പുണ്ട്..
ജനാലകളില്ലാഞ്ഞിട്ടും വാതിലടക്കാഞ്ഞിട്ടും
രക്ഷപ്പെടാനറിയാതെ
നിലാവു നനഞ്ഞ്
നിശബ്ദം
അതവിടെയിരിക്കുന്നു
അറിയാതറിയാതൊരുനാൾ
ആ വഴിയെങ്ങാൻ ചെന്നു പെട്ടാൽ
ഓർമകളുടെ കനൽച്ചീളിട്ട്
നീയതിനെ
പൊതിഞ്ഞു പിടിക്കുമോ ?!
നീറി നീറിയത് പിടഞ്ഞു തീരുന്നത്
നാം നോക്കി നിൽക്കുമോ ?!
ഒടുവിൽ !!
വീണ്ടുമൊരിക്കൽ കൂടി
സ്വപ്നങ്ങളില്ലാതെ ഞാനും നീയും
ജീവിതമിറങ്ങുമോ..!!!
വെളിച്ചത്തിന്റെ അവസാനതുള്ളിയും
കെട്ടുപോയൊരാ നേർത്ത നിമിഷത്തിൽ
മരണം, നിന്റെ നനുത്ത
ചുംബനങ്ങൾ കണക്കെന്നെ
കൊതിപ്പിച്ചു കടന്നു വരുന്നു
പരിചിതനായൊരു സുഹൃത്തിനെപ്പോലെ
നെറുകയിൽ തലോടുന്നു
ചുണ്ടുകളിൽ കൊടുംവിഷത്തിന്റെ
പ്രണയം പകരുന്നു
സിരകളിൽ ഭ്രാന്തു പൂക്കുമ്പോൾ
കടുംമഞ്ഞ നിറമാർന്ന
സൂര്യകാന്തിപ്പൂക്കൾ
എനിക്കു മുന്നിൽ തെളിയുന്നു..
എങ്ങു നിന്നോ വന്നയാ
മഞ്ഞപാപ്പാത്തിക്കു പുറകെ നിശബ്ദം
കവിതകളകലുന്നു..
അക്ഷരങ്ങൾ സ്വപ്നങ്ങളെപ്പോൽ വിരൽത്തുമ്പിൽ
നിന്നൂർന്നു വീഴുന്നു..
ഭ്രാന്തുകളെന്നിൽ പടർന്നു പൂക്കുമ്പോഴു൦
ഒരിക്കല് കൂടി, എന്നില് നിന്ന്
നിനക്കെന്നെ രക്ഷിക്കാനാവുമെന്ന്
നിന്നെപ്പോലെ വൃഥാ ഞാനു൦ കൊതിക്കുന്നു..
മരണത്തിനു ജീവിതത്തേക്കാൾ ലഹരിയുണ്ടെന്ന് 
വിഷാദങ്ങളെന്നെ ഭ്രമിപ്പിക്കുമ്പോൾ 
അകലങ്ങളിലെവിടെയോ ഇരുന്ന് 
നീയിന്നുമെന്നെ സ്നേഹിക്കുന്നുണ്ടാവാമെന്ന 
ആശ്വാസത്തിലേക്ക് ഞാനെന്നെ 
ഒളിപ്പിച്ചു വെക്കുന്നു.. 
പെയ്തു തോരാത്ത ചാറ്റൽമഴ കണക്ക് 
എനിക്കുള്ളിൽ നിൻ്റെയോർമകൾ 
അകലങ്ങളുടെ പനിച്ചൂടിൽ 
ഞാനും നീയും ഒരേയളവിൽ 
പൊള്ളിച്ചുവക്കുന്നു..!!!
നിൻ്റെയോർമകൾ മഴയാകുന്നു !!
മറവികളെന്നിലെത്ര പൂത്താലും 
ഓർമകളുടെ മഴച്ചാറ്റലിൽ 
നീയവയെ ചിതറിച്ചു കളയുകയും 
നിൻ്റെ നോവോർമ്മകളിലേക്കെന്നെ 
കൊരുത്തിടുകയും ചെയ്യുന്നു...!!
എൻ്റെ മരണമേ, 
നനവുമ്മകളാൽ 
നീയെന്നെ വിളിക്കുമ്പോൾ 
ശരിതെറ്റുകളെ കുറിച്ചോർക്കാൻ 
ഞാനൊരുങ്ങുകയില്ല 
നേർത്തൊരു ചീന്തലാൽ
നീല ഞരമ്പുകളിൽ നിന്ന്
ജീവനെ തുറന്നു വിടുകയും
ജീവിതത്തിൻ്റെ കുടുക്കിൽ നിന്ന്
ശരീരത്തെ ഊരിക്കളകയും ചെയ്ത്
നിൻ്റെ തണുത്തയാത്മാവിനു കീഴെ
ഞാനൊരനാഥയെപ്പോലെ
ചുരുണ്ടു കൂടും..
മറ്റൊരാളെ വായിച്ച് വായിച്ച് പൊടുന്നനെയൊരുനാൾ 
നിങ്ങളിലേക്കുള്ള വാതിലും തുറക്കപ്പെടുന്നു..
അന്നോളം വായിച്ചതിൽ വെച്ച് 
ഏറ്റവും മികച്ച വായന 
സ്വന്തം ജീവിതം തന്നെയെന്ന് നിങ്ങളറിയുന്നു..!!
വിഡ്ഢികളുടെ മൂഢസ്വർഗ്ഗത്തിന്റെ രുചി എന്തിനാണെന്റെ പെണ്ണുങ്ങളെ നിങ്ങൾ നിങ്ങളുടെ മക്കളിലേക്ക് പകർന്നു കൊടുക്കുന്നത്...???!!!!
*******************************************
വെള്ളക്കാർ നാടുപേക്ഷിച്ചു പോയതോടെ നാട് മുടിഞ്ഞുവെന്ന് വിശ്വസിക്കുന്ന ഒരു കഥാപാത്രമുണ്ട് മുകുന്ദന്റെ നോവലിൽ. 'ദൈവത്തിന്റെ വികൃതികളി'ലെ മഗ്ഗി മദാമ്മ. വെള്ളക്കാരുടെ ഭരണം എന്തായിരുന്നു എന്നോ എങ്ങനായിരുന്നു എന്നോ അവർക്കറിയില്ല. അവരത് അറിയാൻ ശ്രമിക്കുന്നും ഇല്ല. വെള്ളക്കാരുടെ ഭരണത്തിന്റെ ആശ്രിതവശത്ത് പറ്റിപ്പിടിച്ച് അല്ലലില്ലാതെയാണ് മഗ്ഗിമദാമ്മ കഴിയുന്നത്. വെള്ളക്കാർ നാടുവിട്ട് പോയതോടെ അവരുടെ ഉപജീവനം മുട്ടുന്നു. വെള്ളക്കാർ നാടുപേക്ഷിച്ചു പോയതോടെ നാട് മുടിയുന്നു എന്ന് സ്വാഭാവികതയോടെ അവർ വിശ്വസിക്കുകയും ചെയ്യുന്നു.
പറയാൻ പോകുന്നത് മുകുന്ദന്റെ മഗ്ഗിമദാമ്മയെ കുറിച്ചല്ല. മറിച്ച് ആശ്രിതവശത്ത് പറ്റിപ്പിടിച്ച് എല്ലാക്കാലത്തും അടിമജീവിതത്തെ വാഴ്ത്തി ജീവിക്കുന്ന ചില *മഗ്ഗിമദാമ്മമാരെ കുറിച്ചാണ്.
പെണ്ണിന് സ്വന്തമായി വ്യക്തിത്വമുണ്ടെന്നും അവകാശങ്ങളുണ്ടെന്നും സമൂഹം അത് അംഗീകരിക്കണം എന്നുമൊക്കെ ഒളിഞ്ഞും പിന്നെ തെളിഞ്ഞും പിന്നെ പിന്നെ വ്യക്തതയോടും അടിവരകളോടും കൂടെ ഫെമിനിസ്റ്റ് സൈദ്ധാന്തികരും മറ്റും പത്തൊമ്പതാം നൂറ്റാണ്ട് മുതൽ പറഞ്ഞു തുടങ്ങിയതാണ്. (അതിനുമുമ്പും സ്വത്വ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ത്രീകൾ ചരിത്രത്തിലുണ്ട്. അത് മറക്കുന്നില്ല.)
എന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും എന്തേ അതങ്ങു മുഴുവനായിട്ടും ഇങ്ങു കിട്ടുന്നില്ല..?!!
അതിനൊരുപാട് കാരണങ്ങൾ അക്കമിട്ട് നിരത്താനാവുമെങ്കിലും വളരെ പ്രധാനപ്പെട്ട ഉടനടി മാറ്റാൻ ശീലിക്കേണ്ട ഒരു കാരണമായി എനിക്ക് തോന്നിയത് പെണ്ണുങ്ങൾ മഗ്ഗിമദാമ്മമാരാവുന്നത് നിർത്തണം എന്നതാണ്.
ലോകത്തൊരിടത്തും Patriarchy പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചുണ്ടായതല്ല. രാജാക്കന്മാർ മറ്റൊരു രാജ്യത്തെ കീഴടക്കാൻ യുദ്ധം ചെയ്യും പോലെ പെട്ടെന്നൊരു ദിവസം ലോകത്തിലെ ആണുങ്ങളെല്ലാം കൂടി പെണ്ണുങ്ങളോട് യുദ്ധം ചെയ്ത് അവരെ തോല്പിച്ച് സ്ഥാപിച്ചെടുത്ത രാജ്യവുമല്ല അത്. മറിച്ച് ഒരാൾ കള്ളിനോ കഞ്ചാവിനോ അടിമപ്പെടും പോലെ (എന്നാൽ ദൂഷ്യവശങ്ങളെ കുറിച്ച് യാതൊരു സൂചനയും കൊടുക്കാതെ) ആദ്യം മെല്ലെ മെല്ലെ, ചവർപ്പിൽ മുഖം ചുളിച്ചപ്പോൾ ലഹരിയെ കുറിച്ച് പറഞ്ഞ് പ്രലോഭിപ്പിച്ച് പിന്നീട് അതിനെ കുറിച്ചൊരു പുനർവിചിന്തനത്തിനും ഇടകൊടുക്കാതെ വണ്ണം അതിൽ മുഴുകിപ്പോവുന്നത് പോലെ തീർത്തും സ്വാഭാവികമെന്ന മട്ടിൽ ഒരുപക്ഷെ ഒച്ചിനേക്കാൾ മെല്ലെയിഴഞ്ഞ് സ്ഥാപനവത്കരിക്കപ്പെട്ട ഒരു വ്യവസ്ഥയാണത്.
ലോകത്തൊരിടത്തും പുരുഷന്മാരെല്ലാം Patriarchy-യുടെ വക്താക്കളും സ്ത്രീകളെല്ലാം അതിന്റെ ഇരകളുമായി മാത്രം നില നിൽക്കുന്നില്ല. പുരുഷന്മാരിലും സ്ത്രീകളിലും ഒരു വിഭാഗം ഇര ഭാഗത്ത് നിലകൊള്ളുകയും. മറുവശത്ത് പുരുഷന്മാരിൽ തന്നെയുള്ള ഇതര വിഭാഗം വക്താവിന്റെ ഭാഗത്തും സ്ത്രീകളിലെ ഇതര വിഭാഗം വക്താക്കളുടെ കൈയാളുകളായിട്ടും നിലനിൽക്കുന്ന അവസ്ഥയാണുള്ളത്. അതേസമയം തന്നെ പലപ്പോഴും ഓരോ വ്യക്തിയും അറിഞ്ഞോ അറിയാതെയോ (കൂടുതലും) patriarchy-യുടെ വക്താക്കളാവുന്നുണ്ട് എന്നതും മറ്റൊരു യാഥാർഥ്യം.
കല്യാണം കഴിച്ചു വരുന്ന പെണ്ണ് ജോലിക്കു പോകണമോ വേണ്ടയോ, കല്യാണത്തിനു ശേഷം അവൾക്ക് എത്ര മണിക്കൂറ് വരെ സ്വന്തം വീട്ടിൽ പോയി നിൽക്കാം തുടങ്ങിയ കാര്യങ്ങൾക്കൊക്കെ (എന്തുടുക്കണം, ഏതുടുക്കണം, എപ്പോ തിന്നണം, ആരോട് മിണ്ടണം മിണ്ടരുത് ഇത്യാദികളെല്ലാം ഈ ഗണത്തിൽ പെടും) ആദ്യം ഭർത്താവിനോടും പിന്നെ അമ്മായിയപ്പനോടും എന്നോടും ചോദിച്ചേ ചെയ്യാവൂ എന്ന് പറയുന്ന അമ്മായിയമ്മമാരും + ഇതൊക്കെ അങ്ങനെയേ ചെയ്യാവൂ എന്നുപദേശിക്കുന്ന അമ്മമാരും, "എന്റെ എഫ് ബി പാസ്‌വേഡ് ഒക്കെ ആങ്ങളക്കറിയാം എല്ലാ ആഴ്ചയും ആങ്ങള അതെല്ലാം ചെക്ക് ചെയ്യും ഫോണും ചെക്ക് ചെയ്യും അത്ര ശ്രദ്ധയാ" എന്നഭിമാനത്തോടെ (?) പറയുന്ന പെങ്ങന്മാരും സ്വന്തം ജീവിതത്തിൽ അപ്പനും ആങ്ങളമാരും പറയുന്നതിനപ്പുറം ഒന്നുമില്ലെന്നും തന്നെയും തന്റെ വികാരവിചാരങ്ങളെയും കീറിമുറിച്ച് പഠിച്ച് പി എച്ച് ഡി എടുത്തവരാണ് അവരെന്നും വിശ്വസിക്കുന്ന പെൺമക്കളും (പെങ്ങന്മാരും) ഏതെങ്കിലും ഒരുത്തൻ ഇങ്ങോട്ട് കേറി ഉപദ്രവിച്ചാലും "നിനക്ക് അടങ്ങി ഒതുങ്ങി നടന്നൂടെ എന്നെയൊന്നും ആരും ഉപദ്രവിക്കുന്നില്ലല്ലോ" എന്നുപദേശിക്കുന്ന സ്നേഹനിധികളായ കൂട്ടുകാരികളും അത് വിശ്വസിച്ച് എങ്ങനെ അടങ്ങി ഒതുങ്ങണം എന്ന് റിസേർച്ച് ചെയ്യുന്ന പെൺപിറന്നതുങ്ങളും ഒക്കെ (ലിസ്റ്റ് ആവശ്യാനുസരണം നീട്ടാവുന്നതാണ്) Patriarchy-യെ ചുമന്നോണ്ട് നടക്കുന്ന തൂണുകളാണ്.
Patriarchy ആരും നിങ്ങളെ കുത്തിക്കേറ്റി തീറ്റിപ്പിക്കുന്ന ഇഷ്ടമില്ലാത്തൊരു ഭക്ഷണമല്ല, വെറുതെ തുപ്പിക്കളഞ്ഞാൽ ഒഴിഞ്ഞല്ലോ എന്ന് കരുതാൻ. മറിച്ച് വളരെ സാവധാനത്തിൽ നിങ്ങളെ ശീലിപ്പിച്ചെടുക്കുന്ന ഒരു വ്യവസ്ഥിതിയാണ്. ഞാനതിന്റെ ഭാഗമാണല്ലോ എന്ന് ചിന്തിക്കാൻ പോലുമുള്ള ഇടം നിങ്ങൾക്കത് നൽകുന്നില്ല.
Patriarchy പനിയോ ജലദോഷമോ പോലുള്ള അസുഖമല്ല മരുന്ന് കഴിച്ച് ഭേദപ്പെടുത്താൻ. അതൊരു ശീലമാണ്, വളരെ നാളുകൾ കൊണ്ട് ശീലമാക്കിയെടുപ്പിച്ച ഒരു ശീലം. ശീലങ്ങളെ മാറ്റാനും നമ്മൾ ശീലിക്കുക തന്നെ വേണം.
സ്വാഭാവികമെന്ന് നമുക്ക് തോന്നുന്ന പലതും അത്ര സ്വാഭാവികമല്ലെന്ന് തോന്നിത്തുടങ്ങുമ്പോൾ ,
ഇതൊക്കെ വെറും തമാശയല്ലേ എന്ന് ചില തമാശകളെ അത്രമേൽ നിസ്സാരവൽക്കരിക്കാതിരിക്കുമ്പോൾ
ചില ആദർശബിംബങ്ങളിൽ തട്ടി മൂക്കും കുത്തി വീഴാതിരിക്കുമ്പോൾ
അഹല്യയും സീതയും സാവിത്രിയുമാവണ്ട എനിക്കെന്ന് ഉറക്കെ പറയാൻ തുടങ്ങുമ്പോൾ
കാൽവിരലുകളിൽ നിന്ന് കണ്ണുകൾ കണ്ണുകളിലേക്കുയർത്തി നിന്ന് സംസാരിക്കാനാരംഭിക്കുമ്പോൾ
അതങ്ങനെയാണ് എന്നത് അതങ്ങനെയാവേണ്ട കാര്യമില്ലെന്ന് മറുപടി പറയാൻ തുടങ്ങുമ്പോൾ
അപ്പോഴൊക്കെയാണ് ചില ശീലങ്ങൾ തകർക്കപ്പെടുന്നത്. അപ്പോൾ മാത്രമാണ് വ്യവസ്ഥകൾ മാറ്റപ്പെടുന്നത്.
patriarchy മാറ്റിയെടുക്കേണ്ട ഒരു ശീലമാണ്. പെണ്ണുങ്ങൾ സ്വയം മാറ്റിയെടുക്കേണ്ട ഒരു ശീലം..!!
(* മഗ്ഗിമദാമ്മയുടെ പ്രസ്തുത വിചാരധാരയെ മാത്രമാണ് കണക്കിലെടുത്തിട്ടുള്ളത്. നോവലിലെ അവരുടെ മുഴുനീള സ്വഭാവത്തെയല്ല.)
പെണ്ണിന്റെ ഉടൽ
വസന്തത്തിന്റെ പലമകളാൽ
സമൃദ്ധമാണ്
അതുകൊണ്ടാണ്
അവളുടെ പ്രേമത്തിന്റെ അടരുകളിൽ 
അത്രയേറെ
സുഗന്ധങ്ങളുടെ രുചിക്കൂട്ട്
നിങ്ങൾക്കനുഭവപ്പെടുന്നത്
പെണ്ണിന്റെ ഉടൽ
പ്രേമത്തിന്റെ പലമകളാൽ
സമൃദ്ധമാണ്
അതുകൊണ്ടാണ്
പ്രേമത്തോടെയല്ലാതെ
നീയവളെ തൊടുമ്പോൾ
വേനൽ തൊട്ടെന്നപോലവൾ
വിളറുന്നത്
പൊള്ളുന്നൊരിതൾ പോലെ
പിടയുന്നത്
പെണ്ണിന്റെ ഉടൽ
കിനാവിന്റെ പലമകളാൽ
സമൃദ്ധമാണ്
അതുകൊണ്ടാണ്
അത്രയേറെ പ്രണയം
പുതച്ചൊരു നോട്ടത്തിനാൽ
നിനക്കവളിൽ
വസന്തമൊരുക്കാനാവുന്നത്..
.
.
എന്തുകൊണ്ടാണ്
ഏലക്കാമണം പേറുന്നയാ പെണ്ണ്
ഒറ്റയുമ്മയാൽ
നിന്നെയവളിൽ കുരുക്കിക്കളഞ്ഞതെന്ന്
നിനക്കിപ്പോൾ മനസിലായില്ലേ...??!! 
പരസ്പരമറിയുന്നില്ലെന്ന നാട്യത്തിൽ 
സ്വപ്നങ്ങളിൽ ഒളിച്ചുകടക്കുന്ന കുസൃതി 
നമുക്കവസാനിപ്പിക്കാതിരിക്കാം..
നേരിട്ടുകാണുമ്പോൾ 
ചിരിപടരാതെ തർക്കിക്കാൻ 
പരിഭവത്തിൻ്റെ കുഞ്ഞു നക്ഷത്രങ്ങളെ
മിഴികളിൽ തുന്നിച്ചേർക്കാം
പ്രാർത്ഥനകളിൽ പരസ്പരമുള്ള
പ്രണയം മാത്രം ബാക്കി വെച്ച്
നമുക്കീ ജീവിതത്തിൻ്റെ അത്താഴമേശയിൽ
കവിതകൾകൊണ്ട് വിരുന്നൊരുക്കാം..
അവളുടെ മിഴികളിൽ നിന്ന് 
നിൻ്റെ ഹൃദയത്തിലേക്കൊരു 
കടലിരമ്പുന്നുണ്ടാവാം 
അല്ലെങ്കിൽ പിന്നെങ്ങനാണ് 
നിന്നെയത്ര നീറ്റുന്നൊരു നോവിനെപ്പോലും 
ഒറ്റനോട്ടത്തിലവളണച്ചു കളയുന്നത്..??!!
ഒരുപാട് തനിച്ചാക്കലുകൾക്കൊടുവിൽ 
ഓരോ മനുഷ്യനും 
ഏകാകിയായ യാത്രക്കാരനെപ്പോലെ 
തൻ്റെ ജീവിതവഴിയുടെ 
പരമാധികാരിയാവുന്നു 
തനിച്ചു നടക്കുന്ന പാതകളവനിൽ
അന്നോളം രുചിച്ചിട്ടില്ലാത്തൊരു
ഉന്മാദത്തിൻ്റെ ലഹരി നിറയ്ക്കുന്നു..
തനിച്ചാകലെത്ര മധുരമെന്ന്
കിനാവ് നുണയുന്നു..

നമ്മൾ

വാക്കുകൾ കൊണ്ട് 
അത്രയേറെ മുറിപ്പെടുത്തിയും 
സന്തോഷത്തേക്കാൾ 
സങ്കടങ്ങൾ വാഴ്ത്തി നൽകിയും 
ആവശ്യത്തിനും അനാവശ്യത്തിനും 
തല്ലുകൂടിയും
എപ്പോഴും തെറ്റ് ചെയ്യുന്നത്
നീ മാത്രമെന്ന്
പരസ്പരം കുറ്റപ്പെടുത്തിയും
ദാക്ഷിണ്യമേതുമില്ലാതെ അപമാനിച്ചും
പ്രേമത്തോളം ചെന്നെത്തുന്ന നമ്മളെ
നമ്മളൊരിക്കലും തമ്മിൽ ചേരില്ലെന്ന്
വിശ്വസിപ്പിച്ച്
വഴക്കു കൂടലുകൾകൊണ്ട്
വരിഞ്ഞു കെട്ടി
മൗനത്തിന്റെ വിഴുപ്പുകോട്ടയിലടച്ചു വച്ച്
മിണ്ടാതിരിക്കലിന്റെ ശിക്ഷ സ്വയംഅടിച്ചേൽപ്പിച്ചിട്ടും
എത്ര ദൂരെ കൊണ്ട് കളഞ്ഞാലും എന്നും
നമ്മളെക്കാൾ വേഗത്തിൽ
വീട്ടിലെത്തുന്നയാ പൂച്ചക്കുഞ്ഞിനെ കണക്ക്
നമ്മിലേക്കു തന്നെ മടങ്ങിയെത്തുന്ന
നമ്മളെക്കാൾ കൂടുതൽ പ്രേമമൊന്നും
ഞാനെവിടെയും കണ്ടിട്ടില്ല...!!
ഒരു പെണ്ണിന്
മറ്റൊരു പെണ്ണിനെ
അത്രയേറെ പ്രേമത്തോടെ
ഉമ്മവെക്കാനാവുമെന്ന്
ഞാനൊരിക്കലും 
വിശ്വസിക്കുമായിരുന്നില്ല..,
അതൊരു
വേനലവധി ക്യാമ്പായിരുന്നു
വെറും പത്തുദിവസത്തേക്ക്.
നാമിരുവരോ
തീർത്തുമപരിചിതരും
എങ്കിലും
ആദ്യത്തെ കാഴ്ചയിൽ തന്നെ
അപരിചിതത്വത്തെ
വഴുക്കിക്കളയുന്നൊരു
സ്നേഹമെഴുക്ക് നമുക്കിടയിൽ
കിനിയുന്നെന്ന് നാമറിഞ്ഞിരുന്നല്ലോ
പിന്നത്തെയൊമ്പത് ദിനങ്ങളാവട്ടെ
ആത്മാവിനെ ആത്മാവിലേക്ക്
കൊരുത്തുകെട്ടുക മാത്രം ചെയ്തു..
നമ്മളൊരുമിച്ചുള്ള
അവസാനത്തെ
രാത്രിയായിരുന്നു അത്
നിറയെ നക്ഷത്രങ്ങളുള്ള
ആകാശത്തിനു കീഴിൽ
ഇനിയൊരിക്കലും
ഒരുമിച്ചിരിക്കുകയില്ലെന്നും
രാത്രിമഴ നനച്ചിട്ട,
ചെമ്പകപ്പൂമണമുള്ള
മണൽവഴികളിൽ
ഇനിയൊരിക്കലും
കൈകോർത്തു നടക്കുകില്ലെന്നും
ജീവിതത്തിലൊരുനാളും
തീർത്തും ആകസ്മികമായിപ്പോലും
ഇനിയൊരിക്കലും
കണ്ടുമുട്ടുകയില്ലെന്നും
അപ്പോൾ
നമുക്കറിയാമായിരുന്നു
അതുകൊണ്ടല്ലേ
കിടക്കാനുള്ള
അവസാന വിളിക്കു ശേഷവും
ഇനിയുമുറങ്ങാത്ത ഒറ്റാലിനു കീഴിൽ
കൈകൾ കോർത്ത്
ഒന്നും മിണ്ടാതെ
നക്ഷത്രങ്ങളെ നോക്കി
ഞാനും നീയുമിരുന്നത്..
പൊടുന്നനെയാണപ്പോൾ
അത്രയും തണുവേറിയ
ഒറ്റയുമ്മയാൽ നീയെന്നെ
നടുക്കിക്കളഞ്ഞത്
വെറുതെയൊന്ന് നോക്കി
മിണ്ടാതെണീറ്റു പോയത്
എന്തിനങ്ങനെ ചെയ്‌തെന്ന
ചോദ്യമോ
തിരികെ
ഞാനുമുമ്മ വെക്കണമെന്ന
മറുപടിയോ
നീയവശേഷിപ്പിച്ചതില്ല..
പുലരും വരെ
ഞാനവിടെ തനിച്ചിരുന്നു
നീ മടങ്ങി വരികയുമുണ്ടായില്ല.
ഈയൊരൊറ്റ ഓർമയിൽ
ജീവിതാന്ത്യം വരെ
ഞാൻ നിന്നെ
മറന്നു പോവരുതെന്ന കുറുമ്പ്
എന്നിവശേഷിപ്പിക്കണമെന്ന്
നീ കരുതിയതെത്ര നന്നായി
അല്ലെങ്കിൽ
ഒരു പെണ്ണിന്
മറ്റൊരു പെണ്ണിനെ
അത്രയേറെ പ്രേമത്തോടെ
ഉമ്മവെക്കാനാവുമെന്ന്
സത്യമായിട്ടും
ഞാനൊരിക്കലും
വിശ്വസിക്കുമായിരുന്നില്ല..!!

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...