Friday 1 December 2017

പെയ്തു തോർന്നിതെത്ര മഴകൾ 
എങ്കിലും 
ഉള്ളിലിന്നും 
തോരാതെ നിൽക്കുന്നു 
നിന്നോർമ്മകൾ...
ഒരേ കടലിൽ ഒഴുകിയണഞ്ഞിട്ടും 
ചിലരെന്നും 
അപരിചിതർ മാത്രമായിരിക്കുന്നത് 
ഉള്ളിലെയാ പുഴയാഴങ്ങളെ 
മറന്നു കളയാത്തതിനാലാവാം..
"ഉള്ളിലീ കനൽച്ചൂടു കനക്കവേ
വയ്യിനി നിന്നെയോർക്കാതിരിയ്ക്കുവാൻ
അത്രമേൽ വെറുത്തുവോ; നിന്നെ
പ്രാണനിൽ തന്നെ കൊരുത്തതല്ലേ ഞാനും..."
"എന്റെ യാത്രകളെല്ലാം 
നിന്നിലവസാനിക്കുന്നു..
നിന്നിൽ നിന്നകന്നൊഴുകി 
നേടാൻ തക്കതൊന്നും 
ഇനിയെന്റെ 
സ്വപ്നങ്ങളിലവശേഷിക്കുന്നില്ല..!!"
ചിലരങ്ങനെയാണ്...
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും 
ഒന്നും മിണ്ടിയില്ലെങ്കിലും 
എപ്പോഴുമിങ്ങനെ 
പ്രണയിച്ചുകൊണ്ടേയിരിക്കും...!!
"അനന്തകോടി ജീവജാലങ്ങൾ ഉള്ള ഈ അണ്ഡകടാഹത്തിൽ ഘടാഘടിയന്മാരായ പുരുഷ കേസരികളുടെ തലയ്ക്കകത്ത് മുഴുവൻ മൊഹബ്ബത്തിന്റെ പുഴ തിങ്ങിയിരിക്കയാണ്..സുന്ദരികളായ പാവം പെൺപിള്ളേരെ കാണുമ്പോഴാകട്ടെ അത് അനർഗ്ഗളം നിർഗമിക്കുകയും അവരുടെ കൊച്ചു ഹൃദയങ്ങളെ മുക്കിക്കളയുകയും ചെയ്യുന്നു...😁"
- എന്ന് ഞാൻ
ഒപ്പ്
ഞാൻ അറിഞ്ഞത് മാത്രം"
എന്ന് വ്യാഖ്യാനിക്കുമ്പോഴാണ് 
സത്യം വികൃതമാക്കപ്പെടുന്നത്..!!!

നക്ഷത്രങ്ങളില്ലാത്തപ്പോഴും 
നിന്റെ സ്വപ്‌നങ്ങൾക്കുദിക്കാനുള്ള 
ആകാശമാവണമെനിക്ക്...!!

"ഞാൻ കാണാതെ പോകുന്ന 
നിന്റെ ഓരോ മിസ്‌ഡ്‌ കോളുകളും എന്നെയിത്രമേൽ ആധിപിടിപ്പിക്കുന്നതെന്താവോ....??
നീയെന്നോട് പറയാൻ കരുതിയതിൽ,
ഞാൻ കേൾക്കാനേറെ കൊതിയ്ക്കുന്നയൊന്ന് 
ആ നേരം കൊണ്ട് 
നീ മറന്നു പോയേക്കുമോയെന്ന ഭയമാവാം...!!!"
.
.
.
ഉള്ള മഴയിതളുകളെല്ലാം 
തൂളിച്ചു കളഞ്ഞിട്ടിങ്ങനെ 
തനിച്ചു നിൽക്കുന്നതെന്തിനാണീ ആകാശം...!!

"നിന്റെ അക്ഷരങ്ങൾക്ക് 
ചോരയുടെ മണം...
പ്രതിരോധത്തിന്റെ വിയർപ്പു നനവ്..
പൊള്ളുന്ന കനൽച്ചൂട്..!!" 

എന്റെ ഹൃദയത്തിൽ
ചുവന്നൊരു കറ പോലെ
അവ കനത്തു കിടക്കുന്നു.,
എത്ര മായ്ച്ചിട്ടും
മാഞ്ഞു പോവാതെ..
ഹൃദയത്തിന്റെ കോണിലെവിടെയോ 
ഇന്നലെകളിൽ വറ്റാത്തൊരുറവ 
പിടഞ്ഞൊഴുകുന്നുണ്ട്., 
നീയെന്ന ഓർമ്മച്ചീളേറ്റുണ്ടായ 
മുറിവിലത് പതിക്കുമ്പോഴെല്ലാം 
ആത്മാവിനെപ്പോലും
ചിതറിച്ചൊരു നീറ്റലെന്നിൽ
പുളയുന്നു..!!
അന്യോന്യമാകർഷിക്കപ്പെട്ട 
രണ്ടാത്മാക്കളാണ് നമ്മൾ..
നീയും ഞാനുമെന്നെത്ര 
പിരിഞ്ഞൊഴുകിയാലും 
'നമ്മളെ'ന്ന ഒറ്റത്തുരുത്തിൽ തന്നെ 
വീണ്ടും വന്നു കുരുങ്ങുന്നവർ...!!!
ഇരുട്ട് കനത്തൊരു മഴരാവിൽ
പാതി പാടത്തും
പാതി വരമ്പിലുമായി
കമിഴ്ന്നു കിടക്കുമ്പോഴും
അച്ഛന്റെ കൈയിൽ 
സുരക്ഷിതമായിരുന്നു
പിഞ്ഞിയ അരിസഞ്ചിയിലെ
നാലുവയറത്താഴം..
അച്ഛന്റെ കണങ്കാലിൽ
ആഞ്ഞുമ്മ വെച്ചയാ
കരിമൂർഖനറിയുമോ
കനക്കുന്ന മഴപ്പെയ്ത്തിൽ
വിശന്നു വിറച്ചൊട്ടിക്കിടക്കുന്ന
മൂന്നത്താഴപ്പഷ്ണിക്കാരെ..
പലചരക്കു കടയിലെ
കണക്കു പുസ്തകം
ഇനി കടമെഴുതില്ലെന്ന്
കട്ടായം പറഞ്ഞതിനാലാണ്
ചത്തുപോയ ടോർച്ചിനു
ബാറ്ററി വാങ്ങാഞ്ഞത്..
എല്ലാമറിഞ്ഞിട്ടും എന്തിനാണാവോ
പുറകിലൂടെ വന്നാ കർക്കിടക കാറ്റ്‌..
അച്ഛന്റെ ചൂട്ടൂതിക്കളഞ്ഞത്..

വല്ലോന്റേം പറമ്പിലെ
കുടികിടപ്പുകാരനെയടക്കാൻ
ആറടി മണ്ണും തെക്കേ പറമ്പും
നാട്ടിലെങ്ങും കിട്ടിയില്ല
ഒടുക്കം ചുടലപ്പറമ്പിന്റെ മൂലയ്ക്ക്
വിറകിട്ടടുക്കി കിടത്തിയപ്പോ
അച്ഛന്റെ മേല് മുഴുവൻ നീലയായിരുന്നു
അമ്മയുടെ തകരപ്പെട്ടിയിലെ
നീലക്കണ്ണനെ പോലെ അച്ഛൻ..
അന്ന് മുതലാണ്
കഞ്ഞിവെള്ളത്തിലിത്തിരി
അമ്മക്കണ്ണീര് വീണാൽ
അത്താഴമാകുമെന്ന് ഞാനറിഞ്ഞത്..

അമ്മത്തണലുണ്ടായിട്ടും 
വീടുകളിൽ നിന്ന് 
അറിവിന്റെ 
അക്ഷരമുറ്റങ്ങളിൽ നിന്ന് 
അത്താഴപ്പഷ്ണി മാറ്റാൻ 
രാപ്പകലില്ലാതെ
അദ്ധ്വാനിക്കുന്നിടങ്ങളിൽ നിന്ന്
സ്വന്തമെന്ന് കരുതിയ
നാട്ടുവഴികളിൽ നിന്ന്
കൂട്ടുകാരിൽ നിന്ന്
പ്രണയത്തിൽ നിന്ന്
പതിയിൽ നിന്ന്
പെണ്ണിന് നീതി കിട്ടേണ്ടയിടങ്ങൾ
നാൾക്കുനാൾ പെരുകുകയാണ്
പത്രങ്ങളിലും
സോഷ്യൽ മീഡിയകളിലും
കുറ്റപ്പെടുത്തലുകൾ
പ്രതിഷേധങ്ങൾ
സമര പ്രഖ്യാപനങ്ങൾ..
അതിനിടയിൽ
അറിയാതെ പോകുന്നയൊന്നിനെ
കുറിച്ച് ചോദിക്കട്ടെ..;
അവൾക്ക് നീതിയെന്ന പേരിൽ
തുറന്നെഴുത്തുകളിൽ ഭോഗിക്കപ്പെടുന്ന ,
പെണ്ണുടലുകൾക്ക്
ആരിൽ നിന്ന്
എവിടുന്നാണ് നീതി ലഭിക്കുക..???
വേനൽമഴപോലെയാണ് 
ചിലർ ജീവിതത്തിലേക്ക് വരുന്നത്, 
പ്രതീക്ഷിക്കാതെ വന്ന് പെയ്ത് 
മിണ്ടാതെ മടങ്ങിപ്പോകും..
എന്നിട്ടും 
ഉള്ളിലൊരു നനുത്ത
നനവോർമ്മ ബാക്കിയാകും..
ഒത്തിരി ഇടവപ്പാതികൾക്കും
നനച്ചു കളയാനാവാത്തൊരു നനവോർമ്മ...!!
നീതിമാനോ നിഷേധിയോ 
തെമ്മാടിയോ ആവട്ടെ, 
ഒരാൾ മരിച്ചു പോവുകയെന്നാൽ 
മറ്റൊരാൾക്ക് 
ഏറെ പ്രിയപ്പെട്ടൊരാൾ 
നഷ്ടപ്പെടുന്നുവെന്നാണർത്ഥം..
ചില മരണങ്ങളെ
അങ്ങനെ വായിക്കാനും
പഠിക്കേണ്ടിയിരിക്കുന്നു ..!!
എത്ര നല്ല കൂട്ടാണെങ്കിലും ശരി 
ഒത്തിരി ദൂരം ഒരുമിച്ച് 
നടന്നതാണെങ്കിലും ശരി 
ഇടയ്ക്കിടയ്ക്ക് 
കൂടെത്തന്നെയില്ലേ ന്ന് 
ഒന്ന് ശ്രദ്ധിച്ചോളണം..
അല്ലെങ്കിൽ
ജീവിതത്തിന്റെ
ഗദ്സമനയിൽ വച്ചൊന്ന്
ചേർന്ന് നിക്കാൻ
കൊതിക്കുമ്പൊഴാവും
നടന്നു വന്ന വഴിക്കെവിടെയോ
ചിതറിത്തൂവുന്നൊരു
നാൽക്കവലയിൽ വച്ച്
അവരെന്നോ
അവരുടെ വഴിക്ക് പോയെന്നു പോലും
നാമറിയുക..
ആരും കൂടെയില്ലല്ലോയെന്ന
സങ്കടമായിരിക്കില്ല,
ഇത്രനാളും ചേർത്തുപിടിച്ചത്
ഭൂതകാലത്തിലെയേതോ
തണലോർമ്മയുടെ
നിഴൽ മാത്രമായിരുന്നുവോയെന്ന
അത്ഭുതമായിരിക്കും
നമ്മളെയപ്പോൾ ചിതറിച്ചു കളയുക..!!
ചിലരൊക്കെ നമ്മളെ 
ഓർക്കുന്നുണ്ടോ ന്ന് 
ഓർത്തോർത്താണ് 
പലപ്പോഴും 
നമ്മളെക്കുറിച്ചോർക്കാൻ പോലും 
നമ്മള് മറന്നു പോവുന്നത് ..
നീയെഴുതുന്ന ഓരോ വരികളിലും 
കവിതയുണ്ട്..
എന്നിട്ടും 
വരികൾക്കിടയിലൂടെ നിന്നെ 
വായിക്കാനാണ് എനിക്കിഷ്ടം..
മറ്റാരിലേക്കും പകരാതെ
മറച്ചുവെച്ചൊരു
നോവുഹൃദയത്തെ
എനിക്കവിടെ തൊടാനാവുന്നു.
ആ നിന്നിൽ നിന്നാണ്
ഞാനെന്നെ വായിച്ചു തുടങ്ങുന്നത്..
നിന്റെ എഴുത്താകാശത്തിലൊരു 
നക്ഷത്ര കവിതയാവണമെനിക്ക്..
നീയറിയാതെ, 
തൂലികത്തുമ്പിൽ നിന്നും
നിന്റെയാത്മാവിലേക്ക് 
പടർന്നൊഴുകണം..!!
പലപ്പോഴും എത്ര പെട്ടെന്നാണ് 
അത്രയേറെ പ്രിയപ്പെട്ടവരുടെ 
ജീവിതങ്ങളിൽ നിന്നു പോലും 
നാം പടിയിറക്കപ്പെടുന്നത്..!!

# രണ്ടു പെണ്ണുങ്ങൾ പ്രണയിക്കുമ്പോൾ..
.
.
നിന്റെ പൊക്കിൾ ചുഴിയിൽ
ചുണ്ടമർത്തുമ്പോൾ
എന്റെയുടലിന്റെ പെണ്ണാഴങ്ങളിൽ നിന്ന്
ഉർവ്വരതയുടെ
നേർത്തൊരു സംഗീതമുയരുന്നു.
നമ്മിൽ നിന്നൊരുനാളും
ചുരന്നൊഴുകാൻ വഴിയില്ലാത്ത
മുലപ്പാലിന്റെ പതഗന്ധം
ചുണ്ടിൽ പടരുന്നു...
പ്രണയിക്കുമ്പോൾ നാമൊരൊറ്റ
ഉടലാകുന്നു
പരസ്പരം പടർന്നു കയറുന്ന
ഒരൊറ്റ പെണ്ണുടൽ..
നിന്റെ വാക്കുകളെന്ന പോലെയാണ്
കവിതയുമെന്നെ ചിതറിക്കുന്നത്
നിമിഷ നേരം കൊണ്ട്
എന്റെ സ്വപ്നങ്ങളുടെ
ചിറകുകളരിഞ്ഞ്
നിരാശ്രയയും നിസ്സഹായയുമാക്കുന്നത്
നിരന്തരം കനലേറു കൊള്ളുന്ന
ഊരുതെണ്ടിയാക്കുന്നത്..



ചിലരങ്ങനെയാണ്...
പെട്ടെന്നൊരീസം
നമ്മടെ ജീവിതത്തിൽ നിന്നിറങ്ങി
ഒരൊറ്റ പോക്കാണ്...
നമ്മളെന്തേലും ചെയ്തിട്ടാണോ
അതോ ഒന്നും ചെയ്യാഞ്ഞിട്ടാണോ
ന്നൊന്നും മ്മക്ക് മനസിലാവില്ല...
കണ്ണടച്ച് തുറക്കുമ്പോഴേക്കും
അവരങ്ങ് ദൂരെ എത്തീട്ട്ണ്ടാവും...
നമ്മള് പിന്നെ
വെറുതെ കുറെ ദിവസം
അവര് പോയ വഴിക്കങ്ങനെ
കണ്ണും നട്ടിരിക്കും..
ഇപ്പൊ വരും ഇപ്പൊ വരും ന്നോർത്ത്..
ആര് വരാൻ... എവ്ട്ന്ന് വരാൻ...
'ഈ കൊറേ ദിവസങ്ങള് തീരാനൊക്കെ
കൊറേ ദിവസം എടുക്കും ന്ന്"
അപ്പഴാ നമുക്ക് മനസിലാവാ..


ആത്മഹത്യ
^^^^^^^^^^^^^^^
എന്റെയീ വിളർത്ത കൈത്തണ്ടയിൽ
നീയുമ്മ വെക്കുമ്പോൾ മാത്രം
ചുവന്നുതുടുക്കാറുള്ളയാ
നീല ഞരമ്പിന് മുകളിലൂടെ
അറ്റം കൂർത്തൊരു
ലോഹത്തുണ്ടിനാൽ
അവസാനമായൊന്നുകൂടി
എനിക്കുമ്മ വെക്കണം..
ഒറ്റച്ചീന്തലിൽ
നീയൊരുപാട് സ്നേഹിക്കുന്നൊരീ ജീവനെ
ചിതറിച്ചുകളയണം..
നിന്നെ കണ്ടതിനു ശേഷം
ഞാൻ മറന്നുകളഞ്ഞ കരച്ചിലുകൾ
ചുവന്ന നിറത്തിൽ ഒഴുകിയിറങ്ങുന്നത്
കണ്ടു നിൽക്കണം...
നീറ്റുന്നൊരു നോവ്
കൈത്തണ്ടയിൽ നിന്ന് കുതറിയിറങ്ങി
ശരീരമാകെ പടർന്നു കയറുമ്പോഴും..
നിനക്കുവേണ്ടിയൊരു ചിരി
ചുണ്ടിലവശേഷിപ്പിക്കണം..
നീയാഗ്രഹിച്ചതു പോലെ
നിന്റെ മാറിൽ ചാഞ്ഞു കിടന്ന്
വേദനയറിയാതെയല്ല.,
നിന്നിൽ നിന്നകന്ന്
ദൂരെയൊരിടത്ത്
ഞാനകലുന്നത് നീയറിയുന്നില്ലെന്ന
വേദനയിൽ നീറിയെനിക്ക് മരിക്കണം..!!!


ആത്മഹത്യ ചെയ്തവന്റെ ചോരയ്ക്ക്
കറുത്ത നിറമായിരിക്കണം.
ബാക്കിയുള്ള നിറങ്ങളെല്ലാം
അതിൽ ചാടി
ആത്മഹത്യ ചെയ്തിരിക്കാം..
മഴക്കും
കറുത്ത നിറമായിരുന്നു വേണ്ടത്..
നോവിക്കുന്ന കറുത്ത നിറം..

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...