Sunday 14 May 2017

## അവരിപ്പോഴും കള്ളം പറയുന്നു... നീയില്ലെന്ന്...!!?

എല്ലാവരും പറയുന്നു നീ മരിച്ചു പോയെന്ന്.. 
എന്നിൽ നിന്ന് ഏറെ അകലെയേതോ ലോകത്തിലേക്ക് യാത്രയായെന്ന്.. 
എന്റെ ഇന്നുകളിൽ നിന്ന് ഇന്നലെകളിലേക്കും 
അവിടെ നിന്നെന്റെ ഓർമകളിലേക്കും കടന്നുകളഞ്ഞുവെന്ന്..
എല്ലാവരും പറയുന്നു നീയിനിയില്ലെന്ന്..!!
അവർ നിന്റെ പേരു ചൊല്ലി വിലപിക്കുന്നു.. 
നിനക്ക് വേണ്ടി ചന്ദനത്തിരികൾ കൊളുത്തി 
മരണത്തെ പുകയ്ക്കുന്നു.. 
തേങ്ങുന്ന ശബ്ദത്തിൽ വിലാപ ഗീതങ്ങൾ ആലപിക്കുന്നു..
അവരോടൊപ്പമിരിക്കുമ്പോഴും 
എന്റെ മിഴികൾ 
നിന്നെ കാത്ത് വാതിൽപ്പടിയോളം നീളുന്നു.. 
എന്നത്തേയും പോലെ നീ വരുമെന്നും 
എന്നെ മുറുകെ പുണരുമെന്നും 
ഞാനാശ്വസിക്കുന്നു..
കണ്ണീരു നനച്ച കവിളുകളും 
മരണത്തോളം തണുത്ത കൈവിരലുകളുമുള്ള 
അവരുടെ ആശ്വസിപ്പിക്കലുകൾ 
 എന്നെ അലോസരപ്പെടുത്തുന്നു..
കരഞ്ഞു ചീർത്ത മുഖങ്ങളെന്നിൽ 
അറപ്പു നിറക്കുന്നു..
നീ വേഗം വന്നിരുന്നെങ്കിലെന്ന് ഞാൻ പ്രാർത്ഥിക്കുന്നു..
പുകയുന്ന ചന്ദനത്തിരികൾക്കും 
തേങ്ങിയുലയുന്ന നിലവിളക്കിനുമിടയിലെ 
നിന്റെ ഫോട്ടോയിലേക്ക് 
വിളർത്ത മുല്ലപ്പൂവുകളെ അവർ 
വീണ്ടും വീണ്ടും വാരിയെറിയുന്നു..
കൈ തട്ടി മറിഞ്ഞ വിളക്കിനെയും 
കാൽക്കീഴിലമർന്ന പൂമൊട്ടുകളെയുമവഗണിച്ച് 
നിന്റെ ഫോട്ടോയുമായി ഞാൻ മുറിയിലേക്കോടുമ്പോൾ 
വാതിൽ മറകളിൽ നിന്ന് പോലും തേങ്ങലുകളുയരുന്നു..
ചടങ്ങുകളെല്ലാം തീർത്ത് 
അവരെല്ലാം മടങ്ങിപ്പോയെന്നറിഞ്ഞിട്ടും 
നിന്നെയും നെഞ്ചോടൊതുക്കി 
ഞാനെന്റെ മുറിയിലെ ഇരുട്ടിൽ തനിച്ചിരുന്നു..
നീ വരുമെന്നും എന്നെ വിളിക്കുമെന്നും 
ഞാൻ കൊതിച്ചു..
എന്നാൽ നീ വരികയോ എന്നെ വിളിക്കുകയോ 
ഉണ്ടായില്ല...
വർഷങ്ങളെത്ര കഴിഞ്ഞു 
എത്ര രാവുകളും പകലുകളും മാഞ്ഞു..
വിലപിച്ചവരുടെ കണ്ണീർത്തടങ്ങളുണങ്ങി 
ആശ്വസിപ്പിക്കലുകളും നിന്നു..
എല്ലാവരും ഇന്നലെകളിലേക്ക് നിന്നെ മറന്നു...
ഞാൻ മാത്രമിന്നും നിനക്കുവേണ്ടി ഒഴിച്ചിട്ട ഹൃദയത്തോടൊപ്പം 
നീ മടങ്ങി വരുന്നതും കാത്ത് 
വാതിൽപ്പടിയോളം മിഴി നട്ട്..
കരയാതെ.....

Saturday 6 May 2017

"വരണ്ടു കീറിയ ദേഹത്തേക്ക് 
പൊടുന്നനെ 
ഒരാകാശം തന്നെയിങ്ങനെ 
പെയ്തിറങ്ങുമ്പോൾ 
വല്ലാതെ നീറുന്നുണ്ടാവണം 
ഭൂമിക്കും.."






## നാളുകൾക്കു ശേഷം.. വീണ്ടും മഴ...

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...