Friday 1 December 2017

ഇരുട്ട് കനത്തൊരു മഴരാവിൽ
പാതി പാടത്തും
പാതി വരമ്പിലുമായി
കമിഴ്ന്നു കിടക്കുമ്പോഴും
അച്ഛന്റെ കൈയിൽ 
സുരക്ഷിതമായിരുന്നു
പിഞ്ഞിയ അരിസഞ്ചിയിലെ
നാലുവയറത്താഴം..
അച്ഛന്റെ കണങ്കാലിൽ
ആഞ്ഞുമ്മ വെച്ചയാ
കരിമൂർഖനറിയുമോ
കനക്കുന്ന മഴപ്പെയ്ത്തിൽ
വിശന്നു വിറച്ചൊട്ടിക്കിടക്കുന്ന
മൂന്നത്താഴപ്പഷ്ണിക്കാരെ..
പലചരക്കു കടയിലെ
കണക്കു പുസ്തകം
ഇനി കടമെഴുതില്ലെന്ന്
കട്ടായം പറഞ്ഞതിനാലാണ്
ചത്തുപോയ ടോർച്ചിനു
ബാറ്ററി വാങ്ങാഞ്ഞത്..
എല്ലാമറിഞ്ഞിട്ടും എന്തിനാണാവോ
പുറകിലൂടെ വന്നാ കർക്കിടക കാറ്റ്‌..
അച്ഛന്റെ ചൂട്ടൂതിക്കളഞ്ഞത്..

വല്ലോന്റേം പറമ്പിലെ
കുടികിടപ്പുകാരനെയടക്കാൻ
ആറടി മണ്ണും തെക്കേ പറമ്പും
നാട്ടിലെങ്ങും കിട്ടിയില്ല
ഒടുക്കം ചുടലപ്പറമ്പിന്റെ മൂലയ്ക്ക്
വിറകിട്ടടുക്കി കിടത്തിയപ്പോ
അച്ഛന്റെ മേല് മുഴുവൻ നീലയായിരുന്നു
അമ്മയുടെ തകരപ്പെട്ടിയിലെ
നീലക്കണ്ണനെ പോലെ അച്ഛൻ..
അന്ന് മുതലാണ്
കഞ്ഞിവെള്ളത്തിലിത്തിരി
അമ്മക്കണ്ണീര് വീണാൽ
അത്താഴമാകുമെന്ന് ഞാനറിഞ്ഞത്..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...