Thursday 12 January 2017



ഹൃദയത്തിന്റെ കോണിൽ നിന്നൊരു കവിത
തൂലിക തകർത്ത്  ചിതറിയോടുന്നു..
 
ചേർത്തു വയ്ക്കാൻ കോരിയെടുത്തപ്പോഴെല്ലാം
പടർന്നൊഴുകിയത് എന്നിൽ നിന്നൂർന്നു പോകയാണ്

പെട്ടെന്നു ചിതറിയോടിയതിനാലാവാം
ഹൃത്തിലൊരു മുറിവിന്റെ നേർത്ത നീറ്റൽ

ഉപ്പു വീണു പടരും  പോലെ
നീറ്റിപ്പിടഞ്ഞത് വലുതാകുന്നു..

ഉള്ളിലടക്കി വയ്ക്കാനാവാതെ വന്നപ്പോൾ
നോവൊരു വൃണം പോലെ പഴുത്തു തുടങ്ങിയപ്പോൾ
ഞാനെന്റെ ഹൃദയത്തെ പുറത്തേക്ക് വലിച്ചെറിഞ്ഞു

വെറും നിലത്ത് മണ്ണ് പുരണ്ട്
ഉപേക്ഷിക്കപ്പെട്ടൊരോർമ്മ പോലെ
അത് കിടന്നു..

ചിതറിയോടിയൊരാ
കവിത കോറിയിട്ട മുറിവിൽ നിന്ന്
മറവിയുടെ നിറമുള്ള രക്തമിറ്റുന്നു

ജനിക്കാതെ പോയ കവിതക്കുഞ്ഞുങ്ങൾ
അതിൽ കിടന്ന് കൈകാലിട്ടടിച്ച് പിടഞ്ഞു തീരുന്നു

എന്നിൽ നിന്നും കുതറിയോടിയൊരാ
അവസാന കവിതയും
എന്റെ നിശ്വാസത്തിന്റെ  വിഷമേറ്റ്
ഉരുകി വീഴുന്നു..

ശേഷം

ഹൃദയമില്ലാത്ത ശൂന്യതയിലേക്ക് നോക്കി
നെടുവീർപ്പിട്ട്

കവിതകളില്ലാത്ത പുലരിയിലേക്ക്
ഞാനും തിരിഞ്ഞു നടക്കുന്നു..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...