Friday 23 September 2016

എങ്കിലുമെൻ സഖീ
*****************************
കത്തിച്ചു വെച്ചയീ നിലവിളക്കും
ചന്ദനത്തിരികളും പുതിയ പുടവയും
താലിമാലയും സിന്ദൂരച്ചുവപ്പുമില്ലാതെ
എന്താണു പെണ്ണേ നീയീ ഉമ്മറത്തിങ്ങനെ..
നോക്കൂ.. അഥിതികളെത്ര പേരാണിന്നു വീട്ടിൽ
എന്നിട്ടും നീയെന്തേ മിണ്ടാതറിയില്ലെന്ന വണ്ണം..
ഒന്നുണരൂ.. എഴുന്നേറ്റു വേഷം മാറൂ..
എത്ര നേരമാണീ തണുത്ത തറയിലിങ്ങനെ..
ഇന്നലെക്കൂടി പറഞ്ഞതല്ലേ നീ
തണുപ്പടിക്കുക വയ്യ മേലുവേദനിക്കുന്നുവെന്ന്
എന്തിനാണു സഖീ.. എന്നോടെന്തിനീ വാശി..
നോക്കൂ.. നമ്മുടെ കുഞ്ഞു കരയുന്നു..
ഒന്നവനെയെടുക്കൂ.. മാറിലണച്ചൊന്നു താരാട്ടു പാടൂ..
വായാടിയായ എന്റെ പെണ്ണേ
എന്താണു നീയിന്നുത്തരമേകാത്തത്
നീയെന്നോടിങ്ങനെ മൗനം വരിച്ചാൽ
സ്വയമുരുകി ഇല്ലാതാവുകയില്ലയോ ഞാൻ
പിന്നെയുമെന്തിനാണീ വാശി..
സഖീ.. ഒന്നുണരൂ...
നിറങ്ങളെയേറെ സ്നേഹിച്ചിരുന്ന നീയെ-
ന്തിനാണിന്നീ വെളുത്ത തുണിക്കുള്ളിൽ
സ്വയം മറഞ്ഞിരിക്കുന്നത്..
ഇനിയുമെന്തിനാണു വാശി പ്രിയേ..
എന്നെ നോക്കിയൊന്നു ചിരിച്ചു കൂടെ നിനക്ക്..
പതിവു പോലെ പുറകിലൂടെ വന്നീ-
കവിളിലൊരു നനുത്ത മുത്തമേകരുതോ..
എന്നാളുമെൻ കൂടെയുണ്ടാകുമെന്ന-
ന്നാ പവിത്രാഗ്നിക്കു മുന്നിൽ സത്യമേകിയില്ലേ നീ
എന്നിട്ടെന്നെയേകനാക്കി
തവ പുത്രനേയും തനിച്ചാക്കിയിട്ടു
പോയതെന്തു നീ..
നല്കിടാം ഞാനമ്മയായ് നിൻ സ്നേഹമീ കുഞ്ഞിനായ്..
എന്നാലുമെൻ സഖീ
സങ്കടത്തിലൊന്നു തലവെച്ചു കരയാനിനി
ആരുടെ മടിത്തട്ടു തേടേണ്ടു ഞാൻ..
ഏകനായ് എന്നെയീ ലോകത്തൊരനാഥനാക്കി
പോയിടുവതിതെങ്ങാണു നീ..
കാത്തിരിക്കാം ഞാനിനിയെന്നാളും
എന്നെങ്കിലുമൊരു നാൾ നീ പരിഭവ-
മതു മറന്നെന്നിൽ തിരികെ വരില്ലയോ...!!!

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...