Friday 2 September 2016

എന്റെ പകലുകൾ ഇരുണ്ടും
ഏകാന്തതയുടെ തണുപ്പിനാൽ
മരവിച്ചും നില കൊണ്ടു
വിവേചിച്ചറിയാനാവാത്തൊരു നിലവിളി
കാറ്റിന്റെ ഹൃദയത്തിൽ കുരുങ്ങിക്കിടന്നു
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്കെന്ന വണ്ണം
എന്റെ ദിനരാത്രങ്ങൾ ഇഴഞ്ഞു നീങ്ങുന്നു
ഇന്നലെ പെയ്ത മഴയുടെ
അവസാന തുള്ളിപോലെ എന്റെ ആത്മാവ്
ഹൃദയത്തിന്റെ കോണിൽ
തൂങ്ങിക്കിടക്കുകയാണ്
വെളിച്ചത്തിന്റെ കാറ്റു വീശുന്ന
ദിശ തിരഞ്ഞ്...
മരണത്തിന്റെ മാറിലേക്ക് മുഖമമർത്താനായവേ
ഹൃദയത്തിന്റെ കടലാഴത്തിലൊരു
ചോദ്യം തുളുമ്പി
അക്ഷരങ്ങളിൽ ദു:ഖത്തിന്റെ വൈധവ്യം പേറി
എന്റെ സ്വപ്നങ്ങളെ ഞാനെന്തിനെറിഞ്ഞുടച്ചു..??!!
ആർക്കുവേണ്ടി..??!!
ഇനിയും അവഗണനയുടെ
കുരിശു മരണമേറ്റു വാങ്ങുന്നത്
മാറ്റി നിർത്തപ്പെടലിന്റെ
ചാട്ടയേറ്റ് പുളയുന്നത്
ആർക്കുവേണ്ടി..??!!
ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ
ഹൃദയത്തിന്റെ കണ്ണാടിയിൽ തട്ടിത്തെറിച്ച്
മനസാക്ഷിയുടെ കാല്ക്കൽ വീണു ചിതറി
പെറുക്കികൂട്ടാനാവാത്ത
എന്റെ സന്തോഷങ്ങളെ പോലെ..
സ്നേഹത്തിന്റെ അക്ഷയപാത്രം
എനിക്കുമുന്നിലെത്തുമ്പോൾ മാത്രം
തട്ടിച്ചിതറുന്നതിന്റെ പൊരുളറിയിക്കാൻ
ഏത് കടൽക്കരയിൽ വെച്ചാണ്
*ഉത്നാപിഷ്ടിമിനെ ഞാൻ കണ്ടുമുട്ടുക
താങ്ങാനാവാത്ത കുരിശുമായി
ജീവിതമെന്ന നോവുമല കയറുമ്പോൾ
ഞാനവനെ തിരയുകയാണ്..
അലറിക്കൂവുന്ന ആൾക്കൂട്ടത്തിനിടയ്ക്ക്
അവനുണ്ടെന്ന് ഞാനറിയുന്നു...
*പാതിദൂരമെന്റെ കുരിശു ചുമക്കാൻ
വയലിൽ നിന്ന് അവൻ കയറി വരുമെന്ന്
ഞാൻ വിശ്വസിക്കുന്നു..!!!!






##
*ലോകത്തില്‍ ലഭ്യമായ ഏറ്റവും പുരാതന ഗ്രന്ഥങ്ങളില്‍ ഒന്നായ ഗില്ഗമേഷ് പുരാണത്തിൽ നിന്ന്.
*ബൈബിളിൽ സൂചിപ്പിക്കുന്ന കുറേനക്കാരനായ ശിമോൻ, ക്രിസ്തുവിന്റെ കുരിശു ചുമന്നവൻ.

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...