Tuesday 20 September 2016

എങ്ങനെ കൂട്ടിയിട്ടും കുറച്ചിട്ടും
കണക്കു ശരിയാവാതെ
പാതിവഴിക്കുപേക്ഷിച്ചൊരു
താളുണ്ടാവണം
ദൈവത്തിന്റെ 
പ്രണയ പുസ്തകത്തിൽ
‘നമ്മൾ’ എന്നെഴുതി
വെട്ടിയതിന്റെ അടിയിൽ
‘ഞാനെ’ന്നും ‘നീ’യെന്നും
പല തവണ
മാറ്റിയെഴുതിയിരിക്കാം
അന്നദ്ദേഹം..
എന്നിട്ടും
‘നമ്മളി’ലേക്ക് തന്നെ
കുതിക്കാൻ ശ്രമിക്കുന്ന
‘എന്നെ’യും ‘നിന്നെ’യും
വെട്ടിയും തിരുത്തിയും
മായ്ച്ചും മറിച്ചും
വീണ്ടും വീണ്ടും
മാറ്റിയെഴുതിക്കെണ്ടേ
ഇരുന്നിരിക്കാം..
ഒടുക്കം
‘ഞാനും’ നീയും’തമ്മിൽ
കുരുങ്ങിക്കുഴഞ്ഞ്
അഴിക്കാനോ മുറുക്കാനോ
കഴിയാതെ വണ്ണം
ചിലമ്പിപ്പോയപ്പോഴല്ലേ
‘വിധി’
എന്ന രണ്ടക്ഷരത്തെ
നമുക്കിടയിലേക്ക് തള്ളിയിട്ട്
പിച്ച വെക്കാൻ തുടങ്ങിയ
പ്രണയത്തെ
നിശബ്ദമായി
കൊന്നുകളഞ്ഞതിന്റെ
പാപക്കറ
ദൈവം തന്റെ കൈകളിൽ നിന്ന്
കഴുകിക്കളഞ്ഞത്..
‘വിധി’യെന്ന
രണ്ടക്ഷരത്തിനു മുകളിൽ
വെട്ടിയിട്ടും തിരുത്തിയിട്ടും
മാറ്റിയെഴുതിയിട്ടും
'നമ്മളി'ലേക്ക് തുളുമ്പിയിരുന്ന
നമ്മുടെ പ്രണയം
ഇന്ന്
ശ്വാസം മുട്ടിക്കിടക്കുകയാണ്..
പിന്നീടൊരിക്കലും
തുറന്നു നോക്കാഞ്ഞതിനാൽ
ദൈവമാ താളിനെ ഇന്ന്
മറന്നു പോയിരിക്കാം..
എന്നിരിക്കിലും
എന്നെങ്കിലുമൊരിക്കൽ
പൂർത്തിയായേക്കുമൊന്നൊരു
പ്രതീക്ഷയിൽ
അവിടെ കാത്തിരിപ്പുണ്ട്
‘നമ്മളാ’കാൻ കഴിയാതെ പോയ
‘ഞാനും’ 'നീയും'

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...