Tuesday 13 December 2016


ആകാശം കാണാതെ മറച്ചു വെച്ച്
പെറ്റു പെരുകിയയൊരു മയില്പ്പീലിത്തുണ്ടിനോട്
ഞാനെന്റെ കവിതയെ ഉപമിക്കുന്നു..
നിന്നോടെനിക്കുള്ള പ്രണയം പോലെ അതും
എന്റെ ഉള്ളിൽ കിടന്ന്
ശ്വാസം മുട്ടി മരിക്കാറായപ്പോഴാണ്
ഞാനതിനെ
മയില്പ്പീലികളിലേക്ക് പകർന്നത്..
നനുത്ത തണുപ്പുള്ള നിശകളിൽ
നിന്റെ പ്രണയത്തെ തേടി
ഞാൻ നിന്റെ അരികിലെത്തിയപ്പോഴെല്ലാം
ഒരനുഷ്ടാനം പോലെ ഞാനാ പീലികളെയും
എന്നോടൊപ്പം കൊണ്ടു പോന്നു.
കാരണം അവയെ വായിച്ചറിയാൻ 
നിനക്കല്ലാതെ മറ്റാർക്കും സാധ്യമായിരുന്നില്ല..
വസ്ത്രത്തോടൊപ്പം  ശരീരത്തെയും
ഊരി മാറ്റി
നിന്റെ നീല നിറത്തെ പടർത്താൻ
ഞാൻ നിനക്കു മുന്നിലെന്നെ സമർപ്പിച്ചപ്പോഴെല്ലാം,
അവ നമുക്കു വേണ്ടി പ്രേമ ഗീതികൾ പാടി..
നമുക്കു മാത്രം കേൾക്കാവുന്നയത്ര ഉച്ചത്തിൽ..
പ്രണയ കഥകൾ പറഞ്ഞു..
പിന്നെ പുലർച്ചയിലെപ്പൊഴോ മിഴി തുറന്നപ്പോൾ
വസ്ത്രങ്ങളുടെയും ശരീരത്തിന്റെയും ഭാരങ്ങളില്ലാതെ
ഞാൻ സ്വതന്ത്ര..
എന്റെ തലമുടിയിൽ നീയണിച്ച പീലിത്തുണ്ടുകൾ..
മേനിയിലാകെ നീ പകർന്ന പ്രണയത്തിന്റെ നീലവർണം..
ചുറ്റിലും ഞാനെന്നോ എഴുതാൻ കൊതിച്ച..
ആകാശം കാണാതെ മറച്ചു വെച്ച എന്റെ കവിതകൾ..
നിന്റെ കാംബോജിയുടെ ഈണം..
ഞാൻ നൃത്തം ചെയ്യുകയാണ്..
വീണ്ടും വീണ്ടും നൃത്തം ചെയ്യുകയാണ്
നീലവർണാ നീയാണെന്നെ നൃത്തം ചെയ്യാനും പഠിപ്പിച്ചത്..
ഇനിയെനിക്കെന്റെ കവിതകളെ
മറച്ചു വെക്കേണ്ടതില്ല..
നൃത്തം ചെയ്യരുതെന്നുള്ള വിലക്കുകളെ
ഭയക്കേണ്ടതില്ല..
ഇനി ഞാൻ സ്വതന്ത്ര.. നിന്നിലേക്ക് ഞാൻ സ്വതന്ത്ര..
നിന്നിലേക്ക് മാത്രം ഞാൻ സ്വതന്ത്ര ..


No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...