Friday 2 December 2016


തനിച്ചാകുന്ന സന്ധ്യകളിലെല്ലാം
മരണം എന്റെ ഏറ്റമടുത്ത സുഹൃത്താണെന്ന്
ഞാൻ സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുമായിരുന്നു..
പിന്നീട് ആൾക്കൂട്ടത്തിനിടക്കു പോലും
എനിക്കുമാത്രമായി തനിച്ചു കിട്ടുന്ന നിമിഷങ്ങളുടെ
ചെറിയ നിശ്വാസത്തിന്റെ ഇടവേളകളിലും
ഞാനത് ആവർത്തിച്ചു കൊണ്ടേ ഇരുന്നു..
എന്നിട്ടും മതിയാകാതെ
മറ്റു ജോലികളിൽ മുഴുകുമ്പോൾ പോലും
ഒരു ജപം പോലെ ഞാനെന്റെ മനസിനെ
അതു തന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു..
തികച്ചും ആത്മാർത്ഥതയോടെ തന്നെയാണ്
ഞാനത് ചെയ്തിരുന്നത്..
ഉദാസീനതയുടെ ചെറിയ നിഴൽ പോലും
ആ സത്യത്തിനു മേൽ വീഴാൻ ഞാനനുവദിച്ചിരുന്നില്ല..
കാരണം 
പറിച്ചെറിയപ്പെട്ടവളുടെ നൊമ്പരത്തിലോ
ഉപേക്ഷിക്കപ്പെട്ടവളുടെ വേദനയാലോ ഒന്നുമായിരുന്നില്ല
ഞാനങ്ങനെ ഏറ്റു പറഞ്ഞു കൊണ്ടിരുന്നത്..
അതു കൊണ്ട് തന്നെ
എനിക്കെന്നോട് കള്ളം പറയേണ്ട കാര്യവുമില്ലായിരുന്നു..
മാത്രമല്ല
മരണം എന്റെ സുഹൃത്താണെന്ന് എന്നെത്തന്നെ
ബോധ്യപ്പെടുത്തേണ്ട കടമ
ഞാൻ സ്വയം എന്നിൽ വലിച്ചു കയറ്റിയ ഒന്നായിരുന്നില്ല..
എന്നിട്ടും
എനിക്കത് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല..
എന്റെ ചില സുഹൃത്തുക്കൾ
വരണ്ടു വിളറിയ വൈകുന്നേരങ്ങളിൽ
എന്നെ സന്ദർശിച്ചിരുന്നു..
എനിക്കേറെ പ്രിയപ്പെട്ട
ചുവന്ന പനിനീർപ്പൂക്കൾക്ക് പകരം
വെളുത്ത നിറമുള്ളതും 
എന്നാൽ പെട്ടെന്ന് ആകർഷിക്കുന്നതുമായ
ഒരു പിടി ഓർക്കിഡ് പൂവുകളാണ്
അവരെനിക്ക് സമ്മാനിക്കാറുള്ളത്..
മരണത്തിന്ന്
ഓർക്കിഡുകളുടെ നൈർമല്യമാണെന്ന്
ഞാൻ മനസിലാക്കുന്നത് അങ്ങനെയായിരുന്നു..
വെളുപ്പു നിറം എനിക്കിഷ്ടമല്ലാതിരുന്നിട്ടും
ആ ഓർക്കിഡ് പൂവുകളെ അവർ പോയ ശേഷവും
ഞാനെന്നിലേക്ക് ചേർത്തു പിടിക്കാൻ
ശ്രദ്ധിക്കുമായിരുന്നു..
കാരണം അത്
എന്റെ ഏറ്റമടുത്ത സുഹൃത്തിനു പ്രിയങ്കരമായതിനാൽ
ഞാനും അതിനെ സ്നേഹിക്കേണ്ടതുണ്ടെന്ന്
ഞാൻ മനസിലാക്കിയിരുന്നു..
ഒടുവിൽ ഞാൻ ആ ഓർക്കിഡ് പൂവുകളോടൊപ്പം
അവനെ സ്നേഹിക്കാൻ തുടങ്ങുകയും
അവൻ മാത്രമാണെന്റെ സുഹൃത്തെന്ന്
മനസിലാക്കുകയും ചെയ്തു..
എന്നാൽ എന്നെ സ്നേഹിക്കുക മാത്രം ചെയ്ത
ആ സൗഹൃദത്തിനു വേണ്ടി
എന്തെങ്കിലും ചെയ്യണമെന്ന് കരുതുകയും ..
അപ്രകാരം അവൻ എന്നെ പുണരാനായും മുന്നേ 
ഞാനവന്റെ മാറിലേക്ക് തലചായ്ക്കുകയും ചെയ്തു..
മാസങ്ങളോളം എന്റെ ഹൃദയത്തിലൊന്നുമ്മ വെക്കാൻ
എന്റെ പിന്നാലെ നോവായ് കൂടെ നടന്ന, 
അവനെ അംഗീകരിക്കാനായി  എനിക്ക്
ഒന്നും ചെയ്യാനില്ലാത്ത പകലുകളും രാത്രികളും സമ്മാനിച്ച
മാസങ്ങളോളം എന്നെ കാത്തിരുന്ന അവന്
ഞാൻ മറ്റെന്ത് പകരം നല്കാനാണ്..
..
ഞാനൊരു ഭീരുവാണെന്നും
ഒരിത്തിരി വേദന കൂടി സഹിക്കാനുള്ള
ധൈര്യമില്ലാത്തവളാണെന്നും
റേഡിയേഷനും കീമോയും കൂടി
എന്നേ കവർന്നെടുത്തു കഴിഞ്ഞ
എന്നിലെ എന്നെ കുറിച്ചുള്ള ആത്മവിശ്വാസമില്ലായ്മ
എന്നെ ശ്വാസം മുട്ടിച്ചതിനാലാണെന്നും പറഞ്ഞ് 
നിങ്ങളെന്റെ ഇല്ലായ്മയിൽ 
ദു:ഖം വരുത്തി തീർത്തേക്കാം..
എന്നാൽ
മാസങ്ങളോളം എന്റെ പിന്നാലെ നടന്നിട്ടാണ്
ഞാനവനെ സ്വീകരിച്ചതെന്ന്
നിങ്ങളൊരിക്കലും മനസിലാക്കുകയില്ല..
ഒടുവിൽ 
നിങ്ങളെനിക്കായി സമ്മാനിക്കാറുണ്ടായിരുന്ന
വെളുത്ത ഓർക്കിഡ് പൂവുകളെ
എന്റെ ഹൃദയത്തിനു മുന്നിൽ വെച്ച് നിങ്ങൾ മടങ്ങിപ്പോവും..
ആളും ആരവവും ഒടുങ്ങിയ ശേഷം
ഞാനെന്റെ സുഹൃത്തിനൊപ്പം
എനിക്കു നഷ്ടപ്പെട്ട രാത്രികളെയെല്ലാം ഉറങ്ങിത്തീർക്കും..
നിങ്ങളെന്നെ മറക്കുന്നതു പോലെ
ഒടുക്കം ഞാനുമെന്നെ മറക്കും..
വെളുത്ത നിറമുള്ള ഓർക്കിഡ് പൂവുകളെയോ
ചുവന്ന നിറമുള്ള വൈകുന്നേരങ്ങളെയോ
ഞാനെഴുതിത്തീർക്കാതെ വിട്ട കവിതകളെയോ
പിന്നീട് ഞാൻ ഓർക്കുകയില്ല.. ആരും എന്നെ ഓർമിപ്പിക്കുകയുമില്ല..!!

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...