Sunday 14 February 2016

 
കടം കൊണ്ട സ്നേഹവും കടമെടുത്ത വാക്കുകളും  തിരിച്ചു നൽകി
ഇനി നമുക്ക് പരസ്പരം യാത്ര ചൊല്ലാം..
എനിക്ക് നീയും നിനക്ക് ഞാനും ഇനി
വഴിയരികിലെ അപരിചിത മുഖങ്ങൾ മാത്രമാവാം..
കടന്നു പോകുമ്പോൾ പരസ്പരം മിഴിയുടക്കാത്ത..
ഒരു ചിരിയുടെ പോലും കടം പേറാത്ത വെറും അപരിചിതർ..
നിനക്കായി രചിച്ച കവിത
ഇനി ഞാനെൻ കണ്ണീർ നനവിനാൽ മായ്ച്ചു കളയട്ടെ..
മഷിയിറ്റിയ തൂലിക ഓർമ്മകളുടെ ഭാണ്ഡാരത്തിൽ ഒളിച്ചു വെക്കട്ടെ..
എന്നിലേക്കൊഴുകുന്ന സ്നേഹത്തെ
വെറുപ്പിന്റെ കയറിനാൽ നീ നിനക്കുള്ളിൽ തടവിലാക്കുക..
തടവറ ഭേദിച്ചത് ഒരിക്കലും പുറത്തു വരാതിരിക്കട്ടെ..
 കവിളു നനയ്ക്കുന്ന കണ്ണീരു തുടച്ചു കളയുക..
മരിച്ചവൾക്കു വേണ്ടിയിനി കരയാതിരിക്കുക..
മനസ്സിന്റെ മണൽത്തിട്ടയിൽ നീയെനിക്കും നിന്റെ പ്രണയത്തിനും
ഇനി മോക്ഷ ബലിയിടുക..
മറവിയുടെ ഗംഗയിൽ മുങ്ങി നിവരുക..
നോവോർമ്മകളിലേക്ക് തിരിഞ്ഞു നോക്കാതെ
പുതിയ ജീവിതത്തിലേക്ക് നടന്നു കയറുക..
അവിടെ നിന്നെ വേദനിപ്പിക്കാത്തൊരു ഹൃദയം കാത്തിരിക്കുന്നുണ്ട്..
മുറിവേറ്റ ഹൃദയത്തെ ആ സ്നേഹത്താൽ ഭേദമാക്കുക..
ജീവിതത്തിലേക്ക് തിരിച്ചു പോവുക..
ഞാൻ മരിച്ചവളാണ്..
നിന്നെ നോവിക്കാൻ വേണ്ടി മാത്രം പിറന്നൊരു ദു:സ്വപ്നം..
ഉറക്കത്തിൽ നിന്നു നീയുണരുക.. അപ്പോഴെക്കും ഞാൻ മാഞ്ഞു പോയിക്കഴിഞ്ഞിരിക്കും..
ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് ജീവിതം..
അവിടെ നിന്നെ നോവിക്കാൻ ഞാനില്ല..
വേദന കുറിച്ച താളുകൾ വലിച്ചെറിയുക..
പുതിയ ജീവിതത്തിന്റെ.. പുതിയ സന്തോഷങ്ങളുടെ
നല്ല താളുകൾ മാത്രമിനി എഴുതുക..
നക്ഷത്രങ്ങളുടെ നാട്ടിലിരുന്ന് ഞാൻ നിനക്കായ് ആശംസയേകുന്നു..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...