Sunday 14 February 2016

നിനക്കായൊരു പ്രണയ സന്ദേശം:- 
'മാലാഖമാരുടെ കൈവശം കൊടുത്തയച്ചത്..'


പ്രണയദിനമായിരുന്നു ഇന്ന്.. എനിക്കതറിയാമായിരുന്നു..
വെറുതെ എങ്കിലും നിനക്കു വേണ്ടി ഞാനെന്തെങ്കിലും കുറിക്കുമെന്ന് നീ ആഗ്രഹിച്ചിട്ടുണ്ടാവും.. വേണ്ടന്നു വെച്ചതാണ്.. അല്ലെങ്കിൽ തന്നെ എന്തിനു വേണ്ടി..
ഒരിക്കൽ കൂടി നിന്നെ നോവിക്കാൻ.. അതിനപ്പുറം എന്റെ അക്ഷരങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലല്ലോ..
എന്നിട്ടും എഴുതി പോവുകയാണ്.. എന്തൊക്കെയോ.. വെറുതെ..
ഇനിയുമിതു പോലെ എത്ര എത്ര പ്രണയദിനങ്ങൾ പൂവിട്ട് കൊഴിഞ്ഞാലും
അപരിചിതരേപ്പോലെ ജീവിതത്തിന്റെ രണ്ടു വശങ്ങളിലേക്ക് നടന്നകലേണ്ടവരാണ് നാം..
ഒരു പക്ഷേ നാളെ എന്തെന്ന് അറിയാതെ ജീവിതം ജീവിച്ച് തീർക്കുമ്പോഴും
ഇന്നലയിലെ ഈ നോവിനെ മറക്കാതെ ഹൃദയത്തോടു ചേർത്തു പിടിക്കാൻ മാത്രം വിധിക്കപ്പെട്ടവർ..
നാളെ ഒരിക്കൽ ജീവിതത്തിന്റെ നല്ല നാളുകളെല്ലാം മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് തീർത്ത്
തനിക്കു വേണ്ടി എന്തെങ്കിലും കരുതി വെക്കാൻ മറന്ന്
എല്ലാവരാലും ഒറ്റപ്പെട്ട് ഓർമ്മയുടെ വന്മരത്തണലിൽ തനിച്ചു നിൽക്കുമ്പോൾ..
അപ്പോൾ മാത്രം നിലക്കാതെ ഒഴുകുന്ന കണ്ണുനീരോടെ നാം പരസ്പരം നമ്മെ ഓർത്തെടുക്കുമായിരിക്കാം..
അന്ന്.., നിന്റെ കൈ വിരൽത്തുമ്പിൽ കൈകോർക്കാതെ പിന്തിരിഞ്ഞ് നടന്നതോർത്ത് ഞാനും.., എന്നെ പോകാൻ അനുവദിക്കാതെ 'നിന്നെ എനിക്ക് വേണമെന്ന്' പറയാൻ തോന്നാതിരുന്ന നിമിഷത്തേ ഓർത്ത് നീയും ഒരുപോലെ വേദനിച്ചേക്കാം..
കാലങ്ങൾക്ക് ശേഷം ചിലപ്പോൾ അങ്ങനെയൊന്നും ഉണ്ടായില്ലന്നും വരാം..
ഓർമ്മയുടെ പുസ്തകത്താളിൽ ഒരിടത്തും നാം പരസ്പരം കണ്ടുമുട്ടിയില്ലെന്നും വരാം..
അന്നത് എന്ത് തന്നെ ആയാലും.. ഇപ്പോൾ നാം പിരിയേണ്ട സമയമാണ്..
പൂർത്തിയാക്കാതെ പോയ കിനാവിന്റെ നല്ല പാതിയായി ഈ നോവോർമ്മ ഇനിയും തുടരും..
പ്രതീക്ഷയുടെ നറുതിരിനാളമായ് ഇടക്കെപ്പൊഴൊക്കെയോ നാമിനിയും പരസ്പരം കാണും.. അടുത്ത നിമിഷത്തിൽ വേർപിരിയണമെന്ന അനിവാര്യമായ സത്യത്തിനു മുന്നിൽ
വീണ്ടും നാം പകച്ചു നിൽക്കും..
പിന്നെ പിന്തിരിഞ്ഞ് അകലങ്ങളിലേക്കകന്ന് മാറും..
ജീവിത യാത്രയിലെങ്ങും നാം നമ്മെ തിരഞ്ഞു കൊണ്ടേയിരിക്കും..
കൈയെത്തും ദൂരത്തുണ്ടായിരുന്നിട്ടും സ്വന്തമാക്കാൻ കഴിയാതെ പോയ ഈ സ്വപ്നം
ഒടുവിൽ ആകാശത്തിന്റെ നീലവിരിമാറിൽ മോക്ഷം നേടും..
കാറ്റായ്.. പൂവായ്.. മഴയായ്.. നഷ്ടപ്പെട്ടു പോയ പ്രണയത്തെ തേടി നാമലഞ്ഞു കൊണ്ടേയിരിക്കും..
പിന്നെ എന്തിനാണ്.. നമുക്ക് പ്രണയിക്കാൻ ഇതു പോലൊരു ദിനം.. പരസ്പരം ആശംസകൾ കൈമാറാൻ എന്തിനാണൊരു പ്രണയം.. എന്തിനാണ്..!!


എനിക്ക് നീയും നിനക്കു ഞാനും എന്നെല്ലാമോതി എന്തിനാണ് നാം നമ്മെ തന്നെ വിഡ്ഢികളാക്കുന്നത്..
പരസ്പരം ആശംസകൾ  ഏകിയാലും ഇല്ലെങ്കിലും
നാമെന്നും ആത്മാവിനാൽ പ്രണയിച്ചുകൊണ്ടേ ഇരിക്കും..
നമ്മിൽ പ്രണയം വറ്റുന്നത് വരെ..
ഒടുവിൽ ഒന്നു ചേരാൻ കഴിയാതെ പോയ ഇഹലോകം വെടിഞ്ഞ്
നക്ഷത്രങ്ങളുടെ നാട്ടിലേക്ക് നാം യാത്ര പോവുമ്പോൾ
നിനക്കായി ഞാൻ പ്രണയത്തിന്റെ താഴ് വരയിൽ നിന്ന്
ഒരുപിടി പനിനീർ പൂക്കൾ കൈയിൽ കരുതും..
മഞ്ഞു പോലെ തണുത്ത അവയുടെ ദളങ്ങൾക്ക് നമ്മുടെ പ്രണയത്തിന്റെ ചുവപ്പ് നിറമായിരിക്കും..
ഋതുഭേദങ്ങൾ ചിത്രങ്ങൾ നെയ്യുന്ന... മഴനൂലുകൾ സംഗീതം പൊഴിക്കുന്ന..
നനുത്ത തണുവുള്ളയാ പ്രണയത്തിന്റെ നാട്ടിൽ വെച്ച്
നിനക്ക് ഞാനെന്റെ ഹൃദയം പങ്കിട്ടു തരും..
ജന്മ ജന്മങ്ങളിലേക്കായ് നാം ഒന്നു ചേരും..

..................."പ്രണയ ദിനാശംസകൾ"......................





No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...