Tuesday 29 November 2016

നിന്റെ മിഴിക്കോണിൽ നിന്നാണ്
ഞാനെന്റെ ഉള്ളിലേക്ക്
ഈ കടലാഴത്തെ കട്ടെടുത്തത്..
നീയറിയാതെ നിന്റെ ഹൃദയത്തിലേക്കുള്ള
ദൂരമറിയാനായിരുന്നു അത്..
കാരണം
നിന്നിലേക്കുള്ള വഴിതിരഞ്ഞ്
ഞാൻ നിന്റെ മിഴികളിലേക്കിറങ്ങിയപ്പോഴെല്ലാം
മരണത്തിലേക്കു മുറുകുന്നൊരു കുരുക്കായി
ആഴത്തിലേക്കു വലിച്ചിട്ട് നിർദയം
അതെന്നെ ശ്വാസം മുട്ടിച്ചതേയുള്ളു..
ഒടുവിൽ തല്ലിപ്പിടഞ്ഞ്
നിറം മങ്ങിയ സ്വപ്നം പോലെ
വിളറി ഞാൻ കിതച്ചു പുറത്തു ചാടുമ്പോൾ
അലകളേതുമില്ലാതെ
ശാന്തമായ കടൽ പോലെ നിന്റെ മിഴികൾ
വെറുതെ ചിരിക്കും...
അങ്ങനെയിരിക്കെ
നക്ഷത്രങ്ങൾ കൂട്ടില്ലാതിരുന്നൊരു ആകാശമാണെനിക്ക്
നിന്റെ മിഴികളിൽ നിന്നാ കടലാഴങ്ങൾ കട്ടെടുക്കാൻ
വഴി പറഞ്ഞു തന്നത്..
അതിലൂടെ
നിന്നിലേക്കു നീന്തിയടുക്കാൻ കൊതിച്ച
എനിക്കു മുന്നിൽ
നീ വീണ്ടുമൊരു കടലാവുന്നു..
ഒരു കൈയകലത്തിൽ ഞാനെത്തുമ്പോഴേക്കും
ആഴങ്ങളിലേക്കു മാത്രം വലുതാവുന്നൊരു കടൽ..
എനിക്കളന്നെടുക്കാനാവാത്ത കടൽദൂരം..
എത്ര തുഴഞ്ഞിട്ടും
എണ്ണിത്തീർക്കാനാവാത്ത തിരദൂരം..
എന്റെ ഉള്ളിലെ കടലാഴത്തെ
ഞാൻ നിനക്കു തിരിച്ചു നല്കുന്നു..
ഇനിയൊരു അലയുയരാത്ത വിധം
എന്നിലെ കടലിനെ ഞാൻ വറ്റിച്ചു കളയുന്നു..
നിന്നിലേക്കു തുഴയാനാവാത്ത വിധം
ഞാനെന്റെ ചിറകുകളെ അരിഞ്ഞു കളയുന്നു..
നീയൊരു കടലായി..
എനിക്കളന്നെടുക്കാൻ കഴിയാത്ത തിരദൂരമായി
എന്നിലേക്കലിഞ്ഞില്ലാതെയായെന്ന് 
ഞാൻ വിശ്വസിക്കുന്നു..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...