Saturday 5 November 2016

രാത്രികളിൽ തനിച്ചിരിക്കാനും ഒന്നുമാലോചിക്കാതെ എന്തൊക്കെയോ ആലോചിക്കാനും ഒരാളെ പ്രേരിപ്പിക്കുന്നതെന്താവാം... ജീവിതത്തിലും ആത്മാവിലും തനിച്ചായിപ്പോയ ഒരാൾക്ക് രാത്രിയുടെ ഭയപ്പെടുത്തുന്ന നിശബ്ദത നല്കുന്ന സ്വാന്തനമെന്തായിരിക്കും... അതൊരു പക്ഷേ ഒരിക്കലും ആരും കൂട്ടിരിക്കാനില്ലാതെ പോയ രണ്ടാത്മാക്കളുടെ സൗഹൃദമാവാം..
          ഞാനും രാത്രിയും തമ്മിൽ എന്താണിന്ന് വ്യത്യാസം.. ഒരു കുഞ്ഞു നക്ഷത്രം പോലും പ്രകാശം ചൊരിഞ്ഞ് കൂട്ടിനില്ലാതെ തനിച്ച്.. ‘തനിച്ച്’... എത്ര വലിയ നോവാണ് ആ ഒരു വാക്ക് തരുന്നത്... ആരുമില്ലാതെയാവുക.. നീ ഉണ്ടോ.. ഉറങ്ങിയോ എന്നന്വേഷിക്കാൻ.. കുളിച്ചു വരുമ്പോൾ നെറുകയിലിത്തിരി രാസ്നാദിയിട്ട് തിരുമ്മാൻ.. പനിക്കുന്ന രാത്രികളിൽ സ്നേഹം കൊണ്ട് ആകെ പുതപ്പിച്ച് ചേർത്ത് പിടിക്കാൻ.. ഉള്ളാകെ പെയ്യാൻ വിതുമ്പി നില്ക്കുമ്പോൾ തൂവിപ്പോവാതിരിക്കാൻ ഹൃദയത്തിനു മുകളിൽ ഒരിലത്തണ്ട് മുറിച്ചിടാൻ.. ആരുമില്ലാതിരിക്കുക...
          എന്റെ നാഥാ... പകലുകളെ പകച്ച് രാത്രിയുടെ ഇരുട്ടിലേക്ക് ഞാനോടിയൊളിക്കുന്നു.. തണുത്ത തറയിൽ മുഖമമർത്തിക്കിടന്ന് ശബ്ദമില്ലാതെ ഞാൻ കരയുന്നു..കരഞ്ഞു തളർന്ന് ഞാനുറങ്ങുകയും പുലരുമ്പോൾ ‘കൂട്ടി’ല്ലാത്ത മറ്റൊരു ദിവസത്തെയോർത്ത് വീണ്ടും മിഴിവാർക്കുകയും ചെയ്യുന്നു..  എല്ലാവർക്കും നടുവിലായിരുന്നിട്ടും ആൾക്കൂട്ടത്തിൽ നഗ്നനായിപ്പോയവനെ പോലെ എന്റെ ആത്മാവ് ചൂളുന്നു.. അതിന്റെ തേങ്ങലുകളെ ഒരു പായ്ച്ചിരിയാൽ ഞാനെന്റെ ഉള്ളിൽ തന്നെ അമർത്തിയൊതുക്കുന്നു.. സന്ധ്യാ വേളകളിൽ തനിച്ച് കടല്ക്കരയിലിരിക്കുമ്പോൾ തിരികെ കൂടുകളിലേക്ക് മടങ്ങുന്ന കിളികൾ പോലുമെന്നെ പ്രലോഭിപ്പിക്കുന്നു..  

          തളർന്ന മനസോടെ തിരികെ വീട്ടിലേക്കു നടക്കുമ്പോൾ വഴിയരികിലെ അപരിചിതനിലൂടെ നീയെന്നെ നോക്കി പുഞ്ചിരിക്കുന്നുവോ.. പൂവുകളും പൂമ്പാറ്റകളും കിളികളും കുഞ്ഞുങ്ങളും എല്ലാവരും നിന്നോടൊപ്പം കരുണയോടെ എന്നിലേക്കു മിഴിനീട്ടുന്നുവോ..നിന്നെ തഴുകിയെത്തുന്ന ഇളം കാറ്റ് എന്റെ കൈവിരലുകളെ ചേർത്തു പിടിക്കുന്നു.. അവളോടൊപ്പം ഞാൻ വീട്ടിലേക്കു നടക്കുന്നു.. ആരുമില്ലാതിരിക്കുക എന്നൊരവസ്ഥയില്ലെന്ന് നീയെന്നെ വീണ്ടും പഠിപ്പിക്കുന്നു... രാത്രികൾ പോലും ഒരിക്കലും തനിച്ചാവില്ലെന്നും.. 
          മേഘങ്ങൾക്കുള്ളിൽ നക്ഷത്രങ്ങൾ തീർച്ചയായും ഉണ്ട്.. അവ ഒരിക്കലും രാത്രിയെ തനിച്ചാക്കി ഓടി മറയുകയില്ല.. മേഘങ്ങൾക്കുള്ളിലൂടെ അവയെ കാണാൻ നമുക്കു സാധിക്കുന്നില്ലല്ലോ.. നോവുകൾക്കുള്ളിലെല്ലാം പ്രതീക്ഷയുടെ ഒരു നക്ഷത്രത്തിളക്കമുണ്ട്.. അതു കാണാൻ സാധിക്കുമ്പോഴാണ് രാത്രിയുടേതു പോലെ നിന്റെ ആകാശങ്ങളും നിറഞ്ഞു പ്രകാശിക്കുക..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...