Friday 25 November 2016

          ഇന്നൊരു സ്വപ്നം കൂടെയുണ്ടായിരുന്നു.. രാത്രിമഴയുടെ പ്രണയത്തിൽ ഉണർന്നെണീറ്റ പുലരിയിലേക്കിറങ്ങവേ മഴ തോർന്നിട്ടും പെയ്യാൻ വിതുമ്പുന്ന ഇലത്തുമ്പിൽ നിന്നാണ് നനുത്തൊരു ചുംബനത്തോടെ ആ സ്വപ്നമെന്റെ നെറ്റിമേൽ പതിച്ചത്..
          നെറ്റിയിലൂടെ ആ തണുപ്പ് ഉള്ളിലേക്കമർന്നു.. സിരകളിൽ.. ധമനികളിൽ... ഓർമകളിൽ.. മൗനത്തിൽ.. എല്ലായിടത്തും നേർത്ത തണുപ്പുള്ളയാ സ്വപ്നം പാറി നടന്നു.. സ്വർഗത്തിൽ നിന്ന് പൊഴിഞ്ഞിറങ്ങിയ  ഏതോ ഒരു മാലാഖക്കുഞ്ഞിന്റെ നനുത്ത തൂവലിന്റെ ഓർമയാണ് ആ സ്വപ്നമെന്നിലുണർത്തിയത്.. നനഞ്ഞ മണ്ണിൽ പാദങ്ങളമർന്നപ്പോൾ ജന്മാന്തരങ്ങളിൽ നിന്നാരോ കൈ നീട്ടി മെല്ലെയൊന്നു തൊട്ടതു പോലെ..
          ഹൃദയത്തിന്റെ ഒഴിഞ്ഞൊരു കോണിൽ നിറഞ്ഞു ചിരിച്ചു കൊണ്ടാ സ്വപ്നം സ്ഥാനം പിടിക്കവേ.. നെറ്റിമേൽ വീണ്ടുമൊരു മഴയോർമ്മ.. ഒന്നിൽ നിന്നു തുടങ്ങി പെരുകി പെരുകി... മഴ... വീണ്ടും മഴ...

          തിരിഞ്ഞു നടക്കാനോ, നനയാതെ കയറി നില്ക്കാനൊരിടം തിരയാനോ ബദ്ധപ്പെടാതെ നില്ക്കുന്നിടത്തു തന്നെ നിന്ന് കൈകൾ വിടർത്തി.. കണ്ണുകളടച്ച്.. മെല്ലെ തലയുയർത്തി.. മഴ... വീണ്ടും വീണ്ടും ഒന്നിനു പുറകെ ഒന്നായി... പെരുകി പെരുകി... എന്റെ മഴ.. ഹൃദയത്തിന്റെ കോണിലെയാ തണുപ്പാർന്ന സ്വപ്നവും ഇതു പോലെ.. മഴ പോലെ.. പെയ്തൊഴിയാത്ത എന്റെ മഴ പോലെ..!!

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...