Thursday 3 November 2016

ആകാശം തുറന്ന് ആദ്യത്തെ മഞ്ഞുതുള്ളി മണ്ണിലേക്കു വീണു.. തണുപ്പ്.. വരണ്ട ചുണ്ടിൽ  സ്നേഹത്തിന്റെ തണുപ്പ്.. ആദ്യത്തെ മഴ.. അമ്മയുടെ സ്നേഹ ചുംബനം പോലെ.. നനുത്തത്. പ്രകൃതി മുഴുവൻ, ചെടികളും പൂക്കളും മരങ്ങളുമെല്ലാം തലകുനിച്ചു നിന്നാ സ്നേഹത്തെ അറിയുകയാണ്.. ഞാൻ മാത്രം മഴ തണുപ്പിച്ച മണ്ണിൽ നിന്നുയരുന്ന നിശ്വാസത്തിന്റെ ചെറിയ ചൂടറിഞ്ഞ്.. നനഞ്ഞ മണ്ണിൽ പാദങ്ങൾ ചവിട്ടി.. കൈകൾ വിടർത്തി തലയുയർത്തി കണ്ണുകളടച്ച്.. ഞാനവനെ എന്നിലേക്കിറങ്ങാൻ അനുവദിച്ചു. വരിക.. എന്നെ നനയ്ക്കുക.. ദു:ഖത്തിന്റെ.. കണ്ണുനീരിന്റെ.. വെറുപ്പിന്റെ.. അകൽച്ചകളുടെ.. നുണകളുടെ.. പരിഭവത്തിന്റെ.., വരണ്ടുണങ്ങിയ എന്റെ ഹൃദയവയലിൽ നിന്റെ സ്നേഹമഴ പെയ്തിറങ്ങട്ടെ.. എന്നെ നനയ്ക്കുക.. വിണ്ടുകീറലിന്റെ നോവോർമകൾ മാഞ്ഞു പോവട്ടെ..
          മഴ നനച്ച മണ്ണ്... പാദങ്ങളിലേക്ക് അരിച്ചു കയറുന്ന മണ്ണിന്റെ തണുപ്പ്.. നിന്റെ തണുപ്പ്.. ആകാശങ്ങളിൽ നിന്നു നീ പൊഴിക്കുന്ന സ്നേഹത്തിന്റെ തണുപ്പ്.. നിന്റെ വഴികളിൽ നിന്നു ഞാനിടറി മാറിയപ്പോൾ നീ ഒഴുക്കിയ കണ്ണുനീരിന്റെ തണുപ്പ്.. അതെന്നിലെ സങ്കടത്തിന്റെ ചൂടിനെ ആറ്റിക്കളയുന്നു..നിന്റെ തണുപ്പ്.., നിർമല സ്നേഹത്തിന്റെയാ തണുപ്പ് എല്ലാവരെയും സ്നേഹിക്കാനെന്നെ പഠിപ്പിക്കുന്നു.. വീണ്ടും വീണ്ടും പഠിപ്പിക്കുന്നു.. കാറ്റിലൂടെ ഒഴുകി വന്ന് അതെന്റെ നനഞ്ഞ തലമുടി തലോടുന്നു.. കൺപീലികളിൽ ഊറി നിന്നൊരു മഞ്ഞുതുള്ളിയെ ചുണ്ടിലേക്കിറ്റിക്കുന്നു.. ചുണ്ടിൽ നിന്നാ തണുപ്പ് സിരകളിലൂടെ.. രക്തത്തിലൂടെ.. ഉള്ളിലേക്ക്.. ആത്മാവിലേക്ക്.. മോക്ഷത്തിന്റെ നാൾവഴിയിലേക്ക്..
          മഴ തോർന്ന ആകാശം.. മണ്ണിലേക്കിറങ്ങുന്ന അവസാന തുള്ളി.. നനഞ്ഞ കവിളുകളുള്ള ഓർക്കിഡ് പൂവുകൾ.. ഓരോ മഴത്തുള്ളിയും മടങ്ങുകയാണ്.. മണ്ണിലേക്ക്.. അമ്മയിലേക്ക്.. ആദ്യ സ്പന്ദനത്തിലേക്ക്. ഇലത്തുമ്പിൽ നിന്ന്.. പൂവിതളുകളിൽ നിന്ന്.. മരക്കൊമ്പുകളിൽ നിന്ന്..കിളിയുടെ നനഞ്ഞ ചിറകിനറ്റത്തു നിന്ന്.. കാറ്റു തലോടുന്ന എന്റെ തലമുടിത്തുമ്പിൽ നിന്ന്.. അവസാന മഴത്തുള്ളിയും മടങ്ങുകയാണ്.. മടങ്ങുന്ന തുള്ളിയോട് താഴെ വീണലിയും മുന്നേ പതിയെ ഞാൻ പറഞ്ഞു “ഒന്നു നില്ക്കൂ.. ഒരു നിമിഷം..” മടങ്ങുന്ന മഴത്തുള്ളി തലയുയർത്തി നോക്കിയിട്ട് ചോദിച്ചു “എന്തിനു വേണ്ടിയാണ് ഒരു നിമിഷം..?? വെറുതെ കളയുന്ന ഓരോ നിമിഷവും പാഴായിപ്പോവുന്ന വിത്തുകളാണ്..!!”  “എങ്ങോട്ടാണ് നിങ്ങൾ മടങ്ങുന്നത്..??!!”  ചോദ്യമെന്റെ ചുണ്ടിൽ നിന്നൂറി വീണു.. “ആകാശത്തേക്ക്...” മറുപടി ഒറ്റവാക്കിലൊതുക്കിയിട്ട് മഴത്തുള്ളി മണ്ണിലേക്ക് വീണു..  “ആകാശത്തേക്ക്...???!!!” മണ്ണിനടിയിലൂടെയോ..??? മറുപടിയുടെ പൊരുളെന്ത്..??!!
          ഈറനണിഞ്ഞ ആകാശം.. നനഞ്ഞ കണ്ണുകൾക്കുള്ളിൽ ഒരു കുഞ്ഞു സൂര്യൻ.. സ്നേഹത്തിന്റെ തിളക്കം.. നനഞ്ഞ കൺപീലികളെ തഴുകി അതകത്തേക്ക് കടന്നു. കണ്ണുകൾക്കുള്ളിലിപ്പോൾ ഒരാകാശം.. തെളിഞ്ഞ സൂര്യൻ. മണ്ണിലേക്കല്ല, ആകാശത്തേക്കാണ് മടക്കം. ആരംഭത്തിലേക്ക്. യാത്രകളെല്ലാം പൂർണമാവുന്നത് അപ്പോഴാണ്.. ആകാശത്തിലേക്ക് മടങ്ങുമ്പോൾ.. മണ്ണിലൂടെ..!!  അവസാനമെന്ന് നാം കരുതുന്നിടത്ത് നിന്ന് ആരംഭത്തിലേക്ക് മടങ്ങുമ്പോൾ എല്ലാം പൂർത്തിയാകുന്നു..

          നിന്റെ പൂർണതയിലേക്ക് എന്നാണെനിക്ക് മടങ്ങാനാവുക.. മനസ് തേങ്ങി.. മിഴിക്കോണിലൊരു കണ്ണീർക്കണം.. നനഞ്ഞ കവിളിൽ കുറ്റബോധത്തിന്റെ മിഴിനീർച്ചൂട്.. നീയെനിക്കവസരങ്ങൾ നൽകി.. പാറക്കല്ലിനുമേൽ പാകിയ വിത്തുപോലെ ഞാനവ പാഴാക്കിക്കളഞ്ഞു. വിരൽത്തുമ്പിൽ., ഹൃദയത്തിന്റെ അവസാന കോണിൽ., മിഴികളുടെ തിളക്കത്തിൽ., വാക്കുകളുടെ മൃദുലതയിൽ., എല്ലായിടത്തും പരിശുദ്ധയായിരിക്കാൻ നീ പറഞ്ഞു.. പ്രണയത്തിന്റെ.., സ്നേഹത്തിന്റെ ആഴങ്ങളിലേക്കാനയിക്കപ്പെട്ടപ്പോൾ ഞാനെന്റെ വാക്കുകളിൽ അരുതാത്തതിന്റെ (അശുദ്ധിയുടെ) തേൻ പുരട്ടിയോ.. ഉവ്വ്.. നിന്നോടൊത്തിരിക്കുന്ന നിർമലതയുടെ ഈ നിമിഷത്തിൽ അത് വിഷം പോലെയെന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു.. എന്റെ സ്നേഹത്തിൽ നിന്റെ പരിശുദ്ധി സൂക്ഷിക്കാൻ ഞാൻ മറന്നു പോയതെന്തേ.. നിന്റെ ഓർമപ്പെടുത്തലുകളെ ഞാനവഗണിച്ചതെന്തേ.. നനഞ്ഞ കവിൾത്തടങ്ങളിൽ കുറ്റബോധത്തിന്റെ ചൂടുള്ള തുള്ളികൾ.. എന്റെ ഹൃദയത്തിന്റെ നിർമലതയെ അത് പൊള്ളിക്കുന്നു.. തടയാനാവാത്ത വിധം കണ്ണുകൾ പെയ്തിറങ്ങുന്നു.. ജീവിതത്തിന്റെ ഏതു കോണിൽ വെച്ചാണ് നിന്റെ കൈവിരലിൽ നിന്നു ഞാൻ പിടിവിട്ടത്.. തനിയെ നടക്കാമെന്നഹങ്കരിച്ചത്..
          കോർക്കാതെ പോകുന്ന കൈവിരലുകളുടെ ശൂന്യതയിൽ നിന്റെ സ്നേഹമുണ്ടെന്ന് ഞാൻ മറന്നതെന്തേ.. സംസാരിക്കാതിരിക്കുന്ന നിമിഷങ്ങളുടെ മൂകതയിൽ നിന്റെ വാചാലതയുണ്ടെന്ന് ഞാനോർക്കാതെ പോയതെന്തേ.. കൈവിരലുകൾ കോർത്തുവെച്ച് നിന്റെ സ്നേഹത്തെ ഞങ്ങൾക്കിടയിൽ നിന്ന് ഞാൻ മാറ്റിനിർത്തി.. നിനക്കു വാചാലമാവാൻ അവസരങ്ങൾ നൽകാതെ നിമിഷങ്ങളുടെ ശൂന്യതകളെ ഞങ്ങൾ സന്ദേശങ്ങൾ കൊണ്ട് നിറച്ചു.. എന്നിട്ട് വീണു കിട്ടുന്ന ഇടവേളകളിൽ നിന്റെ സ്വരം കേൾക്കുന്നില്ലെന്ന് പറഞ്ഞ് വ്യാകുലപ്പെട്ടു.. എന്നിട്ടും എന്റെ വ്യാകുലതകളിൽ നീ എന്റെ ഹൃദയത്തെ തൊട്ടു. നിർമല സ്നേഹത്തെ എന്റെ ഉള്ളിൽ നിറച്ചു. നീ എന്നെ വീണ്ടും നിന്റേതാക്കി മാറ്റി..
          രണ്ടു വഴികളുള്ള ജീവിതത്തിന്റെ കവലയിൽ വെച്ച് പക്ഷേ വീണ്ടും ഞാൻ നിന്റെ കൈവിടുവിച്ച് നടന്നകന്നു. നിന്റെ പിൻവിളി ഞാൻ കേൾക്കാതെ അവഗണിച്ചു. നിസ്സഹായതയുടെ ഉൾച്ചുഴിയിൽപ്പെട്ട് നിന്റെ ഹൃദയം വേദനിച്ചു. കണ്ണു നിറഞ്ഞു.. കവിളു നനച്ചൊഴുകിയ മിഴിനീരിനു പക്ഷേ നല്ല തണുപ്പായിരുന്നു. നിന്റെ സ്നേഹത്തിന്റെ തണുപ്പ്..
          എന്റെ കണ്ണുകളിൽ കുറ്റബോധത്തിന്റെ കാർമേഘങ്ങൾ നിറഞ്ഞു. നിന്റെ സൂര്യൻ.. അവനെ നോക്കാനാവാതെ ഞാനിതാ മിഴി താഴ്ത്തുന്നു.. തല കുനിക്കുന്നു. താഴെ നനഞ്ഞ മണ്ണ്.. നല്ല വിത്തിടാൻ പാകമായ നിലം.. എന്റെ നനഞ്ഞ കൺപീലികളിൽ ഒരു കാറ്റിന്റെ ഇതളനക്കം.. സ്വർഗത്തിൽ നിന്നു നീ കാറ്റിന്റെ തുവാല വീശി എന്റെ കണ്ണുനീരു തുടച്ചു കളഞ്ഞു.. കവിളുകളിൽ വീണ്ടും മഴയുടെ തണുപ്പ്.. കരുതലിന്റെ.. നിന്റെ സ്നേഹത്തിന്റെ തണുപ്പ്..
          രാത്രിയുടെ കനത്ത മൂകതയിൽ ഞാനും നീയും മാത്രം.. ഇടയ്ക്കിടെ ഇറ്റുവീഴുന്ന മഴത്തുള്ളികൾ.. നിനക്കു വേണ്ടി പാടുന്ന രാപ്പാടികൾ.. നമുക്കു ചുറ്റും രാവിന്റെ മഞ്ഞു പടലങ്ങൾ.. എനിക്കു തണുക്കാത്തതെന്താണ്...?? നനഞ്ഞ കണ്ണുകളിൽ അത്ഭുതത്തിന്റെ തിരയിളക്കം.. നിന്റെ ചുണ്ടുകളിൽ നനുത്തൊരു പുഞ്ചിരി.. കരുതലിന്റെ പുതപ്പിനാൽ നീയെന്നെ പുതപ്പിച്ചിരിക്കുന്നുവല്ലോ.. എത്ര ശാന്തമാണ് രാത്രി.. പാതിയടഞ്ഞ നിന്റെ മിഴികളിൽ ഞാൻ തേടിയലഞ്ഞ ജീവിതത്തിന്റെ നിത്യത.. പുഞ്ചിരി നനഞ്ഞ ചുണ്ടിൽ ഞാൻ മറന്നു തുടങ്ങിയ ഒരീണം.. എന്റെ സംഗീതം.. ഞാൻ മറന്നു പോയ വരികൾ.. എനിക്ക് വേണ്ടി നീയത് മൂളുന്നു.. നീയത് ഓർത്തിരുന്നു.. എനിക്കത് പ്രിയപ്പെട്ടതാണെന്ന് നിനക്കറിയാം.. നിനക്കു മാത്രം.. മരുഭൂമിയിൽ തിളയ്ക്കുന്ന മണൽത്തരികൾ വീണെന്റെ ഹൃദയം പൊള്ളുന്നു. മരം കോച്ചുന്ന  തണുപ്പിലും എന്റെ മനം കനൽക്കട്ട പോലെ ജ്വലിക്കുന്നു. ഞാൻ നിന്നെ മറന്നു.. നമ്മളൊരുമിച്ച് പാടിയ പാട്ടുകൾ മറന്നു.. എന്നെത്തന്നെ മറന്നു.. എന്നിട്ടും..
          മഴ... വീണ്ടും മഴ.. ഒന്നിൽ നിന്നു തുടങ്ങി.. പെരുകി പെരുകി.. എന്റെ മറവിയുടെ വരണ്ട നിലത്തിലേക്ക് ഉർവരതയുടെ സ്പർശം പേറി.. നിന്റെ സ്നേഹ മഴ.. ഒരു മഴയിലൂടെ നീയെന്നെ എല്ലാം ഓർമപ്പെടുത്തി.. നിന്നിലേക്കെന്നെ തിരിച്ചു വിളിച്ചു.. എന്റെ കൈപിടിച്ചു. നിന്റെ കൈവിരലുകൾക്ക് ഓർമകളുടെ തണുപ്പ്.. അത് മറവിയുടെ ചൂടിനെ എന്നിൽ നിന്നകറ്റിക്കളഞ്ഞു.. രാത്രിയായി.. വീണ്ടും... വീണ്ടും... രാത്രി നമ്മളെ നമുക്ക് തിരിച്ചു നൽകി.. നിന്റെ പാട്ടു കേട്ട് പ്രകൃതി ഉണർന്നു.. പൂവുകൾ നമ്മോട് സംസാരിച്ചു.. ഇലകളിലൂടെയും പൂക്കളിലൂടെയും നിന്നെ അറിയാൻ നീ വീണ്ടുമെന്നെ പഠിപ്പിച്ചു.. ഞാനത് ഇനിയും മറന്നു പോകുമോ..???!!!! പോകും.. ഓർമപ്പെടുത്താൻ നീ ഉള്ളിടത്തോളം കാലം ഞാനിതെല്ലാം വീണ്ടും മറന്നുകൊണ്ടേയിരിക്കും..

          ആകാശം ശൂന്യമായിക്കിടക്കുന്നു.. നക്ഷത്രങ്ങളെവിടെയെന്നുള്ള എന്റെ ചോദ്യത്തിന് നിന്റെ ഉത്തരം വെറുമൊരു പുഞ്ചിരി മാത്രം.. ഞാനും ചിരിച്ചു.. ആ നക്ഷത്രങ്ങളെയെല്ലാം എടുത്താണല്ലോ നീയെന്നെ ഇന്നലങ്കരിച്ചിരിക്കുന്നത്.. എന്റെ മിഴികളിൽ.., ഹൃദയത്തിൽ.., വിരൽത്തുമ്പിൽ.., നീ നിറച്ച നക്ഷത്രങ്ങളുടെ മായാത്ത തിളക്കം.. അടഞ്ഞ കണ്ണുകൾക്കു മുകളിൽ നീ തൂളിച്ച ഉറക്കത്തിന്റെ നിലാക്കഷ്ണം.. സ്വപ്നങ്ങളിലും നിറയെ നക്ഷത്രങ്ങൾ.. നിറയെ... നിറയെ...

3 comments:

  1. ഭൂമിയിലായിരിക്കുമ്പോൾ
    ഒരു കീറ് ആകാശവും
    ആകാശത്തിലായിരിക്കുമ്പോൾ
    ഒരു പിടി മണ്ണും മനസ്സിൽ സൂക്ഷിക്കുക
    ഭൂമിയിൽ നിങ്ങൾ തളിർക്കും
    ആകാശത്തിലും വേരുപടരും....

    ReplyDelete

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...