Sunday 13 November 2016

 “സ്വയം സഹായിക്കാൻ തയ്യാറാവാത്ത ഒരാളെ സഹായിക്കാൻ ദൈവത്തിനു പോലും കഴിയില്ലെന്ന്” പറഞ്ഞത് ആരാണാവോ...
          
             എത്ര നിസ്സാരമായിട്ടാണ് ചിലർ സ്വന്തം ജീവിതങ്ങളിൽ നിന്ന് പടിയിറങ്ങിപ്പോവുന്നത്. കുടുംബം, വീട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങി ദൈവം ഹൃദയത്തോട് കൊരുത്തു വെച്ചിട്ടുള്ള അനേക ബന്ധങ്ങളെ രണ്ടാമതൊന്നു ചിന്തിക്ക കൂടി ചെയ്യാതെ വികാരങ്ങൾക്കടിമപ്പെട്ട് വലിച്ചെറിയുന്നത്.. അവനവന്റെ ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ആർക്കൊക്കെയാണ് നാം ഭാഗിച്ചു വെച്ചിരിക്കുന്നത്..        
             ഒരു പൂവ് കൊഴിഞ്ഞതിന്റെ പേരിൽ വേരറ്റു വീഴാതെ വീണ്ടും വസന്തത്തെ പ്രതീക്ഷിച്ച് തളിർക്കുന്ന പൂമരങ്ങൾ പഠിപ്പിക്കുന്നുണ്ട് ജീവിതത്തിന്റെ സത്യങ്ങളെ.. കൊഴിഞ്ഞു പോവുന്ന ഒരു കൂട്ടിന്റെ പേരിൽ ജീവിതത്തെ വലിച്ചെറിയുന്നവർ വലിച്ചെറിയുന്നയാ ജീവനെയും ജീവിതത്തെയും മാത്രമാഗ്രഹിച്ചു കാത്തിരിക്കുന്ന മറ്റു കൂട്ടുകളെ കാണാതെ പോവുന്നു.. സ്നേഹമല്ല.. സ്വാർത്ഥത മാത്രമാണത്. താനാഗ്രഹിക്കുന്നതെന്തും തനിക്കു മാത്രമുള്ളതാണെന്നുള്ള വെറും സ്വാർത്ഥത..
          എപ്പോഴാണ് ഒരു വ്യക്തി ജീവിതത്തിൽ തോറ്റു പോവുന്നത്.. കൊഴിഞ്ഞു പോയൊരു പൂവിനു വേണ്ടി വിരിയാൻ കാത്തിരിക്കുന്ന മറ്റു മൊട്ടുകളെയെല്ലാം അവഗണിച്ച് വേരറുത്തു വീഴുമ്പോൾ.. തനിക്കു മുന്നിലും ദൈവത്തിനു മുന്നിലും തികഞ്ഞ തോൽവി മാത്രമാണ് അവർക്കു സ്വന്തമായിട്ടുള്ളത്. തെറ്റുകളെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുമ്പോൾ ഒരുവൻ ദൈവത്തിനും ലോകത്തിനും പ്രിയപ്പെട്ടവനാകുന്നു. എന്റെ തെറ്റുകൾ എന്റെ ശരിയെന്ന് ധരിച്ച് മുന്നോട്ടു പോവുന്നവൻ എന്നേ തോറ്റു കഴിഞ്ഞവൻ..
          ദാനം കിട്ടുന്ന എന്തിനോടും പുച്ഛമാണ് നമുക്ക്.. അതു കൊണ്ടാവണം നമുക്കെല്ലാം നമ്മുടെ ജീവനും ജീവിതവും ഇത്ര നിസ്സാരമായിത്തീർന്നത്.. നിങ്ങളുടെ ജീവിതത്തിന്റെ വില നിങ്ങളുടെ മാതാപിതാക്കളോട് ചോദിച്ചു നോക്കൂ.. മറുപടി വാക്കുകളിൽ പ്രകടമാവില്ല.. വിതുമ്പുന്ന ചുണ്ടുകളിലും നിറഞ്ഞ മിഴികളിലും അവരുത്തരത്തെ ഒളിപ്പിച്ചു കളയും.. ചിലപ്പോൾ “എന്റെ ജീവനോളം” എന്ന് ഒറ്റവാക്കിലോതിയേക്കാം.. ഒരു ജീവനെ സൃഷ്ടിക്കുന്നവനു മാത്രമേ അതിന്റെ വിലയെന്തെന്നും മനസിലാക്കാനാവൂ.. അതു കൊണ്ടാണ് പിഴുതെറിയപ്പെടുന്ന പുൽക്കൊടികളെ ഓർത്ത് പോലും ദൈവം കരയുന്നത്..    നമുക്ക് ലഭിച്ചിരിക്കുന്ന ജീവനും ജീവിതവും മറ്റൊരാളുടെ ദാനമാണ്.. മറ്റൊരു ജീവനെ ജീവിതത്തെ രൂപപ്പെടുത്തും വരെക്കും ആ ഭിക്ഷയിലാണ് നാം ജീവിക്കുന്നത്.. എന്നിട്ടും ചിലരുണ്ട് ആത്മാവിനോളം അതിനെ കരുതുന്നവർ.. മറ്റു ചിലർ ദാനം കിട്ടിയതിനാലാവണം ചെറിയ കിതപ്പുകളിൽ പോലും ഭാരം കൂടുതലെന്ന് പറഞ്ഞ് വലിച്ചെറിയുന്നു..
          നാം ആവശ്യപ്പെട്ടിട്ടല്ലാതെ  നമുക്ക് നല്കപ്പെടുന്ന ദാനമാണ് ജീവൻ.. ദാനം കിട്ടുന്നതിനെയൊന്നും നിന്ദിക്കരുതെന്ന് പഠിപ്പിക്കുന്നൊരു സംസ്കാരമുണ്ട് നമുക്ക്. സ്വയം നേടിയവയെക്കാൾ സൂക്ഷ്മതയോടെ കരുതേണ്ടുന്ന ഒന്ന്.. മറ്റൊരാളിലേക്ക് പകർന്നു നല്കും വരെ ക്ഷേത്രം കാവല്ക്കാരനെപ്പോലെ ശരീരത്തിനുള്ളിലെ ആ ചൈതന്യത്തെ കാത്തു സൂക്ഷിക്കേണ്ടതുണ്ട് നാം. ഒരു ക്ഷേത്ര കാവല്ക്കാരൻ ക്ഷേത്രത്തിന്റെ അകം മാത്രമല്ല അതിന്റെ പുറവും ഒരേ ഭക്തിയോടെയും കരുതലോടെയും സൂക്ഷിക്കുന്നു.. ജീവാത്മാവിനെ മാത്രമല്ല.. അതിനെ സംരക്ഷിച്ചിരിക്കുന്ന ശരീരത്തെയും ശരീരം നിലനില്ക്കുന്ന ചുറ്റുപാടുകളേയും കരുതലോടെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. പുറം മലിനപ്പെടുമ്പോഴാണ് അകത്തും പെട്ടെന്ന് ചെളി പുരളുക. പലപ്പോഴും നാമത് മറന്നു പോവുന്നു. ശരീരത്തെ സ്നേഹിക്കാത്തൊരാൾ ജീവനെയോ ഈശ്വരനെയോ പരിപൂർണമായി സ്നേഹിക്കാനാവില്ല.  
          ദാനം നല്കപ്പെട്ടതെന്ന കാരണത്താൽ തോന്നും പോലെ ജീവിതത്തെ വലിച്ചെറിയുന്നവർ ഈശ്വരന്റെ മുഖത്തേക്കാണ് ചെളി വാരിയെറിയുന്നത്.. സൃഷ്ടിച്ചവനെ സ്നേഹിക്കാൻ കഴിയുന്നൊരാൾക്ക് ഏതൊരു സാഹചര്യത്തിലും സൃഷ്ടിയേയും സ്നേഹിക്കാനാവും. അമ്മയെ സ്നേഹിക്കാത്തവരാണ് അവൾ പകർന്നു നല്കിയ ജീവനെയും ജീവിതത്തെയും തട്ടിത്തെറിപ്പിച്ച് പോവുന്നത്.. അവരെ സഹായിക്കാൻ സ്വയം ഈശ്വരനു പോലും സാധിക്കുകയില്ല.. അവളെ സ്നേഹിക്കാൻ കഴിയുന്നൊരാൾക്ക് ഏതൊരു സന്ദർഭത്തിലും തന്നെയും തന്റെ ജീവനേയും അവൾ തനിക്കൊരുക്കി തന്ന ജീവിതത്തെയും സ്നേഹിക്കാനാവുന്നു..



No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...