Monday 21 November 2016



പ്രണയത്തിൽ നിന്ന് ഭ്രാന്തിലേക്കുള്ള ദൂരമെത്ര ചെറുതാണ്

മഷി തീരുവോളം കുത്തിവരച്ചു പക തീർത്ത കടലാസു കഷ്ണങ്ങൾ നിലമാകെ നിരന്ന് കിടപ്പുണ്ട്.. മേശയിൽ കുത്തി മുനയൊടിച്ച പേനയിൽ നിന്ന് മഷിയിറ്റുന്നു.. ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽ നിന്ന് വീണ്ടും പുറത്തു ചാടാൻ വെമ്പുകയാണ് അവനോടുള്ള വെറുപ്പ്..!! 

"ONE GUY CAN MAKE YOU HATE ALL THE GUYS"


സത്യമാണ്.. മരണത്തെ മുന്നിലിട്ട് പ്രണയിക്കുന്ന.. പ്രണയിക്കാൻ മറ്റൊരാളെ നിർബന്ധിക്കുന്ന ഒരുപാടു പേരുണ്ട് ഇന്ന് ലോകത്ത്.. സ്വന്ത ജീവൻ എന്നത് അവർക്ക് എത്ര നിസ്സാരമാണെന്നോ.. സ്നേഹിക്കുന്നവർക്കു വേണ്ടി ജീവൻ നല്കുന്നത് മഹത്വരമാണ്.. എന്നാൽ ജീവൻ നഷ്ടപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒരാളെ തന്റെ കൈകൾക്കുള്ളിൽ മുറുക്കിപ്പിടിക്കുന്നത്.. ഏതു ദിശയിൽ കൂടിയാണ് ന്യായമാകുന്നത്.. ഒരു തവണ.. രണ്ടു തവണ.. മൂന്നു തവണ.. നിസ്സാര കാര്യങ്ങൾക്ക് സ്വയം മുറിവേല്പ്പിക്കുന്ന വ്യക്തി നാളെ മറ്റൊരു പ്രശ്നം വന്നാൽ സ്വയം ഇല്ലാതാക്കില്ല എന്നതിനു എന്തുറപ്പാണുള്ളത്.. അങ്ങനെ ഒരാളോടൊപ്പം എങ്ങനെയാണ് വിശ്വസിച്ച് ജീവിക്കാനാവുക.. നാളെയൊരു ചെറിയ പ്രശ്നം വന്നാൽ അയാൾ നമ്മെ തനിച്ചാക്കി പോവില്ല എന്നതിനു എന്തുറപ്പുണ്ട്.. സ്വന്തം ജീവൻ പോലും അയാൾക്ക് എത്ര നിസ്സാരമാണെന്ന് നമുക്ക് വ്യക്തമായ നിലക്ക്.. എന്നാൽ താൻ ചെയ്ത തെറ്റിനെ ഒരിക്കലും മനസിലാക്കാനോ സമ്മതിക്കാനോ അവർ തയ്യാറാവില്ല എന്നതാണ് ഏറെ കൗതുകകരം.. മാനസികമായി ഒരാളെ എപ്പോഴും ഇത്തരത്തിലൊരു ഭയത്തിൽ നിലനിർത്തി കൊണ്ട് പോവുന്നതു കൊണ്ട് അവർ ഉദ്ദേശിക്കുന്ന കാര്യം എന്തായിരിക്കാം..??!! ഒരാളെ സ്നേഹിക്കുന്നതും.., ഒരാളെ ഭ്രാന്തമായി സ്നേഹിക്കുന്നതും തമ്മിൽ എന്തായിരിക്കാം വ്യത്യാസം.. ഭ്രാന്തമായി സ്നേഹിക്കുന്നു എന്നതിന്റെ അർത്ഥം അയാളുടെ ജീവിതത്തിൽ അയാൾക്കാവശ്യമുള്ള ഇടം നല്കാതിരിക്കുക എന്നാണോ.. അയാളുടെ ജീവിതത്തിലെല്ലാം  എന്നിലൂടെ മാത്രമായിരിക്കണം എന്ന വാശി പുലർത്തുന്നത് എത്രമാത്രം ശരിയാണ്.. എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ആവശ്യത്തിനു ഇടം ലഭിക്കേണ്ടതുണ്ട്.. നിങ്ങളൊരാളെ പ്രണയിക്കുന്നു എന്നതിനർത്ഥം അയാളുടെ ജീവിതത്തിൽ നിന്ന് അയാളുടെ ഇടത്തെ അപഹരിക്കുക എന്നല്ല.. സാമാന്യ വിവേചന ബുദ്ധിയുള്ള ആർക്കും എളുപ്പം ഗ്രഹിക്കാവുന്നതാണ് ഇതെന്ന് ഞാൻ കരുതുന്നു.. പ്രണയത്തിൽ മാത്രമല്ല എല്ലാം ബന്ധങ്ങളിലും ഇത്തരത്തിൽ ‘ഇടങ്ങൾ നല്കേണ്ടത് ഏത് അത്യാവശ്യമാണ്.. അത്തരത്തിൽ സ്വന്തം ‘ഇടങ്ങൾ അപഹരിക്കുന്നവരിൽ നിന്ന് നമ്മളെപ്പോഴും മാറി നില്ക്കുന്നതാണുത്തമം.. എത്രയേറെ അവരു നമ്മെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞാലും ഒരിക്കലും ആ സ്നേഹത്തിലൂടെ നമുക്ക് സന്തോഷം ലഭിക്കുകയില്ല.. നോവാനായി മാത്രം കൂടെ നടക്കുന്നത് വിഡ്ഡിത്തമാണ്.. ദൈവം പോലും അങ്ങനെ ഒരു ബന്ധം ഇഷ്ടപ്പെടില്ല.. കാരണം നാം മനസു നിറഞ്ഞ് പുഞ്ചിരിക്കുമ്പോൾ മാത്രമാണല്ലോ അവിടത്തേക്കും മനസു നിറയുക..!!
.
.
.
ഒരു തീനാളത്തിന്റെ തുമ്പിലേക്ക് നിന്റെ ഓർമകളെയെല്ലാം കഴുകിയെറിഞ്ഞ കൂട്ടത്തിൽ നിന്നോടുള്ള എന്റെ പകയെ, വെറുപ്പിനെ,  മറ്റെല്ലാ വികാരങ്ങളേയും ഞാനെരിച്ചു കളയുകയാണ്.. എന്റെ നിഴൽപ്പാടുകളെപ്പോലും നീയിനി പിന്തുടരാതിരിക്കുക.. നിന്റെ കള്ളങ്ങൾക്ക് ഇനി നിത്യശാന്തി...

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...