Saturday 9 January 2016

ക്രിസ്തുമസ് രാവ്

വീണ്ടുമൊരു ക്രിസ്തുമസ് രാവ്...
മെഴുകുതിരികളാലും പനിനീർ പുഷ്പങ്ങളാലും അലങ്കരിച്ച
പ്രണയത്തിന്റെ സംഗീതമൊഴുകുന്ന ഡിന്നർ സർപ്രൈസുകൾ ഇല്ലാതെ...
അടുക്കളയിലും കിടപ്പു മുറിയിലെ അലമാരകളിലും ഒളിച്ചു വെച്ച സമ്മാനങ്ങളില്ലാതെ..
മഞ്ഞു വീഴുന്ന രാത്രിയാകാശത്തിനു കീഴിൽ എന്നെ ചേർത്തു പിടിച്ച്
നെറ്റിയിൽ നീ തരുന്നയാ തണുത്ത ചുംബനത്തിന്റെ നൈർമല്യമില്ലാതെ...
പ്രണയവും മധുരവും ഒരുമിച്ചു ചേർത്ത് നീയുണ്ടാക്കുന്നയാ
വെളുത്ത ക്രിസ്തുമസ് കേക്കുകളില്ലാതെ..
ഇതാ.. ഇന്നു വീണ്ടുമൊരു ക്രിസ്തുമസ് രാവ്...
.
അങ്ങു ദൂരെ... ശരീരം മരവിപ്പിക്കുന്ന ഈ ഡിസംബറിന്റെ കുളിരിൽ
മഞ്ഞു പുതച്ചു കിടക്കുന്ന കാശ്മീർ താഴ് വരയിൽ
എത്ര ശ്രമിച്ചിട്ടും ആഞ്ഞു കത്താൻ വിമുഖത കാട്ടുന്ന വിറകുകളോടൊപ്പം
ആരോടും പരാതിയോ പരിഭവമോ പറയാതെ
കിഴക്കുദിച്ചയാ ഒറ്റനക്ഷത്രത്തെ നോക്കി
നീയിപ്പോഴും ഉറങ്ങാതെ നിൽക്കുന്നുവെന്ന് ഞാനറിയുന്നു...
ഈ ക്രിസ്തുമസ് രാവിൽ..,
ഉറ്റവരോടൊപ്പം ഏകജാതന്റെ ജനനപ്പെരുന്നാളാഘോഷിക്കുന്ന
എല്ലാ ഇന്ത്യക്കാർക്കും വേണ്ടി...
അവർക്കു പേടികൂടാതെ ജീവിക്കാൻ വേണ്ടി..
നിന്നെപ്പോലെ എത്രയേറെ സൈനികരാണിങ്ങനെ ഒറ്റക്ക്....
.
.
മഞ്ഞു പെയ്യുന്നയീ തണുത്ത രാവിൽ...
യെഹൂദരുടെ രാജാവിനെ അടയാളം കാണിക്കാൻ ഉദിച്ചയാ
തിളങ്ങുന്ന നക്ഷത്രത്തെ നോക്കി നില്ക്കവേ..
ആരാണു നിന്റെ മനസിൽ.. പുൽക്കൂട്ടിൽ പിറന്നയാ പൊന്നീശോയോ...
അതോ.. പപ്പേടെ നെഞ്ചിലെ ചൂടറിയാൻ പറ്റാതെ
എന്നോട് ചേർന്നുറങ്ങുന്ന നമ്മുടെയീ മാലാഖക്കുഞ്ഞിന്റെ മുഖമോ...
എനിക്കറിയാം.. പുൽക്കൂട്ടിൽ പിറന്നയാ പൊന്നുണ്ണിക്കിന്ന്
നിന്റെ മനസിൽ നമ്മുടെ മാലാഖക്കുഞ്ഞിന്റെ മുഖമാണെന്ന്...
ഇവൻ ജനിച്ചു കഴിഞ്ഞ് നിന്നെ കാണണമെന്ന് പറഞ്ഞു
ഞാൻ വാശിപ്പിടിച്ച് കരഞ്ഞപ്പോൾ അമ്മ പറഞ്ഞതെന്താണെന്നറിയാമോ...
എന്റെ ഓരോ തുള്ളിക്കണ്ണീരും നിന്റെ യാത്രയിലെ തടസ്സങ്ങളാകുമെന്ന്..
പിന്നെ ഞാൻ കരഞ്ഞിട്ടില്ല..
എനിക്കറിയാം ഈ ക്രിസ്തുമസ് രാവിൽ
എന്നെപ്പോലെ അനേകായിരം ഭാര്യമാർ 
തങ്ങളുടെ പൊന്നോമനകളെ നെഞ്ചോടക്കിപ്പിടിച്ച് 
കണ്ണീരൊളിപ്പിച്ച് പുഞ്ചിരിക്കുന്നുണ്ടെന്ന്...
അന്നു പോകാൻ നേരം
നീയെന്റെ നെറ്റിയിൽ തന്നയാ കണ്ണീരിന്റെ മധുരമുള്ള ചുംബനം
നിനക്കു വേണ്ടി
നമ്മുടെ മാലാഖക്കുഞ്ഞിന്റെ നെറ്റിയിൽ ഞാനേകിക്കൊള്ളാം..
കുളിരു വിതറി വീശുന്നയീ തണുത്ത കാറ്റിന്റെ കൈയിൽ
നിനക്കായി ഞാനെന്റെ സ്നേഹം കൊടുത്തു വിടുന്നു..
നിന്നിലേക്കെത്തും എന്ന പ്രതീക്ഷയോടെ...
.
.
നിർത്തുകയാണ് ഞാൻ...
എന്റെ പട്ടാളക്കാരനു സ്നേഹം നിറഞ്ഞ
ഒരായിരം ക്രിസ്തുമസ് ആശംസകൾ നേർന്നു കൊണ്ട്..
കരയാതെ... പ്രണയത്തിന്റെ പുഞ്ചിരിയോടെ...
നമ്മുടെ മാലാഖക്കുഞ്ഞിന്റെ കുഞ്ഞുമ്മകളോടെ...

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...