Sunday 10 January 2016

അമ്മ നിലാവ് (കഥ)

മാസാവസാനം കിട്ടിയ പണിക്കൂലിയുമായി അയാൾ നടന്നെത്തിയത് മൈതാനത്തെയാ ഒറ്റയാലിൻ ചുവട്ടിലേക്കായിരുന്നു. സന്ധ്യ മയങ്ങിയിരുന്നതിനാൽ ആലിൻ ചുവടും മൈതാനവും ആളൊഴിഞ്ഞ് ഒറ്റക്കായിരുന്നു. രാത്രി കനക്കുവോളം അയാളാ ആലിൻ ചുവട്ടിലിരുന്ന് കൂട്ടിയും കുറച്ചും കണക്കുകൂട്ടുകയായിരുന്നു.. പിന്നെ പെട്ടെന്നെഴുന്നേറ്റ് നിലാവു വീണു കിടക്കുന്നയാ മൈതാനവും കടന്ന് നാട്ടുവഴിയുലൂടെ നടക്കാൻ തുടങ്ങി..
മനസിലപ്പോൾ അവളുടെ മുഖമായിരുന്നു. ശിവകാമി, തന്റെ കൂടെ പാറമടയിൽ പണിക്കുണ്ടായിരുന്ന ശിവന്റെ ഭാര്യ. മൂന്നു പെറ്റിട്ടും സുന്ദരി.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന അത്താഴപ്പട്ടിണിക്കാരന്റെ വീട്ടിലേക്കു മൂന്നാമത് വന്നു പിറന്നതും പെൺകുഞ്ഞായിട്ടും മറ്റുള്ളവരെ പോലെ ഭാര്യയെ തല്ലുകയോ തെറി വിളിക്കുകയോ ചെയ്തില്ല ശിവൻ.. മറിച്ച് ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു കൊണ്ട് 'എന്റെ വീട്ടിൽ പിന്നേം സാക്ഷാൽ ലക്ഷ്മി ദേവി അവതരിച്ചിരിക്കുന്നു' എന്നു പറഞ്ഞ് സന്തോഷിച്ചു. അവനു ശിവകാമിയെ ജീവനായിരുന്നു.. അവൾക്ക് തിരിച്ചും. ഇങ്ങനെയൊക്കെയായിട്ടും ഈശ്വരന്മാർക്കെന്താണാവോ അവനോടസ്സൂയ തോന്നിയത്.. രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂണു കഴിഞ്ഞ് ഒരാഴ്ച്ച തികയും മുൻപാണവൻ... കാലു തെറ്റിയതാണെന്നാണ് കണ്ടു നിന്നവർ പറഞ്ഞത്.. തന്റെ മൂന്നു പെൺകുഞ്ഞുങ്ങളേയും മാറോടണച്ച് അന്നു ശിവകാമി കരഞ്ഞ കരച്ചിൽ ഇന്നും കണ്മുന്നിലുണ്ട്.
പെട്ടെന്നയാളൊന്നു നിന്നു.. മനസാക്ഷിക്കു നിരക്കാത്തതെന്തോ ചെയ്യാൻ പോകുന്നവന്റെ ഭയം ആ മുഖത്തൊന്നു മിന്നി മറഞ്ഞു. പിന്നെ തിരിഞ്ഞു നടക്കാനാഞ്ഞു. ഇല്ല.. തനിക്കതിനു പറ്റില്ല. മൂന്നാലടി വെച്ചപ്പോഴാണ് കൂട്ടു പണിക്കാരനായ വേലുവിന്റെ വാക്കുകൾ വീണ്ടും ചെവിയിൽ മുഴങ്ങിയത്. “മുതലാളിമാർക്കു മാത്രം വിധിച്ചതാടാ ശരവണാ ഇതൊക്കെ. നമ്മുടെ കൈയിൽ പണം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യം ഇല്ല. അതിനൊക്കെ യോഗം വേണം.. യോഗം..” പുലരും മുൻപെണീറ്റ് അടുത്തുള്ള സുബ്രമണ്യ ക്ഷേത്രത്തിൽ തൊഴാൻ പോകുന്നത് അമ്മ ഉണ്ടായിരുന്നപ്പോ തൊട്ടുള്ള ശീലമാണ് . അമ്മ പോയ ശേഷവും പതിവു തെറ്റിച്ചില്ല. കൂട്ടിനു വേലുവിനേയും കൂട്ടും. അങ്ങനെ പോകവേ തുടർച്ചയായി ശിവകാമിയുടെ കൂരക്കു മുന്നിൽ മുതലാളിയുടെ കാറു കാണാൻ തുടങ്ങിയപ്പോഴാണ് അവനത് പറഞ്ഞത്. അവൻ പറഞ്ഞതു കേട്ടമ്പരന്ന് നോക്കിയപ്പോ ചിരിച്ചു കൊണ്ടെന്റെ പുറത്ത് തട്ടി അവൻ മുന്നോട്ട് നടന്നു.. “ ഇതൊക്കെ ഇവിടെ എത്രയോ കാലങ്ങളായി നടക്കുന്നു എന്നയർത്ഥത്തിൽ..
പിന്തിരിഞ്ഞു നടന്ന അയാൾ വീണ്ടും എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി. അടർന്നു വീഴാറായി നിൽക്കുന്ന ശിവകാമിയുടെ കൂരയുടെ മുന്നിൽ വന്നു നിന്നു. നിലാവിന്റെ അരണ്ട വെട്ടത്തിലത് ഭയപ്പെടുത്തുന്നൊരു രൂപം പോലെ തോന്നി. അവളുറങ്ങുകയായിരിക്കും.. എവിടുന്നോ കേൾക്കുന്ന ചീവിടുകളുടെ ശബ്ദം ഒഴിച്ചാൽ നിശബ്ദമാണ് പ്രകൃതി. അയാളൊന്നു ചുമച്ചു. അകത്തു നിന്ന് അനക്കമൊന്നും ഉണ്ടായില്ല. “ശിവകാമി..” അൽപമുച്ചത്തിൽ വിളിച്ചു. അതുകൊണ്ട് ഫലമുണ്ടായി. അകത്താരോ അനങ്ങുന്നതും വിളക്ക് കത്തിക്കുന്നതും അയാളറിഞ്ഞു. വിളക്കുമായി പുറത്തേക്കിറങ്ങിയ ശിവകാമി അയാളെ കണ്ട് അമ്പരന്നു നിന്നു. നിമിഷ നേരത്തെ അമ്പരപ്പിനു ശേഷം കാര്യമെന്തെന്നു ചോദിക്കാനാഞ്ഞ അവളുടെ മുന്നിലേക്കയാൾ കൈയിലിരുന്ന പണം നീട്ടി. ഞെട്ടലോടെ തലയുയർത്തി അയാളെ നോക്കിയ അവളാ മുഖത്തു നിന്നെന്തോ വായിച്ചെടുത്ത പോലെ ഒന്നുകൂടി പണത്തിലേക്കും അയാളുടെ മുഖത്തേക്കും നോക്കിയ ശേഷം മിണ്ടാതെ അകത്തേക്കു കയറി. മൗനാനുവാദവും ക്ഷണവുമായിരുന്നു അതെന്നു മനസിലാക്കിയ അയാളും അവളുടെ പുറകെ അകത്തേക്കു ചെന്നു.
അതൊരു ചെറിയ ഒറ്റ മുറിയായിരുന്നു.. തൊട്ടിലിൽ അവളുടെ ചെറിയ കുഞ്ഞ് കൈവിരൽ വായിലിട്ട് കുഞ്ഞുങ്ങൾക്കു മാത്രം സ്വന്തമായയാ തനതു പുഞ്ചിരിയോടെ മയങ്ങുന്നു. താഴെ തറയിൽ 12 വയസ്സുള്ള അവളുടെ മൂത്തമകൾ കിടന്നിരുന്നു. ആകെ ഒരു കട്ടിലേ ഉണ്ടായിരുന്നുള്ളു.. അതിലവളുടെ രണ്ടാമത്തെ മകളായിരുന്നു കിടന്നിരുന്നത്.. വിളക്ക് നിലത്ത് അരികു ചേർത്തു വെച്ച ശേഷം അവളാ കട്ടിലിൽ നിന്ന് മകളെ എടുത്ത് നിലത്ത് മൂത്തകുട്ടിയോടൊപ്പം കിടത്തി. പെട്ടെന്ന് ഉറക്കത്തിൽ നിന്നുണർന്നയവൾ അമ്മാ എന്നു വിളിച്ചു കൊണ്ട് അയാളുടെ മുഖത്തേക്കു തുറിച്ചു നോക്കി. പിന്നെ നിർവികാരമായി തിരിഞ്ഞു കിടന്നുറങ്ങി.. “പേടിക്കണ്ട.. അവർക്ക് രണ്ടാൾക്കും കണ്ണു കാണില്ല.” തിരിഞ്ഞു നിന്ന് ശിവകാമി പറഞ്ഞു. എന്തായിരുന്നു അവളുടെ വാക്കുകളിൽ.. ആശ്വസിപ്പിക്കലോ പരിഹാസമോ.. വേർതിരിച്ചറിയാൻ അയാൾക്കായില്ല.
വാതിലടക്കാത്തതിനാൽ അകത്തേക്കു തള്ളിക്കേറി വന്ന കാറ്റ് പന്ത്രണ്ടുകാരിയുടെ പിഞ്ചിക്കീറിയ പാവാട മുട്ടോളം കയറ്റിയിട്ട് തിരിച്ചു പോയി. കട്ടിൽ കുടഞ്ഞു വിരിക്കുന്ന തിരക്കിലായതിനാലവും ശിവകാമിയത് ശ്രദ്ധിക്കാൻ തുനിഞ്ഞില്ല.. മുട്ടോളം കയറിയ പാവടക്കു താഴെ കണ്ട കാഴ്ച്ച അയാളുടെ സർവനാഡികളും തളർത്തി. മെലിഞ്ഞുണങ്ങി തളർന്ന രണ്ടു കാലുകൾ. “പോളിയോ വന്നതാണ് അവൾക്കഞ്ചു വയസ്സുള്ളപ്പോൾ..” കട്ടിൽ വിരിച്ച ശേഷം തിരിഞ്ഞ ശിവകാമി അയാളുടെ നോട്ടം കണ്ട് പറഞ്ഞു. അവളുടെ ശബ്ദമിടറിയോ.. മുഖത്തേക്കു നോക്കിയപ്പോൾ കവിളിലൂടൊഴുകിയ കണ്ണീരു കാണാതിരിക്കാനവൾ മുഖം തിരിച്ചു. വാതിലടച്ച ശേഷമവൾ മുന്നിൽ വന്നു നിന്നു.. എന്തു വേണമെങ്കിലും ആവാം എന്നൊരു ഭാവത്തിൽ... അപ്പോഴവളുടെ മുഖത്ത് ഞാൻ കണ്ട ചിരിക്ക് രാത്രിയൊരാളെ കൂട്ടുകിടക്കാൻ കിട്ടിയവളുടെ ദുഷിച്ച ശൃംഗാര രസമായിരുന്നില്ല. മറിച്ച് മക്കളെ പോറ്റാൻ മറ്റൊരു വഴിയും കാണാതെ സ്വന്തം സ്രീത്വം പണയം വെക്കേണ്ടി വന്ന ഒരമ്മയുടെ ദൈന്യതയായിരുന്നു.

ഒന്നും മിണ്ടാതെ വാതിൽ തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ പുറകെ വന്ന അവളോട് പറഞ്ഞതിത്ര മാത്രമായിരുന്നു. “ ഇനി അന്തിക്കൂട്ടിനു വരുന്നവരോട് പറഞ്ഞേക്ക് നിനക്കൊരു ഭർത്താവുണ്ടെന്ന്.. ഇതു വഴി ഇനി വന്നാൽ ജീവനോടെ തിരിച്ചു പോവില്ലന്ന്..” അത്രയും പറഞ്ഞ് ഇരുട്ടിലേക്കിറങ്ങി നടക്കുന്ന അയാളെ അത്ഭുതത്തോടെ നോക്കി കൊണ്ട് അവളാ വാതിക്കൽ നിന്നു. അപ്പോഴും ആകാശത്ത് നിലാവുണ്ടായിരുന്നു... അവളുടെ കണ്ണുകളിലും..

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...