Saturday 9 January 2016

മഴ പാടുന്ന താരാട്ട്  (കഥ)

ഇന്നലെ രാത്രിയും മഴ പെയ്തിരുന്നു..അടച്ചിട്ടിരുന്ന ജനൽച്ചില്ലുകളിലൂടെ ഒഴുകിയിറങ്ങുന്ന മഴത്തുള്ളികളെ നോക്കി അവളോർത്തു. തണുത്ത ജനൽച്ചില്ലിൽ കൈചേർത്ത് പെയ്തൊഴിഞ്ഞ മഴയുടെ മനസു വായിക്കാൻ ശ്രമിക്കവേ കഴിഞ്ഞ കുറെ ദിവസങ്ങളായി രാത്രിമഴകളൊന്നും താനറിയാറില്ലെന്നതും അവളുടെ ഓർമയിലെത്തി. മടങ്ങിപ്പോകും വഴി അവൾ മറന്നിട്ടു പോകുന്ന ഇത്തരം ചില തണുത്തു മങ്ങിയ ഓർമകളിലൂടെയാണ് തന്റെ മഴ ഇന്നും പെയ്തിറങ്ങുന്നത്.  പെട്ടെന്നുണ്ടായൊരുൾവിളി പോലെ അവൾ ജനൽച്ചില്ലിൽ നിന്നും കൈ പിൻവലിച്ചു. എന്നിട്ട് ഇന്നലയുടെ തണുപ്പു പേറുന്നയാ ജനൽച്ചില്ലുകളിൽ കാതോർത്തു നിന്നു. പാതിരാവോളം പെയ്തിറങ്ങിയ രാത്രിമഴ തനിക്കായി പാടിയ താരാട്ടിൻ ഈണം ആ മഴത്തുള്ളികളിൽ ബാക്കി നിൽക്കുന്നുവോ എന്നറിയാൻ.., അതിലുമുപരിയായി ദൂരെ നിന്നെങ്ങാനും ഒരു കുഞ്ഞു കരച്ചിൽ തന്നെ തേടി വരുന്നുണ്ടോ എന്നറിയാൻ.., പെയ്തൊഴിഞ്ഞ മഴക്കുമപ്പുറം ജന്മാന്തരങ്ങളുടെ അകലങ്ങളിലേക്കവൾ കാതോർത്തു. 
        ഓർമകളെ കീറിയെറിഞ്ഞ് സ്വപ്നങ്ങളെ സ്വപ്നങ്ങളിലേക്ക് പറഞ്ഞയച്ച് ഇന്നിന്റെ ഈ നിമിഷത്തിലേക്കുണരൂ എന്ന് പറഞ്ഞു കൊണ്ട് നിലവിളി കൂട്ടുന്നയാ അലാറാം സൈറണിന്റെ ശബ്ദം രാത്രിമഴയുടെ ഓർമകളിൽ നിന്നവളെ ഉണർത്തി. എന്നിട്ടും കണ്ണു തുറക്കാതെ തന്നെ അവളോർത്തു, രാത്രിമഴകളെ താൻ മറന്ന നാളുകളിലെല്ലാം തന്നെ വിളിച്ചുണർത്താറുണ്ടായിരുന്നത് ഈ സൈറൺ ആയിരുന്നുവെന്ന്. ഒരുപക്ഷേ രണ്ടു മൂന്ന് ദിവസങ്ങൾക്കകം തനിക്കിവിടുന്നു പോകാമെന്നു പറഞ്ഞ ഡോക്ടറുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ തന്റെ സ്വപ്നങ്ങളെ അധികനാൾ ശല്യപ്പെടുത്താൻ ഈ ശബ്ദത്തിനാവില്ല. എവിടെ നിന്നാണാവോ അതിങ്ങനെ അലറിക്കൂവുന്നത്. വിശാലമായ ഈ ആശുപത്രിക്കെട്ടിടത്തിന്റെ ഏതു മൂലയിൽ നിന്നാണാ ശബ്ദം പുറപ്പെടുന്നതെന്ന് കണ്ടെത്തുക ദുഷ്കരമാണ്. അതും വന്നിട്ടധിക നാൾ ഈ മുറിയുടെ പുറത്തേക്കൊരു ലോകം കണ്ടിട്ടില്ലാത്ത തന്നെ സംബന്ധിച്ച്. വീണ്ടുമാ ശബ്ദം ചെവിയിൽ മുഴങ്ങാൻ തുടങ്ങിയപ്പോൾ സ്വതവേ തോന്നുന്ന നീരസത്തോടെ അവൾ കണ്ണു തുറന്നു. അപ്പോഴാണ്.. രാത്രിമഴയുടെ താരാട്ട് കേട്ട് ജനലഴികളിൽ മുഖം ചേർത്തല്ല മറിച്ച് തീഷ്ണമായ മരുന്നു ഗന്ധം പൊതിഞ്ഞ സിമന്റ് തറയിലാണ് താൻ കാതോർത്ത് കിടന്നിരുന്നതെന്നവൾക്ക് മനസിലായത്. ജനലരികിൽ നിന്ന് എപ്പോഴാണു താനീ തണുത്ത തറയിൽ വന്നു കിടന്നതെന്ന് അത്ഭുതത്തോടെ അവളോർത്തു. ഏതു സ്വപ്നത്തിന്റെ വേരു തേടിയാണു താനീ തറയിൽ മുഖമമർത്തി കിടന്നത്..? രാത്രിയിലെപ്പെഴോ കണ്ട സ്വപ്നങ്ങളിലൊന്നിൽ വരണ്ടുണങ്ങിയ മരുഭൂമികൾക്കും തണുത്തുറഞ്ഞ ഹിമശൈലങ്ങൾക്കുമപ്പുറത്തു നിന്ന് വേദന നിറഞ്ഞൊരു കുഞ്ഞു കരച്ചിൽ കേട്ടതോർക്കുന്നു. ഏത് ജന്മത്തിലായിരുന്നു അത്..ഓർമ്മ കിട്ടുന്നില്ല... ഓർമകളെല്ലാം എവിടെയോ വീണു ചിതറിക്കിടക്കുകയാണ്. ഒരുമിച്ചു കൂട്ടിവെയ്ക്കാനാവാത്ത വിധമവ അകലങ്ങളിലാണ്. ഓർമിക്കപ്പെടുമ്പോൾ  പോലും ഓർമയിലെത്താൻ മടിക്കുന്ന ഓർമ്മകൾ...വേർതിരിച്ചറിയാനാവാത്തൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ മിന്നി മറഞ്ഞു. ഒരുപക്ഷേ ഓർമകളെ പറ്റിയുള്ള  ഈ ഓർമപ്പെടുത്തൽ താൻ എത്രയോ തവണ നടത്തിക്കഴിഞ്ഞതാണ് എന്നോർത്താവാം.
        പെട്ടെന്നാണ് കാതടിപ്പിക്കുന്ന ശബ്ദത്തിലൊരിടി മിന്നൽ അവളുടെ ജനൽച്ചില്ലുകളിൽ തട്ടിത്തെറിച്ചു പോയത്. പെട്ടെന്നുണ്ടായ നടുക്കത്തിൽ, ചുരുണ്ടുകൂടിയിരുന്ന അവൾ തന്റെ മുഖം ഒന്നുകൂടി കാൽ മുട്ടുകൾക്കിടയിലേക്കു തിരുകി ചേർന്നിരുന്നു. മിന്നലിനു പുറകെ കൂടെ ഞാനുമുണ്ടേ..എന്നു പറഞ്ഞു കൊണ്ടോടി വന്നയാ മഴയുടെ ശബ്ദമാണു ജനലിനരികിലേയ്ക്കവളെ വീണ്ടും കൊണ്ടു വന്നു നിർത്തിയത്.
മഴ പെയ്തിറങ്ങുകയാണ്... പരാതികളും പരിഭവങ്ങളുമില്ലാതെ... ഓരോ പൂവിനെയും പുൽ ക്കൊടിയേയും തനിക്കു സഹജമായ മാതൃവാത്സല്യത്തോടെ ഉമ്മവെച്ചുണർത്തിക്കൊണ്ട്... പ്രണയത്തേയും വിരഹത്തേയും ഒരേ ഭാവത്തിലുൾക്കൊണ്ടു കൊണ്ട്.
                    “പെയ്തിറങ്ങുന്ന ഓരോ മഴയും ഓരോ താരാട്ടു പാട്ടാണ്. ജനിക്കാതെ പോയ കുഞ്ഞുങ്ങൾക്കുള്ള താരാട്ടു പാട്ട്. ഒരമ്മ മനസിനു മാത്രം കേൾക്കാനും അറിയാനും സാധിക്കുന്ന താരാട്ടു പാട്ട്”..  പണ്ടെന്നോ പറഞ്ഞു മറന്നയാ വരികൾ വീണ്ടുമിന്ന് അവളോർത്തു. നിറഞ്ഞ മിഴികളടച്ച് ഒരിക്കൽ കൂടി അവളാ താരാട്ടു പാട്ട് കേൾക്കാൻ കൊതിച്ചു. വിറക്കുന്ന തന്റെ വലതു കൈ, ശൂന്യമായ അടിവയറിലേക്കു ചേർത്തു വെച്ചു. മഴനൂലു പോലെ നേർത്തൊരു താരാട്ടു പാട്ട് മിഴികളിൽ നിറഞ്ഞൊഴുകി. വിറക്കുന്ന ചുണ്ടുകളിലെ ഈണം മഴയിൽ ലയിച്ചമർന്നു. അപ്പോൾ... ജന്മാന്തരങ്ങളുടെ ദൂരങ്ങൾ താണ്ടി, വരണ്ട വേനൽ ഭൂമികയും തണുത്തുറഞ്ഞ ഹിമശൈലങ്ങളും  പിന്നിട്ട് ആ കുഞ്ഞു കരച്ചിൽ അവൾ വീണ്ടും കേട്ടു. അപ്പോൾ മാത്രം.., വരണ്ടുണങ്ങി ഉള്ളിലേക്കു വലിഞ്ഞിരുന്ന അവളുടെ മാതൃത്വം നിറഞ്ഞു പാൽ ചുരത്തി. അപ്പോൾ മാത്രം.., ചിതറിത്തെറിച്ചിരുന്ന അവളുടെ ഓർമകൾ എല്ലാം ബോധമണ്ഡലത്തിൽ ഒന്നായ് ചേർന്നു. ഓർമകൾ ഒന്നിച്ചു ചേർന്നൊരാ നേർത്ത നിമിഷത്തിൽ തിണർത്ത കവിൾത്തടവും പൊട്ടിയ കുപ്പിവളകളും  എനിക്കൊരു മകളെ വേണ്ടന്നുപറഞ്ഞ് കലിതുള്ളുന്ന ഭർത്താവിനെയും അപ്പോഴും പെയ്തിറങ്ങിയിരുന്നയാ കറുത്ത രാത്രിമഴയേയും’  അവളോർത്തു. എത്ര പെയ്തിട്ടും തീർന്നു പോകാതിരുന്ന അന്നത്തെ ആകാശവും  അതിലും ശക്തിയായ് പെയ്തിറങ്ങിയിരുന്ന തന്റെ മിഴികളും അവളുടെ ഓർമയിലെത്തി.
          ഭയപ്പെടുത്തുന്നൊരു ഭാവത്തോടെയവൾ മിഴികൾ വലിച്ചു തുറന്നു. മിഴി തുറന്നിട്ടും മഴയുടെ താരാട്ട് തനിക്കു ചുറ്റും ഒഴുകി നടക്കുന്നുവെന്നവൾക്കു തോന്നി. അടിവയറ്റിൽ ചേർത്തു വെച്ചൊരാ വലതു കൈയിൽ രക്തം പുരണ്ടിരിക്കുന്നുവോ...?!  നേർത്തൊരു നിലവിളിയോടെ അവളാ കൈ സാരിയിൽ അമർത്തി തുടച്ചു. എന്നാൽ കൈകളിലെ രക്തം സാരിയിലൂടെ ഒഴുകി തറയിലേക്കും പടരുന്നത് ഞെട്ടലോടെയവൾ കണ്ടു. ജനലിലൂടെ ഒഴുകിയിറങ്ങുന്ന മഴക്കും രക്തവർണം.. ചുറ്റിലും രക്തം... നോക്കി നില്ക്കേ പതിയെ പതിയെ ആ രക്തനിറം കറുപ്പായി മാറിക്കൊണ്ടിരുന്നു. കറുപ്പ്... രാത്രിയുടെ... ഇരുട്ടിന്റെ.. നോവിന്റെ... മരണത്തിന്റെ നിറം..ആ കറുപ്പിലേക്കവളുടെ കണ്ണുകളടയവേ പുറത്തു പെയ്തിറങ്ങുന്ന മഴയും കറുപ്പു നിറം പൂണ്ടതവളറിഞ്ഞു. നേർത്തൊരു നിലവിളി പാതിവഴിയിൽ മുറിഞ്ഞു.
          കണ്ണു തുറക്കുമ്പോൾ കട്ടിലിലാണ്. വാർദ്ധക്യത്തിന്റെ ക്ഷീണം പേറുന്നൊരു കമ്പിളിപ്പുതപ്പ് പുതച്ചിരിക്കുന്നു.. തലയനക്കിയപ്പോൾ അസഹ്യമായ വേദന തോന്നി. എന്താണെന്നു തൊട്ടു നോക്കവേ കൈ തടഞ്ഞത് നെറ്റിയിലെ വെച്ചുകെട്ടലിലാണ്. തല മുറിഞ്ഞിട്ടുണ്ട്. എങ്ങനെയാണാവോ..?!  ഒരുപക്ഷേ താഴെ വീണപ്പോൾ ജനലിലെവിടെയെങ്കിലും കൊണ്ട് മുറിഞ്ഞതാവാം. ആരാണവോ തന്നെ കട്ടിലിൽ കിടത്തിയത്.. പുറത്തു നിന്നപ്പോഴും മഴയുടെ ആരവം കേൾക്കാമായിരുന്നു. അതവളെ ഭയപ്പെടുത്തുന്നുവെന്ന് തോന്നി. മാസങ്ങളോളം അലക്കാതിരുന്നതിനാൽ ദുർഗന്ധം പേറുന്നയാ കമ്പിളിപ്പുതപ്പ് ഒന്നുകൂടിയവൾ തന്നിലേക്കു ചേർത്തു പുതച്ചു. എന്നിട്ടും കാലത്തിന്റെ കണക്കു ശേഷിപ്പിച്ച് പിഞ്ഞിത്തുടങ്ങിയയാ പുതപ്പിനുള്ളിലൂടെ മഴയുടെ തണുപ്പ് അവളിലേക്കെത്തിക്കൊണ്ടിരുന്നു. ആ തണുപ്പ്  ഹിമം പെയ്യുന്ന മഞ്ഞു കാലത്തിന്റേതിൽ നിന്നു വിത്യസ്തമായതും..,  ചിതറിക്കിടക്കുന്ന അവളുടെ ബോധത്തിന്റെയും ഓർമയുടെയും ഏതോ ഒരു കോണിൽ മറഞ്ഞു കിടക്കുന്ന ഒരു വലിയ വേദനയുടെയും നഷ്ടപ്പെടുത്തലിന്റെയും  മറ്റൊരു തണുപ്പുമായി സാമ്യമുള്ളതുമായിരുന്നു. അത് അങ്ങു ദൂരെ നക്ഷത്രങ്ങളുടെ നാട്ടിൽ നിന്നൂറി വരുന്ന മഴനൂലുകളിൽ തൂങ്ങി അവളിലേക്കെത്തുകയും ചെയ്തു.
          ശരീരത്തിലും മനസിലും ഒരുപോലെ വേദന നൽകിക്കൊണ്ട് തന്നിൽ തന്നെ തങ്ങി നിൽക്കുന്നയാ തണുപ്പിനു, പണ്ടെന്നോ താനൊഴുക്കിയ കണ്ണുനീരിന്റെയും.., അരണ്ട വെളിച്ചവും പച്ചനിറവുമുള്ള ഓപ്പറേഷൻ തിയേറ്ററിന്റെയും.., തന്റെ തുടകളിലൂടെ ഒഴുകിയ കൊഴുത്തു കുറുകിയ ചോരയുടെയും.., അന്നു പെയ്ത രാത്രിമഴയുടെയും തണുപ്പിനോട് സാമ്യമുണ്ടെന്നവൾക്കു തോന്നി. അതേ..,  ഇതും അന്നത്തെ ആ തണുപ്പു തന്നെ.. എല്ലാ തണുപ്പുകൾക്കും ഒരേ ഭാവമായിരിക്കണം.. ജന്മ ജന്മാന്തരങ്ങളുടെ കടങ്ങൾ പേറി അവ നമ്മുടെ ഓരോരുത്തരുടെയും ജീവിതവഴിത്താരകളിൽ കാത്തുനിൽക്കുന്നുണ്ടാവാം. ഒരു ഓർമപ്പെടുത്തലിന്റെ അവസരത്തിനായ്. അസഹനീയമായൊരു ഓർമയുടെ നോവറിഞ്ഞപോലവൾ തന്റെ കമ്പിളിപ്പുതപ്പിനുള്ളിലേക്ക് വീണ്ടും ചുരുണ്ടുകൂടി. എല്ലാ തണുപ്പുകൾക്കും മരണത്തിന്റെ മുഖമുണ്ടെന്ന് പെട്ടെന്നവൾക്കു തോന്നി. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തണുപ്പിനു മരണത്തിന്റെ മുഖമാണ്. അന്നു വന്ന തണുപ്പിനും ഇതേ മുഖമായിരുന്നു.. മരണത്തിന്റെ മുഖം.. ഭ്രാന്തമായൊരാവേശത്തോടെ അവൾ തന്റെ കമ്പിളിപ്പുതപ്പ് വലിച്ചെറിഞ്ഞു. തലയിലെ വേദന കണക്കിലെടുക്കാതെ കട്ടിലിൽ നിന്നെഴുന്നേറ്റ് ജനലരികിൽ ചെന്നു നിന്നു. എന്നിട്ട് മഴയറിയാതെ മഴനൂലുകളിൽ തൂങ്ങി വന്നയാ മരണത്തിന്റെ തണുപ്പിനെ തന്നിലേക്കാവാഹിക്കാനെന്നവണ്ണം ജനലിനോട് ചേർന്നു നിന്നു. ഒരിക്കൽ പോലും തുറന്നിട്ടില്ലാത്തയാ ജനൽച്ചില്ലുകളിൽ തട്ടിത്തെറിച്ച് മഴ അവളിലേക്കെത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ മഴനൂലുകളോളം നേർത്തയാ താരാട്ടു പാട്ടും അവളുടെ കാതുകളിൽ വന്നു വീണു.  ജനിക്കാതെ പോയ  കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള താരാട്ട്.. ഒരമ്മ മനസിനു മാത്രം കേൾക്കാനും അറിയാനും കഴിയുന്ന താരാട്ടു പാട്ട്.
          അസഹനീയമായൊരു നൊമ്പരത്തിൽ പ്പെട്ട് അവളുടെ ഹൃദയം വേദനിക്കാൻ തുടങ്ങി. മഴയുടെ ശക്തി കൂടി.. ഒപ്പം താരാട്ടിന്റെ ഈണവും മുറുകി. മഴക്കൊപ്പം എത്തിപ്പെടാനാവാതെ അവളുടെ മനസ് കുഴങ്ങി നിന്നു. ഹൃദയത്തിന്റെ വേദന സഹിക്കാവുന്നതിലുമപ്പുറമാണെന്നവൾക്കു തോന്നി. ഇരുണ്ട മുറികളും മഴനനഞ്ഞ ഇടനാഴികളും മരുന്നു ഗന്ധം പേറുന്ന കിടപ്പു മുറികളുമുള്ള ഈ വലിയ മനോരോഗാശുപത്രിയിൽ മാത്രമല്ല അതിവിശാലമായ  ഈ ഭൂതലത്തിലോ അതിനുമപ്പുറം മഴക്കും നക്ഷത്ര സമൂഹങ്ങൾക്കുമപ്പുറമുള്ള ലോകത്തിലും തന്റെ ഈ വേദനയെ ഇല്ലാതാക്കാൻ കഴിയുന്നതൊന്നുമില്ല എന്നൊരുൾവിളിയിൽപ്പെട്ട് അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു. ശരീരം തളർന്ന് ജനലരികിൽ ചുരുണ്ടു കൂടിയിരുന്ന അവളിലേക്ക് മറ്റൊരു മഴ പെയ്തിറങ്ങി. സങ്കടങ്ങളും പരിഭവങ്ങളുമില്ലാതെ...
അപ്പോൾ ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്ന് നോവു നിറഞ്ഞയാ കുഞ്ഞു കരച്ചിലവൾ വീണ്ടും കേട്ടു. ആ കരച്ചിൽ മഴയുടെ ആരവങ്ങളെ തള്ളിമാറ്റി അവൾക്കുള്ളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങി. വേദന നിറഞ്ഞ ഹൃദയത്തിൽ..., തണുപ്പു പടർന്ന സിരകളിൽ..., ഓർമകൾ ചിതറിക്കിടക്കുന്ന ബോധമണ്ഡലത്തിൽ..., എല്ലായിടത്തും... എങ്ങും ആ കരച്ചിൽ നിറഞ്ഞു നിന്നു... അവൾക്കുള്ളിൽ പെയ്തിറങ്ങുന്നയാ മഴയും നേർത്ത മഴനൂൽ രാഗത്തിൽ അവൾ മറന്നു കഴിഞ്ഞയൊരു താരാട്ടു മൂളുന്നുണ്ടായിരുന്നു. പിന്നെ... പതിയെ പതിയെ... അവളുമൊരു മഴയായി മാറി.. എന്നിട്ട് ജനിക്കാതെ പോയൊരു പിഞ്ചോമനയ്ക്കുള്ള താരാട്ടു പാട്ടായ് അങ്ങു ദൂരെ ഏതോ ഒരമ്മ മനസിൽ പെയ്തിറങ്ങാൻ തുടങ്ങി..  








No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...