Friday 8 January 2016

മോഹങ്ങൾ

മുറ്റത്ത് തുളസി തറയുള്ളൊരു വീട് വേണം.. 
പുലരും മുൻപെണീറ്റ് അടുക്കളയിൽ കയറി പണിത്തിരക്കുകളോട് മല്ലിടുമ്പോൾ മനസു കുളിർപ്പിക്കാൻ അടുത്തുള്ള അമ്പലത്തിൽ നിന്നു സുപ്രഭാതം കേൾക്കണം.. രാവിലത്തെ പണിയെല്ലാം ഒരു വിധം ഒതുക്കി തീർക്കുമ്പോഴേക്കും പുറകിലൂടെ വന്നു ചേർത്തു പിടിച്ച് കവിളോട് കവിളു ചേർത്ത് സ്നേഹിക്കാൻ സ്നേഹമുള്ളൊരു പതിയെ വേണം.. 
അതെല്ലാം കഴിഞ്ഞ് കിടപ്പു മുറിയിലേക്ക് ചെല്ലുമ്പോൾ.., ഉണർന്നാണ് കിടക്കുന്നതെങ്കിലും അമ്മ വിളിച്ചെഴുന്നേൽപ്പിക്കാൻ വരുന്നത് നോക്കി കള്ളയുറക്കം ഉറങ്ങുന്ന രണ്ട് തുമ്പക്കുടങ്ങളെ വേണം.. ജോലിക്കു പോകാനായി കുളിച്ചൊരുങ്ങി നിൽക്കുമ്പോൾ., പോകും മുൻപ് നിന്റെ പേരു ചാലിച്ചയാ സിന്ദൂരമെന്റെ നെറ്റിയിലും സ്നേഹം ചാലിച്ച ചുംബനമെന്റെ കവിളിലും നീ ചാർത്തണം...
വൈകുന്നേരം ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോൾ..,
ക്ഷീണമുണ്ടേൽ നീ ഇത്തിരി നേരം വിശ്രമിക്കെന്ന് സ്നേഹമോതുന്നൊരു അമ്മക്കിളിയെ വേണം... ചെറിയ ചെറിയ കാര്യങ്ങൾക്കു നല്ല പാതിയോട് പരിഭവിക്കുമ്പോൾ കൂടെ നിന്ന് പക്ഷം പിടിക്കാൻ കടലോളം സ്നേഹം ഉള്ളിൽ കരുതുന്നൊരച്ഛനെ വേണം...
മുറ്റം നിറയെ പിച്ചിയും മന്ദാരവും മുല്ലയും പനിനീർപ്പൂക്കളും വച്ചു പിടിപ്പിക്കണം.. കൂടെ ചെത്തിയും തുളസിയും വേണം.. മുറ്റത്തൊരറ്റത്ത് കുട്ടികൾക്കൂഞ്ഞാലു കെട്ടാനൊരു മുത്തശ്ശി മാവ് വേണം.. നിറയെ ഫലങ്ങൾ കായ്ക്കുന്ന പ്ലാവും നെല്ലിയും തൊടിയിൽ വേണം.. കുട്ടികളോടെപ്പം ഓടിക്കളിക്കാൻ രണ്ടാട്ടിൻ കുട്ടികൾ വേണം.. ദിവസവും ഇടങ്ങഴി പാലു തരുന്നൊരമ്മ പശുവിനെ വേണം...
തണുപ്പുള്ള രാത്രികളിൽ ബാൽക്കണിയിൽ അമ്പിളിയേയോടും നക്ഷത്ര കുഞ്ഞുങ്ങളോടും കുസൃതികൾ പറഞ്ഞ് നമുക്കിത്തിരി നേരം തനിച്ചിരിക്കാനൊരു ആട്ടുകട്ടിൽ വേണം..
നമ്മുടെ തുമ്പക്കുടങ്ങളെ നടുക്ക് ചേർത്ത് കിടത്തി ഒരു പുതപ്പിനുള്ളിലുറങ്ങണം... പാതിയുറക്കത്തിലും എന്റെ കൈക്കു മേൽ വെച്ച നിന്റെ കൈ വിരൽത്തുമ്പിൽ പഴയൊരു താരാട്ടിന്റെ ഈണമുണ്ടാവണം...


No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...