Friday 8 January 2016


ഒറ്റ നക്ഷത്രം...

വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ അത്രയും നേരം അകത്ത് ശ്വാസം മുട്ടി ചുറ്റിത്തിരിഞ്ഞിരുന്ന മരണത്തിന്റെ കനത്തു വിളർത്തൊരു മൂകത തന്നെയും കടന്ന് പുറത്തേക്ക് പായുന്നതായി തോന്നി ഹരിക്ക്. നിശബ്ദത തളം കെട്ടിയ ആ വീട് അത്ഭുതത്തോടെ അയാളെ തുറിച്ചു നോക്കി.. അകത്തേക്കു കയറുന്നതിനോടൊപ്പം തനിക്കപരിചിതമായൊരു സ്ഥലത്തെത്തിയവന്റെ നിസ്സഹായത അയാളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.. പരിചിത ഭാവം ഒട്ടും കലരാതെ തനിക്കു ചുറ്റും നിറഞ്ഞു നിൽക്കുന്ന ഈ മൂകത അയാളെയും അത്ഭുതപ്പെടുത്തി.. രണ്ടു മണിക്കൂറുകൾക്കു മുൻപ് ഈ വീട് വന്നുചേരാൻ പോകുന്ന പുതിയ അതിഥിയുടെ കുഞ്ഞു കരച്ചിലിനും കുറുമ്പുകൾക്കും വേണ്ടി കൊതിയോടെ ഒരുങ്ങുകയായിരുന്നു.. ഇവിടുത്തെ വായുവിൽ പോലും നനുത്തൊരു താരാട്ടിന്റെ ഈണമുണ്ടായിരുന്നു.. കിളികളെല്ലാം കൂടിച്ചേർന്ന് ആ ഈണം ഏറ്റു പാടിയിരുന്നു.. ആ കാറ്റെവിടെ... ആ കിളികളെവിടെ.. താരാട്ടു പാട്ടെവിടെ... എത്ര വേഗമാണെല്ലാം അവസാനിച്ചത്.. എല്ലാം... മുന്നോട്ടു നടക്കവേ കാലെന്തിലോ തട്ടി.. നോക്കിയപ്പോൾ തൊട്ടിലാണ്.. തന്റെ കുഞ്ഞിനു വേണ്ടി താൻ കൊണ്ടു വന്ന അവസാന സമ്മാനം.. തന്റെ കുഞ്ഞ്.. പാതി മുറിഞ്ഞൊരു നിലവിളി അയാളുടെ തൊണ്ടയിൽ തട്ടിത്തടഞ്ഞു.. കൈയിലിരുന്ന കാറിന്റെ താക്കോൽ ഹാളിലെ ടേബിളിനു മുകളിലേക്കെറിഞ്ഞ് കണ്ണീരിൽ കുതിർന്ന കവിളുകളും വിറക്കുന്ന ചുണ്ടുകളുമായി എല്ലാം തകർന്നുപോയൊരുവന്റെ വേദനയോടെ അയാളാ ഹാളിൽ മുട്ടു കുത്തി.. ഒന്നു പൊട്ടിക്കരയണം.. ഉറക്കെ.. എല്ലാ നോവും കണ്ണീരിലലിയിച്ച്.. എല്ലാം മറന്ന്... ഒരു കുഞ്ഞിനെപ്പോലെ.. ഒന്നു പൊട്ടിക്കരയണം... രക്തം കട്ടപിടിച്ച തന്റെ കൈകളിലേക്കും വസ്ത്രങ്ങളിലേക്കും നോക്കിയപ്പോൾ നെഞ്ചിലൊരു കത്തിയാഴ്ത്തുന്ന നോവു തോന്നി.. തടഞ്ഞു വെച്ചിരുന്ന നോവെല്ലാം കണ്ണുനീരായി കവിളു നനച്ചൊഴുകി.. ഒരച്ഛന്റെ വാത്സല്യം ഹൃദയം തകർന്നുള്ള നിലവിളികളായി ചുവരുകളിൽ തട്ടിത്തെറിച്ചു.. 
പെട്ടെന്നുണ്ടായ ഒരു ഉൾവിളിയെന്ന പോലെ അയാൾ ചാടി എണീറ്റു.. ഇല്ല... താൻ കരഞ്ഞു കൂടാ.. തളർന്നു പോവാൻ തനിക്കവകാശമില്ല.. സംഭവിച്ചതൊന്നും വ്യക്തമാവാതെ തന്റെ കുഞ്ഞിനു വേണ്ടി കഴിഞ്ഞ 8 മാസക്കാലമായി മനസിലിട്ട് ശ്രുതി മീട്ടുന്നൊരു താരാട്ടു പാട്ടിന്റെ അവസാന മിനുക്കു പണിയിലാവണം തന്റെ ദേവു.. ഐ സി യു വിൽ അബോധാവസ്ഥയിൽ താനവളെ കാണുമ്പോഴും ചുണ്ടുകളിൽ പാതി മറഞ്ഞു നിന്ന  പുഞ്ചിരി അതിന്റെ സൂചനയാണ്.. ആ അമ്മ ഉണരും മുൻപ് താനവിടെ എത്തണം.. ഒന്ന് അല്ലെങ്കിൽ രണ്ടു മണിക്കൂർ അതിനുള്ളിൽ ദേവു ഉണരും.. അങ്ങനെയാണ് ഡോക്ടറും പറഞ്ഞത്.. ആർക്കു വേണ്ടിയാണോ അവൾ ജീവിച്ചത്.. ആർക്കു വേണ്ടിയാണോ രാപകലില്ലാതെ ഈശ്വരന്മാരോടപേക്ഷിച്ചത്.. ആ പൊന്നോമനയെ ഒന്നുമ്മ വെക്കാൻ പോലും കഴിയുന്നതിനു മുൻപ് അവളിൽ നിന്നും ഈശ്വരൻ തിരിച്ചെടുത്തെന്ന സത്യം.. അതെങ്ങനെ തന്റെ ദേവൂനോട് താൻ പറയും... ഈശ്വരന്മാരെ... നിറഞ്ഞ കണ്ണുകളോടെ അയാൾ തന്റെ നെറ്റിയിൽ ആഞ്ഞടിച്ചു.. ഏതു തെറ്റിനുള്ള ശിക്ഷയാണ് നീ ഞങ്ങൾക്കീ തരുന്നത്... കണ്ണു തുടച്ച് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ കിടപ്പു മുറിയിലേക്കോടി.. 
അകത്തു കയറിയപ്പോൾ തന്നെ കാലിൽ തടഞ്ഞു പല വിധത്തിലുള്ള കളിപ്പാട്ടങ്ങൾ.. മിഴി മൂടിയ കണ്ണീർക്കണങ്ങൾക്ക് ഇടയിലൂടെ അയാളാ മുറി ആദ്യം കാണുന്നതു പോലെ നോക്കി.. മുറി മുഴുവൻ കളിപ്പാട്ടങ്ങളാണ്.. കഴിഞ്ഞ കുറെ മാസങ്ങളായി തങ്ങളിരുവരും വരാനിരിക്കുന്ന പൊന്നോമനയ്ക്കായ് ഒരുക്കിയ സമ്മാനങ്ങൾ.. ഓരോ കളിപ്പാട്ടവുമയാൾ നെഞ്ചോടു ചേർത്തു.. കണ്ണീർത്തുള്ളികളുടെ കലർപ്പു കലർന്ന ഉമ്മകളേകി... വിവാഹം കഴിഞ്ഞ് നാലഞ്ചു വർഷങ്ങൾ കഴിഞ്ഞും കുഞ്ഞുങ്ങളുണ്ടാവാത്തത് അവളെ രുപാട് തളർത്തിയിരുന്നു.. നഗരത്തിൽ നിന്നകന്ന് ഇവിടെ ഈ ഒറ്റപ്പെട്ട സ്ഥലത്ത് വീടു വെക്കണമെന്ന് അവളു പറഞ്ഞപ്പോൾ മറ്റൊന്നുമോർക്കാതെ സമ്മതിച്ചത് സമൂഹത്തിന്റെ മുനയുള്ള ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടിയാണ് അവളങ്ങനെ വാശി കാണിച്ചതെന്ന് തനിക്കറിയാവുന്നതിനാലാണ്.. പലപ്പോഴും തനിക്കു തന്നെ തോന്നിയിട്ടുണ്ട്.. ഒരു ഭാര്യ.. ഒരു മകൾ.. ഒരു സ്ത്രീ എന്നിവയിലെല്ലാം ഉപരി ഒരമ്മ എന്ന മേൽ വിലാസമാണ് അവളേറെ കൊതിക്കുന്നതെന്ന്..
എല്ലാ സന്തോഷങ്ങളുമുണ്ടായിട്ടും ഒരു കുഞ്ഞ് എന്ന നോവ് അവൾക്കുള്ളിൽ നിറഞ്ഞു നിന്നിരുന്നു.. പുറത്തു കാണിച്ചിരുന്നില്ല എങ്കിലും അച്ഛാ എന്നൊരു വിളിക്കു വേണ്ടി തന്റെ ഉള്ളും തേങ്ങിയിരുന്നു.. പക്ഷേ അവൾക്കു മുന്നിലത് കാണിച്ചിരുന്നില്ല.. അതവളെ കൊല്ലുന്നതിനു സമമാണെന്ന് തനിക്കറിയാമായിരുന്നതിനാലാണ്.. ഉള്ളിൽ നിറഞ്ഞ മാതൃത്വമൂറി അവളുടെ കണ്ണും മനസും ഒരു പോലെ കലങ്ങിയിരുന്ന പല രാത്രികളിൽ കണ്ണിലൂറിയ സങ്കടം മറച്ചു വെച്ച് അങ്ങ് ആകാശത്തെ നക്ഷത്രങ്ങളെ ചൂണ്ടിക്കാണിച്ച് താനവളെ സമാധാനിപ്പിച്ചിരുന്നു.. അതിലൊരു നക്ഷത്രം ദൈവം നമുക്കായി കാത്തുവെച്ചിരിക്കുന്നുവെന്നും ഒരിക്കലത് നമ്മളിലേക്കെത്തുമെന്നും പറഞ്ഞ് സ്വാന്തനിപ്പിച്ചിരുന്നു.. അതു പോലൊരു നക്ഷത്രത്തെ കൈകളിലൊതുക്കി നെഞ്ചോട് ചേർത്തു പിടിച്ചാണ് രാത്രികളിൽ അവൾ ഉറങ്ങിയിരുന്നത്.. അഞ്ചു വർഷത്തെ അവളുടെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമായിരുന്നു ആ പോസിറ്റീവ് ടെസ്റ്റ് റിസൾട്ട്.. ഒരു കുഞ്ഞിനെ വഹിക്കാൻ മാത്രം കരുത്ത് അവളുടെ ഗർഭപാത്രത്തിനില്ലെന്നു വിധിയെഴുതിയ അതേ വൈദ്യശാസ്ത്രമാണ് രണ്ടു മാസം ഗർഭിണിയാണെന്ന വിവരവും അവളെ അറിയിച്ചത്.. അതൊരു അത്ഭുതമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്.. എന്നാൽ അതൊരു അമ്മയുടെ വിശ്വാസത്തിന്റെ വിജയമാണെന്ന് തനിക്കുറപ്പായിരുന്നു.. വളരെയേറെ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ അപകടകരമാണെന്നും പറഞ്ഞപ്പോഴും പേടിയായിരുന്നില്ല.. ഒരമ്മയുടെ ആത്മവിശ്വാസത്തിന്റെ തിളക്കമായിരുന്നു അവളുടെ കണ്ണുകളിൽ.. അന്നു മുതൽ തങ്ങൾ ഒരുങ്ങുകയായിരുന്നു.. വീടൊരുങ്ങുകയായിരുന്നു.. നെഞ്ചോടക്കിപ്പിടിച്ചിരുന്ന സമ്മാനങ്ങൾ കണ്ണീരു വീണു കുതിർന്നിരുന്നു.. നിറഞ്ഞൊഴുകുന്ന മിഴി തുടയ്ക്കാൻ നിൽക്കാതെ പെട്ടന്നു തന്നെ അയാളാ സമ്മാനങ്ങളെല്ലാം അവിടെത്തന്നെയിട്ടു.. എന്നിട്ട് ധൃതിയിൽ എന്തോ തിരയാൻ തുടങ്ങി.. അലമാരിയിൽ... മേശ വരിപ്പിൽ... കട്ടിലിൽ.. പുതപ്പുകൾക്കിടയിൽ.. തലയിണക്കടിയിൽ... എവിടെയാണു അവളാ നക്ഷത്രം സൂക്ഷിച്ചു വെച്ചിരിക്കുന്നത്.. ആശുപത്രിക്കിടക്കയിൽ ഒന്നുമറിയാതെ ള്ള  ഉറക്കത്തിൽ നിന്ന് ഏതു നിമിഷവും അവൾ എഴുന്നേല്ക്കാം.. കുഞ്ഞിനെത്തിരയുന്ന ആ കണ്ണുകളെ.. ആ അമ്മ മനസിനെ പറഞ്ഞു മനസിലാക്കണമെങ്കിൽ ആ നക്ഷത്രം കിട്ടിയേ തീരു.. കിടപ്പു മുറി മുഴുവൻ തിരഞ്ഞിട്ടും അത് കണ്ടെത്താൻ കഴിഞ്ഞില്ല.. പെട്ടെന്ന്.. തിരച്ചിലിനിടയിൽ അറിയാതെ താഴെ വീണ് ചിതറിയ ചില്ലു ഗ്ലാസിൽ തട്ടി അയാളുടെ കൈ മുറിഞ്ഞപ്പോൾ.. വിരലിലൂടെ ഊറിയ  ചുവന്ന ചോര അയാളെ ന്തോ ഓർമ്മിപ്പിച്ചു.. പിടഞ്ഞെണീട്ട് തിരിച്ച് ഹാളിലെത്തിയ അയാൾ ഒരു വേള നിന്നു.. മുന്നിൽ തറയിൽ പടർന്നൊഴുകിയ രക്തത്തിന്റെ ചുവപ്പ്.. അയാളവിടെ തിരയാൻ തുടങ്ങി.. ഇവിടെ.. ഇവിടെയാണവൾ വീണത്.. കുഞ്ഞിനുള്ള തൊട്ടിലു പണിതു കഴിഞ്ഞെന്നു പറഞ്ഞ് ആശാരി വിളിച്ചപ്പോൾ സന്ധ്യയായിട്ടു കൂടി അതു വാങ്ങിച്ചു വന്നതായിരുന്നു താൻ.. തൊട്ടിലു കണ്ട സന്തോഷത്തിൽ പെട്ടന്നു നടന്നു വന്നപ്പോ.. അറിയാതെ... ദു;ഖത്തിന്റെ ഏതു നശിച്ച സമയമായിരുന്ന അത്.. അവളുടെ കാലിടറിയത്.. നിലവിളിച്ചു കൊണ്ട് താഴെ വീണു കിടക്കുന്ന അവളെ കണ്ടപ്പോൾ.. പെട്ടെന്നുണ്ടായ നടുക്കത്തിൽ എന്തു വേണമെന്നറിയാതെ നിന്നു പോകുകയാണ് ണ്ടായത്.. അത് സത്യമാണെണ് വിശ്വസിക്കാൻ മനസനുവദിക്കാത്തതു പോലെ.. 
ഹരിയേട്ട ന്നുള്ള അവളുടെ ഉള്ളു തകർന്ന വിളി.. അത് കള്ളമായിരുന്നില്ല.. ഓടിച്ചെന്ന് വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും രക്തത്തിൽ കുളിച്ചിരുന്നു അവൾ... "ക്രിട്ടിക്കലാണ്.. maybe കുഞ്ഞിനെ നമുക്ക്... പ്രാർത്ഥിക്കുക." പാതി മുറിഞ്ഞ ഡോക്ടറുടെ വാക്കുകളിൽ അപകടം മണത്തു.. ഓപ്പറേഷൻ തിയറ്ററിനു മുന്നിലെ ചുവന്ന ബൾബിലേക്കു നോക്കി നിൽക്കുമ്പോഴും കണ്ണിൽ നിറയെ ചോരയായിരുന്നു.. ഒടുവിൽ ഭയന്നതു തന്നെ സംഭവിച്ചപ്പോൾ.. തകർന്നു പോവരുതെന്ന മട്ടിൽ ചുമലിൽ ഡോക്ടറുടെ കൈ പതിഞ്ഞപ്പോൾ.. ദേവു ഉണരാൻ ഇനിയും ഒരു മണിക്കൂറെടുക്കുമെന്നറിഞ്ഞ് വീട്ടിലേക്ക് തിരിച്ചോടുമ്പോൾ.. എല്ലാം.. എന്തായിരുന്നു മനസിൽ... വേദന.... സങ്കടം... എല്ലാം തകർന്നു പോയൊരുവന്റെ ദൈന്യത,,, എന്തായിരുന്നു... അറിയില്ല്ല...
അപ്പോഴാണു സോഫ്യ്ക്കടിയിൽ നിന്ന് അയാളത് കണ്ടെടുത്തത്... കൈക്കുള്ളിൽ മുറുക്കിപ്പിടിച്ച ആ നക്ഷത്രവുമായി അയാൾ തിരിച്ച് ആശുപത്രിയിലെത്തി.. ഐ സി യു വിനു മുന്നിലെത്തിയപ്പോഴെക്കും അകത്തു നിന്ന് ബഹളം കേൾക്കാമായിരുന്നു... “എന്നെ വിട്... എന്റെ കുഞ്ഞെവിടെ... എന്റെ കുഞ്ഞിനെ നിങ്ങളെന്തു ചെയ്തു... ഹരിയേട്ടാ.. എന്നെ വിടൂ... ഹരിയേട്ടാ..”  ദേവൂ... നടുക്കത്തോടെ വാതിൽക്കലേക്ക് ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച്ച അയാളെ തളർത്തിക്കളഞ്ഞു.. നാലഞ്ച് നേഴ്സുമാർ ബലമായി പിടിച്ചു വെച്ചിരിക്കുകയാണ് ദേവൂനെ.. എന്നിട്ടും അവരിൽ നിന്നു കുതറുകയാണവൾ... “ദേവൂ.....” ഉറക്കെ വിളിച്ചു കൊണ്ട് ഓടി ചെന്ന അയാളെ കണ്ടപ്പോൾ നേഴ്സുമാർ മാറി.. അയാളവളെ തന്നിലേക്ക് ചേർത്ത് തുക്കിപ്പിടിച്ചു.. ആർക്കും വിട്ടു കൊടുക്കില്ല എന്നപോലെ.. എന്നിട്ടും വൾ കുതറിക്കൊണ്ടിരുന്നു... “ഹരിയേട്ടാ... എന്തായിത്.. നമ്മുടെ കുഞ്ഞെവിടെ... ഞാനവരോട് ചോദിച്ചിട്ടും അവരാരും പറയണില്ല.. എവിടെ എന്റെ കുട്ടി... പറ ഹരിയേട്ടാ... ” അപ്പോഴും കെട്ടു പോവാത്തൊരു പ്രതീക്ഷയോടെ തന്നെ നോക്കുന്ന അവളുടെ വിറക്കുന്ന കൈയിലേക്ക് അയാളാ നക്ഷത്രം വച്ചു.. നടുക്കത്തോടെ അതിലേക്ക് നോക്കിയ അവളോട് ജനലിനു പിന്നിൽ രാത്രിയെ പുതച്ച ആകാശത്തിലേക്കു കൈ ചൂണ്ടി, അയാൾ പറഞ്ഞു.. “ നമ്മുടെ കുട്ടിയെ ദൈവം തിരിച്ചു വിളിച്ചു ദേവൂ... അവിടെന്തോ കാര്യം ണ്ട് ത്രേ..“ പാതി മുറിഞ്ഞ അക്ഷരങ്ങളോടെപ്പം അവളുടെ കൈയിലേക്കയാളുടെ കണ്ണുനീരും ഇറ്റു വീണു കൊണ്ടിരുന്നു.. പിന്നീടവ ബഹളം വെച്ചില്ല.. നിശബ്ദമായി കൈയിലിരിക്കുന്ന  നക്ഷത്രത്തിലേക്കും പിന്നെ കാശത്തിലേക്കും മാറി മാറി നോക്കി.. പിന്നെ.. കരഞ്ഞു തളർന്ന്.. വിയർത്തു കുളിച്ച് തണ്ടൊടിഞ്ഞൊരു താമര പോലെ അവ യാളിലേക്കു ചേർന്നിരുന്നു.. ആ കണ്ണുകളപ്പോഴും പെയ്യുകയായിരുന്നു...
”ഹരിയേട്ടാ.. ഹരിയേട്ടാ...“ തണുത്തു മൃദുലമായൊരു കൈത്തലം ചുമലിൽ അമർന്നപ്പോഴാ
ണ് അയാൾ കണ്ണു തുറന്നത്.. പാതിയുറക്കത്തിൽ കണ്ണു ചിമ്മി നോക്കവേ മുന്നിൽ ദേവൂ.. എന്തേ ന്നുള്ള അർത്ഥത്തിൽ അവളുടെ മുഖത്തേക്കു നോക്കവേ ആ മുഖത്ത് അത്ഭുതം വിടരുന്നത് താൻ കണ്ടു... ”ഹരിയേട്ടനെന്താ ഈ തണുപ്പത്ത് ഇവിടെ ബാൽക്കണിയിലിരുന്നാ ഉറങ്ങണേ.., നല്ല ആളാ കേട്ടോ.. ഇതിപ്പോ ഞാൻ എണീറ്റ് നോക്കുമ്പോ ആളില്ല..“ അവളുടെ ചോദ്യം കേട്ടമ്പരന്ന് കണ്ണു തുടച്ച് എണീറ്റു.. ” ആ.. അത് ഞാനോർക്കണില്ല.. ഉറക്കം വരാഞ്ഞപ്പോ നിന്നെ ഉണർത്തണ്ടന്നു കരുതി ഇവിടെ വന്നിരുന്നതാ.. പിന്നെ എന്തൊക്കെയോ ഓർത്ത് ഇവിടിരുന്നങ്ങു ഉറങ്ങി... “
“ഉം ഉം.. അതും ഈ തണുപ്പത്ത്.. ഞാനിപ്പോ എണീറ്റ് വന്നത് നന്നായി.. അല്ലെങ്കിൽ രാവിലെ കാണാരുന്നു 
വിടെ ഐസായിട്ട് ഇരിക്കണേ..” “ഓ ശരി സമ്മതിച്ചേ..” അവളോടൊപ്പം ചിരിച്ചു കൊണ്ടകത്തേക്കു വന്നു.. മങ്ങിയ ബെഡ് റൂം ലാമ്പിന്റെ വെളിച്ചത്തിൽ കട്ടിലിൽ കിടന്നുറങ്ങുന്ന മോന്റെ മുഖം.. മാലാഖയെപ്പോലെ.. അവനോട് ചേർന്ന് കിടക്കുമ്പോ കഴിഞ്ഞു പോയ കാലത്തിന്റെ നോവ് കണ്ടു മറന്ന ഒരു സ്വപ്നം പോലെ അയാളുടെ കൺത്തുമ്പിലൂറി നിന്നു...






No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...